ധനുഷ്‌കോടിയിലേക്കൊരു യാത്ര എന്ന് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. നല്ല ചൂടുള്ള ഈ സമയത്ത് തമിഴ് നാട്ടിലേക്കൊരു യാത്ര…. കാണാനുള്ളതൊരു കടലും നടുവിലൂടെ ഒരു പാലവും മാത്രം എന്നൊക്കെയായിരുന്നു മനസ്സിൽ.

മനസ്സില്ലാമനസ്സോടെയായിരുന്നു അനിയന്റെ നിർബന്ധത്തിനു വഴങ്ങിയ ആ യാത്ര തുടങ്ങിയത്. മധുര, കമ്പം,തേനി വഴി ആണ് ഞങ്ങൾ പോയത്. ഭക്ഷണം കഴിക്കാനിറങ്ങിയാൽ ഓടിവന്ന് വണ്ടിയിൽ കയറേണ്ട അവസ്ഥ. നല്ല തണുപ്പുള്ള സ്ഥലത്താണ് വേനൽക്കാലത്തു പോകേണ്ടതെന്നൊക്കെ ഞങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. പൊതുവെ കാടും മലകളും തണുപ്പുമൊക്കെ ഇഷ്‌ടമുള്ള എനിക്ക് ഈ യാത്ര ഒട്ടും താത്‌പര്യമില്ലായിരുന്നു.

രാമേശ്വരം അടുത്തപ്പോൾ കണ്ടു പാമ്പൻ പാലം. ഒരുപാടുപേരുടെ സ്വപ്‌നങ്ങൾ ഇല്ലാതായ ആ പാലത്തിനു മുകളിൽ നിന്നപ്പോൾ പറയാനാവാത്ത ഒരു വിങ്ങൽ മനസ്സിന്. രാമേശ്വരം എന്നുകേൾക്കുമ്പോഴേ മനസ്സിൽ ഓടിയെത്തുന്നത് പാമ്പൻ പാലവും ക്ഷേത്രവുമാണല്ലോ!

രാമേശ്വരത്തു താമസിച്ചു പിറ്റേന്ന് രാവിലേ ധനുഷ്‌കോടിക്കു പോകാം എന്ന് തീരുമാനിച്ചു. ക്ഷേത്ര ദർശനത്തിനിറങ്ങിയപ്പോൾ മനസ്സിനൊരു സന്തോഷമുണ്ടായിരുന്നു. സന്ധ്യ ആയതോടെ ചൂടും കുറഞ്ഞു.  ക്ഷേത്രത്തിനു മുന്നിലുള്ള കെട്ടിടത്തിനകത്തു ചെരിപ്പുകൾ കൊടുത്തേൽപ്പിച്ചു. അകലെനിന്നേ കാണാനൊരു സുഖമുള്ള കാഴ്ച്ചയാണ് ക്ഷേത്രത്തിന്റെ രൂപകൽപ്പന. വിളക്കുകളാൽ അലങ്കരിച്ച ക്ഷേത്രം. ധാരാളം തീർത്ഥാടകർ. ഞങ്ങൾ അകത്തേക്ക് കടന്നു. എന്തൊരു ഭംഗിയാണ് കൊത്തുപണികളും ചിത്രങ്ങളും കാണാൻ! കയറുന്നിടത്തുതന്നെ കാണാൻ ഭംഗിയുള്ള ഒരു ആനയെ നിർത്തിയിട്ടുണ്ട്. കയ്യിലുള്ള പത്തുരൂപ തുമ്പിക്കയ്യിൽ വെച്ചുകൊടുത്തപ്പോൾ അവൾ തുമ്പിക്കൈകൊണ്ടു തലക്കുചുറ്റും മൂന്നു തവണ ഉഴിഞ്ഞു. അവസാനം തലയിൽ തട്ടി ഒരനുഗ്രഹവും. അതിനെതന്നെ നോക്കി നിൽക്കാൻ തോന്നി എനിക്ക്. അത്രയ്ക്ക് സുന്ദരിയായിരുന്നു അവൾ!

ക്ഷേത്രത്തിനകത്തു കൊത്തുപണികൾ ധാരാളം. ശിവനുൾപ്പെടെയുള്ള പ്രതിഷ്ഠകളും ഉണ്ടവിടെ. അവിടെ നിന്നിറങ്ങുമ്പോൾ മനസ്സിലൊരു തണുപ്പുണ്ടായിരുന്നു. പുറത്തു കടലിൽ നിന്നടിക്കുന്ന ചൂടുകാറ്റിലും മനസ്സ് തണുത്തിരുന്നു.

രാമതീർത്ഥം മുതലുള്ള തീർത്ഥങ്ങളിൽ പാപങ്ങൾ കഴുകി കളയുന്നവരുടെ തിരക്ക്. തീർത്ഥാടന കേന്ദ്രങ്ങളിലെ തിരക്കെന്നെ എപ്പോഴും പേടിപ്പെടുത്താറുണ്ട്. ലോകത്തു പാപങ്ങൾ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണല്ലോ എന്നോർത്ത്.

