തിയേറ്ററിൽ  നിറയെ കാണികളുണ്ടെങ്കിലും ഫാൻസിന്റെ ആരവങ്ങളോ അട്ടഹാസങ്ങളോ ഇല്ല. ബഹളം കൊണ്ട് ഈ സിനിമയിലെ ഒരു ഡയലോഗും  കേൾക്കാതെ പോവുകയുമില്ല. കെട്ടുകാഴ്‌ചകളോ ആർപ്പുവിളികളോ ഇല്ല. ഉള്ളത് പ്രേക്ഷകരുടെ മനസ്സ് നിറഞ്ഞുള്ള കയ്യടികൾ! ഹൃദയം തുറന്ന പുഞ്ചിരികൾ!  സ്‌നേഹമോ സന്തോഷമോ സങ്കടമോ കൊണ്ട് ഇടയ്ക്കിടെ നിറയുന്ന അവരുടെ കണ്ണുകൾ!    ഒടുവിൽ തിയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ  അത്ര പെട്ടെന്നൊന്നും ഇറങ്ങിപോകില്ലെന്ന വാശിയോടെ നിറഞ്ഞു നിൽക്കുന്നുണ്ടാവും “ഉയരെ’ എന്ന് പേരുള്ള   ഈ സിനിമ.

താരത്തമ്പുരാക്കന്മാരുടെ രണ്ട്  സിനിമകളും ഫാൻസും ആടിത്തിമിർത്ത് അതിവേഗം കളമൊഴിയുന്നിടത്താണ് ‘ഉയരെ’ എന്ന സിനിമ വരുന്നത്. ആൺകോയ്‌മയുടെ താളത്തിനൊത്ത് തുള്ളാനില്ല ഞങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മലയാളസിനിമയിലെ ആത്‌മാഭിമാനമുള്ള പെണ്ണുങ്ങൾ രൂപീകരിച്ച WCC യുടെ രണ്ടാം വാർഷികം ആഘോഷിക്കുന്ന ദിവസം തന്നെയാണ് അതിലെ മുൻനിര പോരാളിയായ  പാർവതി തിരുവോത്ത് നായികയായ ഈ സിനിമ റിലീസ് ചെയ്യുന്നതെന്നത് തികച്ചും യാദൃശ്ചികമാവാം. പക്ഷേ, അതിൽ വന്നു ചേരുന്ന വലിയൊരു രാഷ്‌ട്രീയമുണ്ട്. മലയാളത്തിലെ വാണിജ്യ സിനിമക്ക് വെളിച്ചം പകരുന്ന ഒരു രാഷ്‌ട്രീയം. AMMAയുടേയോ  താര രാജാക്കന്മാരുടെയോ താളത്തിന് തുള്ളാതെ അഭിനേത്രികൾക്കു  മലയാള സിനിമയിൽ നിലനിൽക്കാമെന്നും സ്വന്തം പ്രതിഭയെ തേച്ചുമിനുക്കുന്ന സിനിമകൾ സ്വയം തിരഞ്ഞെടുക്കാമെന്നും ആ സിനിമകൾ തിയേറ്ററുകളിൽ  നിറഞ്ഞ സദസ്സിൽ ഓടുമെന്നും തെളിയിക്കുകയാണ് ‘ഉയരെ’. പഴയ സൂപ്പർ ഹിറ്റ് സിനിമകളിൽ നിന്നുള്ള മസാലകൾ കുത്തി നിറയ്ക്കുന്നതല്ല സംവിധാനമെന്ന് വേണമെങ്കിൽ വൈശാഖിനും പ്രിഥ്വിരാജിനുമൊക്കെ  മനു അശോകനിൽ നിന്ന് പഠിക്കാവുന്നതുമാണ്.

