സ്‌ത്രീകൾ അജ്ഞതയുടെ, ഏകാന്തതയുടെ തടവുകാരെന്നും അവർ സംഭാഷണത്തിന് അശക്‌തരെന്നും അപ്രാപ്‌തരെന്നും പറഞ്ഞത് ഓസ്‌ട്രേലിയൻ ഫെമിനിസ്റ്റായ ജെർമ്മൻ ഗ്രീറാണ്. ആൺകോയ്‌മയുടെ അധികാര വ്യവഹാരങ്ങൾ കർശനമായ നിഷ്ഠകളോടെ സ്‌ത്രീയെ പ്രത്യേകമണ്ഡലങ്ങളിൽ തളച്ചിടുകയും നിശ്ശബ്‌ദയാക്കുകയും ചെയ്‌തു. അവൾ മിണ്ടാൻ ഭയപ്പെട്ടു. മിണ്ടിയപ്പോഴാകട്ടെ പലപ്പോഴും പരിഹാസ്യയായി. നിരന്തരമായ പരുവപ്പെടലുകൾക്കു വഴങ്ങിക്കൊടുത്തതുകൊണ്ട് സംസാരിക്കുമ്പോഴൊന്നും അവളുടെ ശബ്‌ദം അവളുടേതായിരുന്നില്ല. പറഞ്ഞതിന്റെ ആശയമാകട്ടെ തികച്ചും സ്‌ത്രീവിരുദ്ധമാണെന്ന് അവൾക്ക് ഒരിക്കലും തിരിച്ചറിയാനും ശേഷിയില്ലായിരുന്നു. പുരുഷന്മാർ ഉൾപ്പെട്ട സംവാദങ്ങളിലും അവൾക്ക് മൗനമായിരുന്നു അനുയോജ്യം. അവളുടെ ഇടം, അവൾക്ക് ശബ്‌ദിക്കാനുള്ള അധികാരം ഒക്കെയും എത്രയോ പരിമിതമാണ്.  കാലങ്ങളായി തങ്ങളെ അടിച്ചമർത്തുന്ന ലിംഗാധീശ പാരമ്പര്യത്തെ സംരക്ഷിക്കുന്ന വാക്കുകളാണ് താൻ ഏറ്റുപറയുന്നതെന്ന വൈരുദ്ധ്യം തിരിച്ചറിയാതെ പോകുന്നുവെന്നതാണ് പലപ്പോഴും സ്‌ത്രീ ഭാഷണങ്ങൾ നേരിടുന്ന പ്രതിസന്ധി.

നടൻ ദിലീപിനെ A.M.M.A യിലേക്കു തിരിച്ചെടുക്കുന്നതിനെപ്പറ്റി, ആ സന്ദർഭത്തിൽ തീർത്തും അപ്രസക്‌തമായ, എന്നാൽ ഏതോ മൂടിവെച്ച അജണ്ടയുടെ ഭാഗമായ ചോദ്യം ചോദിച്ചത് ഊർമ്മിളാ ഉണ്ണിയെന്ന സ്‌ത്രീയാണ്. പിന്നീടവർതന്നെ വെളിപ്പെടുത്തുന്നതു പോലെ കാര്യമായ ഒരു ചർച്ചയും നടക്കാതെ കുറ്റവാളിയല്ലാത്ത, വെറും കുറ്റാരോപിതൻ മാത്രമായ ദിലീപിനെ വളരെ വളരെ നന്മ നിറഞ്ഞ താരസംഘടന തിരിച്ചെടുക്കുകയും ചെയ്‌തു. ചോദ്യം സ്വമേധയാ ചോദിച്ചതാണോയെന്നതിന് വേലക്കാരി/വേലക്കാരൻ സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ സമയത്ത് തിരിച്ചു വരുമോ എന്നതിനെക്കുറിച്ച് വീട്ടമ്മയ്ക്കുണ്ടാകുന്ന ആകാംക്ഷയോടു ബന്ധപ്പെടുത്തി അവർ ബാലിശമായ ചിലതു പറയുന്നു. എന്തായാലും സമൂഹ മാധ്യമങ്ങൾ കീറി മുറിച്ച്  വിമർശിച്ചും ട്രോളിയും ഊർമ്മിള ഉണ്ണിയെന്ന സ്‌ത്രീ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ കേരളത്തിലെ ഒന്നാം നമ്പർ സാമൂഹ്യദ്രോഹിയായിക്കഴിഞ്ഞു. യഥാർത്ഥത്തിൽ ഈ സ്‌ത്രീ/കലാകാരി ഇവ്വിധം പരിഹസിക്കപ്പെടാനർഹതയുള്ളവളോ എന്ന് ചിന്തിക്കേണ്ടത്, സ്വയം വിമർശനം നടത്തേണ്ടത്, താരസിംഹാസനങ്ങൾ സൃഷ്‌ടിച്ച് അഭിഷേകങ്ങൾ നടത്തുന്ന മലയാളികൾ തന്നെയാണ്. അവിടെ നമ്മളവരോധിച്ചത് താരരാജാക്കന്മാരെയാണ്, അവരുടെ രാജ്ഞിമാരെല്ലാം പേശാമടന്തകളായിരുന്നു. നമുക്കും അവർക്കും അതായിരുന്നു ഇഷ്‌ടം.

