ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം അക്ഷരാർഥത്തിൽ മൂല്യാധിഷ്ഠിതമാകുകയാണ്. കൂടുതൽ പണം മുടക്കുന്നവർക്ക് വില കൂടിയ വിദ്യയും പണമില്ലാത്തവർക്ക് വില കുറഞ്ഞ വിദ്യയും കിട്ടുന്ന ശരിക്കും പണാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. തുടങ്ങിയിട്ടേയില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് കൊടുത്ത ശ്രേഷ്ഠപദവി ഒരു വെറും പദവിയല്ല. പ്രവർത്തനം തുടങ്ങുന്ന ആദ്യത്തെ വർഷം 100 കോടി രൂപ ലാഭമുണ്ടാക്കും എന്നും ക്രമേണ ലാഭം 10000 കോടി രൂപയാകുമെന്നുമാണ് ജിയോ എന്ന വിദ്യാലയത്തിന്റെ ശ്രേഷ്ഠത. ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളൊന്നും തന്നെ അന്താരാഷ്‍ട്ര നിലവാരമുള്ളവയല്ലാത്തതിനാൽ വലിയ തുക ലോണെടുത്ത് വിദേശത്ത് പോകുന്ന വിദ്യാർഥികളേയും അവർക്കു കൊടുക്കുന്ന വായ്പ്പയേയും നമുക്കു തന്നെ കിട്ടുക എന്നതാണ് നമ്മുടെ ലക്ഷ്യം എന്ന് അധികാര കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്ന പൊതു സ്ഥാപനങ്ങളേക്കാൾ ഗവർമെന്റിനു താൽപര്യം തുല്യരല്ലാത്ത വ്യക്‌തികളുള്ള സമൂഹത്തെ നിർമിക്കാനുതകുന്ന വ്യവസ്ഥയോടാണ്.  എല്ലാ പൗരൻമാരും തുല്യരാവുന്ന വ്യവസ്ഥ മുതലാളിത്തത്തിന് അസ്വീകാര്യമാണ്. സാമ്പത്തികാവസ്ഥയിലുള്ള അന്തരത്തിന്റെ വലിപ്പമാണ് മുതലാളിത്തത്തിന്റെ വിജയത്തിനടിസ്ഥാനം. അതു കൊണ്ടു കൂടിയാണ് ഉന്നത വിദ്യാഭ്യാസ മേഖല ലാഭാധിഷ്ഠിതമാകുന്നതിനെക്കുറിച്ച് ഗീർവാണങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നത്.

കേരളത്തിനും കർണാടകക്കുമുള്ള സർവശിക്ഷ അഭിയാൻ ഫണ്ട് പകുതിയായി വെട്ടിക്കുറച്ചതും ഒരു സാധാരണ നീക്കമെന്നോ രാഷ്‌ട്രീയ പകപോക്കലെന്നോ മാത്രമായി ചുരുക്കി കാണേണ്ടതല്ല. മറിച്ച് ഇവിടങ്ങളിലെ അടിസ്ഥാന വിദ്യാഭ്യാസ മേഖല അത്രമേൽ ശക്‌തവും ശാസ്‌ത്രീയവുമാണ് എന്നതാണ് അധികാര കേന്ദ്രങ്ങളെ അസ്വസ്ഥരാക്കുന്നത്. സൗജന്യമായി ഒന്നും നൽകുന്നതിനെ ഇപ്പോൾ നമ്മളംഗീകരിക്കുന്നില്ല. ചരിത്രത്തേയും ശാസ്‌ത്രത്തേയും അപനിർമ്മിക്കുകയും തങ്ങളുടെ അധോ നിലവാര യുക്‌തികൾക്ക് വിധേയമായി പുനർ നിർവചിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്ന് പരോക്ഷമായി ഗവർമെൻറ് നമ്മെ ഓർമിപ്പിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കുന്നവരും ചോദ്യം ചെയ്യുന്നവരും ഭരണകൂടങ്ങൾക്കു ഭീഷണിയാണ് എന്ന് സോക്രട്ടീസും പ്ലേറ്റോയും കോപ്പർനിക്കസും ഗലീലിയോയും നമ്മെ പല തവണ പഠിപ്പിച്ചിട്ടുണ്ട്.

