മരണപ്പെടുന്ന പെൺകുട്ടികളെ കൊല്ലുന്നതാരാണ്…?

ഉടൽ നിറയെ പൊന്നിന്റെ കവചം അണിയിച്ചിട്ടും സർപ്പം തീണ്ടി മരിച്ചൊരു പെണ്ണിന്റെ കഥയിൽ നോക്കി അയ്യോ പാവം പറയുന്ന മനുഷ്യരാണ് ഈ ആഴ്‌ചയുടെ കണി.

കൊല്ലം ജില്ലയിൽ ഉത്ര എന്ന പെൺകുട്ടിയെ ഭർത്താവ് സൂരജ് പാമ്പ് കടിയേൽപ്പിച്ചു കൊലപ്പെടുത്തിയിരുക്കുന്നു. മുൻപും കൊലപാതക ശ്രമം നടത്തിയ ഇയാൾക്ക് പരാജയപ്പെട്ട ആ ശ്രമങ്ങളിൽ കുറ്റബോധം തോന്നിയില്ലെന്നു മാത്രമല്ല കൂടുതൽ വിഷമുള്ള ഇനങ്ങളെ തെരഞ്ഞെടുക്കാൻ തക്ക വാശി അയാളിൽ ഉണ്ടാവുകയും ചെയ്‌തു .

ഉത്ര ചെയ്‌ത തെറ്റ് എന്താവും…? കൊന്ന് കളഞ്ഞേ മതിയാകു എന്നു സൂരജ് തീരുമാനിക്കാൻ തക്ക ഏത് അപരാധമാകും ഉത്ര ചെയ്‌തിട്ടുണ്ടാവുക…?

എത്രയോ കാലങ്ങളായി പെൺകുട്ടികൾക്ക് വേണ്ടി ആളുകൾ സംസാരിക്കുന്നു. എന്നിട്ടും എന്താവും ഇതൊരു തുടർക്കഥ ആവാൻ കാരണം?

സത്യത്തിൽ നമ്മുടെ നാട്, വിദ്യാഭ്യാസത്തിന്റെ പേരിൽ നമ്മൾ അഭിമാനിക്കുന്ന ഈ കേരളം, സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും ജീവിക്കാൻ പറ്റിയ ഒരിടമാണ് എന്ന് പറയാൻ കഴിയുമോ?

ഉപദേശങ്ങൾ എല്ലാം പെൺകുട്ടികൾക്കും ആകുലതകളെല്ലാം അവരുടെ മാതാ പിതാക്കൾക്കുമായി പകുത്ത് കൊടുത്ത് നമ്മൾ എത്രകാലം ഈ കണ്ണ് മൂടിക്കളി തുടരും?

പെൺകുട്ടികളോട് നമ്മൾ പഠിക്കു എന്നു പറയുന്നു. അതിന് കാരണമായി, ഇല്ലെങ്കിൽ ഭർതൃ വീട്ടിൽ കഷ്‌ടത അനുഭവിക്കേണ്ടിവരും എന്ന് പിന്നീട് വിശദീകരിക്കുന്നു.

അടുക്കള ജോലി പഠിച്ചില്ല എങ്കിൽ കല്യാണം കഴിയുമ്പോൾ അനുഭവിക്കും എന്നു പറയുന്നതിന്റെ പുരോഗമിച്ച പ്രയോഗ രീതിയാണ് അത് എന്ന് നമ്മൾ മനസ്സിലാക്കുന്നില്ല.

പെൺകുട്ടികളെ ആയോധന വിദ്യകൾ പഠിപ്പിക്കുന്നു, ഒറ്റയ്ക്ക് പുറത്തൊക്കെ പോകണമെങ്കിൽ കുറച്ചൊക്കെ വിദ്യകൾ പഠിച്ചിരിക്കണം എന്ന് അതിനും അടിവരയിടുന്നു.

ഇത് പുരോഗമനത്തിന്റെ പക്ഷ കാഴ്‌ചകൾ ആണ്. മറുപുറം ഇപ്പോഴും നന്നായി അടുക്കള സൂക്ഷിക്കാനും വൃത്തിക്ക് മുറ്റമടിക്കാനും, ശബ്‌ദം താഴ്ത്തി സംസാരിക്കാനും, പഴയത് പോലെ തന്നെ ശീലങ്ങളിലേക്ക് അടിമപ്പെട്ടുകൊണ്ടു തന്നെ ഇരിക്കുന്നു.