മായാജാലത്തിലെ വാനിഷിങ് ബ്യൂട്ടിയെപ്പോലെ അദൃശ്യയാവുന്ന സ്‌ത്രീയെ മാത്രമാണ് മലയാളസിനിമയ്ക്കു പരിചയം. പൗരുഷത്തിന്റെ ആഘോഷങ്ങളായിരുന്നു എല്ലാ സിനിമകളും, സിനിമാക്കാഴ്ച്ചകളും. അമിതമായി ആദർശവൽക്കരിക്കപ്പെട്ട് സ്വയം രണ്ടാംകിട ചരക്കായി അടയാളപ്പെടുത്തുകയായിരുന്നു സിനിമയിലെ സ്‌ത്രീ കഥാപാത്രങ്ങൾ. അവിടെ പുരുഷന്റേതാണ് തീർപ്പുകൾ. വിയോജിപ്പുകളോ പ്രതിരോധങ്ങളോ ഇല്ലാതെ സ്‌ത്രീകൾ അവയുൾക്കൊണ്ടു. സൗന്ദര്യം, കുലീനത, ലൈംഗികത, മാതൃത്വം, ത്യാഗം, ക്ഷമ, പ്രണയം ഇവയൊക്കെയാണു സ്‌ത്രൈണതയെന്ന സമവാക്യം വലിയൊരു പരിധി വരെ രൂപപ്പെടുത്തി പ്രചരിപ്പിച്ചതും  ജനപ്രിയ കലയായ സിനിമയാണ്. ഈയൊരു പശ്ചാത്തലം മറക്കാതെ വേണം സിനിമാക്കാരുടെ സംഘടനയിലുൾപ്പെട്ട ഒരു സ്വഭാവനടിയുടെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനത്തെ വിലയിരുത്താൻ .

ഊർമ്മിള ഉണ്ണി മാധ്യമ പ്രവർത്തകരോട് പറഞ്ഞ വാക്കുകൾ, നിഷ്‌കളങ്കതയുടെ നാട്യമുള്ള അവരുടെ ശരീരഭാഷ/ചേഷ്‌ടകൾ ഇവയൊക്കെ സൂക്ഷമവും വിശദവുമായ വായനകൾക്കു വിധേയമാക്കിയാൽ സ്‌ത്രീ ഭാഷയെക്കുറിച്ചും ഭാഷണത്തിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചും സ്‌ത്രീ പഠിതാക്കൾക്ക് ഏറ്റവും മികച്ച ദൃഷ്‌ടാന്തങ്ങളാണു ലഭ്യമാകുക. അസംഘടിത തൊഴിൽ മേഖലകളിൽപ്പോലുമില്ലാത്ത വിധം കഠിനമായ ലിംഗവിവേചനം നിലനിൽക്കുന്ന, ഒരേ തൊഴിലിന് രണ്ടു തരം വരുമാനം ലഭിക്കുന്ന, തൊഴിൽ ദാതാക്കളുടെയല്ല, സഹപ്രവർത്തകനായ പുരുഷന്റെ അപ്രീതി പോലും തൊഴിലവസരങ്ങൾ നഷ്‌ടപ്പെടുത്തുന്ന, ലൈംഗിക ചൂഷണത്തിന്റെ കരിനിഴൽ പരന്ന അത്രയും അരക്ഷിതമായ ഒരു തൊഴിൽ മേഖലയിൽ നിന്നു വരുന്ന സ്‌ത്രീയുടെ ആത്‌മപ്രകാശനത്തിന്റെ പരിമിതികളായല്ല നിർഭാഗ്യവശാൽ അവ വായിച്ചെടുക്കപ്പെട്ടത്. അവരുടെ ലജ്ജയില്ലായ്‌മ, ഊളത്തരം, ഇവളും സ്‌ത്രീയോ എന്നൊക്കെ ഏകപക്ഷീയമായി ആക്രമിക്കപ്പെടുന്നു ആ നടി. അവർ ഒറ്റപ്പെട്ട