ചന്തയിലെ സംസ്ക്കാരം എന്നു പറയുന്നതിൽ ഒരു കളിയാക്കലുണ്ട്, സാധാരണക്കാരുടെ ഇടത്തെ അങ്ങനെയാണല്ലോ താഴ്ത്തിക്കെട്ടുക. വിലപേശാം എന്നതാണ് ചന്തയുടെ ഒരു സ്വാതന്ത്ര്യം. ചന്തയുടെ സംസ്ക്കാരം, പക്ഷേ, അതിലും വിപുലമായിരുന്നു എന്നുവേണം ഇപ്പോൾ കരുതാൻ. ഒരുപക്ഷേ, ചന്തസംസ്ക്കാരത്തിലേക്ക് എന്നെങ്കിലും മടങ്ങേണ്ടിവരുമെന്നും.
വാണിയംകുളത്തെ ചന്തയിലേക്ക് ഇപ്പോൾ വരുന്നത് പോത്തുകളും മാടുകളും ആടുകളുമൊക്കെയാണ്. പല സംസ്ഥാനങ്ങളിൽ നിന്ന് അവയെത്തുന്നു, കൊല്ലാനും വളർത്താനുമായി നൂറുകണക്കിന് ഉരുക്കളെ കെെമാറുന്നു. ഉണ്ണീരി മൂപ്പൻ വാണിയംകുളം ചന്തക്കു പോകുന്നിടത്താണ് കോവിലന്റെ പ്രശസ്തമായൊരു നോവൽ തുടങ്ങുന്നത്.
ഒരുകാലത്തെ വാണിയംകുളം ചന്ത നാൽക്കാലികളോടൊപ്പംതന്നെ മറ്റുപലതും നിറഞ്ഞൊരു വൻ വാണിജ്യ കേന്ദ്രവുമായിരുന്നു. ആവശ്യമുള്ളതും അതിലധികം ആവശ്യമില്ലാത്തതും എടുത്ത് കുട്ടയിലിട്ട് വിലപോലും നോക്കാതെ, നിശബ്ദം കടന്നുപോകുന്ന ആധുനിക മലയാളിയുടെ വിപരീത ദിശയിൽ നിൽക്കുന്നു, ഒച്ചകളുടെ ആ പഴയ സൂപ്പർ മാർക്കറ്റ്.
വാണിയംകുളം ചന്തയിലില്ലാത്ത ഒന്നുമുണ്ടായിരുന്നില്ല. നാടൻ പച്ചക്കറികളും നാനാതരം വിത്തുകളും കത്തിയും ചട്ടി-കലങ്ങളും പുൽപ്പായയും എത്രയോ നാട്ടുൽപന്നങ്ങളും പശുക്കൾക്കുവേണ്ട സകലമാന സംഗതികളും, മുടിവെട്ടുന്ന കടയുൾപ്പടെ ഒത്തുചേരുന്ന സമ്പന്നമായ കച്ചവടക്കാലം. വിഷത്തെക്കുറിച്ചോ അന്തകനെക്കുറിച്ചോ ഉത്ക്കണ്ഠകളേതുമില്ലാതെ കൊടുക്കൽ-വാങ്ങലുകളുടെ സമ്പന്നമായ പൊതു ഇടം.
മലയാളി ഇന്നല്ലെങ്കിൽ നാളെ, കേരളത്തിന്റെ പലയിടങ്ങളിലും നടന്നിരുന്ന ഇത്തരം കൂട്ടായ്മകളെ കൂടുതൽ മനസിലാക്കുകയും, പുതിയ ഏതെങ്കിലും രൂപത്തിൽ കളിയാക്കലുകൾക്കപ്പുറത്തെ ആ ചന്ത സംസ്ക്കാരത്തെ തിരിച്ചുപിടിക്കാനും തയ്യാറാവാതിരിക്കില്ല.