ത്രിപുര തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ദിവസം രാജ്യത്തെ കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ആശങ്കപ്പെടുന്ന ഒരു സുഹൃത്ത് ചോദിച്ചു, പിന്നീടെപ്പോഴാണ് ജർമനിയിൽ ജനം ഹിറ്റ്ലറുടെ നാസിസത്തിനെതിരെ പ്രവർത്തിച്ചു തുടങ്ങിയത്? എങ്ങനെയാണ് സ്വന്തം തെരഞ്ഞെടുപ്പ് തെറ്റായിരുന്നു എന്ന് അവിടുത്തെ ജനത തിരിച്ചറിഞ്ഞത്..? രണ്ടാം ലോകമഹായുദ്ധം അന്നോളം നിലവിലുണ്ടായിരുന്ന രാഷ്‌ട്രീയ സമവാക്യങ്ങളെ അപനിർമിക്കുകയും കുറേക്കൂടി വിശാലമായ ജനാധിപത്യ ക്രമത്തിലേക്ക് ലോകം പുന:സംഘടിപ്പിക്കപ്പെടുകയും ചെയ്‌തു. ഒരു പക്ഷേ ലോകയുദ്ധം സംഭവിച്ചില്ലായിരുന്നെങ്കിൽ ഹിറ്റ്ലറെ ചരിത്രം ഇങ്ങനെയായിരുന്നിരിക്കില്ല വായിക്കുന്നത്. അപ്പോൾ  പ്രതീക്ഷക്ക് ഒരു വഴിയുമില്ല അല്ലേ എന്നാ സുഹൃത്ത് വല്ലാതെ നിരാശ കലർന്ന ശബ്‌ദത്തിൽ പറഞ്ഞു പോയി.  അത്രമേൽ ആശങ്കപ്പെടുത്തുന്നുണ്ട് ത്രിപുര ജനാധിപത്യ വിശ്വാസികളെ, നിരാശപ്പെടുത്തുന്നുണ്ട് മതനിരപേക്ഷതയുടെ വക്‌താക്കളെ.

ആര് ആരെ തോൽപ്പിച്ചു എന്നും തോറ്റത് ഞങ്ങളല്ല മറ്റവരാണ് എന്നും തമസുഷിര ബന്ധന ന്യായം കൊണ്ട് എത്ര മറച്ചു പിടിച്ചാലും മായ്ച്ചു കളയാനാവാത്ത ഒരു യാഥാർഥ്യമുണ്ട്. ജനം വോട്ടു ചെയ്‌തിട്ട്‌ തന്നെയാണ് ത്രിപുരയിൽ ഭാ. ജ. പാ. ജയിച്ചത്. ഇന്നൊരു തെരുവു യോഗത്തിൽ CPIM നേതാവ് പ്രസംഗിക്കുന്നതും കേട്ടു, സംസ്ഥാനത്തൊട്ടാകെയുള്ള വോട്ടുകൾ ഒരുമിച്ചു കൂട്ടിയാൽ CPM ന് BJP യേക്കാൾ വോട്ടുണ്ടെന്ന്. ഇത്തരം മുടന്തൻ ന്യായങ്ങൾ നിരത്തി സ്വയം സമാധാനിക്കാൻ രാഷ്‌ട്രീയത്തൊഴിലാളികൾക്ക് സാധ്യമായെന്നു വരാം. പക്ഷേ ജനാധിപത്യവും പൗരസ്വാതന്ത്യവും ജീവിതത്തിന്റെ ഭാഗമായി ശീലിച്ചവർക്ക് ആശ്വസിക്കാനുള്ള വക കാണുന്നില്ല.

1932 ലെ തെരഞ്ഞെടുപ്പിൽ തോറ്റ ഹിറ്റ്ലറുടെ നാസിപ്പാർട്ടി 1933 ആയപ്പോഴേക്ക് പ്രസിഡന്റ് ഹിൻഡെൻ ബർഗിനെ സമ്മർദ്ദത്തിലാക്കാൻ മാത്രം ജനസ്വാധീനമുള്ള പാർട്ടിയായിത്തീർന്നു. ഹിറ്റ്ലർക്ക് ജയ് വിളിച്ച് ജനം ജർമൻ തെരുവുകളിൽ ആർപ്പുവിളിച്ചു. അങ്ങനെയാണ് ഹിൻഡൻ ബർഗ് ഹിറ്റ്ലറെ ചാൻസലറായി നിയമിച്ചത്. പിന്നീടെന്തുണ്ടായി എന്നതിന് ചരിത്രം സാക്ഷി.

പ്രധാന ചോദ്യം ഇതാണ്.  ഒട്ടും ജനാധിപത്യപരമല്ലാത്ത നിലപാടുകൾ വച്ചുപുലർത്തുന്ന, സമവായത്തിന്റേയോ സഹിഷ്‌ണുതയുടേയോ പാഠങ്ങൾ പറയുക പോലും ചെയ്യാത്ത, ശത്രുതയുടെ പാഠഭേദങ്ങൾ മാത്രം കൈമുതലായുള്ള ഒരു ഹൂളിഗൻ സംഘത്തിന്റെ കപട വാക്‌ധോരണിയിൽ എല്ലാം മറക്കുന്നവരാണോ ഇന്ത്യൻ ജനത ..? അതെ എന്നു തന്നെയാണ് ഉത്തരം. സാമൂഹ്യ നിലപാടുകളേക്കാളേറെ വൈയക്തിക നേട്ടങ്ങൾക്ക് വേണ്ടിയാണ് ഇന്ത്യൻ ജനത നിലകൊള്ളുന്നത്. മനുഷ്യന്റെ സ്വാർഥതയെ ഉത്തേജിപ്പിക്കുകയും അതുവഴി അവന്റെ പൊതുനിലപാടുകളെ മറികടക്കാൻ അവനെ പ്രലോഭിപ്പിക്കുകയും ചെയ്യലാണ് ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രവർത്തന രീതി.  ഇന്ത്യയിലെ വർഗീയത യഥാർഥത്തിൽ മൂലധന വർഗീയതയാണ്. മുതലാളിത്തത്തിന് സർവതും കീഴടക്കാനുള്ള അവസരമൊരുക്കാനുള്ള മറയാണത്. അത് അതിന്റെ പൂർണ ശേഷിയിലേക്ക് വളർന്നെത്തുകയാണ്. എല്ലാ പ്രതിരോധങ്ങളും അതിനു മുന്നിൽ തകർന്നു വീഴുന്നു. സോഷ്യലിസവും ജനാധിപത്യവും മതനിരപേക്ഷതയും സാർവലൗകികതയും, എല്ലാം.  ജനം വെറും ആൾക്കൂട്ടമായിത്തീരുന്നു. ആത്മാർഥതയില്ലാത്ത വാഗ്‌ദാനങ്ങളിൽ വിശ്വസിക്കുകയും വ്യാജ സങ്കൽപ്പങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്ന, ഒച്ചപ്പാടുകളിൽ പ്രതീക്ഷയർപ്പിക്കുന്ന വെറും ആൾക്കൂട്ടം. ആൾക്കൂട്ടാധിപത്യത്തിൽ  നിന്ന് രാജ്യത്തെ ജനാധിപത്യത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ ശേഷിയുള്ള ആരാണ് ഈ രാജ്യത്ത് ഇനിയുള്ളത് എന്ന ചോദ്യം വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.

– മനോജ് വീട്ടിക്കാട്

1 Comment
  1. Jose 2 years ago

    good…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account