വാതില്‍ക്കല്‍ മുട്ടു കേട്ടപ്പോള്‍ അമീര്‍ഖാന്‍ എഴുന്നേറ്റു. മുട്ടലുകള്‍ക്കൊപ്പമുള്ള കുപ്പിവളകളുടെ കിലുക്കം കേട്ടാല്‍ അറിയാം: ജൂതികയാണ്‌. ഉറങ്ങാത്ത രാവിന്റെ വ്യഥ കഴുകിക്കളഞ്ഞ്‌ ജൂതിക എത്തിയിരിയ്‌ക്കുന്നു.

ഗണികകള്‍ വളയിടാറുണ്ടോ? അവളെ ആദ്യം കണ്ടപ്പോള്‍ സംശയിച്ചിരുന്നു. പുരുഷകാമം പിടഞ്ഞു തീരുമ്പോള്‍ കലപില കൂട്ടരുതെന്നും അപസ്വരങ്ങളുയരാതിരിക്കാന്‍ വളകളോ പാദസരങ്ങളോ ധരിയ്‌ക്കരുതെന്നും ആയമാര്‍ ഗണികകളെ നിഷ്‌കര്‍ഷിയ്‌ക്കാറുണ്ടെന്ന്‌ ഉസ്‌താദ്‌ കേട്ടിരുന്നു.

പരിചയപ്പെട്ട്‌ വളരെ കാലം കഴിഞ്ഞാണ്‌ സംശയം ചോദിച്ചത്‌. ജൂതിക ചിരിച്ചു:

ഉസ്‌താദ്‌, അവള്‍ പറഞ്ഞു: അവിടത്തെ സന്നിധിയിലെത്തുമ്പോള്‍ ഞാന്‍ വേശ്യയല്ല. രാവിന്റെ ഓരോ നാഴിക തീരുന്നതും ഞാന്‍ ചെവിയോര്‍ത്തു കിടക്കുകയാണ്‌ പതിവ്‌. എന്റെ ഉടലില്‍ സ്‌നേഹം കണ്ടെത്തുന്നവരുടെ ദ്രുതനിശ്വാസങ്ങളില്‍ ഞാന്‍ വിനാഴികകളുടെ എണ്ണം പിടിയ്‌ക്കും. അഞ്ചു മണിയാവാന്‍ എനിയ്‌ക്കു തിടുക്കമാവും ഉസ്‌താദ്‌.

അമീര്‍ഖാന്‍ വാതില്‍ തുറന്നു. ജൂതിക പതിവു പോലെ കുളിച്ച്‌ ഐശ്വര്യവതിയായി വന്നിരിയ്‌ക്കുന്നു.

പ്രണാം ഉസ്‌താദ്‌. ഉറക്കം സുഖമായോ?

ഉവ്വ്‌ ജൂതിക. നിനക്കോ?

ഞാന്‍ സുഖമായി ഉറങ്ങി ഉസ്‌താദ്‌.

പതിവു ചോദ്യങ്ങള്‍, ഉത്തരങ്ങള്‍. രാത്രിയില്‍ നിനക്കുറക്കമില്ലെന്ന്‌ എനിക്കറിയാഞ്ഞിട്ടല്ല ജൂതിക. പുറത്ത്‌ കാമത്തിന്റെ പടം പൊഴിച്ച ഫണങ്ങളുമായി വിവശജന്മങ്ങള്‍ കാത്തുനില്‍ക്കുമ്പോള്‍ നീ എങ്ങനെ ഉറങ്ങാനാണ്‌. എന്നാലും ഉപചാരങ്ങള്‍ക്ക്‌ കുറവു വരരുതല്ലോ. അതുകൊണ്ട്‌ അര്‍ഥമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ വിവരക്കേടുകള്‍ ചോദിയ്‌ക്കുന്നു.

പക്ഷേ നീയറിയാത്ത ഒരു രഹസ്യമുണ്ട്‌. ഇവിടത്തെ രാത്രികളില്‍ ഞാന്‍ ശരിയ്‌ക്കുറങ്ങാറില്ല. വെളുക്കും വരെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കും. പാതിരയാവോളം പാളങ്ങളില്‍ക്കൂടി കടന്നു പോവുന്ന വൈദ്യുത വണ്ടികളുടെ കിതപ്പു കേട്ട്‌, ഇണകളെ തേടിയെത്തുന്നവരുമായി വില പേശുന്ന കൂട്ടിക്കൊടുപ്പുകാരുടെ അടക്കം പറച്ചിലുകള്‍ പാര്‍ത്ത്‌്‌, ചുറ്റുമുള്ള ഗണികഗൃഹങ്ങളിലെ പുരുഷവിസര്‍ജ്യങ്ങളറിഞ്ഞ്‌ – അങ്ങനെ. അഞ്ചു മണിയാവാന്‍ ഞാന്‍ കാത്തുകിടക്കുകയാണ്‌ പതിവ്‌.

ജൂതിക അടുക്കളയില്‍ കടന്നു. ദേഹശുദ്ധി വരുത്തുന്നതിനു മുമ്പ്‌ ഉസ്‌താദിനു പാലില്ലാത്ത ചുടുകാപ്പി നിര്‍ബന്ധമാണ്‌. അതു കുടിച്ചു തീരുവോളം താന്‍ അടുത്തിരിക്കണമെന്നും. അതിനിടയ്‌ക്കാണ്‌ ഉസ്‌താദ്‌ മഹാഗായകരേക്കുറിച്ചും അവരുടെ കൃതികളേക്കുറിച്ചുമൊക്കെ വാചാല നാവുക.

ബിലാസ്‌ഖാനീ തോഡി എന്നു കേട്ടിട്ടുണ്ടോ, ഇന്നലെ ചോദിച്ചു. കേട്ടിരുന്നില്ല. അതിലത്ഭുതവുമില്ല. ഈ മഹാഗായകന്റെ അടുത്തെത്തും വരെ താനാരേക്കുറിച്ചാണ്‌ കേട്ടിട്ടുള്ളത്‌! ഉറക്കച്ചടവുമാത്രം നിറഞ്ഞ പകലുകളില്‍ ഒന്നിനും ഒരുത്സാഹം തോന്നാറില്ല. പതിവു ചിട്ടയനുസരിച്ച്‌ ഡോ. ഹര്‍ബാഡയുടെ ക്ലിനിക്കില്‍ പോവുക, മടങ്ങി വരിക. വിഴുപ്പുകള്‍ അലക്കുക, സമയം തെറ്റി വരുന്ന അതിഥികളില്ലെങ്കില്‍ എല്ലാം മറക്കാന്‍ ശ്രമിച്ച്‌ കിടന്നുറങ്ങുക. വഴിവിളക്കുകള്‍ പീള കെട്ടിയ കണ്ണുകള്‍ തുറക്കുന്ന സന്ധ്യയിലേയ്‌ക്കുണരുമ്പോള്‍ തികഞ്ഞ അരക്ഷിതത്വബോധം. ഇതിനിടയില്‍ എവിടെ തനിയ്‌ക്കു സംഗീതം കേള്‍ക്കാന്‍ നേരം!

ഒന്നും മിണ്ടിയില്ല. അപ്പോള്‍ ഉസ്‌താദ്‌ പറഞ്ഞുതന്നു. താന്‍സേന്‍ മരിച്ചപ്പോള്‍ മകന്‍ ബിലാസ്‌ ഖാന്‍ ചരമശുശ്രൂഷയായി പാടിയ രാഗം ആ പേരില്‍ അറിയപ്പെട്ടു. തുടന്ന്‌ ഉസ്‌താദ്‌ ബിലാസ്‌ഖാനീ തോഡി പാടിത്തന്നു.

ജൂതിക കാപ്പിയുമായി ഉസ്‌താദിന്റെ അടുത്തെത്തി. ഉസ്‌താദ്‌ അവള്‍ വന്നതറിഞ്ഞില്ല. അദ്ദേഹം ജനാലയിലൂടെ പുറത്തേയ്‌ക്കു നോക്കി യിരിയ്‌ക്കുകയായിരുന്നു. ജൂതിക ശബ്‌ദമുണ്ടാക്കി ഉസ്‌താദിന്റെ ശ്രദ്ധ ക്ഷണിച്ചു.

