അമ്മ കുഴച്ച ചോറുരുളക്കായി
അറിയാതെ ഞാനൊന്ന് നാവു നീട്ടി
അമ്മതൻ കയ്യിലെ ചോറിന്റെ മാധുര്യം
അമ്മിഞ്ഞ പാലായ് നിറഞ്ഞു നിന്നു

തൈലം മണക്കുന്ന തലയണ നീക്കി
ചാരത്തിരിക്കുവാൻ തലചെരിച്ചു
ഉരുളകളോരോന്നായ്
വായിൽ നുണയവേ
അക്ഷരമില്ലാത്ത കഥ പറഞ്ഞു

മാത്രകൾ കൂട്ടിയ കൂടുകൾ കാണിച്ചു
തൈലം വറ്റിയ കുപ്പികൾ കാണിച്ചു
വേദന പായുന്ന കാലുകൾ കാണിച്ചു
കുഞ്ഞിനെപ്പോലെ ചിരിച്ചു നിന്നു

ആദ്യവുമന്ത്യവും തെറ്റിപ്പറയുമ്പോൾ
സ്വയമേ ചിരിച്ചു തലകുനിക്കും
മങ്ങിയ കണ്ണുകൾ കണ്ണിൽ തറപ്പിച്ചു
സ്നേഹം ചുരത്തി തുളുമ്പി നിന്നു

നാലു പത്താണ്ട് മറന്നൊരു കുഞ്ഞായ്
ഞാനമ്മതൻ മടിയിൽ ചാഞ്ഞുറങ്ങി
വിറയാർന്ന കൈകളെൻ
തലയിൽ തലോടുമ്പോൾ
ആകാശ ഭൂമികൾ സ്വന്തമായി

അമ്മതൻ വാത്സല്യമേറ്റു കിടക്കുവാൻ
നന്മകൾ ഹൃത്തിൽ ബാക്കിവേണം
കുഞ്ഞായിരുന്നപ്പോൾ നേടിയ കാരുണ്യം
തിരികേ കൊടുക്കാൻ മനസ്സ് വേണം

3 Comments
 1. sugathan Velayi 5 years ago

  വൃദ്ധ മാതാപിതാക്കളെ നടതള്ളുന്ന, കൂണുകൾ പോലെ വൃദ്ധസദനങ്ങൾ പെരുകുന്ന കെട്ട കാലത്തിൽ അഷ്റഫ് വരിക്കോളിയുടെ വാത്സല്യം എന്ന കവിതയിലൂടെ മാതൃസ്നേഹമാകുന്ന അമ്മിഞ്ഞപ്പാലിന്റെ സ്നേഹാമൃത് നുണയുന്നു. നന്ദി.

 2. Prabha 5 years ago

  സ്നേഹവും വാത്സല്യവും വേദനയും തുളുമ്പുന്ന വരികൾ…

 3. Meera achuthan 5 years ago

  എത്ര സുന്ദരം, അതി മനോഹരം.
  ഈ വരികളിലൂടെ ഞാനെന്റ അമ്മയെ കാണുകയായിരുന്നു,.
  നന്ദി ,വളരെ നന്ദി.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account