ഓർമ്മകൾ നഷ്‌ടമാകാത്ത
രണ്ട് ആത്‌മാക്കൾ
ആലിംഗനം ചെയ്യുന്നത് പോലെ…
നിന്റെ സ്വപ്‌നത്തിൽ നിന്ന് ഞാൻ ഉറങ്ങി
എണീറ്റു

ഇലപ്പച്ചകളെ കാറ്റ് കീറിക്കീറിയെടുത്ത
ഓർമ്മകൾ പോലെ
ലോകം ആകെ നിറഞ്ഞു കവിഞ്ഞു,
അത്രനാൾ വരെയും
ഞാൻ ഉറങ്ങിക്കൊണ്ടേയിരിക്കുകയായിരുന്നുവെന്ന്
അത്രയും നാൾ ഞാൻ മറവികളിൽ പടർന്നൊലിച്ചു
ആകാശമല്ലാതൊരാകാശത്തിൽ
ഇല്ലാവള്ളി പോലെ…
ഇല്ലാപ്പച്ച പോലെ…
ഇല്ലാക്കയറ്റം പോലെ…

എന്റെ ഓർമ്മ
നിന്റെ കൈകളിൽ
ഒളിഞ്ഞു കിടന്നുറങ്ങുന്ന
പർവ്വതത്തിന്റെ കരച്ചിൽ പോലെ
ചുരുണ്ട് ഉറങ്ങുന്നുണ്ടായിരുന്നു

ഭൂമിയിൽ മഴ പെയ്‌തു
കാറ്റടിച്ചു
കൊടും പേമാരികൾ വീശി
നിറങ്ങൾ പടർന്നു
കടൽ കുതിച്ചു
നിറഞ്ഞു
കവിഞ്ഞു

മീനുകൾ
കണ്ണുകൾ തുറന്നു തന്നെ
നമ്മളെ കണ്ടു

മരങ്ങൾ
ആകാശത്തേക്കു
കൈകൾ വിരിച്ച്
നമ്മുടെ ശ്വാസം പിടിച്ചെടുത്തു

മണ്ണിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന
മരിച്ചു പോയവരുടെ സ്വപ്‌നങ്ങൾ
മണ്ണിനടിയിൽ നിന്ന് കൊണ്ടുതന്നെ
ജീവിതത്തെക്കുറിച്ചുള്ള
പാട്ടുകൾ പാടി
വരികളും അക്ഷരങ്ങളും ഒച്ചകളും ഇല്ലാത്ത
ആ പാട്ട് നമുക്ക് മാത്രം മനസ്സിലായി

നാം ആകാശത്തു പറക്കുന്ന
പക്ഷികളായി മാറി

ഭൂമി വീണ്ടും നമ്മെ വിളിച്ചു
ഭൂമിയിൽ ഓർമ്മകളെ
കവിതകൾ എന്ന് വിളിച്ചു
നമ്മൾ കവിതയെ പ്രണയം എന്നും..
എത്ര  പെട്ടെന്നാണ് നാം തീർപ്പുകളിൽ എത്തുന്നത്

കടലുകളില്ലാത്ത നഗരത്തിൽ
നമുക്ക് കാണാൻ മാത്രം
നാമൊരു കടൽ കുഴിച്ചു

സൂര്യൻ അസ്‌തമിക്കും വരെ
നാം ആ കടൽ കണ്ടു
നഗരവളവുകളിൽ ഇരുന്നു

രാത്രിയിൽ നാം ആ കടൽ
നമ്മുടെ സ്വപ്‌നങ്ങളിലേക്ക് നട്ടുവച്ചു
നിഗൂഢതകളിലൂടെ ആ കടൽ
ഉപ്പുവെള്ളം തെറിപ്പിച്ചു ഒഴുകി നടന്നു
ഉയിരിന്റെ അങ്ങേയറ്റത്ത് കൂടി
ഒലിച്ചു ചെന്ന് ഉമ്മവച്ചു നനയിച്ചു

ആരുമെഴുതാത്ത ആ കവിതക്കുള്ളിൽ
ആരോ കാണുന്ന സ്വപ്‌നത്തിൽ
നമ്മൾ ചുരുണ്ടുറങ്ങി

വിളിക്കുമ്പോൾ ഓടിപ്പോകുന്ന കുന്നുകളും
അർദ്ധരാത്രിയിലെ മയിലുകളും
ഒഴിഞ്ഞ കാണിക്കസേരകളുള്ള
കായൽക്കരയും
നമ്മുടെ സ്വപ്‌നത്തിലേക്ക് എത്തി നോക്കി
നമ്മുടെ നഗ്‌നതകളിൽ പൂക്കൾ വിരിയുന്നത് കണ്ട്
അസൂയപ്പെട്ടു തിരിച്ചു പോയി

ഭൂമിയിൽ അഗ്‌നിപർവ്വതങ്ങൾ പൊട്ടുകയായിരുന്നു
ആൾക്കൂട്ടങ്ങൾ കൂട്ടത്തോടെ എരിഞ്ഞ്  ഒടുങ്ങുകയും
കുഞ്ഞുങ്ങളെ കൂട്ടത്തോടെ കാണാതാവുകയും ചെയ്‌തു

നിറങ്ങൾ മാറി മാറി വരികയും
മുഖങ്ങളിൽ മൃഗങ്ങളുടെ തേറ്റകളും
കൊമ്പുകളും പല്ലുകളും മുളക്കുകയും ചെയ്യുന്നുണ്ടായിരുന്നു

നിലാവിന് വേണ്ടി ആരൊക്കെയോ
നിലവിളിക്കുകയും സമരം ചെയ്യുന്നുമുണ്ടായിരുന്നു

നാം തിടുക്കപ്പെട്ട് ഒരു പൂമൊട്ട് ഇറുത്തെടുത്തു
നമ്മുടെ പ്രണയംകൊണ്ട്
ഭൂമി കഴുകി വെടിപ്പാക്കാൻ
ആകാശം ധൃതി കൂട്ടി
നീ
എന്നെ
ചുംബിച്ചപ്പോൾ
എത്ര പെട്ടെന്നാണ്
ഭൂമിയിൽ
നക്ഷത്രങ്ങൾ വിരിഞ്ഞത്!

1 Comment
  1. John 1 year ago

    സുന്ദരം…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account