ആരോ വാതിലില്‍ മുട്ടിയോ, ഉസ്‌താദ്‌ ചോദിച്ചു.

ഞാന്‍ കേട്ടില്ല, ജൂതിക പറഞ്ഞു.

ഒന്നു നോക്കൂ, ഉസ്‌താദ്‌ ആവശ്യപ്പെട്ടു.

ജൂതിക വാതില്‍ തുറന്നു നോക്കി. ആരുമില്ല. തുറന്ന വാതിലിലേയ്‌ക്ക്‌ ആകാംക്ഷയോടെ നോക്കിക്കൊണ്ട്‌ ഉസ്‌താദ്‌ ഇരുന്നു. പിന്നെ നിശ്ശബ്ദം കാപ്പി മോന്തിക്കുടിയ്‌ക്കാന്‍ തുടങ്ങി. ജൂതിക ഉസ്‌താദിന്റെ മുമ്പില്‍ ചമ്രം പടിഞ്ഞിരുന്നു. ഏതു നിമിഷവും അമീര്‍ഖാന്‍ കഥാകഥനം തുടങ്ങാം. അവള്‍ ഉസ്‌താദിന്റെ മുഖത്തു തന്നെ കണ്ണു നട്ട്‌ ഒതുങ്ങിയിരുന്നു.

രണ്ടായി പകുത്തു വെച്ച ക്രോപ്പു ചെയ്‌ത മുടി, ഗൗരവം നിറഞ്ഞ കണ്ണുകള്‍, കട്ടിക്കണ്ണട – ഇങ്ങനെയൊരു രൂപം കമ്പനിയിലെ കണക്കെഴുത്തുകാരന്റേതായാലും ഒരു പാട്ടുകാരന്റേതാവാന്‍ വയ്യ. കബളിപ്പിയ്‌ക്കുന്ന ഈ രൂപം ഉസ്‌താദിന്‌ അനുഗ്രഹവുമായെന്നു വേണം കരുതാന്‍. വൈകുന്നേരങ്ങളില്‍ ചാക്കുസഞ്ചിയുമായി ഭാജി വാങ്ങാന്‍ പുറത്തിറങ്ങുന്ന അമീര്‍ഖാനെ ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല.

അമീര്‍ഖാന്‍ കാപ്പി കുടിച്ചു തീര്‍ത്ത്‌ കപ്പു നിലത്തു വെച്ചു. ഉസ്‌താദ്‌ തന്റെ പതിവു ഭാവത്തിലല്ല എന്ന്‌ ജൂതികയ്‌ക്കു തോന്നി. കാപ്പി ഒരു കവിള്‍ മോന്തിക്കഴിയുമ്പോള്‍ അദ്ദേഹം സ്വയം പുഞ്ചിരിയ്‌ക്കുകയും കഥകള്‍ തുടങ്ങുകയുമാണ്‌ പതിവ്‌. ഇന്ന്‌ ഒറ്റ മോന്തിന്‌ അദ്ദേഹം കാപ്പി കുടിച്ചു തീര്‍ത്തിരിയ്‌ക്കുന്നു.

ഉസ്‌താദ്‌ എഴുന്നേറ്റു. ഒഴിഞ്ഞ കപ്പ്‌ കയ്യിലെടുത്ത്‌ ജൂതിക അടുക്കളയിലേയ്‌ക്കു നടന്നു. ഇനി ഉസ്‌താദ്‌ ദേഹശുദ്ധി വരുത്തുന്ന സമയം മുഴുവനും വീട്‌ ജൂതികയുടേതാണ്‌. അവള്‍ ഭാജി വെച്ച കുട്ട തുറന്നു. മൂന്ന്‌ തക്കാളിയും രണ്ട്‌ സവോളയും നാല്‌ പച്ചമുളകും എടുത്തു. എല്ലാം നീളത്തില്‍ അരിഞ്ഞു. ചാക്കുസഞ്ചിയില്‍ പൊതിഞ്ഞു വെച്ച വെളുത്ത ബ്രെഡ്ഡെടുത്ത്‌ കോണോടുകോണ്‍ മുറിച്ചു. ഉസ്‌താദിന്റെ സ്ഥിരം നാസ്‌ത സാന്‍ഡ്‌വിച്ചാണ്‌. അതും കൃത്യം നാലെണ്ണം. എന്തെങ്കിലും മാറ്റം വേണമെന്ന്‌ തനിയ്‌ക്കു മാത്രം തോന്നിയാല്‍ പോരല്ലോ.

സാന്‍ഡ്‌വിച്ച്‌ ഒരു പോഴ്‌സ്‌ലെയ്‌ന്‍ കിണ്ണത്തില്‍ വെച്ച്‌ മറ്റൊരു കിണ്ണം കൊണ്ട്‌ അവള്‍ അത്‌ അടച്ചു വെച്ചു.

ഉസ്‌താദ്‌ കുളിയ്‌ക്കാന്‍ കയറിയിരുന്നു. ഇരിപ്പുമുറി പതിവുപോലെ വൃത്തിയായിക്കിടക്കുന്നു. എല്ലാം അതാതിന്റെ സ്ഥാനത്തു തന്നെ വേണന്നെു നിര്‍ബന്ധമുണ്ട്‌ ഉസ്‌താദിന്‌. പുകവലിയോ മറ്റു ദുശ്ശീലങ്ങളോ ഇല്ലാത്തതുകൊണ്ട്‌ ഉസ്‌താദിന്റെ മുറി ഒരിക്കലും വൃത്തികേടാവാറില്ല.

മുറിയുടെ മൂലയില്‍ ഇരിയ്‌ക്കുന്ന സാരംഗിയെടുത്ത്‌ കട്ടിലില്‍ വെച്ച്‌ ജൂതിക ചൂലെടുത്തു. ആദ്യദിവസം അബദ്ധം പറ്റി. അടിച്ചു വാരുമ്പോള്‍ മൂലയില്‍ കുത്തനെ ചാരി വെച്ചിരിയ്‌ക്കുന്ന ശീട്ടിത്തുണിയില്‍ പൊതിഞ്ഞ നീളന്‍ സാധനത്തില്‍ ചൂല്‌ കൊണ്ടു. അതു കണ്ടുകൊണ്ട്‌ ഉസ്‌താദ്‌ കുളിമുറിയില്‍ നിന്നു പുറത്തു വന്നു. അരുത്‌ കുട്ടീ, ഉസ്‌താദ്‌ പറഞ്ഞു. അത്‌ എന്റെ അച്ഛന്റെ സാരംഗിയാണ്‌. ഷമീര്‍ഖാന്‍ പ്രശസ്‌തനായ സാരംഗീവാദകനായിരുന്നു. പന്ത്രണ്ടു വയസ്സു വരെ ഞാനും സാരംഗി വായിച്ചിരുന്നു.

കിടക്കവിരി മാറ്റി വിരിച്ചു. തലയണ ഉറ മാറ്റി. ചൂരല്‍ക്കസേരകള്‍ യഥാസ്ഥാനങ്ങളിലിട്ടു. അപ്പോഴേയ്‌ക്കും ഉസ്‌താദ്‌ കുളിമുറിയില്‍ നിന്നു പുറത്തു വന്നു.

എന്തു പറ്റി ഉസ്‌താദ്‌?

നല്ല സുഖം തോന്നുന്നില്ല ജൂതിക. ഞാനിന്നു കുളിയ്‌ക്കുന്നില്ല.

ജൂതിക ഉസ്‌താദിന്റെ നെറ്റിയില്‍ കൈ ചേര്‍ത്തു നോക്കി. പനിയില്ല. പക്ഷേ കണ്ണുകള്‍ കലങ്ങിയിട്ടുണ്ട്‌. ഇതു താന്‍ മുമ്പു ശ്രദ്ധിയ്‌ക്കാഞ്ഞതെന്തേ?

ഇന്നലെ വൈകുവോളം സാധകം ചെയ്‌തു. പിന്നെ ക്ഷീണം തോന്നി. ഉറക്കവും ശരിയായില്ല.

