കുറേക്കാലമായി മമ്മൂട്ടി അഭിനയിക്കുന്ന മലയാളസിനിമകൾ അസഹനീയമായതുകൊണ്ട് ‘ഉണ്ട’ കാണണമെന്ന് തോന്നിയിരുന്നില്ല. വെള്ള ബെൽറ്റിട്ട ഒരുപറ്റം പോലീസുകാർ ഒരു ലോറി താങ്ങിപ്പിടിച്ചു നിൽക്കുന്ന പോസ്റ്ററാണ് ‘ഉണ്ട’ എന്ന സിനിമ കാണാൻ പ്രേരിപ്പിച്ചത്. കേരളത്തിലെ ആംഡ് പോലീസ് ക്യാമ്പുകളിലെ രസകരമായ ഒരുപാടനുഭവങ്ങൾ/ജീവിതങ്ങൾ സിനിമയാക്കാവുന്നവയായുണ്ടെങ്കിലും അങ്ങനെയൊന്ന് ഇത് വരെ കണ്ടിട്ടില്ല. ഛത്തീസ് ഗഡിലെ മാവോയിസ്റുകളെ നേരിടാൻ പോയ കേരളത്തിലെ ആംഡ് പോലീസിന്റെ ഗതികേടിന്റെയും പോരാട്ടത്തിന്റെയും സിനിമയാണ് പ്രത്യക്ഷത്തിൽ ‘ഉണ്ട’.
പക്ഷേ, ഒരു പോലീസ് സിനിമ ശക്തമായ രാഷ്ട്രീയ സിനിമയായി മാറുന്ന സർഗാത്മതയാണ്, അങ്ങനെയാക്കി മാറ്റുന്ന ക്രീയേറ്റീവിറ്റിയാണ് ഖാലിദ് റഹ്മാൻ എന്ന സംവിധായകൻ കാണിച്ചു തരുന്നത്. മമ്മൂട്ടിയെയും ഓംകാർദാസ് മണിക് പുരിയെയും ലുക്ക് മാനേയും ഒരേ സമയം നായകമാരാക്കുന്ന, അഭിനയിച്ച ഓരോരുത്തരുടെയും മികച്ച പ്രകടനത്തെ ഉചിതമായി ഉപയോഗപ്പെടുത്തുന്ന വിദഗ്ധമായ ട്രീറ്റ് മെന്റ്. സംവിധായകനും തിരക്കഥാകൃത്ത് ഹർഷദിനും സംഘത്തിനും കയ്യടിച്ചു കൊണ്ടേ സിനിമയെക്കുറിച്ചു പറയാനാവൂ. പക്ഷെ കൂടെ കയ്യടിക്കാൻ മമ്മൂട്ടി ഫാൻസിനെ പ്രതീക്ഷിക്കരുത്. മമ്മൂട്ടിയുടെ ഊള സിനിമകൾക്ക് തിയേറ്റർ നിറച്ചുകൊടുക്കുന്ന അവരെ തിയേറ്റർ പരിസരത്തെവിടെയും കാണാനില്ല. കോഴിക്കോട് അപ്സരയിൽ ശനിയാഴ്ചയാണ് മാറ്റിനി കാണാൻ കയറുന്നത്. റിലീസ് ചെയ്ത് രണ്ടാം ദിവസം രണ്ടാമത്തെ ഷോ ആയിരുന്നെങ്കിലും പകുതിയിലേറെ ഒഴിഞ്ഞു കിടക്കുന്നു തിയേറ്റർ. (ആദ്യ ദിവസങ്ങളിൽ ഫാൻസുകളുടെ അലമ്പ് പേടിച്ച് കുടുംബമായെത്തുന്നവർ മടിച്ചു നിൽക്കും). എവിടെപ്പോയി മമ്മൂട്ടിയുടെ ആരാധകർ? സൂപ്പർതാരങ്ങളെ കുറിച്ച് എന്തെങ്കിലും നെഗറ്റീവ് പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ കയറി ഭരണിപ്പാട്ടും തെറിയുത്സവവും നടത്തുന്ന ഫാൻസുകൾ നല്ലൊരു സിനിമയിറങ്ങിയപ്പോൾ ഏതു കണ്ടം വഴി വിട്ടു? നല്ല സിനിമയിലെ ഇക്കയുടെ നല്ല പ്രകടനം കാണാൻ വന്നില്ലേലും, സംവിധായകൻ ഫാൻസിനു വേണ്ടി പണിതുവെച്ച ക്ളൈമാക്സ് ഹീറോയിസം കാണാനെങ്കിലും വരണേ ഈ വഴി ഫാൻസ് ചെങ്ങായ്മാരേ!
ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട് ഓ.സി.യുടെ( ഇൻസ്പെക്ടർക്ക് സമാനമായി ബറ്റാലിയനിലുള്ള ഉദ്യോഗസ്ഥനാണ് ഓഫീസർ കമ്മാന്റിങ്) നേതൃത്വത്തിൽ ബസ്തറിലേക്ക് പോകുന്ന കേരളം ആംഡ് പോലീസ് അഞ്ചാം ബറ്റാലിയനിലെ പോലീസുകാരെയും അവരുടെ യാത്രയെയും യഥാതഥമായും രസകരമായും അവതരിപ്പിക്കുന്നതാണ് സിനിമയുടെ ആദ്യ പകുതി. നിസ്സഹായരായ ഒരു പറ്റം മനുഷ്യരാണ് ആ ഉദ്യോഗസ്ഥരെല്ലാം. ഉള്ളിലെ, നിരാശ, ഭയം, മടുപ്പ്, നിസ്സഹായത എന്നിവയെല്ലാം തമാശകൾ കൊണ്ട് മൂടി വെക്കുന്ന പോലീസുകാരെല്ലാം വിവിധ തരത്തിലുള്ള, വിവിധ പശ്ചാത്തലങ്ങളുള്ള, വിവിധ താത്പര്യങ്ങളുള്ള പച്ചമനുഷ്യരാണ്. അവരെ അടയാളപ്പെടുത്തിക്കൊണ്ട്, അപരിചിതമായ സാഹചര്യങ്ങളെക്കുറിച്ചുള്ള അവരുടെ ആശങ്കകൾക്കൊപ്പം വളരെ ലളിതമായി, സ്വാഭാവികതയോടെ സഞ്ചരിച്ച് സിനിമ ശ്ക്തമായ രണ്ടാം പകുതിയിലേക്ക് കടക്കുന്നു. അവിടെയാണ് സിനിമ ചടുലമാകുന്നതും നായകന്മാരും വില്ലന്മാരുമൊക്കെ മാറി മറിയുന്നതും അനിവാര്യവും രസകരവുമായ ക്ലൈമാക്സിലേക്ക് എത്തിച്ചേരുന്നതും. ക്ലൈമാക്സിലെ സംഘട്ടനരംഗം പക്ഷേ, ഇക്കയുടെ ഫാൻസിനെക്കൂടി കണ്ട് ഡിസൈൻ ചെയ്തതാണ്.
ബസ്തറിലെ കുനാൽ ചന്ദിന്റെയും ( ഓംകാർ മണിക് പുരി) കേരള പോലീസിലെ ബിജുകുമാറിന്റെയും (ലുക്ക് മാൻ) ജീവിതങ്ങളിലൂടെയാണ് സിനിമ അതിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നത്. അവരുടെ ജീവിതങ്ങൾ രണ്ടല്ലാതാക്കുന്ന സാഹചര്യങ്ങൾ അതീവ വൈദഗ്ധ്യത്തോടെ ഒരുക്കിയിരിക്കുന്നു. ബസ്തറിലെ കാടുകളും ജീവിതവും ഭയവും നിസ്സഹായതയും പേക്ഷകരിലേക്ക് പകരുന്നതിൽ ക്യാമറയ്ക്കൊപ്പം പശ്ചാത്തല സംഗീതവും കൈകോർത്തു നിൽക്കുന്നു. വന്യമായ കാഴ്ചകളോടൊപ്പം കാതുകളിൽ അനുഭവിക്കുന്ന മുഴക്കങ്ങൾ അസാധാരണ അനുഭവമാണ്. കാറ്റിനും കാടിനും മനുഷ്യന്റെ ഭീതിക്കുമൊപ്പം നിൽക്കുന്ന സംഗീതം. പ്രശാന്ത് പിള്ളയാണ് സംഗീതം. സജിത്ത് പുരുഷൻ ഛായാഗ്രാഹകനും. രണ്ടാൾക്കും ഉഗ്രൻ അഭിനന്ദനങ്ങൾ.