അപ്പോഴും ആൺകുട്ടികൾ സ്വതന്ത്രരാണ്. അവർ ഉച്ചിയിൽ ഉച്ച തെളിയും വരെ ഉറങ്ങുമ്പോൾ അമ്മ അടുക്കളയിൽ അവർക്ക് വേണ്ടി ആഹാരമുണ്ടാക്കി അവരെ ഭാര്യയെ അനുസരിപ്പിക്കാൻ പ്രാപ്‌തരാക്കുന്നു. അച്ഛൻ ഉമ്മറത്തിരുന്നു പത്രം വായിച്ചു ആജ്ഞയിടാൻ ശീലിപ്പിക്കുന്നു.

ആൺകുട്ടികൾ പഠിക്കുന്നു, പഠിക്കാതെ നടന്നാൽ ശകാരം കേൾക്കുന്നു. അവർ കളിക്കുന്നു, കളിക്കാതെ നടന്നാൽ നിനക്ക് കുറച്ചു നേരം കളിക്കാൻ പൊയ്ക്കൂടെ എന്ന സ്‌നേഹം കൊടുക്കുന്നു. അവർ ആയോധനകലകൾ പഠിക്കുന്നു, അവരത് താത്‌പര്യം കൊണ്ട് എന്ന തലക്കെട്ടിൽ അലങ്കരിച്ചു കൊണ്ട് നടക്കുന്നു.

ഭാവിയിൽ ഭാര്യയുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു ആൺകുട്ടിയും പഠിക്കുന്നുമില്ല, ശരീരം സംരക്ഷിക്കുന്നുമില്ല. അവർ അവർക്ക് വേണ്ടി ജീവിക്കുന്നു.

ഉത്രയെ കൊലപ്പെടുത്തിയ ഭർത്താവ് ഒരു പുതുമ അല്ലാതെ തുടരുന്നു, ഈ കേസിൽ നമുക്ക് പുതുമായായത് കൊലപാതകത്തിന് തെരഞ്ഞെടുത്ത രീതി മാത്രമാണ്. ആദ്യ ശ്രമം വിജയിച്ചിരുന്നു എങ്കിൽ സംശയത്തിന്റെ തരിപോലും പുരളാതെ അയാൾ രക്ഷപെടുമായിരുന്ന നവീനമായ കൊലപാതക രീതി ഒന്ന് മാത്രം. തൊഴിച്ചും കെട്ടി തൂക്കിയും കൃത്യമായ ചികിത്‌സ കൊടുക്കാതെയും സൂരജുമാർ കൊന്ന് കൂട്ടിയ ഉത്രമാരുടെ എണ്ണം ഇന്ന് ഈ മണ്ണിൽ ജീവിച്ചിരിക്കുന്നവരോളം ഉണ്ടാവും കാലങ്ങളിലൂടെ കണക്കെടുത്താൽ.

എന്നിട്ടും നമ്മളിന്നും പെൺകുട്ടികളെ മാത്രം പഴയതും പുതിയതുമായ പാഠം പഠിപ്പിക്കുയാണ്.

ആൺകുട്ടികൾക്കും അവരുടെ അച്ഛനമ്മമാർക്കും രണ്ട് ഹൃദയവും രണ്ട് തലച്ചോറും ഉണ്ടെന്നും അതിൽ മൃദുവായത് അവർ സ്വന്തം ചോരയിലെ പെണ്ണിന് വേണ്ടിയും കഠിനമായത് മരുമകൾക്കും വേണ്ടി സൂക്ഷിക്കുമെന്നും  സ്വാഭാവികം എന്ന വിധം ധരിക്കുന്ന സാമൂഹിക സ്ഥിതിയിൽ നിന്ന് നമ്മൾ എന്നാണ് ഇനി പുറത്ത് വരിക?

സഹജീവിയോട് ലിംഗം നോക്കാതെ നീതി ബോധത്തോടെ പെരുമാറാൻ നമുക്ക്  ഇനി എന്ന് കഴിയും?

ദയയും കരുണയുമല്ല ഒരു മനുഷ്യ ജീവിയും ആരിൽ നിന്നും ആവശ്യപ്പെടുന്നത് എന്ന് നമ്മൾ ഇനിയെങ്കിലും തിരിച്ചറിയണം .

അവൻ അവനായിരിക്കുന്നത് പോലെ അവൾക്ക് അവളായി ഇരിക്കാനുള്ള അവകാശത്തെ ഹനിക്കാത്ത സമൂഹം മാത്രമാണ് അവർ പരസ്‌പരം ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും അർഹിക്കുന്നതും. അത് ഉണ്ടാവാത്തിടത്തോളം പെൺകുട്ടികൾ കൊല്ലപ്പെട്ടു കൊണ്ടിരിക്കും. ആര് കൊന്നു എന്ന ചോദ്യം ഒരു നേരം പോക്ക് മാത്രമായി ഇവിടെ നിൽക്കും, എങ്ങിനെ കൊന്നു എന്നത് ഒരു കൗതുക ചോദ്യവും.

1 Comment
  1. Alex 11 months ago

    ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും …

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account