എല്ലാവരും തുല്യരല്ലാത്ത, വിവിധ ജാതികൾ അവരവരുടെ കുലത്തൊഴിലുകൾ ചെയ്യുന്ന ഒരു ഭാരതത്തെ വിഭാവനം ചെയ്‌തു നടപ്പിലാക്കൽ അത്ര ചെറിയ ജോലിയല്ല. സംവരണത്തിനെതിരെയുള്ള ശക്‌തമായ എതിർപ്പിന്റെ അടിസ്ഥാനവും മറ്റൊന്നല്ല. വിദ്യാഭ്യാസ ലഭ്യതയിൽ നിന്ന് സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർ പുറത്താക്കപ്പെടുക തന്നെ വേണം. സംശയമേ വേണ്ട, ഗാന്ധിജിയല്ല, ഗാന്ധിസവുമല്ല ഇന്ത്യയുടെ ചാലകശക്തി. ഞാൻ മുതലാളിമാർക്കും വ്യവസായികൾക്കുമൊപ്പമാണ് എന്ന് തുറന്നു പറയുന്ന അത്രമേൽ സത്യസന്ധനായ ഒരാളുടെ ഏകാധിപത്യമാണ് ഇന്ത്യയുടെ ഭാവി നിർണയിക്കാൻ പോകുന്നത്.

2 Comments
 1. ദേവീപ്രസാദ് പീടീയ്ക്കക്കൽ 1 year ago

  പുരാതന ഇന്ത്യയുടെ മൂല്യങ്ങൾ…. അങ്ങിനെ തന്നെ പറയട്ടെ… കാരണം, പൗരാണിക ഭാരതത്തിന്റെ എന്നോ ഭാരത ദർശനത്തിന്റെ എന്നോ പറഞ്ഞാൽ ഹിന്ദുത്വ വാദി / സംഘി എന്ന് മുദ്രകുത്തപ്പെടുന്ന, സ്വന്തം അസ്തിത്വം, പരമ്പര എന്നിവ പുറത്ത് പറഞ്ഞാൽ അത് വിമർശന വിധേയമാവുന്ന, വർഗ്ഗീയവാദിയായി ചിത്രീകരിക്കപ്പെട്ടാക്കാവുന്ന മോശം കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന്പൊയ്ക്കൊണ്ടിരിക്കുന്നത്. അത്രമാത്രം അസഹിഷ്ണുത വർദ്ധിച്ച, ജാതി തിരിച്ചും ന്യൂനപക്ഷ പ്രീണനം നല്ലൊരു വോട്ട് കച്ചവടമാണ് എന്ന് മനസ്സിലാക്കി ആ വഴിയിലൂടെ രാഷ്ട്രീയത്തെ ഉപയോഗിച്ച് രാഷ്ട്രത്തെ ഭരിച്ചു കൊണ്ട് സ്വാതന്ത്രാനന്തര ഇന്ത്യയെ ഈ നിലയ്ക്കാക്കിയതിൽ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ മുഖമായി ഉയർത്തിക്കാട്ടിയ ഭരണാധികാരികൾക്കും പങ്കുണ്ട്.

  ഇന്നത്തെ അവസ്ഥ എന്ത് തന്നെയായാലും അത് ഒരു തുടർച്ചയുടെ ഫലമാണ്, നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് തങ്ങൾക്കനുയോജ്യമായ രീതിയിൽ തുടങ്ങിവച്ച ജീർണ്ണതയിലേക്ക് തള്ളിവിട്ട വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അധികാര ലഹരിയുടെ തുടർച്ച.

  ഭാരതത്തിലെ ഏത് വർണ്ണാശ്രമ ജാതി വ്യവസ്ഥയെയാണോ ഇന്ന് പഴി പറയുന്നത്, ( ഈ ജീർണ്ണാവസ്ഥയിലേക്ക് തള്ളിവിടപ്പെടുന്നതിന് മുൻപ് ) ഇവിടെ സൗജന്യമായി നൽകപ്പെട്ടതെന്തെല്ലാമാണോ അതെല്ലാമാണ് ഇന്ന് ഏറ്റവും വലിയ കച്ചവടം.