പ്രതിഭാസമൊന്നുമല്ല, അത്തരക്കാരാണു കൂടുതലും. അധികാരപരമായ അസമത്വങ്ങളിൽ ഏറ്റവും പ്രമുഖമായ ലിംഗാധീശത്വത്തിന്റെ ഇരയാണവർ. ഭൂരിപക്ഷത്തിന്റെ വാക്കുകളിലേ അവർക്കു സംസാരിക്കാനാവൂ. ഉറച്ച നിലപാടുള്ള ന്യൂനപക്ഷത്തിനൊപ്പം നിൽക്കാനുള്ള ആത്‌മധൈര്യവും സാഹസികതയും അവരിൽ നിന്നെപ്പോഴേ ചോർത്തിയെടുക്കപ്പെട്ടു കഴിഞ്ഞു.

ഊർമ്മിള ഉണ്ണിയുടെ ചിരി, ലാസ്യം, നോട്ടം, ആംഗ്യം, വാക്കുകൾ, ചേഷ്‌ടകൾ എല്ലാം വിധേയത്വത്തിന്റേതാണ്. ആൺഭാഷയെ, ആൺതീർപ്പുകളെ വർജ്ജിക്കാൻ കഴിയാത്തതിന്റെ നിസഹായതയുടേതുമാണ്. സഹപ്രവർത്തക ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് അവർക്ക് കഷ്‌ടമെന്നേ പറയാനുള്ളു. മിക്കവാറും ചോദ്യങ്ങൾക്ക് ഒന്നും പറയില്ല എന്ന മറുപടി. അവസരങ്ങളില്ലാതാവുമെന്ന ഭീതിയാണോ എന്ന ചോദ്യത്തിനു മുന്നിൽ മാത്രം അതിനിപ്പോഴെവിടെ അവസരങ്ങളെന്ന തുറന്നു പറച്ചിൽ. മകളുമായി ബന്ധിപ്പിച്ച ചോദ്യത്തിന് പെട്ടന്നവളെ പൊതിഞ്ഞു പിടിച്ചെന്നോണം വിവാദത്തിൽ നിന്നകറ്റുന്നതിലെ അതിശ്രദ്ധ, ഇത്ര ലാഘവത്തോടെ എങ്ങനെ സംസാരിക്കുന്നുവെന്നു ചോദിക്കുമ്പോൾ പ്രായത്തിന്റെ പക്വതയെന്ന അമ്മൂമ്മനാട്യം… ഒരു ചോദ്യത്തിനു മുന്നിലും ക്ഷുഭിതയാവാതെ ചിരിച്ചും മയങ്ങിയും നിൽക്കൽ. ഊർമ്മിള ഉണ്ണി മികച്ചൊരു നടിയെന്നു സമ്മതിക്കേണ്ടി വരുന്നത് അവരുടെ ഇത്തരം അഭിനയം കൊണ്ടു മാത്രമല്ല. ആൺനോട്ടങ്ങൾ സൃഷ്‌ടിച്ച ആദർശവത്‌കൃതമായ സ്‌ത്രീത്വത്തിന്റെ എല്ലാ ഭാവങ്ങളും അവർ ബുദ്ധിപൂർവ്വം അണിയുന്നതു കൊണ്ടു കൂടിയാണ്. ഞാനൊരു പാവം കലാകാരി, ഞാൻ ഭീരുവാണ്, മന്ദബുദ്ധിയെന്നു കരുതിക്കൊള്ളൂ, ഗൗരവമുള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ ഓണത്തിനു സദ്യയൊരുക്കുന്നതിനെക്കുറിച്ചു പറയാം, അമ്മയെന്ന സംഘടനയെക്കുറിച്ചുള്ള ചോദ്യത്തിന് അമ്മയെക്കാണണമെന്ന കുഞ്ഞുവാവക്കളി… ഇങ്ങനെ അവരുടെ സംഭാഷണത്തിലെ ഓരോ അംശത്തിനും