ക്യാമറാമാൻ സംവിധായകനാകുമ്പോൾ സിനിമയേക്കാൾ മികച്ചു നിൽക്കുക ഛായാഗ്രഹണമാകുമെന്നു പണ്ടേ പറയാറുണ്ട്. ഉഗ്രൻ  ഷോട്ടുകൾ കൊണ്ട് ഞെട്ടിക്കുന്നുണ്ട് അമൽനീരദിന്റെ സംവിധാനത്തിൽ ലിറ്റിൽ സ്വയാമ്പ്‌.  പുതുപുത്തൻ ഷോട്ടുകൾ കിടിലനായി വെട്ടിത്തുന്നിയ വിവേക് ഹർഷനും കൊടുക്കണം കയ്യടി. എന്നാൽ ആ ദൃശ്യങ്ങളുടെമേൽ പലപ്പോഴും അടിച്ചേൽപ്പിച്ചിരിക്കുന്ന പശ്ചാത്തല സംഗീതം (സുഷിൻ  ശ്യാം)   പ്രേക്ഷകനെ വിഡ്ഢിയാക്കാൻ എളുപ്പമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു സംവിധായകന്റെ വികൃതികളാണ്.

ദുബായിൽ ആരംഭിക്കുന്ന സിനിമ കിടിലൻ ടൈറ്റിൽ കാർഡോടുകൂടി കേരളത്തിലേക്കെത്തുമ്പോൾ പ്രേക്ഷകന് തീർച്ചയായും പ്രതീക്ഷകൾ ഉയരുന്നുണ്ട്. അപ്രതീക്ഷിത പ്രതിസന്ധികളിൽ പെട്ട്  വളഞ്ഞു കുത്തിയിരിക്കുന്ന ഫഹദിലും (എബി) മായാനദിത്തുടർച്ച പോലിരിക്കുന്നുവെങ്കിലും ഐശ്വര്യ ലക്ഷ്‌മിയിലും (പ്രിയ)പ്രതീക്ഷക്കു വകയുണ്ട്.

കേരളത്തിലെ ഹൈറേഞ്ച് ഗ്രാമത്തിലെത്തുമ്പോൾ സിനിമ പിന്നെയും പ്രതീക്ഷ തരുന്നു. പതിവുപോലെ നന്മ നിറഞ്ഞ കൊച്ചുഗ്രാമമൊന്നുമല്ല, വ്യത്യസ്‌തമായ ചിലതുണ്ടാവുമെന്നു തോന്നിപ്പിക്കുന്നു ഹൈറേഞ്ചിലെ തുടക്കം. എന്നാൽ അവിടെയാണ് നമുക്ക് പിഴച്ചു പോകുന്നത്. എക്‌സ്‌ട്രീം നന്മയുടെ എക്‌സ്‌ട്രീം ഓപ്പോസിറ്റ്! ആണുങ്ങളൊക്കെ ഞരമ്പുരോഗികളും കാമാസക്‌തരുമായ  ഒരു നാടാണ്  പതിനെട്ടാം മൈൽ!  ദുബായിലെ ഐ.ടി. ഫീൽഡിൽ നിന്ന് ഇവിടെയെത്തിയ ദമ്പതികൾക്ക് ലവന്മാരെക്കൊണ്ട് ഒരു രക്ഷയുമില്ല. സദാചാര ഗുണ്ടായിസത്തിലും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിലും ഒട്ടും മോശമല്ല കേരളം. സിനിമ അത് നന്നായി ചർച്ച ചെയ്യുമെന്ന് തോന്നലുണ്ടാക്കിയതുമാണ്.  പക്ഷെ, അത്  തോന്നൽ മാത്രമായിരുന്നു. ആദ്യത്തെ കുറെ സമയം ക്യാമറകൊണ്ട് പലതും നന്നായി പറഞ്ഞെങ്കിലും പശ്ചാത്തല സംഗീതം  കൊണ്ട് കോമാളിക്കളിയാക്കി. പിന്നീട് ക്ലൈമാക്‌സ് തുടങ്ങുന്നതു വരെ  സാമാന്യം നല്ല പിരിമുറുക്കത്തിൽ സിനിമ പോകുന്നു. (കഥയും തിരക്കഥയും സുഹാസ് – ഷറഫു)   ഐശ്വര്യയ്ക്ക് സിനിമയെ ക്ലൈമാക്‌സ്  സീൻ വരെ ലീഡ് ചെയ്യാൻ അവസരമുണ്ട്. നായകനെ പിന്നിലേക്ക് നിർത്തി പെർഫോം ചെയ്യാൻ കിട്ടിയ അസുലഭാവസരം ഒട്ടും മോശമാക്കിയില്ല ഐശ്വര്യ. ഫഹദിന്റെ എബിയിൽ നിന്നൊരു ഹീറോയിസം പ്രതീക്ഷിക്കുന്ന ഫാൻസ്‌ പലവട്ടം നിരാശരാകുന്നുവെങ്കിലും സിനിമക്ക് ആ രംഗങ്ങൾ മുതൽക്കൂട്ടാവുന്നുണ്ട്. പക്ഷേ, ഇരുപതു മിനിറ്റിലേറെ നീണ്ട ക്ലൈമാക്‌സിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളായിരുന്നു  അതുവരെയുള്ള സിനിമ.  ക്ലൈമാക്‌സ് പക്ഷേ, അതുവരെ കണ്ട സിനിമയെ പൊളിച്ചെഴുതുന്നു. ഫാൻസിന്റെ ആവേശത്തെ  കൊടുമുടിയിലേക്കു കയറ്റിയ ക്ലൈമാക്‌സ് പക്ഷേ മിനിട്ടുകൾ   കഴിയുമ്പോഴേക്കും ബോറടിപ്പിക്കുന്നു. മുൻപുള്ള ഒന്നരമണിക്കൂറിനെക്കാൾ അവസാനത്തെ ഇരുപത് മിനിറ്റിന് നീളം കൂടുതലുണ്ടെന്ന് തോന്നുന്നു.   ജോസി വാഗമറ്റത്തെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നുന്നു.