ഉടുപ്പുകള്‍ മാറിക്കോളൂ, ജൂതിക ഉസ്‌താദിനു വസ്‌ത്രങ്ങള്‍ കൊടുത്തു.

വിഴുപ്പ്‌ കൈമാറുമ്പോള്‍ ഉസ്‌താദ്‌ ജൂതികയുടെ കണ്ണില്‍ നോക്കി നിന്നു.

എന്താ ഉസ്‌താദ്‌?

എനിയ്‌ക്ക്‌ ആരുമില്ലാതായി എന്ന്‌ തോന്നിയിരുന്നു. പക്ഷേ –

ജൂതികയുടെ വയറ്റില്‍ ഒരു തീനാളം ആളി. പക്ഷേ? എന്താണ്‌ ഉസ്‌താദ്‌ പറഞ്ഞുനിര്‍ത്തിയത്‌? തന്റെ ഇത്ര നാളത്തെ പരിചരണത്തിന്‌ സാഫല്യമായോ? ആ മഹദ്‌സന്നിധിയില്‍ തനിയ്‌ക്കും ഒരിടം കിട്ടുകയായോ? ഒടുവില്‍ ഉസ്‌താദ്‌ തന്നെ തിരിച്ചറിയുകയായോ?

ജൂതിക തരിച്ചുനിന്നു. അശരണത അഴല്‍ വീഴ്‌ത്തിയ അദ്ദേഹത്തിന്റെ മുഖത്തു നോക്കി അങ്ങേയ്‌ക്കു ഞാനുണ്ട്‌ എന്ന്‌ പലവട്ടം ഉള്ളുരുകിപ്പറഞ്ഞത്‌ ഒടുവില്‍ ഉസ്‌താദ്‌ കേട്ടുവെന്നോ?

ഇന്നലെ ഞാനൊരു സ്വപനം കണ്ടു, ഉസ്‌താദിന്റെ ശബ്‌ദം വിറ കൊണ്ടുവെന്ന്‌ ജൂതികയ്‌ക്കു തോന്നി. നിനക്ക്‌ അതെന്താണെ ന്നൂഹിയ്‌ക്കാന്‍ കഴിയുമോ?

എന്താവാം ആ സ്വപ്‌നം? മുജ്ജന്മബന്ധം പോലെ ഒരു ഗണികയും ഗായകനും തമ്മില്‍ അറിയാതെ അടുത്തുപോയതോ? ആ ഗണിക യേക്കൂടാതെ ഗായകനു ജീവിതമില്ലെന്നു ബോദ്ധ്യം വന്നതോ? നിര്‍വൃതി യുടെ അര നിമിഷത്തില്‍ ജൂതിക കട പുഴങ്ങാതെ നില്‍ക്കാന്‍ പണിപ്പെട്ടു.

ഊഹിക്കാന്‍ പറ്റുന്നില്ല അല്ലേ, ഉസ്‌താദ്‌ ചിരിച്ചു. എനിയ്‌ക്ക്‌ രണ്ടു സന്ദര്‍ശകര്‍.

ഉസ്‌താദിന്റെ ചിരി കണ്ടപ്പോള്‍ ജൂതികയ്‌ക്കു തമാശ തോന്നി. ആരാണ്‌ ഉസ്‌താദിനെ കാണാന്‍ വരുന്നത്‌? ഉസ്‌താദ്‌ ഇവിടെ താമസമാക്കിയിട്ട്‌ രണ്ടു കൊല്ലം കഴിഞ്ഞിരിയ്‌ക്കുന്നു. ആദ്യത്തെ ആറു മാസം ആരുമറിഞ്ഞില്ല. ഡോ. ഹര്‍ബാഡയുടെ ക്ലിനിക്കില്‍ ഊഴം കാത്തിരിയ്‌ക്കുമ്പോള്‍ യമുനയാണ്‌ അതാദ്യം കേട്ടത്‌. അതെന്തു ശബ്‌ദമാണ്‌ ജൂതിക, അവള്‍ ചോദിച്ചു. താന്‍ കാതോര്‍ത്തു നോക്കിയെങ്കിലും മനസ്സിലായില്ല. സാരംഗിയുടെ ശബ്‌ദമാണതെന്ന്‌ ശാന്തിയാണ്‌ തിരിച്ചറിഞ്ഞത്‌. കൂടെ ഒരു മനുഷ്യശബ്ദവുമുണ്ടല്ലോ എന്ന്‌ അവള്‍ കണ്ടെത്തുകയും ചെയ്‌തു.

പിറ്റേന്ന്‌ ധൈര്യം ഉണ്ടാക്കി ശാന്തിയും താനും ഉസ്‌താദിനെ കാണാന്‍ പുറപ്പെട്ടു. ശാന്തിയുടെ നിര്‍ബന്ധമായിരിന്നു. പാട്ടുകാരെ തനിയ്‌ക്കു പേടിയാന്നെു പറഞ്ഞ്‌ യമുന കൂടെ വന്നില്ല.

എന്നു മുതലാണ്‌ താന്‍ ഉസ്‌താദിന്റെ നിത്യസന്ദര്‍ശകയായത്‌? ശിഷ്യത്വം സ്വീകരിച്ച ശാന്തി മരിച്ചപ്പോഴോ? ഉസ്‌താദിനെ കാണാതെ തനിയ്‌ക്കുറക്കം വരില്ലെന്നെു തോന്നിത്തുടങ്ങിയപ്പോഴോ? രാത്രിയിലെ ഇടവേളകളില്‍ സാരംഗിയുടെ ഈണം സാന്ത്വനമായി അനുഭവപ്പെട്ട പ്പോഴോ? എന്നു മുതലാണ്‌?

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയ്‌ക്ക്‌ താന്‍ മാത്രമായിരുന്നു ഉസ്‌താദിന്റെ സന്ദര്‍ശക. എന്നിട്ടിപ്പോള്‍ പറയുന്നു ആരോ വരുന്നുവെന്ന്‌ സ്വപ്‌നം കണ്ടു പോലും!

ആരാണ്‌ ഉസ്‌താദ്‌, ജൂതിക ചിരിയടക്കി ചോദിച്ചു. ആരാണ്‌ ഉസ്‌താദിനെ കാണാന്‍ വരുന്നത്‌?

രണ്ടു കുട്ടികള്‍.

കുട്ടികളോ!

അതെ. രണ്ടാണ്‍കുട്ടികള്‍.

എന്തിനാണ്‌ ഉസ്‌താദ്‌ അവര്‍ വരുന്നത്‌ ?

ചോദിച്ചു കഴിഞ്ഞപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന്‌ ജൂതികയ്‌ക്കു തോന്നി. അത്‌ ഒരവഹേളനമായി ഉസ്‌താദിനു തോന്നിയിരിയ്‌ക്കണം. അതു കൊണ്ടാവണം അദ്ദേഹം മറുപടിയൊന്നും പറയാതിരുന്നത്‌.

ജൂതിക കുളിമുറിയില്‍ കടന്നു. അമീര്‍ഖാന്റെ ഉടുപ്പുകള്‍ സോപ്പിട്ടു കഴുകുമ്പോള്‍ അവള്‍ വിഷമമടക്കാന്‍ പണിപ്പെട്ടു. ഉസ്‌താദ്‌ ഒരിയ്‌ക്കലും തന്റെ മനസ്സറിയുകയില്ലെന്ന്‌ അവള്‍ക്കു തോന്നി. ഉസ്‌താദ്‌, അവള്‍ പറഞ്ഞു. കുടുംബജീവിതം എനിയ്‌ക്കു പറഞ്ഞിട്ടുള്ളതല്ലെന്നറിയാം. എന്നാലും ഒരിയ്‌ക്കലെങ്കിലും ഒന്നെന്നോടു പറയണേ നിന്നെ ഞാന്‍ സ്‌നേഹിയ്‌ക്കുന്നുവെന്ന്‌. എനിയ്‌ക്കതു മാത്രം മതി ഉസ്‌താദ്‌. ആ ഒരൊറ്റ വാക്കു മാത്രം മതി എനിയ്‌ക്കീ ജന്മം മുഴുവന്‍ ജീവിച്ചു തീര്‍ക്കാന്‍.

