നൂറ്റിയൻപത് വർഷങ്ങൾ‍ക്കുശേഷം 2010 ഏപ്രിലിൽ തെക്കേ ഐസ് ലാൻഡിലെ Eyjafjallajokull എന്ന   അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. സാധാരണയായി Eyjafjallajokull-നോടൊപ്പം ഇരുപ്പത്തിയഞ്ചു കിലോമീറ്റർ‍ അകലെ കിടക്കുന്ന കട്ടലയും ഇളകി മറിയാറുണ്ട്. 2010ൽ‍ കട്ടല പിണക്കത്തിലായിരുന്നിരിക്കണം. മൂപ്പരുടെ അനക്കമൊന്നുമുണ്ടായില്ല.  ശാസ്ത്രലോക കണക്ക് പ്രകാരം അന്നത്തേത് വളരെ വീര്യം കുറഞ്ഞൊരു വിസ്ഫോടനമായിരുന്നത്രേ. ഉവ്വ്, എന്നിട്ടാണോ അന്ന് അഗ്നിപർ‍വ്വതം പുറന്തള്ളിയ ചാരം ഇംഗ്ലണ്ടിലും, ജർമ്മനിയിലും, റഷ്യയുടെ പടിഞ്ഞാറെ അറ്റംവരെയെത്തിയതും യൂറോപ്യൻ വ്യോമമേഖല സ്തംഭിച്ചതും? ഒരാഴ്ചയിലധികം യുറോപ്പിലേക്കുള്ള എല്ലാ വിമാന സർവീസുകളും മുടങ്ങി. സാരല്യ, ചെറുതല്ലേന്നൊക്കെ അവര്‍ക്ക് പറയാം, പക്ഷെ എനിക്കങ്ങിനെ തോന്നിയില്ല. കാരണം സൗദിയില്‍ കിടന്നിരുന്ന എന്നെയും “ക്ഷ” വരപ്പിക്കാന്‍ Eyjafjallajokull-ന്‍റെ തുമ്മലിനായീലോ. അപ്പോൾ‍ കട്ടലയും കൂടെ കൂടിയിരുന്നെങ്കിലോ?

 

Eyjafjallajokull Eruption 2010 – Photo Courtesy: Google Images

ഐസ് ലാന്‍ഡ്‌ ഭാഷയില്‍ ദ്വീപ്‌, പര്‍വതം, ഹിമപ്പരപ്പ് എന്നീ അര്‍ത്ഥങ്ങള്‍ വരുന്ന പേരുകള്‍ ഒന്നിച്ചു ചേരുന്നതാണ് Eyjafjallajokull. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ന്യൂസ്‌ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇത്ര വലിയ പേര് നാവില്‍ വഴങ്ങാത്തതിനാല്‍ അവരതിനെ വെട്ടിച്ചുരുക്കി E15 എന്നാക്കി. Eyjafjallajokull-യെന്ന പേരിന്‍റെ ആദ്യാക്ഷരത്തോടൊപ്പം ബാക്കി വരുന്ന അക്ഷരങ്ങങ്ങളുടെ എണ്ണവും കൂട്ടിയിട്ടാണ് E15 എന്ന പേര് റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടാക്കിയത്. മിടുക്കര്‍!! Eyjafjallajokull ഇടയ്ക്കിടയ്ക്ക് പൊട്ടിത്തെറിച്ച് വില കളയാറില്ല അത് കൊണ്ട് എന്‍റെ കഥ വായിച്ച് പേടിക്കണ്ട. തന്നെ കൊണ്ടാവും പോലെ യൂറോപ്യൻ ലോകത്തെ വിറപ്പിച്ച ഈ വില്ലന്‍ ഞങ്ങള്‍ക്ക് പണി തന്നതെങ്ങിനെയാന്നല്ലേ? എല്ലാം കെട്ടിപ്പെറുക്കി പാസ്പ്പോർട്ടിൽ എക്സിറ്റടിച്ച് സൗദിയില്‍ നിന്ന് കാനഡയിലേക്കുള്ള വിമാനം കയറാന്‍ തുടങ്ങിയപ്പോഴല്ലേ എങ്ങാണ്ടൊരിടത്തെ പ്രകൃതിയുടെ വികൃതി ഞങ്ങളുടെ യാത്ര മുടക്കിയത്. അന്നുവരെ ഓര്‍ക്കാതിരുന്ന ഐസ് ലാന്‍ഡ്‌, ‘ഇനിയെന്നെ ഓര്‍ത്തോളൂ’ന്നും പറഞ്ഞ് പിന്നീട് ഒരാഴ്ചക്കാലം ഞങ്ങളുടെ ഉറക്കം കെടുത്തി.

