വളരെനാളുകളായുള്ള ഒരു ആഗ്രഹമായിരുന്നു കൊണാർക്കിലെ സൂര്യക്ഷേത്രം കാണുക എന്നുള്ളത്.  ലോകത്തിൽ എന്തിനെയും ആരാധിക്കുന്ന മനുഷ്യർക്ക് എന്തുകൊണ്ട് സൂര്യനെ ആരാധിച്ചുകൂടാ? ചെറുപ്പം മുതൽ മനസ്സിൽ ഈ ചോദ്യമുണ്ടായിരുന്നു. എന്തുകൊണ്ട് സൂര്യാരാധകരുടെ എണ്ണം വർധിക്കുന്നില്ല? നമുക്ക് എല്ലാം തരുന്നത് സൂര്യനാണെന്നു ശാസ്‌ത്രം ഓരോ കാലങ്ങളിലും തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്. സൂര്യനില്ലെങ്കിൽ ജീവജാലങ്ങളുമില്ല. ഒരു സൂര്യക്ഷേത്രം കണ്ടിട്ടില്ലാത്തതിനാലായിരിക്കാം ഈ മോഹം മനസ്സിൽ ഒരിക്കലും വാടാതെ നിന്നത്.

ഗയയിലെ ദക്ഷിണാർക്ക ക്ഷേത്രവും, മധ്യപ്രദേശിലെ ബ്രഹ്മണ്യ ദേവ ക്ഷേത്രവും, ആസാമിലേയും ഗുജറാത്തിലേയും സൂര്യക്ഷേത്രങ്ങളും മാത്രമല്ല നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലെ കുംഭകോണത്തുള്ള സൂര്യനാർ ക്ഷേത്രവും ആന്ധ്രായിലെ സൂര്യനാരായണ സ്വാമി ക്ഷേത്രവുമെല്ലാം കേട്ടറിവുണ്ടായിരുന്നിട്ടും കൊണാർക് ക്ഷേത്രത്തിനോടുള്ള പ്രിയം എന്തായിരുന്നുവെന്ന് ആലോചിച്ചിട്ടുണ്ട്. ഒരു പക്ഷെ ആദ്യം അറിഞ്ഞ, സ്‌കൂളിൽ പഠിച്ച ക്ഷേത്രമായതായിരിക്കാം. അല്ലെങ്കിൽ അതിന്റെ വാസ്‌തുശിൽപ്പ നിർമാണത്തിലുള്ള കൗതുകമായിരിക്കാം.

അങ്ങനെ ഒരു സുപ്രഭാതത്തിനു മുൻപുതന്നെ ഞങ്ങൾ കോയമ്പത്തൂരിൽ നിന്നും കാറിൽ യാത്ര പുറപ്പെട്ടു. സേലം, കൃഷ്‌ണഗിരി, വെല്ലൂർ വഴി നേരെ തിരുപ്പതി. അവിടെയുള്ള ചന്ദ്രഗിരിക്കോട്ട കണ്ടു. അവിടെനിന്നും വിജയവാഡക്കും. ആയിരം കിലോമീറ്റർ ദൂരം ഒരേ ദിവസം കാറോടിച്ചു്  ആ യാത്ര അന്ന് അവിടെ അവസാനിപ്പിച്ചു. യാത്രയിൽ ആർക്കും ക്ഷീണം അനുഭവപ്പെട്ടില്ല എന്നത് ഞങ്ങളെ അത്‌ഭുതപ്പെടുത്തി. ചന്ദ്രഗിരിക്കോട്ട സന്ദർശനം ഞങ്ങൾക്ക് ആ യാത്രയിൽ കിട്ടിയ ഒരു ബോണസ് ആയിരുന്നു.

അടുത്ത ദിവസം രാവിലെയുണർന്ന് വിജയവാഡ അൽപ്പം വിശദമായിത്തന്നെ സന്ദർശിച്ചു. കൃഷ്‌ണ നദിയിലെ ഏറ്റവും വലിയ ദ്വീപ് ആയ ഭവാനിയിലേക്കു ഒരു ബോട്ട് യാത്രയും നടത്തി. ഒരുപക്ഷേ ഇന്ത്യൻ നദികളിൽ ഉള്ള ഏറ്റവും വലിയ ദ്വീപും ഇതായിരിക്കും. ഉച്ചക്കുശേഷം വിശാഖപട്ടണത്തിലേക്കു തിരിച്ചു. രാത്രിയോടെ അവിടെയെത്തിയ ഞങ്ങൾ അടുത്ത ദിവസം രാവിലെ തന്നെ യാത്ര പുറപ്പെട്ടു. തിരിച്ചുവരുമ്പോൾ വിശാഖപട്ടണം കാണാം എന്ന വിശ്വാസത്തോടെ.