സാന്‍ഡ്‌വിച്ച്‌്‌ കഴിയ്‌ക്കുമ്പോള്‍ ഉസ്‌താദ്‌ ചിന്താവിഷ്ടനായിരുന്നു. രണ്ടെണ്ണം തിന്ന്‌ അദ്ദേഹം നിര്‍ത്തി.

രുചിയില്ലേ ഉസ്‌താദ്‌, ജൂതിക ചോദിച്ചു.

വല്ലവരും വന്നാല്‍ എന്തെങ്കിലും കൊടുക്കാനുണ്ടോ ഇവിടെ, ഉസ്‌താദ്‌ ജൂതികയുടെ മുഖത്തേയ്‌ക്കു നോക്കി.

ജൂതിക ഒന്നും മിണ്ടിയില്ല. അവളുടെ ഉള്ളില്‍ അമീര്‍ഖാനോട്‌ പരിഭവം തികട്ടി വരുകയായിരുന്നു. ഇതുവരെ അന്വേഷിച്ചിട്ടുണ്ടോ ജൂതിക വല്ലതും കഴിയ്‌ക്കാറുണ്ടോ എന്ന്‌. ഒരിയ്‌ക്കലെങ്കിലും വല്ലതും ബാക്കി വെച്ചിട്ടുണ്ടോ ഈ ജൂതികയ്‌ക്കു വേണ്ടി? എന്നിട്ടിപ്പോള്‍ ഒരു സ്വപ്‌നം കണ്ടതിന്റെ പേരില്‍ ചോദിയ്‌ക്കുന്നു അതിഥികള്‍ക്കു കൊടുക്കാന്‍ വല്ലതുമുണ്ടോ എന്ന്‌!

കിണ്ണം കഴുകി ഇരിപ്പുമുറിയില്‍ എത്തിയപ്പോള്‍ നിലത്തു ചമ്രം പടിഞ്ഞിരിയ്‌ക്കുന്ന ഉസ്‌താദ്‌ സാരംഗി വലിച്ചെടുക്കുകയായിരുന്നു.

വേണോ, ജൂതിക ചോദിച്ചു. അങ്ങേയ്‌ക്കു വയ്യെങ്കില്‍ ഇന്നു വേണ്ട ഉസ്‌താദ്‌.

എനിയ്‌ക്കിന്നു പാടണം, ഉസ്‌താദ്‌ പറഞ്ഞു. രണ്ടു ദിവസമായി എന്റെ മനസ്സില്‍ ഒരു രാഗമുണ്ട്‌. ഇന്നലെ അതിന്‌ ഒരു പൂര്‍ണരൂപം വന്നിരിയ്‌ക്കുന്നു. ഞാനിന്നത്‌ പാടാന്‍ പോവുകയാണ്‌.

എങ്കില്‍ ഉസ്‌താദ്‌ പാടട്ടെ. അദ്ദേഹം തനിയ്‌ക്കു വേണ്ടി മാത്രമാണല്ലോ പാടുന്നത്‌. ജൂതികയ്‌ക്ക്‌ അഭിമാനം തോന്നി. അവള്‍ നിലത്തു ചമ്രം പടിഞ്ഞിരുന്നു. ഉസ്‌താദ്‌ പാടാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ വാതില്‍ക്കല്‍ ഒരു മുട്ടു കേട്ടു.

ജൂതിക ഉസ്‌താദിന്റെ മുഖത്തു നോക്കി. അവര്‍ വന്നിരിയ്‌ക്കുന്നു, ഉസ്‌താദ്‌ പറഞ്ഞു.

ജൂതിക എഴുന്നേറ്റ്‌ വാതില്‍ തുറന്നു.

രണ്ടു ചെറുപ്പക്കാര്‍. അതില്‍ ഒരാളുടെ വേഷം ഉലഞ്ഞതാണ്‌. പൊടി പിടിച്ച്‌ അടക്കമില്ലാതെ കിടക്കുന്ന തലമുടി. മറ്റേയാള്‍ കാഴ്‌ചയില്‍ സമ്പന്നന്‍. അബദ്ധം പറ്റിയതു പോലെ അയാള്‍ മടിച്ചു മടിച്ചു ചോദിച്ചു:

ഉസ്‌താദ്‌ അമീര്‍ഖാന്‍ ഇവിടെയാണോ താമസിയ്‌ക്കുന്നത്‌?

ജൂതിക പിന്നാക്കം നീങ്ങി ഉസ്‌താദിനെ കാണിച്ചു കൊടുത്തു. വലിയ ഒരത്ഭുതം കാണുന്നതു പോലെ അവര്‍ അകത്തേയ്‌ക്ക്‌ എത്തി നോക്കി.

എന്താ വേണ്ടത്‌, അല്‍പം അധികാരം കലര്‍ന്ന സ്വരത്തില്‍ ജൂതിക ചോദിച്ചു.

ഞങ്ങള്‍ ഉസ്‌താദിനെ കാണാന്‍ വന്നതാണ്‌.

അകത്തേയ്‌ക്കു വരൂ കുട്ടികളേ, അമീര്‍ഖാന്‍ പറഞ്ഞു.

ചെറുപ്പക്കാര്‍ ശങ്കിച്ചു ശങ്കിച്ച്‌ അകത്തേയ്‌ക്കു കടന്നു. ഉസ്‌താദ്‌ അവരെ വാത്സല്യപൂര്‍വം നോക്കി.

ഞാന്‍ വിനോദ്‌, കാഴ്‌ചയില്‍ സമ്പന്നനായ ചെറുപ്പക്കാരന്‍ പറഞ്ഞു. ഇത്‌ ഗോവിന്ദ, എന്റെ കൂട്ടുകാരന്‍.

നിങ്ങള്‍ എവിടന്നാണ്‌, ഉസ്‌താദ്‌ അന്വേഷിച്ചു.

ഞാന്‍ ബാന്ദ്രയിലാണ്‌ താമസം, വിനോദ്‌ പറഞ്ഞു. ഇന്നലെ രാത്രി ഇവന്‍ എന്റെ വീട്ടില്‍ വന്നു. ഇവന്‌ എങ്ങനെയും ഉസ്‌താദിനെ കാണണമെന്നു പറഞ്ഞു.

തടുക്ക വിരിയ്‌ക്കൂ ജൂതിക, ഉസ്‌താദ്‌ പറഞ്ഞു. ഇവര്‍ക്കു കുടിയ്‌ക്കാന്‍ വല്ലതും എടുക്കൂ.

ചെറുപ്പക്കാര്‍ പായില്‍ ഇരുന്നു. അവര്‍ രണ്ടുപേരും മുറിയാകെ നോക്കിക്കാണുകയായിരുന്നു. എല്ലാം അടുക്കോടും ചിട്ടയോടും വെച്ചിരിയ്‌ക്കുന്ന മുറി. ഈ ചുറ്റുപാടില്‍ താമസിയ്‌ക്കുന്ന ഒരു കലാകാരന്റെ വസതിയില്‍ ഇത്രയും വെടിപ്പും വൃത്തിയും പ്രതീക്ഷിച്ചതല്ല. അവരുടെ കണ്ണുകള്‍ ചുറ്റിത്തിരിഞ്ഞ്‌ ഉസ്‌താദിലേയ്‌ക്കും സാരംഗിയിലേയ്‌ക്കും മടങ്ങിയെത്തി.

അങ്ങ്‌ പാട്ടുപാടാന്‍ പോവുകയായിരുന്നുവോ, വിനോദ്‌ ചോദിച്ചു.

അതെ, ഉസ്‌താദ്‌ പറഞ്ഞു. കേള്‍ക്കാന്‍ ആരുമില്ലെങ്കിലും ചിലപ്പോള്‍ എനിയ്‌ക്കു പാടാന്‍ തോന്നും.

ഞങ്ങളുണ്ട്‌, ഗോവിന്ദ പറഞ്ഞു. ഉസ്‌താദിന്റെ പാട്ടു കേള്‍ക്കാനും കൂടിയാണ്‌ ഞങ്ങള്‍ വന്നത്‌.