 

ഏഴ് വര്‍ഷങ്ങൾക്ക് ശേഷം ഐസിനേക്കാള്‍ തീയും പുകയും നിറഞ്ഞ “ഐസ് ലാൻഡി” ലേക്കുള്ള യാത്ര അപ്രതീക്ഷിതമായിരുന്നു. പലരും ചോദിച്ചത് പോലെ കാനഡയിലെ ഐസും തണുപ്പും പോരാഞ്ഞിട്ടാണോ അങ്ങോട്ട്‌ പോയത്. അല്ല… ഈ യാത്ര അന്നേ കുറിച്ചിട്ടതായിരിക്കണം. ഒരിക്കല്‍ ഭീമാകാരമായ രൂപം പൂണ്ട് വഴിമുടക്കിയത് എന്നെങ്കിലും നടക്കാനിരിക്കുന്ന യാത്രയുടെ വിത്ത് പാകാനായിരിക്കുമോ? ഞാനറിയാതെതന്നെ ഈ യാത്രക്കുള്ള ഒരുക്കങ്ങള്‍ കാലേകൂട്ടി നടന്നിരുന്നു. ലൈബ്രറിയിലെ അലച്ചിലില്‍ കിട്ടിയ സാറാ മോസ്സിന്‍റെ “Names for the Sea – Strangers in Iceland” എന്ന പുസ്തകം വായിക്കുമ്പോഴൊന്നും അങ്ങോട്ടുള്ള യാത്ര സ്വപ്നത്തില്‍പ്പോലുമുണ്ടായിരുന്നില്ല. വൗ എയറിന്‍റെ (WOW Air) ഓഫര്‍ അപ്രതീക്ഷിതമായാണ് മുന്നിലെത്തിയത്. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു..
.

ആര്‍ട്ടിക് സര്‍ക്കിളിന്‍റെ തെക്കുഭാഗത്തുള്ള  ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാഷ്ട്രമായ ഐസ് ലാൻഡിലെ ജനസംഖ്യ നാലു ലക്ഷത്തിനടുത്തില്ല. അതായത് ചില സമയത്ത് പെരിന്തല്‍മണ്ണ അങ്ങാടിയില്‍ കൂടുന്നത്രയും ആളുകളൊന്നും അവിടെയില്ല. മനുഷ്യവാസമില്ലാതെ കിടന്നിരുന്ന ഐസ് ലാൻഡില്‍ 870-ല്‍ നോര്‍വേയില്‍ നിന്നുള്ള വൈക്കിംങ്ങുകളാണ് ആദ്യമായെത്തുന്നത്. പ്രക്ഷുബ്ധമായ നോര്‍ത്ത് അറ്റ്‌ലാന്‍ടിക് സമുദ്രത്തത്തോടും പുകയുന്ന അഗ്നിപര്‍വ്വതങ്ങളോടും മല്ലിട്ട് അവര്‍ ദ്വീപിനെ വരുതിയിലാക്കി. ഐസ് കുറവുള്ള ഐസ് ലാന്‍ഡിനെങ്ങിനെ ആ പേര് കിട്ടിയെന്നതിനൊരു കഥയോക്കെയുണ്ട്. പണ്ടെങ്ങോ നോര്‍വേയില്‍ യുദ്ധമുണ്ടായപ്പോൾ പേടിച്ചോടിയ ചിലര്‍ ഐസ് ലാന്‍ഡിലെത്തി അവിടെ താമസിക്കാന്‍ തുടങ്ങിയത്രേ. ശത്രുക്കള്‍ പിന്തുടര്‍ന്നെത്താതിരിക്കാന്‍ ഐസ് മൂടി കിടക്കുന്ന വലിയൊരു ദ്വീപിലാണ് അവരെത്തിയിരിക്കുന്നതെന്നും തൊട്ടടുത്ത്‌ പച്ചപ്പ്‌ നിറഞ്ഞ മറ്റൊരു ദ്വീപ് കാണുന്നുണ്ടെന്നുമൊക്കെ നാട്ടിലുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. അങ്ങിനെ ഐസ് മൂടി കിടക്കുന്ന ദ്വീപ്‌ ഗ്രീന്‍ലാന്‍ഡും ഐസ് കുറവുള്ള ദ്വീപ്‌ ഐസ് ലാന്‍ഡുമായത്രേ. അവരെ തിരഞ്ഞു വന്നവര്‍ ഗ്രീന്‍ ലാന്‍ഡിലെത്തിയിരിക്കാമെന്നു വിശ്വസിച്ച് നമുക്ക് കഥ അവസാനിപ്പിക്കാം. ‘കഥകളുടെ ദ്വീപ്‌’ എന്ന ഓമനപ്പേരുള്ള ഐസ് ലാന്‍ഡില്‍ കഥകള്‍ക്കാണോ പഞ്ഞം?

