മനുഷ്യനായിരിക്കുക എന്നത് ബോധപൂര്‍വ്വം നിലനിറുത്തേണ്ടുന്ന ഒരു അവസ്ഥയാണ്. അത്രമാത്രം സമ്മിശ്രമായ ഭാവങ്ങളുടെ ഏറിമാറിത്തിരിയലാണ് നമ്മുടെ ബോധപ്രക്രിയ. അത് പലപ്പോഴും നമ്മുടെയും സഹജീവികളുടെയും നിലനിൽപ്പിനും തുടര്‍ച്ചയ്ക്കും അനുഗുണമാകുന്നതിനേക്കാല് പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് നാം അത്രമാത്രം ശ്രദ്ധയോടെ ജീവിച്ചാലേ മനുഷ്യന് എന്ന ഭാവത്തിലായിരിക്കാന് കഴിയൂ എന്നു പറയേണ്ടി വരുന്നത്.
തപസ്സ് എന്ന വാക്കിന് ശ്രദ്ധ എന്നാണ് അര്‍ത്ഥം. അകമേ നീറിപ്പുകഞ്ഞ് പുറത്തേക്കൊഴുകുന്ന വാസനകളെ അപ്പടി പുറത്തേക്കൊഴുക്കാതെ അത് നമ്മുടെ സമാധാനത്തിലേക്കുള്ള ആവിഷ്ക്കാരമായി മാറുമോ എന്ന് ശ്രദ്ധിച്ചുവേണം അനുവദിക്കാനെന്നാണ് ഋഷി പറയുന്നത്. ആ ശ്രദ്ധയാണ് തപസ്സ്.
സംയമനം, ക്ഷമ എന്നൊക്കെ പറയുന്നതിന് ലോകത്തുള്ള എല്ലാ ദര്‍ശനധാരകളും ഇത്രമാത്രം പ്രാധാന്യം കൊടുത്തതും ആരാധനയുടെ, സാധനയുടെ ഏറ്റവും ഉദാത്തമായ വഴിയാക്കിയതും അവര്‍ക്ക് നമ്മുടെ അകതാരിനെക്കുറിച്ച് അത്രമാത്രം യാഥാര്‍ത്ഥ്യബോധം ഉണ്ടായിരുന്നതിനാലാണ്.
സംയമം ചെയ്യുന്നതിലൂടെയാണ് നാം സംസ്ക്കാരസമ്പന്നരാകുന്നത്. മുന്നില്‍ വന്നു നില്ക്കുന്നവന് തന്റെ നിലനിൽപ്പിനു തടസ്സമാണെന്ന് കരുതി തലക്കടിച്ചു കൊന്നിരുന്ന ഒരു സ്വാഭാവിക പ്രക്രിയയില്‍നിന്ന് ഇന്നത്തെ സഹകരണത്തിലേക്ക് നാം വികസിച്ചു വന്ന ചരിത്രം പരിശോധിച്ചാല്‍ സംയമനത്തിന്റെ ധാരമുറിയാത്ത ചരിത്രമാണ് നാം വായിച്ചെടുക്കുക. നിലനിൽപ്പിന്നായുള്ള സമരത്തേക്കാള്‍ നിലനിൽപ്പിന്നായുള്ള സഹകരണമാണ് പ്രധാനമെന്ന തിരിച്ചറിവിലേക്കുള്ള വികാസമാണത്.
ഇനിയും നമുക്ക് ഏറെ യാത്ര തുടരാനുണ്ട്. സഹകരണത്തിന്റെ ലോകങ്ങള്‍ ഇനിയുമേറെ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നുണ്ട്. ആരും അന്യരല്ലെന്ന ആ വെളിവിലേക്ക് നടന്നെത്തുകയെന്നത് മനുഷ്യജീവിയ്ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ആ യാത്ര തുടരാത്തിടത്തോളം എന്തു നാം നേടിയാലും ഈ ജീവിതം അതൃപ്തിയോടെതന്നെ തുടരും. കാരണം, ഒരു സംഘജീവിയെന്ന നിലയില്‍ അവസാനത്തെ മനുഷ്യനും സമാധാനം ലഭിക്കുന്ന അന്തരീക്ഷം സംഭവിക്കാത്തിടത്തോളം നമ്മുടെ ആന്തരികത തിരമാലകളുടെ ഓളങ്ങളില്‍പെട്ട് ഉലഞ്ഞുകൊണ്ടേയിരിക്കും.
ആ അനിവാര്യമായ യാത്രയില്‍ നമ്മുടെ പങ്ക് നമ്മോട് ഏറ്റവും ചേര്ന്നിരിക്കേണ്ടവരോടു തോന്നിയ അന്യത്വം അവസാനിപ്പിച്ച് അവരെ ചേര്‍ത്തു പിടിക്കുകയെന്നതാണ്. ആ അന്യന് ഒരുപക്ഷെ നമ്മുടെ വീട്ടില്‍തന്നെ അടുത്ത മുറിയിലുണ്ടാകും. അവര്‍ക്ക് ഒരു ചായ പകരാനുള്ള ഹൃദയാലുത്വം ഉണര്ത്തിയെടുക്കുന്നിടത്താണ് ലോകസമാധാനത്തിനുള്ള നമ്മുടെ കര്‍മ്മം ആരംഭിക്കുന്നത്. അവിടെ അത് ചെയ്യാതെ വേറെ എവിടെ ചെയ്തിട്ടും കാര്യമില്ലെന്നാണ് പരിണാമശൃംഖലയുടെ വ്യവസ്ഥയെ മനസ്സിലാക്കുമ്പോള്‍ നാം അറിയുന്നത്.
-ഷൗക്കത്ത്