ജൂതിക അടുക്കളയില്‍നിന്നു വന്നപ്പോള്‍ ഉസ്‌താദ്‌ പാടുക യായിരുന്നു. വിനോദ്‌ കണ്ണു തുറന്ന്‌ അമീര്‍ഖാനെ അപ്പാടെ ഉള്‍ക്കൊണ്ടു കൊണ്ട്‌ ഇരുന്നു. ഗോവിന്ദ തല കുനിച്ചിരുന്ന്‌ പാട്ടു കേട്ടു. ജൂതിക കൊണ്ടുവെച്ച പാനീയം രണ്ടു പേരും കണ്ടില്ല. അവള്‍ ചുമരും ചാരി ഒതുങ്ങിയിരുന്നു.

പാട്ടു കേട്ടുകൊണ്ടിരിയ്‌ക്കുമ്പോള്‍ നിരൂപകര്‍ ഈ ഗായകനേക്കുറിച്ചു പറയുന്നതു മുഴുവന്‍ വാസ്‌തവമാണെന്ന്‌ ഗോവിന്ദയ്‌ക്കു തോന്നി. ഇരുണ്ട ഗുഹാമുഖത്തു നിന്ന്‌ പ്രവഹിയ്‌ക്കുന്ന ശുദ്ധനിര്‍ഝരി പോലെ അതു തന്നെ തഴുകി ശാന്തിയേകുന്നു. പാട്ടു തീര്‍ന്നപ്പോള്‍ ഒരു കാലഘട്ടം മുഴുവനും തന്നെ കടന്നു പോയതായി അയാള്‍ക്കനുഭവപ്പെട്ടു.

ഏതായിരുന്നു രാഗം, വിനോദ്‌ അന്വേഷിച്ചു.

ഒരു കുഞ്ഞിന്റെ വാശി, ഒരു കൂട്ടിക്കൊടുപ്പുകാരന്റെ ചുടുനിശ്വാസം, ഒരു പെണ്‍കുട്ടിയുടെ അടക്കിയ തേങ്ങല്‍ – രാത്രി ഉറക്കം വരാതെ കിടക്കുമ്പോള്‍ ഈ തെരുവിലെ ശബ്‌ദങ്ങള്‍ക്ക്‌ ഞാന്‍ കാതോര്‍ത്തു കിടക്കും, ഉസ്‌താദ്‌ പറഞ്ഞു. ഈ വേനല്‍ രാത്രികളില്‍ ഞാനുറങ്ങാറേയില്ല. എന്റെ മനസ്സില്‍ ഒരു രാഗം വന്നു നിറയാന്‍ തുടങ്ങിയിട്ട്‌ ആഴ്‌ചകളായി. ഞാനതാണ്‌ പാടിയത്‌.

അതാണോ ഈ പാട്ടിനിത്ര വിഷാദം, ഗോവിന്ദ ചോദിച്ചു.

നിങ്ങള്‍ക്ക്‌ അതനുഭവപ്പെട്ടുവോ, ഉസ്‌താദിനു സന്തോഷം തോന്നി.

രാഗത്തിന്റെ പേരു പറഞ്ഞില്ല, വിനോദ്‌ ഓര്‍മ്മിപ്പിച്ചു.

ഇതിനു പേരില്ല, ഉസ്‌താദ്‌ പറഞ്ഞു.

പേരില്ലാരാഗം അല്ലേ, വിനോദ്‌ ചിരിച്ചു. പേരില്ലാത്ത എല്ലാത്തി നോടും ഉസ്‌താദിന്‌ എന്താണിത്ര കമ്പം? ഉസ്‌താദിനു തന്നെ പേര്‌ ആവശ്യമില്ലെന്നുണ്ടോ? ഇവിടെ എത്തിപ്പെടാന്‍ ഞങ്ങളെത്ര ബുദ്ധിമുട്ടി യെന്നോ?

മാന്യന്മാര്‍ക്കൊന്നും വരാന്‍ പറ്റിയ സ്ഥലമല്ല ഇത്‌, അദ്ദേഹം ചിരിച്ചു. എന്നെ ആരും തിരിച്ചറിയുന്നില്ല എന്നതാണ്‌ എന്റെ സന്തോഷം. അതാണ്‌ ഇവിടെ താമസം തുടരാനുള്ള കാരണവും.

ഉസ്‌താദിനെ ഞങ്ങള്‍ തേടി നടക്കാന്‍ തുടങ്ങിയിട്ട്‌ കുറേ കാലമായി, ഗോവിന്ദ പറഞ്ഞു. വിക്രം സംഗീതസമ്മേളനത്തിനു വരുമെന്നു കരുതി. ബഡേ ഗുലാമാലിഖാനു ശേഷം അങ്ങു പാടുമെന്നു കേട്ടിരുന്നു. എന്താണ്‌ വരാതിരുന്നത്‌?

ആര്‍ക്കു വേണം എന്റെ പാട്ട്‌, ഉസ്‌താദ്‌ ചിരിച്ചു.

അങ്ങനെ പറയരുത്‌ ഉസ്‌താദ്‌, ഗോവിന്ദ പറഞ്ഞു. അങ്ങ്‌ ജനപ്രിയ ഗായകനല്ലായിരിയ്‌ക്കാം. പക്ഷേ അമീര്‍ഖാന്റെ പാട്ടു കേള്‍ക്കാന്‍ ആഗ്രഹിയ്‌ക്കുന്ന ചിലര്‍ ഈ ഭൂമിയിലുണ്ട്‌.

അങ്ങ്‌ കണ്ണുമടച്ച്‌ ധ്യാനത്തില്‍ മുഴുകിയിരുന്നു പാടുന്നു, കുറ്റപ്പെടുത്തുന്നതു പോലെ വിനോദ്‌ പറഞ്ഞു. ഇടയ്‌ക്കൊരു കടാക്ഷം, ഇടയ്‌ക്കൊരു ചിരി – അതൊന്നുമില്ലെങ്കില്‍ ശ്രോതാക്കള്‍ക്കു മുഷിയും.

അവര്‍ക്കു മാത്രമല്ല പക്കമേളക്കാര്‍ക്കും പരാതിയുണ്ട്‌, ഗോവിന്ദ പറഞ്ഞു.

അതു സാരമില്ല കുട്ടികളേ, ഉസ്‌താദ്‌ ചിരിച്ചു. വെള്ളം കുടിയ്‌ക്കൂ. ഇനിയും പറഞ്ഞില്ലല്ലോ നിങ്ങള്‍ എന്തിനാണ്‌ വന്നതെന്ന്‌?

ഞാന്‍ താമസിയ്‌ക്കുന്ന സബര്‍ബില്‍ അടുത്ത മാസം പതിനെട്ടാം തീയതി തുടങ്ങി മൂന്നു ദിവസത്തെ ഉത്സവമാണ്‌, ഗോവിന്ദ പറഞ്ഞു. സമാപനദിവസം ഉസ്‌താദിന്റെ കച്ചേരി വേണമെന്ന്‌ ഞങ്ങള്‍ക്കു മോഹമുണ്ട്‌.

കഴിഞ്ഞ കൊല്ലം ഇവന്‍ എന്റെ അടുത്തു വന്നു ഇതേ ആവശ്യവുമായിട്ട്‌, വിനോദ്‌ പറഞ്ഞു. ഉസ്‌താദ്‌ എവിടെയാണ്‌ താമസിയ്‌ക്കുന്നതെന്നു നിശ്ചയമില്ലെന്നു പറഞ്ഞ്‌ ഞാന്‍ മടക്കിയയച്ചു. ഇത്തവണ ഇവന്‍ സമ്മതിച്ചില്ല.

വേണ്ട കുട്ടികളേ, ഉസ്‌താദ്‌ പറഞ്ഞു. രണ്ടു കൊല്ലം മുമ്പ്‌ ഇതുപോലെ ഒരുത്സവത്തിനു പോയപ്പോള്‍ അവരെന്നെ കൂക്കിവിളിച്ചു. അഃിനു ശേഷം പൊതുവേദിയില്‍ പാടാന്‍ എനിയ്‌ക്കു മടിയാണ്‌.

