പതിവിനു വിപരീതമായി അന്ന് കോടതിയില്‍ അൽപ്പം ജോലി ഉണ്ടായിരുന്നു. വീട്ടില്‍ എത്തിയപ്പോള്‍ അഞ്ചു മണി കഴിഞ്ഞു. ഓഫീസില്‍ പോകാതിരിക്കാന്‍ കാരണങ്ങള്‍ ആലോചിച്ചു തുടങ്ങി. അപ്പോഴാണ് ഓർത്തത്‌. ഇന്ന് പൊതുവാള്‍ വക്കില്‍ ക്ഷണിച്ചിട്ടുണ്ടല്ലോ!

പൊതുവാള്‍ വക്കീല്‍. കേരളം മുഴുവന്‍ അറിയപ്പെടുന്ന അഭിഭാഷക സാമ്രാട്ട്. കോഴിക്കോട് ബാറിലെ കിരീടം വെക്കാത്ത രാജാവ്‌. പൊതുവാള്‍ വക്കീല്‍ ഒന്ന് കണ്ണുരുട്ടിയാല്‍ എന്നെ പോലുള്ള ചെറുകിട വക്കീലന്മാര്‍ കിടു കിടാ വിറക്കും.

ജസ്റ്റിസ്‌ കൃഷ്‌ണയ്യരുടെ നവതി ആഘോഷം കോഴിക്കോട്ടു സംഘടിപ്പിച്ചത് പൊതുവാള്‍ വക്കീല്‍ ആയിരുന്നു. അതിനോടനുബന്ധിച്ച് കൈതപ്രം ഒരു ഗാനം രചിച്ചു ഈണം പകർന്നു. ആ ഗാനം അഭിഭാഷക ഗായക സംഘം ആലപിച്ചു. കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. നവതി ആഘോഷം വിജയകരമായി നടത്തിയതില്‍ സഹകരിച്ചവരോടെല്ലാം വക്കീല്‍ അന്ന് ഒരു വിരുന്നു സൽക്കാരത്തിന് അളകാപുരി ഹോട്ടലില്‍ വരാന്‍ പറഞ്ഞിരുന്നു.

ഒന്നും ആലോചിക്കാന്‍ ഇല്ല. അപ്പോള്‍ തന്നെ സമയം വൈകി. ഉടനെ തന്നെ പുറപ്പെടെണം.

അളകാപുരിയില്‍ എത്തിയപ്പോള്‍ പരിപാടി തുടങ്ങിയിട്ട് കുറച്ചു നേരമായിരുന്നു. ഏറ്റവും അവസാനത്തെ നിരയില്‍ ഞാന്‍ വേഗം ചെന്നിരുന്നു.

വേദിയില്‍ നഗരത്തിലെ എല്ലാ പ്രമുഖരും ഉപവിഷ്‌ടരായിരുന്നു. നഗരപിതാവ്, കുറെയേറെ നഗരസഭാ അംഗങ്ങള്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌, പ്രധാന പത്രങ്ങളിലെ പത്രാധിപര്‍, സംസ്‌കൃത പണ്ഡിതന്‍ വിദ്യാവാചസ്‌പതി പനോളി. പിന്നെ പൊതുവാള്‍ വക്കീലും.

അനുമോദന പ്രഭാഷണങ്ങള്‍ ഓരോന്നായി കഴിഞ്ഞു പോയി. വളരെ വേഗം തന്നെ നന്ദി പ്രകടനവും.

ഭക്ഷണ മുറിയിലേക്കുള്ള പ്രവാഹത്തില്‍ ഞാന്‍ മുന്‍ പന്തിയില്‍ തന്നെ ഉണ്ടായിരുന്നു.

തീന്മേശയില്‍ ഒരു ഭാഗത്ത്‌ നെയ്‌ റോസ്‌റ്റ്. മറു ഭാഗത്ത്‌ പൊറോട്ടയും കോഴി കറിയും.

ചെറുപ്പം മുതൽക്കെ നെയ്‌ റോസ്‌റ്റ് എനിക്ക് ജീവനാണ്. നാളികേര ചമ്മന്തിയും മുളകുപൊടിയും സാമ്പാറും കൂടി ഉണ്ടെങ്കില്‍… പിന്നെ ഒന്നും പറയേണ്ട!

ഒട്ടും മടിക്കാതെ ഞാന്‍ ഒരു നെയ്‌ റോസ്‌റ്റ് കരസ്ഥമാക്കി. കൂട്ട് വിഭവങ്ങളൊക്കെ താലത്തില്‍ ഇട്ടു ഒരു കഷണം പൊട്ടിച്ചെടുത്ത് സാമ്പാറില്‍ മുക്കി വായിലേക്ക് എടുത്തു വെച്ച് ആസ്വദിച്ചു ചവച്ചു തുടങ്ങിയപ്പോളാണ് ഒരു അലർച്ച കേട്ടത്.