 

ഐസ് ലാന്‍ഡെന്ന പേരു കൊണ്ടായിരിക്കും അഗ്നിപര്‍വ്വതങ്ങളുടെ ചൂടും പുകയുമൊന്നുമെന്‍റെ ചിന്തയിലില്ല. മഞ്ഞും തണുപ്പും ഐസ് ഡ്രൈവിങ്ങും, അറോറയുമൊക്കെ മനസ്സില്‍ നിറച്ച് ഫെബ്രുവരി പതിനൊന്നാം തിയതി ആറുമണിക്ക് ടോറോന്റോയില്‍ നിന്ന് ഞങ്ങള്‍ വൗ എയറില്‍ കയറി കൂടി. ആറു മണിക്കൂറുള്ള വിമാനയാത്ര കഴിഞ്ഞ് ഞങ്ങള്‍ കേഫ്ലാവിക്കില്‍ (Keflavik) ഇറങ്ങുമ്പോള്‍ ഐസ് ലാന്‍ഡ്‌ സമയം ഫെബ്രുവരി പന്ത്രണ്ട് രാവിലെ അഞ്ച് മണിയാണ്. സാഹിത്യ നഗരത്തിലേക്ക് സ്വാഗതമെന്നെഴുതി വെച്ചത് കണ്ട് ഉറക്കം തൂങ്ങി നടന്നിരുന്ന ഞാന്‍ കണ്ണ് മിഴിച്ചു. വിമാനത്താവളം തലസ്ഥാന നഗരിയായ റെയ്ക്യാവിക്കി (Reykjavik)ല്‍ നിന്ന് 40km അകലെയാണ്. 2011 ലാണത്രേ റെയ്ക്യാവിക്കിനെ യുനെസ്ക്കോ സിറ്റി ഓഫ് ലിറ്ററെച്ചറായി നാമനിര്‍ദ്ദേശം ചെയ്തത്. 

 