ഞങ്ങൾ നേരേ പോയത് ഒഡീഷയിലെ പുരിയിലേക്കായിരുന്നു. പോകുന്ന വഴിയിൽ ചിലികാ തടാകം കണ്ടു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉപ്പുജല തടാകം, പക്ഷി സങ്കേതം. ചിലിക തടാകത്തിൽ ബോട്ടുയാത്രയും നടത്തി, സമൃദ്ധമായി കിട്ടുന്ന ചെമ്മീൻ ധാരാളം കഴിച്ച്‌ തൃപ്‌തിയായി നേരേ പുരിയിലേക്ക്.

പുരിയിൽ ബീച്ചിന്റെ സൈഡിലായി കെട്ടിയ ഹോട്ടൽ മുറിയിലിരുന്ന് നോക്കിയാൽ വിശാലമായ കടൽ, അതും തൊട്ടടുത്ത്. അടുത്ത ദിവസം രാവിലെ ജഗന്നാഥക്ഷേത്രത്തിലേക്ക്. മനുഷ്യർ വലിക്കുന്ന റിക്ഷയിൽ ഒരു യാത്രയും തരപ്പെട്ടു. അവിടെനിന്നും കൊണാർക്കിലേക്കു പുറപ്പെട്ടു. ഒരുമണിക്കൂർ കൊണ്ട് എത്താമായിരുന്നെങ്കിലും ഞങ്ങൾ വഴിയിൽ കണ്ട ബീച്ചുകളിൽ എല്ലാം കയറിയിറങ്ങി ഉച്ചയായപ്പോഴാണ് സൂര്യക്ഷേത്രത്തിലെത്തിയത്.

ടിക്കറ്റ് എടുത്തു ഉള്ളിൽ പോകുന്നതിനിടെ ഗൈഡുമാരുടേയും ഫോട്ടോഗ്രാഫർമാരുടേയും വിളികൾ എല്ലായിടത്തും ഉയർന്നു കേട്ടു. ചുറ്റും കൂടിയവരിൽ നിന്നും അൽപ്പം മാന്യനെന്നു തോന്നിയ ഒരാളെ കൂട്ടാൻ തീരുമാനിച്ചു. അദ്ദേഹം ഒരു ഫോട്ടോഗ്രാഫർ ആയിരുന്നുവെങ്കിലും അത്യാവശ്യം വിവരണകലയും നിർവഹിക്കാമെന്നേറ്റിരുന്നു. ഫോട്ടോക്കുള്ള ചാർജ് അല്ലാതെ എന്തെങ്കിലും നമുക്കിഷ്‌ടമുള്ളത് കൊടുത്താൽ മതിയെന്നായിരുന്നു കരാർ.

കട്ടക്ക് ആസ്ഥാനമാക്കിയ കിഴക്കൻ ഗംഗാ ഡൈനാസ്‌റ്റിയിലെ ഒന്നാം നരസിംഹദേവ AD 1250 കളിൽ പണികഴിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഈ സൂര്യക്ഷേത്രം അങ്ങനെ ഞങ്ങൾ ആദ്യമായി കണ്ടു. ഒരു വലിയ രഥത്തിന്റെ ആകൃതിയിൽ അങ്ങനെ നിൽക്കുന്നു. ഏഴു കുതിരകളെ കെട്ടിയ സാക്ഷാൽ സൂര്യഭഗവാന്റെ രഥം പോലെ. യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് പദവിയുള്ള ഇതിന്റെ ഒരുഭാഗം പുനർനിർമ്മാണം നടത്തുന്നതും കാണാമായിരുന്നു. നല്ലൊരുഭാഗം കാലപ്പഴക്കത്തിൽ നശിച്ചുപോയെങ്കിലും ക്ഷേത്രത്തിന്റെ പ്രൗഢിക്ക് യാതൊരു കോട്ടവും തട്ടിയതായി ഞങ്ങൾക്ക് തോന്നിയില്ല. നമ്മുടെ ക്ഷേത്ര നിർമ്മാണ രീതിയിൽനിന്നും തികച്ചും വ്യത്യസ്‌തമാണ് ഒറീസ ക്ഷേത്ര നിർമ്മിതികൾ.