  സത്രം സൗജന്യ താമസം ഭക്ഷണം – ഇന്നത്തെ restaurant + hotel / Motel തണ്ണീർപ്പന്തൽ – സൗജന്യമായ കുടിവെള്ളം / സംഭാരം / അന്നദാനം, വിദ്യ (ഗുരുകുല വിദ്യാഭ്യാസം) ഇന്ന് ഇവിടെ ചർച്ച ചെയ്യപ്പെടുന്ന വിദ്യാഭ്യാസകച്ചവടം (വെറും ഒരു ജിയോ മാത്രമല്ല, സർക്കാരിതര ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും തരത്തിനനുസരിച്ച് വിദ്യാർത്ഥികളെ ഊറ്റുന്നുണ്ട് ) വൈദ്യം / ഇന്നത്തെ Hospital Business.
  ഇതെല്ലാം ഇവിടെ സൗജന്യമായിരുന്നു ഒരു കാലഘട്ടത്ത് എന്നത് അഭിമാനത്തോടെ പറയേണ്ടിയിരുന്ന നമ്മൾ ഇന്ന് പറയാൻ മന:പൂർവ്വം മറക്കുന്നു,

  ഈ കച്ചവട അവസ്ഥ കഴിഞ്ഞ നാല് കൊല്ലം കൊണ്ട് സൃഷ്ടിക്കപ്പെട്ടതല്ല എന്ന് കൂടെ ഓർമ്മിപ്പിക്കട്ടെ.
  ആയതിനാൽ തന്നെ സാമ്പത്തിക അന്തരം സൃഷ്ടിക്കപ്പെട്ടത് ഈ കഴിഞ്ഞ നാല് കൊല്ലം കൊണ്ടല്ല.

  ഒരു രാഷ്ട്രമെന്ന നിലയ്ക്ക് സംസ്ഥാനങ്ങൾ വിദ്യാഭാസത്തിൽ പുരോഗതി കൈവരിക്കുന്നുണ്ട് എങ്കിൽ അതിൽ പ്രത്യേകിച്ച് പക പോക്കലുകൾ ഒന്നും തന്നെ ഉണ്ടാവേണ്ടതില്ല, ഉണ്ടെന്ന് പറയപ്പെടുകയാണ്. IIT അനുവദിച്ചത് കൊണ്ടോ കൂടുതൽ ഫണ്ട് അനുവദിച്ചതുകൊണ്ടോ വിദ്യാഭ്യസം ഉയർന്നു എന്ന് പറയാനാവുമോ…?
  അപ്പോൾ,
  അനുവദിച്ച ഫണ്ടുകളുടെ വിനിയോഗത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ മാത്രമാണ് പകപോക്കലാക്കി പരിദേവനം പറയുന്നത്.

  തൊഴിലധിഷ്ടിത വിദ്യാഭാസങ്ങൾക്ക് ഊന്നൽ നൽകുന്ന പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമ്പോൾ, സാമ്പത്തിക ആഘാതം ഏൽപ്പിക്കാത്ത, വ്യത്യസ്ത മേഖലകളിൽ സ്വയം പര്യാപ്തത നേടാനുള്ള മാർഗ്ഗങ്ങൾക്ക് പദ്ധതിയിടുമ്പോൾ, ഇവിടെ മുറവിളി കൂട്ടുന്നത് വിദ്യാഭാസ മേഖലയിൽ സംവരണം കൂടുതൽ കൊടുത്ത് മുറി വൈദ്യൻമാരെയും ജോലിക്കായി അലഞ്ഞു തിരിയാൻ വിധിക്കപ്പെടുന്ന എഞ്ചിനീയർമാരെയും അടവെച്ച് വിരിയിക്കാൻ വേണ്ടിയാണ്.
  മറ്റ് തൊഴിൽ മേഖലകളും ഇവിടെ ആളുകൾക്ക് ഉപജീവന മാർഗ്ഗം ഉണ്ടാക്കുന്നുണ്ട് എന്നത് മറക്കാൻ പാടില്ലാത്ത ഒന്നാണ്.