ഭക്ഷണം കഴിഞ്ഞു വന്നതും ക്ഷീണം കൊണ്ട് വേഗം ഉറങ്ങിപ്പോയി. രാവിലെ രാമപാദങ്ങൾ കണികണ്ടാണ് ധനുഷ്‌കോടിയിലേക്കു യാത്ര തിരിച്ചത്. അവിടെ നിന്ന് ഇരുപതു കിലോമീറ്ററെ ഉള്ളു. ധനുഷ്‌കോടിയിൽ ചെന്നിറങ്ങും മുൻപേ അവിടത്തെ അന്തരീക്ഷം സുഹൃത്ത് വഴി കിട്ടി. അറിഞ്ഞ കാര്യങ്ങൾ ഒട്ടും സന്തോഷം തരുന്നതായിരുന്നില്ല. നേരിൽ കണ്ടപ്പോൾ അത് ബോധ്യമായി.

കടലിനു നടുവിലൂടെ പോകുന്ന ഒരു റോഡ്. അതൊരറ്റത്തുചെന്ന് പ്രണയം പോയി പ്രതീക്ഷകളില്ലാതെ ആത്‌മഹത്യ ചെയ്യാൻ നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ പോലെ. എന്തുകൊണ്ടാണ് എനിക്കതിനൊരു പെണ്ണിന്റെ രൂപം തോന്നാതിരുന്നതെന്നറിയില്ല. ആയിരത്തി തൊള്ളായിരത്തി അറുപത്തിനാലിൽ സുനാമി വന്നതാണവിടെ. ശ്രീലങ്കൻ അതിർത്തിയിലെ ആ സ്ഥലം അന്നൊരു വലിയ പട്ടണമായിരുന്നു. തന്നെ നോക്കി കിടന്ന ആ പട്ടണത്തോട് കടലിനു പ്രണയം തോന്നിക്കാണും. അതാവും സുനാമി ആയി വന്നു നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ടുപോയത്. അന്നവിടെ ഉണ്ടായിരുന്ന വലിയ കെട്ടിടങ്ങളുടെ എല്ലാം അവശിഷ്‌ടങ്ങൾ കാണാം. ഒരു ചർച്ചും റെയിൽവേ സ്റ്റേഷനും എടുത്തറിയാം. അവിടെ ഇപ്പോഴും അഞ്ഞൂറോളം കുടുംബങ്ങൾ വസിക്കുന്നു. കുടിവെള്ളമില്ല, വൈദ്യുതിയില്ല, മറ്റ് സൗകര്യങ്ങളൊന്നുമില്ല. സർക്കാർ അപകടസൂചന നൽകിയിട്ടും മാറാതെ കടലെടുത്ത പൂർവികരുടെ ഓർമകളിൽ ജീവിക്കുന്നവർ. ഗോസ്റ്റ് ടൌൺ  എന്നാണിപ്പോൾ അതിന് പേര്. ഓരോ കുടിലിനു മുകളിലും ചെറിയ സോളാർ പാനൽ വെച്ചിട്ടുണ്ട്. താമസിക്കുന്നവരാരും വന്നുപോകുന്ന സഞ്ചാരികളുമായി സംവദിക്കുന്നേ ഇല്ല. കുറെപേർ ഇടയ്ക്കിടയ്ക്ക് മണൽ കയറിയ സ്ഥലത്തുകൂടി കടൽ കടക്കുന്നു. ശ്രീലങ്ക കണ്ണിനു അകലെ തന്നെ കാണാം. രാവണൻ സീതയെ തട്ടികൊണ്ടുപോയി താമസിപ്പിച്ച ലങ്ക. എന്തൊക്കെ കഥകൾ ആവും പറയാനുണ്ടാവുക അതിന് സാക്ഷിയായി എന്നുപറയുന്ന ധനുഷ്‌കോടിക്കും!

അവിടെ പുറത്തിറങ്ങി നിന്ന് ചിത്രങ്ങൾ എടുക്കാൻ പോലും പറ്റുന്നില്ലായിരുന്നു. ശരീരം തുളച്ചു എല്ലിനെപ്പോലും ചാമ്പലാക്കുന്നത്ര ചൂട്. ഇവിടെ പൊലിഞ്ഞ ജീവിതങ്ങളുടെ കണ്ണീരും സ്വപ്‌നങ്ങളും ചേർന്നിട്ടാവും ഈ പ്രേതനഗരത്തിനിത്ര ചൂട്. മനസ്സിന് സങ്കടവും അന്തരീക്ഷം ചൂട് പിടിച്ചതുമായപ്പോൾ ഞങ്ങൾ പതുക്കെ തിരിച്ചുപോരാനൊരുങ്ങി.

കാറിലിരുന്ന് പുറത്തുള്ള കടലിനെയും കുടിലുകളെയും നോക്കിയപ്പോൾ മനസ്സ് വിങ്ങി. അകലെ നിന്ന് കാണുമ്പോഴുള്ള ഭംഗിയല്ല ധനുഷ്‌കോടിയെ അടുത്തറിയുമ്പോൾ. കണ്ണൊന്ന് നനയാതെ മനസ്സാക്ഷിയുള്ള ഒരാൾക്കും തിരിച്ചു പോരാനാവില്ല അവിടെ നിന്ന്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account