കൊണാർക്ക് എന്ന പേര് വന്നതുതന്നെ കോൺ (മൂല) എന്നും അർക്ക (സൂര്യൻ) എന്നും ഉള്ള സംസ്‌കൃതത്തിൽനിന്നുതന്നെ. കലിംഗ വാസ്‌തുശിൽപ്പ രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഈ രഥക്ഷേത്രത്തിനു പന്ത്രണ്ടു ജോഡി ചക്രങ്ങളാണുള്ളത്. അതും വിദഗ്ദ്ധ കൊത്തുപണികളുള്ള, കല്ലിൽ തീർത്ത ചക്രങ്ങൾ. ഓരോ ജോഡിയും ഓരോ മാസങ്ങളെ പ്രതിനിധീകരിക്കുന്നു. ഓരോ ചക്രവും ഓരോ പക്ഷങ്ങളെ സൂചിപ്പിക്കുന്നു. ശുക്‌ള പക്ഷവും കൃഷ്‌ണ പക്ഷവുമാണ് ഇവ. പൗർണമി മുതൽ അമാവാസിവരെയുള്ള ആദ്യ രണ്ടാഴ്ച്ചകൾ ശുക്‌ള പക്ഷവും തുടർന്നുള്ള രണ്ടാഴ്ച്ചകൾ കൃഷ്‌ണ പക്ഷവുമാകുന്നു.  ചക്രത്തിലൊന്നിൽ വീഴുന്ന നിഴൽ നോക്കി ഞങ്ങളുടെ ഗൈഡ് കൃത്യ സമയം കാണിച്ചു തന്നു. സൂര്യനും ശിൽപ്പകലയുമായുള്ള അന്യൂനമായ ബന്ധം ഞങ്ങളെ കുറച്ചൊന്നുമല്ല വിസ്‌മയിപ്പിച്ചത്.

കല്ലിൽ കൊത്തിയ ബിംബങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട ചുമരുകൾ. കൂടുതലും ലൈംഗീകത പ്രദർശിപ്പിക്കുന്ന ശിൽപ്പങ്ങൾ. കാമ മിതുന ഭാവങ്ങൾ പ്രകടമാക്കുന്നതാണ് ഓരോ ശിൽപ്പവും. ഇവിടെയുണ്ടായിരുന്ന ശിൽപ്പങ്ങൾ എല്ലാം ഇപ്പോൾ ഇവിടെയില്ല. 1940 നു മുൻപ് തന്നെ വളരെയധികം ശിൽപ്പങ്ങൾ ഇന്ത്യയിലെ പലയിടങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. ചിലതെല്ലാം യൂറോപ്പിൽ പോലും എത്തിയിട്ടുണ്ട്.

ഏകദേശം എഴുപതു മീറ്റർ ഉയരത്തിൽ പണികഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ പ്രധാന മകുടം അതിന്റെ ഭാരക്കൂടുതൽ കൊണ്ടും മണ്ണിന്റെ ഉറപ്പുകുറവുകൊണ്ടും 1837 ൽ നിലം പറ്റിയതായി ചരിത്രകാരന്മാർ പറയുന്നു. മുപ്പതു മീറ്റർ ഉയരമുള്ള പ്രാർത്ഥനാഹാളും നൃത്തമന്ദിരവും തീൻ മണ്ഡപവുമെല്ലാം തികഞ്ഞ പ്രൗഢിയോടെ ഇപ്പോഴും നിലനിൽക്കുന്നു. ഒരുകാലത്ത് നാവികരുടെ അടയാളങ്ങളും വഴികാട്ടിയുമായിരുന്നു കൊണാർക്ക് ക്ഷേത്രവും പുരിയിലെ ജഗന്നാഥക്ഷേത്രവും. അവർ ഇതിനെ ബ്ലാക്ക് പഗോഡയെന്നും വൈറ്റ് പഗോഡയെന്നും വിളിച്ചു വന്നു.

കണ്ടാലും കണ്ടാലും മതിവരാത്ത കൊത്തുപണികളുമായി നിൽക്കുന്ന സൂര്യക്ഷേത്രത്തിനോട് മനസ്സില്ലാമനസ്സോടെ യാത്ര പറഞ്ഞു തൊട്ടടുത്ത് തന്നെയുള്ള മനോഹരമായ ചന്തയിലേക്ക് കയറി. കണ്ടതെല്ലാം തന്നെ വാങ്ങാൻ തോന്നിയെങ്കിലും കാറിലെ സ്ഥലപരിമിതിയോർത്ത്, ഓർമയ്ക്കായി ചിലതെല്ലാം മാത്രം വാങ്ങി ഞങ്ങൾ ചന്ദ്രഭാഗമേളയുടേയും നൃത്തോത്സവത്തിന്റെയും കൂടി നാടായ കൊണാർക്കിൽ നിന്നും അടുത്ത ലക്ഷ്യമായ ഭുവനേശ്വറിലേക്കു യാത്രയായി.

 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account