ഓരോരോ കഥാപാത്രങ്ങൾക്കും തനതായ വ്യക്തിത്വവും ഭൂതവും ഭാവിയും ഉണ്ട് സിനിമയിൽ. അവർക്കെല്ലാം വീടുകളുണ്ട്, കുടുംബമുണ്ട്. അതൊക്കെ വളരെ ഭംഗിയായി സിനിമ പ്രേക്ഷകരിലേക്ക് പകരുന്നുണ്ട്. മമ്മൂട്ടിയുടെ മണികണ്ഠൻ എസ്.ഐ അസ്സലൊരു ബറ്റാലിയൻ സബ് ഇൻസ്പെക്ടറാണ്, അത് മാത്രമാണ് സിനിമയിൽ. ലളിതവും ഹൃദ്യവുമായി മമ്മൂട്ടി എസ്.ഐ മണിയായി മാറിയിരിക്കുന്നു. സ്ക്രീനിൽ സുന്ദരമായി വന്നു പോകുന്ന മണിയുടെ ഭാര്യയെ ഈശ്വരിറാവു അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ഗൗതമൻ, റോണി ഡേവിഡ്, അഭിരാം, നൗഷാദ് ബോംബെ തുടങ്ങിയവരൊക്കെ അസാധ്യമായ മികവോടെ കെ. എ. പി. യിലെ പോലീസുകാരായി മാറിയിരിക്കുന്നു. നിശ്ശബ്ദനായ, ഒറ്റക്കിരിക്കുന്ന ഒരു പോലീസുകാരനെ അവതരിപ്പിക്കുന്നുണ്ട് ജേക്കബ് ഗ്രിഗറി. ഒരിടത്തും മുന്നിൽ വരാത്ത, എന്തെല്ലാമോ അപകർഷതകളുള്ള വർഗീസ് കുരുവുവിള എന്ന കഥാപാത്രത്തെ ജേക്കബ് ഗ്രിഗറിയെക്കൊണ്ട് ചെയ്യിക്കുന്നതിലൂടെ പ്രേക്ഷകശ്രദ്ധ അയാളിൽ പതിയുന്നുണ്ട്. അങ്ങനെ പോകെ ഇടയിലൊരിടത്ത് ബിജുകുമാർ സംസാരിക്കുമ്പോൾ വർഗീസ് കുരുവിളയുടെ കവിളിലൂടൊഴുകുന്ന ഒരു കണ്ണീർ ചാലിൽ നമ്മൾ തിരിച്ചറിയുന്നുണ്ട് അയാളുടെ ജീവിതം. രഞ്ജിത്ത് അവതരിപ്പിക്കുന്ന ഓ.സി. മുതൽ ITBP കമ്മാണ്ടർ വരെയുള്ളവർക്ക് ജീവിതവും ജീവനുമുണ്ട്. എല്ലാ കണ്ണുകളിലും ഭയവും ആകുലതകളും തെളിയുന്നുണ്ട്. പക്ഷേ, വിനയ് ഫോർട്ടും ആസിഫ് അലിയും സിനിമയിൽ അധികപ്പറ്റായിരുന്നു.