ഷെനുഗ, ഷെഗ്ന, ഷെർഗ എന്നീ മൂന്നു വനിതകളാണ് ഈ സിനിമയുടെ ഗ്രേറ്റ് നിർമ്മാതാക്കൾ. എസ് ക്യൂബ് എന്ന ഇവരുടെ നിർമ്മാണ കമ്പനിക്ക് ഗൃഹലക്ഷ്‌മി പ്രോഡക്‌ഷൻസിന്റെ തുടർച്ച എന്ന നിലക്ക് ഏത് വമ്പൻ സംവിധായകനെയും കിട്ടുമായിരുന്നു. പക്ഷേ,  മനു അശോകൻ എന്ന പുതുമുഖ സംവിധായകൻ്റെ   ക്രിയേറ്റിവിറ്റിയിലാണ് അവർ വിശ്വാസമർപ്പിച്ചത്. വമ്പൻ ആൺ താരങ്ങൾക്കു പകരം ആ താരങ്ങളുടെ എതിർ പക്ഷത്തുള്ള പാർവതിയെയാണ് ലീഡ് റോൾ ഏൽപ്പിച്ചത്. അത്ര ധൈര്യത്തോടെ, സിനിമയോടുള്ള ആത്‌മാർത്ഥതയോടെ ഗംഭീരമായി ആദ്യ ചുവടു വെച്ച ആ മൂന്ന് സ്‌ത്രീകൾക്കാണ്  മലയാള സിനിമയുടെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ എൻ്റെ  ആദ്യത്തെ കയ്യടി. അവർത്തനങ്ങളുടെ കെണിയിൽ പെട്ടുകിടന്ന വാണിജ്യസിനിമയെ ഈ ഒരൊറ്റ സിനിമകൊണ്ട് അവർ  മുന്നോട്ടു നയിക്കുന്നു.

സൂപ്പർ താരങ്ങൾക്കൊപ്പിച്ച് തങ്ങൾ തട്ടിക്കൂട്ടിയ തിരക്കഥകളിൽ കാണുതല്ല, ഈ കാണുന്നതാണ്  തങ്ങളുടെ പ്രതിഭയെന്ന് ബോബി-സഞ്‌ജയ്‌ ടീമിന് അഭിമാനപൂർവം പറയാം. ഹൃദ്യമായ തിരക്കഥയും എവിടെയും മുഴച്ചു  നിൽക്കാത്ത വിധം കൃത്യമായ പ്രയോഗിക്കുന്ന ഡയലോഗുകളും.  അഭിനന്ദിക്കാതെ വയ്യ. മുകേഷ് മുരളീധരനും മഹേഷ്  നാരായണനും (DOP & എഡിറ്റർ)  ചേർന്നൊരുക്കിയിരിക്കുന്നത് ഒന്നാം തരം  വിഷ്വൽസാണ്. ഗോപിസുന്ദർ പതിവ് ബഹളങ്ങളെ ഒഴിവാക്കി സിനിമ ആവശ്യപ്പെടുന്ന തരത്തിൽ സംഗീതമൊരുക്കി ആ  ദൃശ്യങ്ങളോടൊപ്പം നിന്ന് സിനിമയെ അനുഭവിപ്പിക്കുന്നു.

അഭിനേതാക്കളുടെ പറുദീസയാണീ സിനിമ! പാർവതി, ആസിഫ് അലി, ടോവിനോ തോമസ്, സിദ്ധിഖ്, അനാർക്കലി, ശ്രീറാം…!

പാർവതി പകർന്നാടുകയാണ് പല്ലവിയായി. കാണെക്കാണെ പാർവതി മറഞ്ഞു പോവുകയും പല്ലവി നിറഞ്ഞു വരികയും ചെയ്യുന്നു, പ്രേക്ഷകർക്കുള്ളിൽ. അവളുടെ സ്വപ്‌നങ്ങളും പ്രണയവും സഹനവും വീഴ്‌ചയും അതിജീവനവുമൊക്കെ നമ്മളും അനുഭവിച്ചറിയുകയാണ്.  അറിയാതെ തന്നെ നമ്മളും അവൾക്കൊപ്പം ചേരുന്നു. പല്ലവി കരയുമ്പോഴും ചിരിക്കുമ്പോഴും പിടയുമ്പോഴും അത് തിരശ്ശീലയിലല്ല, നമ്മുടെ ഉള്ളിലാണ്. മലയാള സിനിമയ്ക്ക് എഴുതിത്തള്ളാനാവാത്ത വിധം വളർന്നുയർന്നു ജ്വലിച്ചു നിൽക്കാൻ പാർവതിക്കീയൊരൊറ്റ സിനിമ മതിയാകും. അഭിനയം കൊണ്ട് മാത്രമല്ല അത്. താൻ പറയുന്ന രാഷ്‌ട്രീയം തന്നെയാണ് തൻ്റെ  സിനിമയും സംവദിക്കുന്നതെന്നു ആത്‌മവിശ്വാസത്തോടെ പറയാൻ മറ്റേതെങ്കിലും അഭിനേത്രിക്ക് സാധിച്ചിട്ടുണ്ടോ? അവൾക്കൊപ്പം നിൽക്കുകയും കാശുകിട്ടിയാൽ അവന്മാരുടെ ആണത്തം ഘോഷിക്കുന്ന സിനിമയെടുക്കുകയും  ചെയ്യുന്ന സിനിമാറ്റിക്  കാപട്യങ്ങൾക്കിടയിൽ അവളാണ്, അവൾ മാത്രമാണ് യഥാർത്ഥ സൂപ്പർ താരം.