ഞാനും അന്നു പാട്ടുകേള്‍ക്കാന്‍ വന്നിരുന്നു, ഗോവിന്ദ പറഞ്ഞു. കൂക്കി വിളിച്ചൊന്നുമില്ല. പക്ഷേ അന്ന്‌ ഉസ്‌താദ്‌ ഠുമ്രി പാടാന്‍ വിസമ്മതിച്ചതാണ്‌ കുഴപ്പമുണ്ടാക്കിയത്‌. ആളുകള്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും ഉസ്‌താദ്‌ എന്തേ ഠുമ്രി പാടാതിരുന്നത്‌?

ഠുമ്രിയോ, ഉസ്‌താദ്‌ ചിരിച്ചു. അത്‌ എന്നേക്കാള്‍ നന്നായി പാടാന്‍ ബഡേ ഗുലാമാലിഖാന്‍ ഉണ്ടല്ലോ ഇല്ലേ?

ഇല്ലാഞ്ഞിട്ടല്ല. പക്ഷേ ഞങ്ങള്‍ക്ക്‌ ഉസ്‌താദ്‌ അമീര്‍ഖാന്‍ തന്നെ വേണം.

എന്നെ പരീക്ഷിയ്‌ക്കരുത്‌ കുട്ടികളേ, ഉസ്‌താദ്‌ സാരംഗി നീണ്ട തുണിസ്സഞ്ചിയിലേയ്‌ക്ക്‌ തള്ളിക്കയറ്റി.

അത്‌ ഒരു സൂചനയായിക്കണ്ട്‌ ഗോവിന്ദ വിനോദിന്റെ മുഖത്തു നോക്കി. വിനോദ്‌ ചിരിച്ചു.

എന്നാല്‍ എനിയ്‌ക്കൊരപേക്ഷയുണ്ട്‌, അയാള്‍ പറഞ്ഞു. എന്റെ ചെറിയച്ഛന്റെ പാലി ഹില്‍സിലുള്ള ബംഗളാവ്‌ പൂട്ടിക്കിടക്കുകയാണ്‌. ഉസ്‌താദ്‌ അവിടെ വന്നു താമസിയ്‌ക്കണം.

കേട്ടതു ശരിയോ എന്നുറപ്പിയ്‌ക്കാനെന്ന പോലെ ഉസ്‌താദ്‌ മുഖമുയര്‍ത്തി വിനോദിനെ നോക്കി.

അമീര്‍ഖാനു ശിഷ്യപ്പെടാന്‍ വേണ്ടി വളരെപ്പേര്‍ അവിടെ അവസരം കാത്തിരിയ്‌ക്കുന്നുണ്ട്‌. വിനോദ്‌ തുടന്നു: ഉപജീവനത്തിന്‌ ഒരു ബുദ്ധിമുട്ടും വരില്ല. ഞാന്‍ ഉറപ്പു തരാം.

അമീര്‍ഖാന്‍ തല കുനിച്ചിരുന്നു. ജീവിതത്തിലാദ്യമായി ഒരാള്‍ ക്ഷണിയ്‌ക്കുകയാണ്‌. മുരടിച്ചുനിന്ന ജീവിതം പൂക്കാനും തളിര്‍ക്കാനും സമയമായെന്നുണ്ടോ?

ഇത്രയും കാലത്തിനിടയ്‌ക്ക്‌ ഒന്നും സമ്പാദിച്ചിട്ടില്ല. പാട്ടു പഠിയ്‌ക്കാന്‍ ഇനിയും പലരും വരും എന്ന്‌ ജൂതിക പറയുന്നതല്ലാതെ ഇതുവരെ ആരും വരികയുണ്ടായില്ല. നിത്യദാരിദ്ര്യത്തില്‍ നിന്ന്‌ എന്നാണ്‌ ഒരു മുക്തി എന്ന്‌ ചിലപ്പോഴെങ്കിലും തന്റെ ഉള്ളുരുകിയിട്ടില്ലേ? ഈ വേശ്യാത്തെരുവില്‍ ഒടുങ്ങാനുള്ളതല്ല തന്റെ ജീവിതം എന്ന്‌ മറ്റാരേക്കാളും മനസ്സിലാക്കേണ്ടത്‌ താന്‍ തന്നെയല്ലേ? സുഖഭോഗങ്ങള്‍ തട്ടിമാറ്റാന്‍ തക്കവണ്ണം മാനസികമായി വളര്‍ന്നിട്ടില്ല താനെന്ന്‌ ഇതിനകം പലവട്ടം ബോദ്ധ്യമായിട്ടുള്ളതാണ്‌. ഇനിയെങ്കിലും ജീവിച്ചുതുടങ്ങണം എന്ന്‌ ഇപ്പോള്‍ ആരോ തന്റെ ഉള്ളിലിരുന്ന്‌ പറയുന്നു.

ഇല്ല. ഇത്രയും കാലത്തിനിടയ്‌ക്ക്‌ ശരിയ്‌ക്ക്‌ ഒരു ശിഷ്യനേപ്പോലും നേടിയിട്ടില്ല. തന്റെ കച്ചേരികള്‍ കേള്‍ക്കാന്‍ ആരും തടിച്ചുകൂടിയതായി ചരിത്രം രേഖപ്പെടുത്താന്‍ വഴിയില്ല. പിന്നെ ആരോര്‍ക്കാനാണ്‌ തന്നെ? ആരാധകരും അനുയായികളുമായി ആരുമില്ലാത്ത തനിയ്‌ക്ക്‌ ആരാണ്‌ സ്‌മാരകം പണിയുക? ഈ ഭൂമിയില്‍ അമീര്‍ഖാന്‍ ജീവിച്ചിരുന്നുവെന്നതിന്‌ നാളെ എന്തായിരിയ്‌ക്കും തെളിവ്‌?

ഉസ്‌താദ്‌ ജൂതികയുടെ മുഖത്തു നോക്കി. ഉടുപുടവയില്‍ തിരുപ്പിടിച്ചുകൊണ്ട്‌ അവള്‍ തല താഴ്‌ത്തി ഇരിയ്‌ക്കുകയായിരുന്നു. അവളുടെ ഉള്ളില്‍ നിരാശയുടെ വേലിയേറ്റങ്ങള്‍ ഉണ്ടായി.

ഒടുവില്‍ ഉസ്‌താദിനെ അവകാശപ്പെട്ടുകൊണ്ട്‌ രണ്ടു പേര്‍ എത്തിയിരിയ്‌ക്കുന്നു. ഏതോ രണ്ടു സന്ദര്‍ശകര്‍ വരുന്നു എന്നു കേട്ടപ്പോള്‍ വിശ്വസിച്ചില്ല. വരരുതേ എന്നു പ്രാര്‍ത്ഥിയ്‌ക്കുകയും ചെയ്‌തു. ആരും ഉസ്‌താദിന്റെ അടുത്തു വരുന്നത്‌ തനിയ്‌ക്ക്‌ ഇഷ്ടമല്ലാതായിരിയ്‌ക്കുന്നു എന്ന്‌ അടുത്ത കാലത്തല്ലല്ലോ മനസ്സിലായത്‌. ഒടുവിലൊടുവില്‍ ശാന്തി ഇവിടെ വരുന്നതു പോലും തനിയ്‌ക്ക്‌ ഇഷ്ടമല്ലാതായിക്കഴിഞ്ഞിരുന്നു. ന്യൂമോണിയ പിടിച്ച്‌ അവശനിലയില്‍ അവള്‍ ഡോ. ഹര്‍ബാഡയുടെ ക്ലിനിക്കില്‍ കിടക്കുമ്പോള്‍ ശുശ്രൂഷിയ്‌ക്കാനിരുന്ന താന്‍ സ്വയമറിയാതെ അവളുടെ മരണത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നില്ലേ? സംഗീതം തന്നേക്കാള്‍ വഴങ്ങുന്നത്‌ ശാന്തിയ്‌ക്കായിരുന്നതുകൊണ്ട്‌ ഉസ്‌താദിനു കൂടുതല്‍ സ്‌നേഹം അവളോടായിരുന്നു എന്ന തോന്നലായിരുന്നില്ലേ അതിനു പിന്നില്‍? ഭഗവന്‍, എന്തായിരുന്നു ഈ നീചയുടെ മനസ്സില്‍? വേശ്യാവൃത്തിയവസാനിപ്പിച്ച്‌ കുടുംബജീവിതം നയിയ്‌ക്കാനുള്ള മോഹമോ? ഒരു മഹാഗായകനെ തന്റേതു മാത്രമാക്കാനുള്ള അത്യാര്‍ത്തിയോ? എന്താണ്‌?