കുനാൽ ചന്ദും ബിജുകുമാറും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ കൂടെ പോരുന്നുണ്ട്. അവരുടെ നോട്ടങ്ങൾ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ആ വേട്ടയാടലിനു പിന്നിൽ തിരശ്ശീലക്ക് പുറത്തുള്ള ജീവിതത്തിലെ നേർക്കാഴ്ചകളുണ്ട്. ആദിവാസിയെന്ന അധിക്ഷേപങ്ങൾക്കിരയായി രതീഷ് എന്ന പോലീസുകാരൻ ജോലിയുപേക്ഷിക്കുന്ന വാർത്ത വായിച്ച ദിവസമാണ് സിനിമ കാണുന്നത്. ബിജുകുമാറിന് പറയാനുള്ളത് തന്നെയാണ് അയാൾക്കും പറയാനുണ്ടാവുക. കേരള പൊലീസിലെ ജാതിപരമായ അവഹേളനങ്ങൾ തുറന്നു കാട്ടുകയാണ് സിനിമ. മാവോയിസ്റ്റുകളെ നേരിടാൻ കാത്തിരുന്ന പോലീസുകാരൻ ‘അപ്പോ മാവോയിസ്റ്റുകളെവിടെ?’ എന്ന് ചോദിക്കുന്നുണ്ട് സിനിമ തീരുന്നതിനു മുൻപ്. ഭരണകൂടം സായുധ സേനയെ ഉപയോഗിച്ച് മനുഷ്യനെ വെടിവെച്ചു കൊല്ലുന്നത് നമുക്ക് തൊട്ടടുത്തുള്ള കാഴ്ചയാണ്. ഓരോ ദളിതനെയും അയാൾ എത്ര ഉയരത്തിലെത്തിയാലും വിടാതെ വേട്ടയാടാൻ ജാതിയധിക്ഷേപങ്ങൾ ഉപയോഗിക്കുന്നത് നമ്മളെന്നും കാണുന്നതാണ്. ആദിവാസികളുടെ ജീവിതം നമ്മുടെ സ്കെച്ചുകളിലേക്കു ചുരുട്ടിക്കെട്ടി ഇല്ലാതാക്കുന്ന പ്രക്രിയ പതിറ്റാണ്ടുകളായി തുടരുന്ന ഒരു പൊതുസമൂഹത്തിന്റെ ഭാഗമാണ് നാം.
കറുപ്പ് ഒരു കുറ്റമാകുന്ന കാലത്ത് കേരളത്തിലെ പോലീസുകാരൻ \’ബിജുകുമാറി\’ന്റെ യഥാർത്ഥ ജീവിതം ഒരു മമ്മൂട്ടി സിനിമയിലൂടെ തീവ്രമായി പകർത്തി വെക്കുന്ന ഖാലിദ് റഹ്മാനും സംഘത്തിനും അഭിവാദ്യങ്ങൾ. കൃഷ്ണൻ സേതുകുമാർ എന്ന നിർമ്മാതാവിനെ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. മമ്മൂട്ടി എന്ന നടനെ പതിവ് കച്ചവടമസാലകളില്ലാതെ അവതരിപ്പിക്കാൻ അടുത്ത കാലത്തൊന്നും ഒരു നിർമ്മാതാവും ധൈര്യം കാണിച്ചിട്ടില്ല. കുഡോസ്, ബ്രോ!
മലയാളത്തിലെ വാണിജ്യ സിനിമ പുതു വഴികൾ വെട്ടി മുന്നോട്ടു പോവുകയാണ്. തുടർച്ചയായി നാലു മികച്ച സിനിമകൾ കാണാനായതിന്റെ സന്തോഷമുണ്ട്. കഴിഞ്ഞയാഴ്ചതൊട്ടപ്പൻ, തമാശ, വൈറസ്! ഇപ്പോഴിതാ \’ഉണ്ട\’! ആ സന്തോഷത്തിനപ്പുറം ബിജുകുമാർ എന്ന പോലീസുകാരൻ വെറുമൊരു കഥാപത്രമല്ലല്ലോ, നമ്മുടെയൊപ്പമുള്ള കൂട്ടുകാരൻ/കൂട്ടുകാർ തന്നെയാണല്ലോ എന്ന വേദന നീറ്റിക്കൊണ്ടേയിരിക്കുന്നു.
– ഉമേഷ് വള്ളിക്കുന്ന്