അടുത്തിടെ കണ്ട സിനിമകളിലെ മോശം പ്രകടനങ്ങൾക്ക് ശേഷം സിദ്ധിഖിന്റെ പെർഫെക്റ്റ് പെർഫോമൻസ് ഈ സിനിമയിലുണ്ട്. പല്ലവിയുടെ അച്ഛൻ കഴിഞ്ഞേയുള്ളു ഈ സിനിമയിൽ നായകന്മാർ. എന്നാൽ അവരും കഥാപാത്രമായി മാറുന്നതിൽ അസാമാന്യ മിടുക്കുകാണിക്കുന്നു. ഗോവിന്ദ് എന്ന  കഥാപാത്രത്തെ എത്ര സൂക്ഷ്‌മമായാണ് മെനെഞ്ഞെടുത്തിരിക്കുന്നതും ആസിഫലി അവതരിപ്പിച്ചിരിക്കുന്നതും! ടോവിനോയുടെ വിശാൽ  തികച്ചും  വ്യത്യസ്‍തനായി തകർക്കുന്നുണ്ട് രണ്ടാം പകുതിയിൽ. അനാർക്കലി മരിക്കാർ അവതരിപ്പിച്ച സരിത ഡികോസ്‌റ്റ വെറുമൊരു കൂട്ടുകാരി വേഷത്തിനപ്പുറം അടിത്തറയുള്ളവളാണ്.  പ്രധാനമായും ഇവർ നാലു പേരുമായി ചേർന്നുള്ള പല്ലവിയുടെ കോമ്പിനേഷൻ സീനുകൾ ചേർത്തുവെക്കുന്നതാണ് ഈ സിനിമ. ഓരോ സീനിലും ജീവൻ നിറക്കുന്നുണ്ട് ഈ കോമ്പിനേഷൻസ്.  എല്ലാ കഥാപാത്രങ്ങളുടെയും  സൃഷ്‌ടിയിൽ രചയിതാക്കളും സംവിധായകനും അഭിനേതാക്കളും തമ്മിലുള്ള അപാരമായ ലയവും അനുഭവിച്ചറിയാം. ചെറിയ വേഷമാണെങ്കിൽ പോലും ശ്രീറാം രാമചന്ദ്രനും സംയുക്‌ത  മേനോനുമൊക്കെ സിനിമ കഴിഞ്ഞുള്ള ഓർമ്മകളിൽ വരും.