എന്നാല്‍ ഈ ഗായകന്‍ ഇതുപോലൊരു സ്ഥലത്തു കിടന്നു നശിയ്‌ക്കാനുള്ളതല്ല എന്നും മനസ്സു പറയുന്നു. തന്റെ സ്വാര്‍ത്ഥത്തിനു വേണ്ടി ഒരു മഹദ്‌ജീവിതം പിഴ ഒടുക്കാന്‍ ഇട വരുത്തരുത്‌. ആ പാപത്തിന്റെ കറയെങ്കിലും തന്റെ മേല്‍ പതിയ്‌ക്കരുത്‌.

എന്നാലും അമീര്‍ഖാന്‍ തന്നെ വിട്ടുപോവുമെന്നോര്‍ക്കുമ്പോള്‍ എവിടെയൊക്കെയോ ചുട്ടുനീറുന്നു. രാവും പകലുമറിയാതെ ജീവിയ്‌ക്കു ന്നതിനിടയില്‍ ഈ സാരംഗിയുടെ ശബ്‌ദം എത്രത്തോളം തന്നെ സ്വാധീനിച്ചു എന്ന്‌ ഇപ്പോഴാണ്‌ ശരിയ്‌ക്കറിയുന്നത്‌. ഹൃദയദൗര്‍ബല്യം ക്ഷുദ്രമാണെന്നറിഞ്ഞുകൊണ്ടുതന്നെ അതില്‍നിന്നു മുക്തി നേടാന്‍ തനിയ്‌ക്കു കഴിയുമെന്നു തോന്നുന്നില്ല. ഉസ്‌താദ്‌ പോയാല്‍ ഇനിയുള്ള രാത്രികള്‍ താനാരെ ഓര്‍ത്തുകൊണ്ടാണ്‌ തള്ളിനീക്കുക? പകലുകള്‍ ആരെ പരിചരിച്ചുകൊണ്ടാണ്‌ ധന്യമാവുക? വയ്യ ഉസ്‌താദ്‌, എനിയ്‌ക്കു വയ്യ. അങ്ങില്ലാത്ത ലോകത്തേക്കാള്‍ ഞാന്‍ വരിയ്‌ക്കുക അടുത്ത ജന്മത്തെയാണ്‌.

ഉസ്‌താദ്‌ തന്നെ നോക്കുന്നതറിഞ്ഞ്‌ ജൂതിക മുഖമുയര്‍ത്തി. അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. ഉസ്‌താദ്‌ അതു കണ്ടു. അദ്ദേഹം കണ്ണുകള്‍ പിന്‍വലിച്ചു.

ക്ഷമിയ്‌ക്കണം കുട്ടികളേ, ഉസ്‌താദ്‌ എഴുന്നേറ്റു. കുറച്ചു കാലം കൂടി എനിയ്‌ക്ക്‌ ഇവിടെ കഴിച്ചു കൂട്ടേണ്ടതുണ്ട്‌. ഇപ്പോള്‍ നിങ്ങള്‍ പൊയ്‌ക്കോളൂ.

മനസ്സില്ലാമനസ്സോടെ വിനോദും ഗോവിന്ദയും എഴുന്നേറ്റു. വിനോദ്‌ മുറിയിലാകെ കണ്ണോടിച്ചു. പഴയ ഒരു ദിവാന്‍. പിഞ്ഞിത്തുടങ്ങിയ വിരി. ഇഴ പൊട്ടിയ ചൂരല്‍ക്കസേരകള്‍.

അല്‍പനേരം ആലോചിച്ചു നിന്ന്‌ അയാള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന്‌ ഒരു പൊതിയെടുത്ത്‌ ഉസ്‌താദിന്റെ കാല്‍ക്കല്‍ വെച്ചു.

എന്താ ഇത്‌, ഉസ്‌താദ്‌ ചോദിച്ചു.

ഒരു ചെറിയ ഉപഹാരം, വിനോദ്‌ പറഞ്ഞു. ഇതെങ്കിലും അവിടുന്ന്‌ സ്വീകരിയ്‌ക്കണം.

ഉസ്‌താദ്‌ പിന്നിലേയ്‌ക്കു നീങ്ങി, ജൂതികയുടെ അടുത്തേയ്‌ക്കു ചെന്നു.

ഇതാരാണെന്നറിയുമോ നിങ്ങള്‍ക്ക്‌, അദ്ദേഹം അവളുടെ ചുമലില്‍ കൈ വെച്ചു. ഇവളുള്ളപ്പോള്‍ ഞാന്‍ ദരിദ്രനല്ല. പോരെങ്കില്‍ അമീര്‍ എന്നാണ്‌ എന്റെ പേരെന്ന്‌ നിങ്ങള്‍ക്കും അറിയാമല്ലോ.

മടിച്ചു നിന്ന വിനോദിനോട്‌ സ്വരം കുറച്ചു കടുപ്പിച്ച്‌ അമീര്‍ഖാന്‍ പറഞ്ഞു: ഇതെടുത്തു കൊണ്ടു പോകൂ.

പിന്നെയും മടിച്ചു നിന്നപ്പോള്‍ ഉസ്‌താദ്‌ നിലത്തു നിന്ന്‌ പൊതിയെടുത്ത്‌ വിനോദിന്റെ പോക്കറ്റില്‍ വെച്ചു.

എന്നെ തേടി വരാന്‍ തോന്നിയല്ലോ നിങ്ങള്‍ക്ക്‌, ഉസ്‌താദ്‌ വിനോദിന്റെ പുറത്തു തട്ടി: ഇതിലും വലിയ സമ്മാനമൊന്നും തരാന്‍ നിങ്ങള്‍ക്കാവില്ല കുട്ടികളേ.

വിനോദ്‌ ഗോവിന്ദയുടെ മുഖത്തു നോക്കി. പോവാം എന്ന അര്‍ഥത്തില്‍ ഗോവിന്ദ തലയാട്ടി. രണ്ടുപേരും വാതില്‍ക്കലേയ്‌ക്കു നടന്നു.

നിങ്ങള്‍ ഇനിയും വരണം, ഉസ്‌താദ്‌ അവരെ യാത്രയാക്കാന്‍ വാതില്‍ക്കല്‍ വരെ ചെന്നു. അവര്‍ കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ മടങ്ങിവന്ന്‌ സാരംഗിയുടെ ഉറ അഴിച്ചു മാറ്റി നിലത്തിരുന്നു. ജൂതിക, അദ്ദേഹം വിളിച്ചു.

ജൂതിക അദ്ദേഹത്തിന്റെ മുമ്പില്‍ ചമ്രം പടിഞ്ഞിരുന്നു. ഉസ്‌താദ്‌ സാരംഗിയെടുത്തു മടിയിലേയ്‌ക്കു വെച്ച്‌ ശ്രുതി ശരിപ്പെടുത്തി. ജൂതികയുടെ വിടര്‍ന്ന കണ്ണുകളിലേയ്‌ക്കു ഒട്ടിട നിശ്ചലം നോക്കിയിരുന്നു. പിന്നെ കണ്ണുകളടച്ച്‌ അദ്ദേഹം ചന്ദ്രമധു എന്ന രാഗം ആലപിയ്‌ക്കാന്‍ തുടങ്ങി.