കൃത്യമായ രാഷ്‌ട്രീയമുണ്ട്. അത് സ്‌ത്രീയുടെ  അനുസരണയുടെ, കീഴടങ്ങലിന്റെ, വീടടങ്ങലിന്റെ ചിഹ്നങ്ങളാണ്. അത്തരം സ്‌ത്രീകളെയാണ് ബഹുഭൂരിപക്ഷത്തിനും ഇഷ്‌ടം. അതിനു പാകത്തിൽ പരുവപ്പെട്ടതാണ് ഊർമ്മിളയുടെ, മിക്കവാറും സ്‌ത്രീകളുടെ  സ്വത്വം . സംഘടന വിട്ട നടിമാർ കുഴപ്പക്കാരാണെന്നു വിധിച്ച നടന്റേത് ആണത്തത്തിന്റെ അധീശത്വത്തിന്റെ മാതൃകയാണ്. ആ നടിമാരോട് അനുഭാവം കാണിക്കാനോ തന്റെ നിലപാടു പറയാനോ ധൈര്യം കാട്ടാത്ത ഊർമ്മിള ഉണ്ണിയുടേത് വിധേയത്വത്തിന്റെയും. ആ വിധേയത്വം അവർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നു കാണാതെ പോകരുത്. താൻ താണവളാണ്, അധഃകൃതയാണ്, ചോദ്യം ചോദിക്കേണ്ടവളല്ല, അനുസരിക്കേണ്ടവളാണ് എന്ന ബോധം ജനിപ്പിച്ചുകൊണ്ടേ സ്‌ത്രീകളുടെ സാമൂഹികവൽക്കരണ പ്രക്രിയ നടക്കുന്നുവെന്നുള്ളത് ചിരന്തനമായ യാഥാർത്ഥ്യവും.

സ്‌ത്രീകൾക്കിടയിൽ വിവേചനം സൃഷ്‌ടിക്കുകയും അവർ ഒന്നിച്ചു നിൽക്കുന്നതു തടയുകയും ചെയ്യുന്നത് പുരുഷാധികാരത്തിന്റെ മറ്റൊരു  ഭിന്നിപ്പിക്കൽ തന്ത്രമാണ്. അതു കൊണ്ട് സ്‌ത്രീകളിൽത്തന്നെ ഭൂരിപക്ഷം ഇരയുടെ കൂടെ നിന്നുവെന്നു വരില്ല.  സ്‌ത്രീയെ പാസീവ്, നാർസിസിസ്റ്റിക്, മാസോക്കിസ്റ്റിക്, പെനിസ് എൻവിയിങ് ഒക്കെയായി ചിത്രീകരിച്ച ഫ്രോയ്ഡിയൻ കാഴ്ച്ചപ്പാടിനെ സ്‌ത്രീപക്ഷ ചിന്തകർ ഖണ്ഡിച്ചത് ഭദ്രമായ ശാസ്‌ത്രയുക്‌തികളോടെയാണ്. പക്ഷേ  പുരുഷന് പ്രിയം എപ്പോഴും നിഷ്‌ക്രിയയും സ്വയാനുരക്‌തയും അവനോടു അസൂയ പുലർത്തുന്നവരുമായ മാതൃകാ സ്‌ത്രീ ബിംബങ്ങളെയാണ്. ലിംഗാധികാരത്തിന്റെ വ്യവഹാര രൂപങ്ങൾ നിശ്ശബ്‌ദയാക്കിയ അനേകം സ്‌ത്രീകളിലൊരുവളെന്ന്, അതിജീവനത്തിനുവേണ്ടി വ്യവസ്ഥാനുകൂലയായി വഴങ്ങുന്നവളെന്ന് അൽപ്പം സഹാനുഭൂതിയോടെ ചിന്തിച്ചാൽ ഊർമ്മിള ഉണ്ണി ഒറ്റയ്ക്ക് ഇത്രയും ഭത്സനങ്ങൾ കേൾക്കേണ്ടവളല്ല.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account