പതിവിന്  വിപരീതമായി ഈ സിനിമയെക്കുറിച്ചെഴുതുമ്പോൾ മാത്രം  ഇത്രത്തോളം പോസിറ്റീവ് നിരീക്ഷണങ്ങൾ എങ്ങനെ വരുന്നു എന്ന് ഒരാത്‌മ പരിശോധന നടത്തി. നെഗറ്റീവുകൾ കണ്ടു പിടിക്കാൻ ഓർത്തു നോക്കി. പറയത്തക്കതായി  ഒന്നും തെളിയുന്നില്ല. അടുത്ത കാലത്ത് ഒരു മലയാള സിനിമ ഇത്രത്തോളം ലയിച്ചിരുന്ന് കണ്ടിട്ടില്ല. സിനിമ കണ്ടിറങ്ങിയപാടെ  അടുത്ത ഷോയ്ക്കു കയറി ഒന്നൂടെ കാണണമെന്നു തോന്നിയിട്ടില്ല. സിനിമയെക്കുറിച്ചെഴുതി മതിയാവാതിരുന്നിട്ടില്ല. സിനിമയുടെ അകത്തു കൂടെ കയറിയിറങ്ങി എഴുതണമെന്നുണ്ട്. പക്ഷേ, സിനിമ പ്രേക്ഷകർക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്ന സീക്വൻസുകളിൽ ഒന്ന് പോലും പുറത്തു വിട്ട് സിനിമ കാണാനിരിക്കുന്നവരുടെ ആസ്വാദനത്തെ തടസ്സപ്പെടുത്താൻ ആദ്യ  പ്രേക്ഷകർ മുതിരരുതെന്നു വിശ്വസിക്കുന്നതിനാൽ കഥയെക്കുറിച്ചുള്ള സൂചന പോലും ഇവിടെ കുറിക്കുന്നില്ല. രണ്ടോ മൂന്നോ ആഴ്‌ചത്തെ ആഘോഷം കഴിഞ്ഞു തിയേറ്റർ വിടുന്ന മാസ്സ് പടങ്ങളെപ്പോലെ ഈ സിനിമ പെട്ടെന്നൊന്നും തിയേറ്റർ വിട്ടു പോകില്ലെന്നാണ് തോന്നുന്നത്. സകലമാന പ്രേക്ഷകരെയും വിവിധ തരത്തിൽ ആസ്വാദകരാക്കുന്ന സിനിമയാണിത്. അപാരമായ ഊർജ്ജം പകരുന്ന സിനിമ.  അത് പ്രേക്ഷകരിൽ നിന്ന് പ്രേക്ഷകരിലേക്ക് പടരും.അതിന്റെ എല്ലാ ക്രെഡിറ്റും അവകാശപ്പെടാനാവുന്ന സംവിധായകൻ മനു അശോകനെ മലയാള സിനിമ ഉള്ളം കയ്യിലെടുക്കട്ടെ.  ഹാറ്റ്‌സ്  ഓഫ്,  മിസ്റ്റർ ഡിറക്റ്റർ!

പിൻകുറിപ്പ്:  “ഉയരെ” മലയാള സിനിമയെ പഠിപ്പിക്കുന്ന നിരവധി പാഠങ്ങളുണ്ട്. പണ്ടത്തെപ്പോലെ വിലക്കിയും മാറ്റിനിർത്തിയും ഗുണ്ടായിസം കാണിച്ചും ഇനി  ഒരാളെയും തോൽപ്പിക്കാനാവില്ല എന്നതാണതിൽ ഏറ്റവും വലുത്.   നിങ്ങൾ വിലക്കിയൊതുക്കുന്നവർക്കൊപ്പം നിൽക്കാൻ ചങ്കൂറ്റമുള്ളവർ മുന്നോട്ടു വരുന്ന കാലം.  അവരെ പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നു. താരത്തമ്പുരാക്കന്മാരെ എഴുന്നള്ളിച്ചിറക്കുന്ന ഫ്രോഡ് സിനിമകളുടെയും അതിന്റെ ഊളത്തരങ്ങളെ വാഴ്ത്തിപ്പാടുന്ന ഫാൻസിന്റെയും കരണത്തടിക്കുന്ന സിനിമ കൂടിയാണ് ‘ഉയരെ’.

ഉമേഷ് വള്ളിക്കുന്ന്

1 Comment
  1. Shereej 1 year ago

    Nalla cenemakal arudethayalum prekshakar iru kayyum neeti sweekarikkunna charithram anu malayala cenemaykullathu.. Nalla movie anennulla revew yum kollam..athinidayil ningal kanikkunna oru comparison avashyamundo…ororuthar oro shyliyil padam edukkatte…athu vittekku…athinidayil ningal ivide randu group undakkan sramikkunnundu…oru vigadana swabhavam kanikkunnundu..athinte avashyam undo.. ningal ivare sathru pakshathakkanulla sramam nadathukayanennu vykthamayi manassilakkam…that is not fair..cenema nallathanenkila cenemaykum aniyara pravarthakarkkum ella vida bhavukangalum nerunnu….dayavu cheythu thammiladippikkanulla paripadi upekshikuka.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account