-അഷ്ടമൂർത്തി

കഥ വന്ന ‘കഥ’ : മുഹമ്മദ്‌ റഫിയെ പിന്‍തള്ളി കിഷോര്‍കുമാര്‍ ഹിന്ദി സിനിമയില്‍ ആധിപത്യമുറപ്പിച്ച കാലത്താണ്‌ ഞാന്‍ ബോംബെയിലെത്തിയത്‌. നഗരത്തിന്റെ ഒച്ചപ്പാടില്‍ എങ്ങോട്ടു തിരിഞ്ഞാലും കിഷോറിന്റെ ശബ്‌ദം മാത്രം. മേരാ ജീവന്‍ കോരാ കാഗസ്‌ കോരാ ഹി രെഹ്‌ ഗയാ എന്ന പാട്ടാണ്‌ അക്കാലത്തെ ഹിറ്റ്‌. ഇപ്പോഴും ആ പാട്ടു കേട്ടാല്‍ എഴുപതുകളുടെ ആ ആദ്യപാതി ഓര്‍മ്മയില്‍ വരും. ആട്ടയുടെ മണവും വേനലിന്റെ ചൂടും ജനപദങ്ങളുടെ ബഹളവും. ജോലിയില്ലാത്ത രാപ്പകലുകള്‍. പ്രാതലിനും ഊണിനും ഉച്ചയുറക്കത്തിനും കൂട്ട്‌ വിവിധ്‌ ഭാരതി മാത്രം. ദിവസം ഒടുങ്ങുന്നത്‌ റേഡിയോ ശുഭരാത്രി ആശംസിയ്‌ക്കുമ്പോള്‍. (അക്കാലത്തിറങ്ങിയ `അനുഭവ്‌’ എന്ന സിനിമയില്‍ ബാസു ഭട്ടാചാര്യ ഇതു നന്നായി ഉപയോഗിച്ചിട്ടുണ്ട്‌.) ബോംബെ എന്നു വെച്ചാല്‍ ഹിന്ദിസിനിമാപ്പാട്ടാണെന്നു മാത്രം കരുതിപ്പോന്ന കാലം.

പിന്നെപ്പിന്നെയാണ്‌ ബോംബെയില്‍ ശാസ്‌ത്രീയസംഗീതവുമുണ്ടെന്ന്‌ മനസ്സിലാവുന്നത്‌. ഗോരെഗാവില്‍ യേശുദാസ്‌ വരുന്നുണ്ടെന്നു കേട്ടു. ആ സംഗീതക്കച്ചേരി കേള്‍ക്കാന്‍ പോയതിന്റെ ആകെയുള്ള നേട്ടം നാട്ടില്‍ എന്റെ അയല്‍ക്കാരനായ മുരളി ബോംബെയിലും എന്റെ അയല്‍ക്കാരനാണെന്നറിഞ്ഞതാണ്‌. പിന്നെയും സംഗീതവുമായി അകന്നുനില്‍ക്കുക തന്നെയായിരുന്നു. ഒരിയ്‌ക്കല്‍ കെ വി നാരായണസ്വാമിയുടെ കച്ചേരി കേട്ടതും മറ്റൊരിയ്‌ക്കല്‍ ഷണ്‍മുഖാനന്ദയില്‍വെച്ചു തന്നെ മെഹ്‌ദി ഹസ്സന്റെ ഗസല്‍ കേട്ടതും മാത്രം. മെഹ്‌ദി ഹസ്സന്‍ അന്നു കച്ചേരിയ്‌ക്കു വന്നത്‌ മൂന്നു മണിക്കൂര്‍ വൈകിയാണ്‌. ഒമ്പതരയ്‌ക്കാണ്‌ കച്ചേരി തുടങ്ങിയത്‌. രാത്രി ഒന്നര മണിയായിട്ടും അദ്ദേഹം കച്ചേരി നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സദസ്സ്യര്‍ മുക്കാലും സ്ഥലം വിടുകയും സംഘാടകര്‍ നിസ്സഹകരിയ്‌ക്കുകയും ചെയ്‌തപ്പോഴാണ്‌ അദ്ദേഹം മനസ്സില്ലാമനസ്സോടെ പാട്ടു നിര്‍ത്തിയത്‌.

ബോബെയില്‍ ജീവിച്ചകാലം മുഴുവന്‍ ഹിന്ദുസ്‌താനി സംഗീതത്തോട്‌ ഒരു താല്‍പര്യവും തോന്നിയിട്ടില്ല. ശനിയാഴ്‌ചകളില്‍ റേഡിയോവിലെ സംഗീത്‌ കീ അഖില്‍ഭാരതീയകാര്യക്രം കേള്‍ക്കുമെങ്കിലും ഹിന്ദുസ്‌താനിയുടെ ഊഴം വന്നാല്‍ ലോകത്തുള്ളവരെയൊക്കെ ശപിച്ച്‌ റേഡിയോ ഓഫാക്കും. നാട്ടില്‍ മടങ്ങിയെത്തിയതിനു ശേഷമാണ്‌ യാദൃച്ഛികമായി ഹിന്ദുസ്‌താനി സംഗീതം ശ്രദ്ധിച്ചുകേള്‍ക്കുന്നത്‌. അതും മ്യൂസിക്‌ ടുഡേയുടെ കുറച്ചു കാസ്സറ്റുകള്‍ വഴി. അങ്ങനെയാണ്‌ കിഷോരി അമോണ്‍കര്‍, പണ്‌ഡിത്‌ ജസ്‌രാജ്‌, ഹരിപ്രസാദ്‌ ചൗരാസ്യ, മല്ലികാര്‍ജുന്‍ മന്‍സൂര്‍, ഭീംസെന്‍ ജോഷി, നിഖില്‍ ബാനര്‍ജി, പദ്‌മ തള്‍വാള്‍ക്കര്‍, അംജദ്‌ അലിഖാന്‍, ശ്രുതി സദോലിക്കര്‍, ശിവ്‌കുമാര്‍ ശര്‍മ്മ എന്നിവരെയൊക്കെ കേള്‍ക്കാന്‍ തുടങ്ങിയത്‌. അതില്‍പ്പിന്നെ അടുത്ത തലമുറയിലെ അജോയ്‌ ചക്രര്‍ത്തി, വീണാ സഹസ്രബുദ്ധെ, റഷീദ്‌ ഖാന്‍ തുടങ്ങിയവരേയും. നഷ്‌ടപ്പെട്ട ബോംബെ ദിനങ്ങളേക്കുറിച്ചുള്ള സങ്കടത്തിന്‌ ആക്കം കൂട്ടാന്‍ വേണ്ടി മാത്രം. പിന്നീട്‌ ഹിന്ദുസ്‌താനി ഗായകരില്‍പ്പലരും ബോബെയിലാണ്‌ താമസമെന്നും മനസ്സിലായി.

അങ്ങനെയിരിയ്‌ക്കുമ്പോഴാണ്‌ കെ. രാജീവ്‌ എഴുതിയ ‘ഹിന്ദുസ്‌താനി സംഗീതം – ഒരു പ്രദക്ഷിണം’ എന്ന പുസ്‌തകം വായിയ്‌ക്കാനിടയായത്‌. അതില്‍ പ്രശസ്‌ത ഗായകരുടെ സംഗീതം മാത്രമല്ല, അവരുടെ ജീവിതവും പ്രതിപാദിയ്‌ക്കപ്പെടുന്നുണ്ട്‌. അമീര്‍ ഖാനേക്കുറിച്ചുള്ള ലേഖനം വായിച്ചപ്പോള്‍ മനസ്സില്‍ ഒരു കഥ മുളച്ചു വളര്‍ന്നു പന്തലിട്ടു. അതാണ്‌ ‘ഉസ്‌താദ്‌ അമീര്‍ഖാന്‍’ എന്ന ഈ കഥ…

2 Comments
  1. Rema Pisharody 1 year ago

    Good Story.. i

  2. Pisharody Rema 1 year ago

    ഇതേ ഫോർമാറ്റിലിലുള്ള പല കഥകളും വായിച്ചിട്ടുണ്ട് എങ്കിലും ആവിഷ്ക്കാരത്തിൻ്റെ മേന്മയിൽ ഹൃദയസ്പർശിയായി അനുഭവപ്പെട്ട കഥ. കഥയെഴുത്തിൻ്റെ, ക്രാഫ്റ്റിംഗിൻ്റെ മികവിൽ ഈ കഥ ഉത്തമവായനാനുഭവം നൽകുന്നു. അനുഭവത്തിൻ്റെ നേർസാക്ഷ്യം ഈ കഥയ്ക്ക് കൂടുതൽ മൂല്യമേകുന്നു

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account