  വർണ്ണാശ്രമത്തിൽ വേർതിരിക്കപ്പെട്ടിരുന്ന സമൂഹത്തെ വിമർശിച്ച്, ഇന്ന് നമ്മൾ എത്തി നിൽക്കുന്നത് വിദ്യാഭ്യാസത്തിൽ രണ്ട് തട്ട് സൃഷ്ടിക്കാനാണ്, അത്രയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ , അതും ഒരേ മേഖലയിൽ, നമ്മൾ സർക്കാരിനോട് ആവശ്യപ്പെടുകയാണ്, അതാണ് ശരി എന്ന് സമർത്ഥിക്കാൻ ശ്രമിക്കുകയാണ്.

  എല്ലാവരും തുല്യരാവേണ്ടത് അവർക്ക് ലഭിക്കുന്ന അവസരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എങ്കിൽ, ഇവിടെ സാമ്പത്തിക സംവരണം തന്നെയാണ് വേണ്ടത്. സംവരണമില്ലാതെ പഠിക്കുന്ന , അറിവിനെയും കഴിവിനെയും അടിസ്ഥാനപ്പെടുത്തി തൊഴിലുകൾ നൽകണം, ഏറ്റവും വലിയ തൊഴിൽ ദാതാവായ സർക്കാർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മാത്രം ജോലിക്കെടുക്കണം. അല്ലാതെ ജാതി തിരിച്ചും മത ധ്രുവീകരണത്തിലൂടെയും വീണ്ടും വോട്ട് ബാങ്ക് സൃഷ്ടിക്കുകയല്ല വേണ്ടത്.

  ശ്രീമാൻ നരേന്ദ്ര മോദി അധികാരത്തിൽ വന്നത് പട്ടാള അട്ടിമറിയിലൂടെ അല്ല എന്ന് ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ട ഒന്നാണ്. ജനാധിപത്യ രീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സഭയിൽ ഭൂരിപക്ഷമുള്ള സർക്കാറാണ് ഇന്ത്യ ഭരിക്കുന്നത്.

 2. ദേവീപ്രസാദ് പീടീയ്ക്കക്കൽ 1 year ago

  വില കൂടിയ വിദ്യ / വില കുറഞ്ഞ വിദ്യ എന്ന കാഴ്ചപ്പാട് തന്നെ തെറ്റാണ്, അത് ഒരു വിദ്യയെ / തൊഴിലിനെ വില കുറച്ച് കാണലാണ്. അപ്പോൾ ഇവിടെ വിദ്യയുടെ *വില* നിശ്ചയിക്കുന്നത് ആ വിദ്യയിലൂടെ നേടിയേക്കാവുന്ന തൊഴിലിൽ ലഭ്യമാകുന്ന വരുമാനത്തെ മാനദണ്ഡമാക്കിക്കൊണ്ടാണ്. അങ്ങിനെയെങ്കിൽ വിദ്യയ്ക്ക് സ്വാഭാവികമായും വിലയുണ്ടാവും, മൂല്യം എന്ന അർത്ഥത്തിൽ അല്ല, പരാമർശിക്കപ്പെട്ട പണം എന്ന അർത്ഥത്തിൽ , അതു കൊണ്ട് തന്നെയാണ് ആ ചിന്താഗതി തന്നെ തെറ്റാണ് എന്ന് പറഞ്ഞത്.

  അവിടെയും നൽകുന്ന സംവരണം മുറിവൈദ്യനെ സൃഷ്ടിക്കാനുള്ള മുറവിളി തന്നെയാണ്.

  ആ സമ്പ്രദായം നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി എന്ന് പറയുന്നത് ഇന്നിൽ നിന്നു കൊണ്ടാണോ…? കുറച്ചു മുൻപേ കണ്ണും കാതും തുറന്നു വയ്ക്കാൻ മറന്നു പോയോ….? ഒന്ന് ചികഞ്ഞു നോക്കൂ…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account