(ഗീതാ തോട്ടം രചിച്ച ‘ഉമ്മയുടെ ഭാഷ’ എന്ന കവിതയുടെ ആസ്വാദനം)

‘ചുംബനം’, വാക്കുകൾക്ക് അതീതമായ ഒരു ഭാഷയുടെ പേരാണത്. മാനസിക വ്യാപാരങ്ങളെ കൃത്യമായി അളന്നെടുക്കാവുന്ന  മാപിനിയാണ് ചുംബനം. അനേകവർണങ്ങൾ കൊണ്ട് മനോഹരമായി അലങ്കരിക്കപ്പെട്ട ചുംബനത്തിന്റെ ഗുണങ്ങൾ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മുഖപേശികൾക്കും ചർമ്മത്തിനുമുള്ള ഏറ്റവും നല്ല വ്യായാമമായ ചുംബനം മാനസിക സമ്മർദം കുറയ്ക്കുന്നു. ചുംബനസമയത്ത് ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിൻ ശരീരത്തിന് വളരെ ഗുണകരമാണ്. വികാരങ്ങളുടെ പ്രകടന മാധ്യമമായ ചുംബനം പങ്കാളികൾക്ക്  പ്രാർത്ഥനയും പ്രണയികൾക്ക് ധ്യാനവുമാണ്. പ്രപഞ്ചത്തിന്റെ മറുതീരത്തോളം പോയിവരുന്ന ഒരു യാത്ര. ഓർമയില്ലായ്‌മയുടെ ഏറ്റവും സുന്ദര നിമിഷം. ഭൂമിയിലെ സകല ശബ്‌ദങ്ങളെയും നിശബ്‌ദമാക്കിക്കൊണ്ട് രണ്ടു ഹൃദയമിടിപ്പുകൾ അത്യുച്ചത്തിലാവുന്ന നിമിഷം. വാക്കുകളൊന്നുമില്ലാതെ നീ എന്നോടും ഞാൻ നിന്നോടും സംവദിക്കുന്ന അപൂർവ്വത.

കാൽപ്പനികതയുടെ പ്രവാചകന്മാരാൽ  ഒരുപാടു ലാളിക്കപ്പെട്ട ഒരു വിഷയമാണ് ചുംബനം. ‘അകലങ്ങളിലിരിക്കുമ്പോളാണ് നീ എന്റെ ഹൃദയത്തെ അഗാധമായി ചുംബിക്കുന്ന’തെന്നു ദസ്‌തയെവിസ്‌കിയും, ‘നീ ചുംബിക്കുമ്പോൾ മാത്രം തളിർക്കുന്ന പൂമരമാണ് ഞാനെന്നു’ ജിബ്രാനും, ‘ആത്‌മാവിന്റെ അശുദ്ധിയെ ശുദ്ധീകരിക്കുന്ന ജ്ഞാനജലമാണ് ചുംബന’മെന്നു റുമിയും പറഞ്ഞിട്ടുണ്ട്. ചുംബനങ്ങളെക്കുറിച്ച് ഏറ്റവുമധികം പരാമർശിക്കുന്ന ഭാരതീയ ഗ്രന്ഥം കാമസൂത്രമാണ്. സ്‌ത്രീ-പുരുഷൻമാരിൽ ചുംബനത്താൽ അതിവേഗം ഉത്തേജിതനാവുന്നതു പുരുഷനാണെന്ന് പറയുന്ന കാമസൂത്രം രതിമൈഥുന ക്രിയയിലെ ചുംബനങ്ങളെക്കുറിച്ച് മാത്രമാണ് പറയുന്നത്.

ചുംബനത്തെ കുറിച്ച് എഴുതപ്പെട്ട ഒരു മലയാള കവിതയാണ് കവയിത്രി ഗീതാ തോട്ടം രചിച്ച ‘ഉമ്മയുടെ ഭാഷ’. ഓരോ ഉമ്മയും, ‘കോർത്തുവച്ചാൽ കവിതയാകുന്ന പദങ്ങൾ’ എന്നാണ് കവിഭാഷ്യം. ഇളം കാലിലും, കൈവിരൽ തുമ്പുകളിലും, പൂനെറ്റിയിലും നൽകുന്ന വാത്‌സല്യഉമ്മകൾ നുണയുന്നവനെ അലിയിച്ചു കളയുന്ന മധുര മിഠായികളാണ്‌. അത്രയും അലിയൽ ആ വരികളിൽ പ്രകടമാണ്.

കവിയുടെ അഭിപ്രായത്തിൽ ഏറ്റവും ആർദ്രമായ ചുംബനം കരയുന്ന കണ്ണുകൾക്ക് മേലെയുള്ളതാണ്. ചുണ്ടുകളിൽ പുരളുന്ന കണ്ണീരിനെ ‘ഉമ്മയുടെ ലാവണ്യം’ എന്ന് വിശേഷിപ്പിച്ചിടത്തു ‘ലാവണം’ അല്ലെ കൂടുതൽ അനുയോജ്യം എന്നൊരു സന്ദേഹമുണ്ടായി. അവിടെ ഉമ്മയ്ക്ക് പറയാനൊരു രുചിയും കിട്ടുമായിരുന്നു.

