“പാവാലാ….”. മുംബായിലെ ഒരു ഒന്നാം നിലകെട്ടിടത്തിന്റെ ഒറ്റ മുറിയില്‍ താമസിക്കുമ്പോഴാണ് ഈ വിളി ആദ്യം കേള്‍ക്കുന്നത് – ‘പാവാലാ’.
താഴേക്ക് നോക്കിയപ്പോള്‍ തലയില്‍ ഒരു തകരപ്പെട്ടിയുമായി ഒരു വയോധികന് ആശയോടെ മുകളിലേക്ക് നോക്കിനില്ക്കുന്നു.
അടുക്കളയില്‍ ചായ ഉണ്ടാക്കിക്കൊണ്ടിരുന്ന ചേച്ചി പുറത്തേക്ക് വന്ന് പാവാലയെ മുകളിലേക്ക് ക്ഷണിച്ചു. അയാള്‍ മുകളില്‍ കയറി വന്നു പെട്ടി താഴെ വക്കാന്‍ എന്നോട് സഹായാമാവശ്യപ്പെട്ടു. ശ്രദ്ധയോടെ പെട്ടി താഴെ ഇറക്കി തുറന്നയാള്‍ ചോദ്യരൂപത്തില്‍ ചേച്ചിയെ നോക്കി.
‘ചാര് നരം പാവ് ദേ’
ചില്ലറ എണ്ണിക്കൊടുത്ത് ചേച്ചി പാവ് വാങ്ങി. തിരിച്ചു തകരപ്പെട്ടി തലയില്‍ വച്ച് കൊടുക്കുമ്പോള്‍ മുന്വരിപ്പല്ലുകളില്ലാത്ത പാവാലയുടെ ഹിന്ദി ചിരിക്ക് ഞാന്‍ ഒരുവള്ളുവനാടന് ചിരി പകരം നല്കി.
അന്നാണ് ഞാന്‍ ആദ്യമായി പാവ് കഴിക്കുന്നത്. തരക്കേടില്ല. രുചിയുണ്ട്. സാധാരണക്കാരന്റെ ഭക്ഷണം. ഏറ്റവും വില കുറവുള്ള ഭക്ഷണം എന്നതും പാവ് ഇഷ്ടപ്പെടാന്‍ കാരണമായി.
എല്ലാറ്റിലും ചേരുന്ന ഈ മുംബൈ പാവ് ആവശ്യക്കാര്‍ക്ക് പലരൂപത്തിലും പ്രത്യക്ഷപ്പെട്ടു വിശപ്പകറ്റുന്നു.
വടാപ്പാവ്, സമോസ്സപാവ് എന്ന തയ്യാര്‍ കടികള്‍ (bites) മുംബൈക്കാര്‍ക്ക് ഏറെ പ്രീയംകരം. യാത്രക്കിടയിലും അല്ലാതെയും കയ്യിലൊതുങ്ങുന്ന ഈ ലഘുഭക്ഷണങ്ങള്‍ അത്രയും പോപ്പുലറാണിവിടെ.
ലഞ്ച് ബോക്സ് കൊണ്ടുവരാത്ത ജോലിക്കാര്‍ക്ക്, പ്രതേകിച്ചു ഫാക്റ്ററി തൊഴിലാളികള്‍ക്ക് അവരുടെ ബജറ്റിലൊതുങ്ങുന്ന ഉച്ചഭക്ഷണമായ ‘ഉസല്പ്പാവ്’. ഈ ഭക്ഷണത്തിലും പാവിന്റെ പ്രസക്തി അവശ്യം. എക്സ്ട്രാ പാവുകള്‍ വാങ്ങി അധ്വാനിക്കുന്ന ജനവിഭാഗം വിശപ്പടക്കുമ്പോള്‍ കുറച്ചു കൂടി പണക്കാരായ മിഡില്‍ക്ലാസ്സ് ‘പാവ്ബാജി’ എന്ന മറ്റൊരു അൽപ്പം വിലകൂടിയ ഇനം ഭക്ഷണം രുചിക്കുന്നു.
ഇനിയുമുണ്ട് ഒരുപാട് പാവ് ഇനങ്ങള്‍. എന്തുതന്നെയായാലും ഈ മഹാനഗരത്തില്‍ പാവ് ഒരു ഇഷ്ടഭക്ഷണം തന്നെ. നഗരത്തില്‍ തന്നെ ചില പ്രത്യേക സ്ഥലങ്ങളില്‍ വില്‍ക്കുന്ന ഇത്തരം പാവ് ഇനങ്ങള്‍ പ്രസിദ്ധമാണ് . അത് പോലെ തന്നെ ദൂരയാത്രയിലും ചില റെയില്‍വേ സ്റെഷനുകളിലെ പാവിനു പ്രത്യേക രുചിയാണ്. അവിടെ ട്രെയിന്‍ നിൽക്കുമ്പോൾ യാത്രക്കാര്‍ ഓടിയിറങ്ങി പാക്കറ്റുകള്‍ വാങ്ങി വരുന്നത് കാണാം.
ഇപ്പോള്‍ പല സ്റ്റാര്‍ ഹോട്ടലുകളിലും പോതുതാല്പ്പര്യാര്ത്ഥം പാവ് പ്രധാന ഇനമായി കിട്ടാനുണ്ട്. പാവിന്റെ പ്രശസ്തി അന്താരാഷ്ട്രമായിക്കഴിഞ്ഞു!
ഈയ്യിടെ നാട്ടില്‍ നിന്നും മുംബൈ കാണാന്‍ വന്ന സുഹൃത്തിന്റെ ഭാര്യ വടാപാവ് ആവശ്യപ്പെട്ടപ്പോള്‍ ഒട്ടും അതിശയിച്ചില്ല.
സാധാരണക്കാരന്റെ ഈ ഭക്ഷണം ഇന്ന് ഏവര്‍ക്കും പ്രിയംകരം!!