അടിവേരുകള്‍ ഇറങ്ങിത്തുടങ്ങി
ശാഖങ്ങള് നന്നായ് പൂത്തുലഞ്ഞു
ഇന്നലെ പെയ്ത മഴ ഭൂമിയെ
നല്ലപോലെ തണുപ്പിച്ചിരുന്നു; ആശ്വാസം.
പുതുതായി കൂട്ടിനുവന്ന പക്ഷികള്‍
കൊക്കുരുമ്മിയും ചിറകടിച്ചും അവളെ
ഇക്കിളികൂട്ടി.
പെട്ടെന്നായിരുന്നു അവരെത്തിയത്,
അരയ്ക്കുച്ചുറ്റും ബലിഷ്ഠമായ കൈയ്യുകള്‍
കൊണ്ടവളെ വരിഞ്ഞുമുറുക്കി,
ആഴത്തില്‍ കടിച്ചമര്‍ത്തി,
ചുംബനങ്ങള്ക്കിത്ര ദുര്‍ഗന്ധമോ?
അറപ്പ് തോന്നുന്നു, പുഴുവരിക്കുന്നപോലെ,
സ്നേഹത്തിനിങ്ങനെയൊരു ഭാഷയില്ല.
പറന്നകലുന്ന കിളികളെ നോക്കി കണ്ണീര്‍പൊഴിച്ചു.
അവര്‍ കുറച്ചധികം പേരുണ്ട്
മൂര്‍ച്ചയേറിയ ആയുധം കുത്തിയിറക്കുന്നു
ചില്ലകള്‍ ഓരോന്നായരിഞ്ഞെറിയുന്നു
ചോരയും കണ്ണീരും വീണ മണ്ണിനപ്പോഴും
നനവുണ്ടായിരുന്നു.
അടിവേരുകള്കൂടി ഇളക്കിയെടുത്തവര് അട്ടഹസിച്ചു
നശിച്ചു, നീ നശിച്ചു,
കാര്‍മേഘങ്ങള്‍ വീണ്ടും പെയ്യാന്‍ തുടങ്ങി
അതിലവര്‍ പാപക്കറ കഴുകിക്കളഞ്ഞു
അലിഞ്ഞുപോയതിലവളുടെ കണ്ണീരും.
പോകണം, അലിഞ്ഞു മാഞ്ഞങ്ങനെ പോകണം
അതാണ് കീഴ്വഴക്കം!!
-ശാരിക. എസ്
Good…
Thank you!
നന്നായിട്ടുണ്ട്..
പല അർത്ഥതലങ്ങളുള്ള വരികൾ…
നല്ല ആശയം