‘പനോളി സാറിന്റെ നെയ്‌ റോസ്‌റ്റ് എവിടെ?’. പൊതുവാള്‍ വക്കീലിന്റെ രോഷം നിറഞ്ഞ ഗർജ്ജനം.

ഞാന്‍ ആകെ തരുത്തു നിന്ന് പോയി. എന്തായിരിക്കാം സംഭവിച്ചത്?

ആപൽഘട്ടമല്ലേ? ബുദ്ധി നടാടെ അതിവേഗം പ്രവർത്തിച്ചു. ഞാന്‍ ചടങ്ങിനു വൈകിയാണല്ലോ എത്തിയത്. അപ്പോഴേക്കും ഭക്ഷണം ഓർഡര്‍ ചെയ്‌തു കാണും. സസ്യഭുക്കുകൾക്ക് ‌ പ്രത്യേകം നെയ്‌ റോസ്‌റ്റും ശേഷം ഉള്ളവർക്ക് പൊറോട്ടയും കറിയും എടുക്കാന്‍ പറഞ്ഞതാവും.

പനോളി സാറിന്റെ നെയ്‌ റോസ്‌റ്റ് ആണ് ഞാന്‍ കട്ട് തിന്നുന്നത്!

പൊതുവാള്‍ വക്കീല്‍ വീണ്ടും ഉറക്കെ ചോദിച്ചു, ‘പനോളി സാറിന്റെ നെയ്‌ റോസ്‌റ്റ് ആരാണ് എടുത്തത്‌?’

എന്ത് ചെയ്യും?

വേറെ ആളുകളും നെയ്‌ റോസ്‌റ്റ് കഴിക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ തൊണ്ടി സഹിതം പിടിക്കപ്പെടാന്‍ ഇടയില്ല. എന്നാല്‍ അപ്രകാരം സംഭവിച്ചാലോ? പൊതുവാള്‍ വക്കീല്‍ എന്റെ തൊലി ഉരിഞ്ഞെടുക്കും.

കുറ്റം ഏറ്റു പറയാനും ധൈര്യം വരുന്നില്ല – ഒരു നിലക്കും.

വേറെ ഒരു വഴിയും മുന്നില്‍ കണ്ടില്ല. പൊതുവാള്‍ വക്കീല്‍ എന്റെ അടുത്തെത്തുന്നതിനു മുമ്പ് ഞാന്‍ രണ്ടു പൊറോട്ട എടുത്തു എന്റെ നെയ്‌ റോസ്‌റ്റ് മൂടിവെച്ചു. എന്നിട്ട് അവയ്ക്കടിയിലൂടെ നെയ്‌ റോസ്‌റ്റ് കഴിച്ചു തുടങ്ങി.

കഴിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നതാവും ഉചിതം. ആകെക്കൂടെ ഒരു റബ്ബര്‍ ഷീറ്റ് ചവച്ചിറക്കുന്ന മാതിരി ആയിരുന്നു.

പൊതുവാള്‍ വക്കീലിന്റെ രോഷം അളകാപുരി അടുക്കളയിലും എത്തി എന്ന് തോന്നുന്നു. വളരെ പെട്ടെന്ന് തന്നെ പനോളി സാറിനു ചുടുചുടാ ഒരു നെയ്‌ റോസ്‌റ്റ് കൊണ്ട് വന്നു.

എത്രയും പെട്ടെന്ന് ഭോജനം നിർത്തി ഞാനും തടി തപ്പി.

പിന്നീട് പത്രങ്ങളില്‍ പനോളി സാറിനെ കുറിച്ച് വായിക്കുമ്പോഴും പൊതുവാള്‍ വക്കീലിനെ കാണുമ്പോഴും ഒരു അപകർഷതാബോധം എപ്പോഴും എന്നെ അലട്ടും. എന്തോ വലിയ കുറ്റം ചെയ്‌ത തോന്നല്‍.

അവര്‍ രണ്ടു പേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. വക്കീലിനോട് ഈ കഥ എപ്പോഴെങ്ങിലും പറയണം എന്നുണ്ടായിരുന്നു. അദ്ദേഹം പൊട്ടി പൊട്ടി ചിരിച്ചേനെ!

എന്തൊക്കെ ആയാലും, നെയ്‌ റോസ്‌റ്റ് എനിക്ക് ഇപ്പോഴും ഇഷ്‌ടമാണ്!!

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account