ഉമ്മയുടെ നിറം മാറുന്നതെപ്പോളാണ്? അത് തുടുത്ത ഒരു കവിളിൽ പതിക്കുമ്പോൾ എന്ന് കവിമതം. കവിൾതടത്തിലെ ശോണിമ ഉമ്മയിലേക്കു പടർന്ന് ഉമ്മകൾ ‘ചുവന്ന ഉമ്മകളാവുന്നു’. ഇവിടെ നിസ്സാർ ഗബ്ബാനിയുടെ ‘Every time I kiss you’ എന്ന കവിത ഓർത്തെടുക്കാം. ‘Putting a hurried love letter in a red mail box’ എന്നാണ് നിസ്സാർ ഗബ്ബാനി ചുംബനത്തെ വിശേഷിപ്പിച്ചത്. ഇവിടെ ചുവപ്പ് എന്ന പദം കാമുകിയുടെ കവിളിലെ ചുവപ്പാണ്. അത് ദേഷ്യം കൊണ്ടാണോ പ്രണയം കൊണ്ടാണോ എന്നൊരു സന്ദേഹം ഉണ്ട്. കാരണം അതിദീർഘമായ വേർപിരിയലിന് ശേഷമുള്ള  ചുംബനം എന്നദ്ദേഹം വ്യക്‌തമായി പറഞ്ഞിട്ടുണ്ട്. ചുംബനത്തിന്റെ നിറം ചുവപ്പാണെന്നു കാവ്യലോകത്തെ പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പിൻകഴുത്തിൽ പാറിവീണ് ചെവിയിലേക്ക് പടരുന്ന ഉമ്മകളെ ഏറ്റവും നനുത്തത് എന്ന അർത്ഥത്തിൽ ‘തൂവലുമ്മ’ എന്ന് കവി വിശേഷിപ്പിച്ചിരിക്കുന്നു. കഴുത്തിൽ തുടങ്ങി സ്‌തനങ്ങളിലേക്ക് പടരുമ്പോൾ ഉമ്മകൾക്ക് തീ പിടിക്കുന്നു. സ്‌ത്രീയുടെ അടിവയറിനു ഇളം ചൂടെന്ന് ചില  കവികളാൽ സ്ഥാപിക്കപ്പെട്ടതിനെ ഇവിടെ തിരുത്തി പറഞ്ഞിരിക്കുകയാണ് കവി. സ്‌ത്രീയുടെ അടിവയറിനെ ‘ചുഴിപൊയ്‌ക’ എന്ന് വിശേഷിപ്പിച്ച കാളിദാസനുമായി ചേർത്തുവായിക്കുമ്പോൾ  ‘ഉമ്മകൾ തണുക്കുന്നു’ എന്ന  പ്രസ്‌താവനയ്ക്കു സാധൂകരണമാവും. ചുംബിക്കുന്ന സമയത്ത് ചുണ്ടുകൾക്കുണ്ടാകുന്ന കമ്പനത്തെ ‘പിടയുന്നു’ എന്ന വാക്കിലൂടെ സൂചിപ്പിച്ചിരീക്കുന്നു.

വേരുകൾ ആഴത്തിലൂന്നിയാലും കൊടുംകാറ്റിന്റെ സീൽക്കാരവുമായി ആത്‌മാവിനെ കടപുഴക്കുന്നുണ്ട് വന്യമായ ചില ഉമ്മകൾ. ‘ചുണ്ടുകളിലൂടെ പ്രാണൻ വലിച്ചെടുക്കുന്ന ചുഴലിക്കാറ്റ്’ എന്ന വിശേഷണം എത്രയോ മനോഹരം. ചുംബിക്കുമ്പോൾ അടഞ്ഞു പോകുന്ന കണ്ണുകളെ  ‘ഉമ്മയുടെ ഭാഷ അന്ധരുടെതാണ്’ എന്ന വരിയിലൂടെ സൂചിപ്പിക്കുന്നു.

ചുംബനങ്ങളുടെ പെൺചിന്തകൾ ആണ് വിഷയമെങ്കിലും നഷ്‌ടപ്പെടലിന്റെ സമയത്ത് ഒരു സ്‌ത്രീയുടെ ചുംബനം സംസാരിക്കുന്ന ഭാഷ എന്തെന്ന് കവി പറയുന്നില്ല. ഉമ്മയുടെ ചുഴലിക്കാറ്റു വീശുന്ന കൊടും കാടുപോലെയൊരു കവിത എന്നുപറയാനാവില്ലെങ്കിലും മനസിനെ കുളിർപ്പിക്കുന്ന ഇത്തിരി പച്ചപ്പുകൾ കാണാനാവുന്നുണ്ട്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account