മൂന്നാം ക്ലാസ്സിലോ നാലിലോ പഠിക്കുമ്പോഴാണ് മനോരമ വാരികയിൽ ജോസി വാഗമാറ്റത്തിന്റെ കാവൽമാടം എന്ന നോവൽ ആവേശത്തോടെ വായിക്കുന്നത്. വില്ലനായ മുതലാളിയുടെ (നിസ്താർ സേട്ടിന്റെ പാപ്പാളി കോൺട്രാക്റ്റർ കൃത്യമായും ആ മുതലാളിയെ ഓർമ്മിപ്പിക്കുന്നുണ്ട്) ഗുണ്ടകൾ രാത്രി വീട് വളഞ്ഞ് ആക്രമിക്കാൻ വരുമ്പോൾ അതിലെ നായകൻ പടക്കവും കമ്പിയും പണിയായുധങ്ങളും കുഴിയുമൊക്കെയായി തന്ത്രപൂർവം  ഒറ്റയ്ക്ക് ചെറുത്തു തോൽപ്പിക്കുന്നത് വായിച്ച് അന്ന്  ത്രില്ലടിച്ചിട്ടുണ്ട്. അതിൻ്റെ അപ്‌ഡേറ്റഡ് വെർഷനുകൾ അദ്ദേഹം തുടർന്നുള്ള നോവലുകളിലും ഉപയോഗിച്ച്  വിജയിപ്പിച്ചിട്ടുണ്ട്. അത് തന്നെയല്ലേ  ഈ ക്ലൈമാക്‌സ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒന്ന് മനസ്സിലോടിയത്. അതെ, സത്യം അതാണ്. ഇതൊരു ജോസി വാഗമറ്റം നോവൽ പകർപ്പ് തന്നെയാണ്. അദ്ദേഹം ജനപ്രിയ നോവലെഴുതാൻ അക്കാലത്ത് ബ്രില്യന്റ് ആയി ഉപയോഗിച്ച ബാക് ഗ്രൗണ്ട്, കഥാപാത്രങ്ങൾ, സംഘട്ടനങ്ങൾ അതിന്റെയൊക്കെ ദുർബലമായ റീമേക്ക്‌ ആണ് വരത്തൻ. ജോസി വാഗമറ്റം കാവൽമാടം  കഴിഞ്ഞ് പത്തുമുപ്പതു വർഷം മുന്നോട്ടു പോയി.  അമൽ നീരദ് എന്ന ന്യൂജെൻ  സംവിധായകനും അദ്ദേഹത്തിൻ്റെ എഴുത്തുകാരും  മുപ്പതു  വർഷം പുറകോട്ടു നടന്ന് ആ കാവൽ മാടം കയ്യേറിയിരിക്കുന്നു.

(‘സിനിമാക്കാർ എന്റെ നോവലുകളെ പൈങ്കിളിയെന്ന് പുച്ഛത്തോടെ പരിഹസിക്കും.  അവരുടെ സിനിമ കാണുമ്പോൾ എന്റെ നോവലിന്റെ ഭാഗങ്ങൾ യാതൊരുളുപ്പുമില്ലാതെ പകർത്തി വെച്ചിട്ടുമുണ്ടാകും’. – ജനപ്രിയ നോവലിസ്റ്റ്  പണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞത്).

ഷറഫുദ്ദീൻ, വിജിലേഷ്, അർജുൻ അശോകൻ, ദിലീഷ് പോത്തൻ തുടങ്ങിയ നടന്മാർക്കും ഛായാഗ്രാഹകൻ ലിറ്റിൽ സ്വയാമ്പിനും ഉഗ്രൻ പ്രകടനത്തിനുള്ള അവസരം കിട്ടിയതാണ് ഈ സിനിമയുടെ സംഭാവനയായി കാണാനുള്ളൂ.  ഉണ്ണിമായക്കൊപ്പം വന്ന ചേതനും കയ്യടി കിട്ടുന്നുണ്ട്. ബാക്കിയെല്ലാം സാറ്റലൈറ്റ് റേറ്റും ഫഹദ് ഫാസിലിന്റെ മാർക്കറ്റും സ്‌തുതിയെഴുത്തുകാരും ചേർന്നൊരുക്കുന്ന മായാജാലങ്ങൾ. ഫഹദ് ഫാസിൽ കോൾഷീറ്റ്‌  കൊടുത്ത ചിത്രത്തിന് ഒന്നും നോക്കാതെ ഡേറ്റ് കൊടുക്കാമെന്നു ഐശ്വര്യ ലക്ഷ്‌മി  കഴിഞ്ഞ ദിവസം ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുപോലെയാണ് തങ്ങളുടെയും മനോഭാവമെന്ന് ഇന്നലെ കൈരളിയിൽ നിറഞ്ഞ കുടുംബപ്രേക്ഷകർ സാക്ഷ്യം പറയുന്നത്.  എന്നാൽ ഈ സിനിമ കാണുന്നതോടെ അവരിൽ  ചിലരെങ്കിലും ആ മനോഭാവം ഉപേക്ഷിച്ചാൽ കുറ്റം പറയാനാവില്ല.

ഉമേഷ് വള്ളിക്കുന്ന് 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account