ഇമിഗ്രേഷന്‍ കൌണ്ടറിനടുത്തുള്ള  ചുവരില്‍ കണ്ട ഉദ്ധരണിയുടെ അര്‍ത്ഥം ചികയുന്ന തിരക്കിലാണ് ഞാന്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാഷയും, സാഹിത്യവും പോലെ അലൗകികമായ സൗന്ദര്യവും നമ്മളെ കീഴ്പ്പെടുത്തുമെന്നാണ് വായിച്ചറിഞ്ഞിട്ടുള്ളത്‌. ചുവരെഴുത്ത് തിരിച്ചും മറിച്ചും വായിച്ചിട്ട് മനസ്സിലാവാത്തത് കൊണ്ട് മൊബൈല്‍ഫോണില്‍ അത് പകര്‍ത്തുന്ന സായ്‌വിനോട് ചോദിച്ചു. ‘എനിക്കറിയില്ല… ആരോടെങ്കിലും ചോദിക്കാനാണ് പകര്‍ത്തി വെക്കുന്നത്. ചോദിക്കുമ്പോള്‍ മറന്നു പോകരുതല്ലോ’ ന്ന് ഉത്തരവും കിട്ടി. യാത്രയിലെ ആദ്യത്തെ സ്റ്റഡി ക്ലാസ്സ്‌ അവിടെ തുടങ്ങി.  ഞാനും കുറിച്ചിട്ടു. തിരിച്ചെത്തിയിട്ടാണ് വീണ്ടും ഞാനത് ചികയാന്‍ പോയത്. കുറെ തപ്പിയപ്പോള്‍ ഉദ്ധരണിയുടെ ബാക്കി ഭാഗം കിട്ടി. സാഹസീകരായ വൈക്കിങ്ങുകളെ മനസ്സിലാക്കാന്‍ എന്‍റെ കുഞ്ഞു ബുദ്ധി പോരല്ലോ… 

 

 Better weight than wisdom a traveller cannot carry. (Hávamál  the sayings of the Vikings, as seen in Keflavik Airport)

The poor man’s strength in a strange place, worth more than wealth. 

 

  

“നിഗൂഢമായ വരികള്‍ പോലെയാണീ ഭൂപ്രദേശവും. നിനക്കറിയില്ല. അനുഭവിച്ചറിയാന്‍ വരൂ…” സള്‍ഫറിന്‍റെ നേര്‍ത്ത ഗന്ധമുള്ള കാറ്റാണോ ഇതെന്‍റെ ചെവിയില്‍ മൂളിയത്?

(തുടരും)

 

 

8 Comments
 1. Pramod 4 years ago

  രസകരവും ലളിതവുമായ വിവരണം. ഐസ് ലാൻഡിനെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു. നന്ദി

  • Author
   Fathima Mubeen 4 years ago

   പോസ്റ്റ്‌ ഇഷ്ടമായിയെന്നറിയിച്ചതില്‍ സന്തോഷം പ്രമോദ്… നന്ദി

 2. sugathan Velayi 4 years ago

  മുബിയുടെ യാത്രാവിവരണം” വായനശാല” യിലും വായിച്ചതായി ഓർക്കുന്നു. കിടിലൻ യാത്രാനുഭവങ്ങൾ. ലളിതവും സരസവുമായ വർണ്ണന. അഭിനന്ദനങ്ങൾ….. ഭാവുകങ്ങൾ നേരുന്നു.

  • Author
   Fathima Mubeen 4 years ago

   നന്ദി സുഗതന്‍… ജ്വലനത്തില്‍ ആദ്യമായാണ് പോസ്റ്റ്‌ ഇടുന്നത്.

 3. sugathan Velayi 4 years ago

  പ്രിയ ഫാത്തിമ മുബീൻ,
  പേരുപോലെ തന്നെ മനോഹരമായ ഒരു ബ്ലോഗാണ് ” വായനശാല”യും.
  നല്ല കഴിവുള്ള എഴുത്തുകാർ. ജ്വലനത്തെ വായനശാലയ്ക്കും തിരിച്ചും പരിചയപ്പെടുത്തിയാൽ ഗംഭീരമാകും.
  ഭവതിക്ക് അതിന് കഴിയും.
  ആശംസകളോടെ…..

  • Author
   Fathima Mubeen 4 years ago

   വായനശാല ബ്ലോഗേര്‍സിനുള്ള ആപ്പ് അല്ലേ? അതിന്‍റെ ടെക്നിക്കല്‍ വശം എനിക്കറിയില്ലാട്ടോ. ഞാന്‍ ശ്രമിക്കാം…

 4. Haridasan 4 years ago

  കൗതുകമുണർത്തുന്ന വിവരണം. തുടർ വിവരണത്തിന് കാത്തിരിക്കുന്നു…

  • Author
   Fathima Mubeen 4 years ago

   ക്ഷമിക്കണം ഈ കമന്റ്‌ ഞാന്‍ കണ്ടില്ലായിരുന്നു. നന്ദി

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account