ഇത് തുംകൂരിലൂടെ കടന്നുപോകുന്ന ദേശീയ പാത. ബംഗ്ളുരുവിൽ നിന്നും വടക്ക് പടിഞ്ഞാറ് ഭാഗത്ത് എഴുപതു കി.മി. ദൂരം. റോഡിനിരുവശങ്ങളിലും കണ്ണെത്തുംദൂരത്തായ് കാട്ടാനകൂട്ടങ്ങൾ സഞ്ചരിക്കുന്നതു പോലെ തോന്നിപ്പോകുന്ന പാറക്കെട്ടുകൾ. വലിയ പാറക്കല്ലുകൾക്കു മുകളിൽ മറ്റൊരു പാറക്കല്ല് അടുക്കിവെച്ച പ്രകൃതിയുടെ അത്ഭുതങ്ങൾ… പുരാതനശിലാ പർവ്വങ്ങളുടെ വന്യവും ഗഹനുമായ ഉൾക്കാഴ്ചകൾ… ഉയർന്ന പാറപരപ്പിൽ ദൈവസങ്കൽപ്പങ്ങളെ കുടിയിരുത്തിയ കൊച്ചമ്പലങ്ങൾ. ആർത്തിമൂത്ത പാറതുരപ്പന്മാർ അധികാരവും യന്ത്രക്കൈകളുമായി എത്തി ഘനീഭവിച്ച മൗനത്തിന്റെ വന്യതയിൽ നിന്നും ആർത്തുചിരിക്കാൻ തുടങ്ങിയിട്ടുണ്ട്.

കുററിച്ചെടികൾ പറ്റിപടർന്ന മൊട്ടക്കുന്നകൾ. താഴ്വാരങ്ങളിൽ വററിവരണ്ട തടാകങ്ങൾ. കവുങ്ങിൻ തോപ്പുകൾ. അധികം വലിപ്പമില്ലാത്ത പഴുത്ത അടയ്ക്കാകുലകൾ. നിറഞ്ഞു നിരന്ന തെങ്ങുകൾ. ചില ചെരിവുകളിൽ അൽപ്പം നെൽകൃഷിയും പച്ചക്കറികളും ഇടകലർന്ന് കാണപ്പെടുന്നു. ഉയരം കുറഞ്ഞ പേരറിയാത്ത മരക്കൂട്ടങ്ങൾ. പിന്നെ നീരൂറ്റിയെടുത്തു മരുഭൂമിയാക്കുന്ന യൂക്കാലികൾ. നാൽക്കാലികളെ പേരിനു പോലും കാണാനില്ല.

പണ്ട് കൃഷി ചെയ്തിരുന്ന പാടങ്ങളിൽ പാർപ്പിടങ്ങൾ തലപൊക്കാൻ തുടങ്ങി. വരണ്ട പാടങ്ങളിൽ വിശാലമായ വേർഹൗസുകളും കമ്പനി ഷെഡ്ഡുകളും പണിതു വെച്ചിരിക്കുന്നു.

ബംഗളുരുവിൽ നിന്ന് തുംകൂരിന്റെ വടക്കൻ കവാടത്തിലൂടെ ടോൾ ബൂത്ത് കടന്ന് ബെളഗാവി, ശിവമൊഗ്ഗ, ചിത്രദുർഗ്ഗ, ഹുബ്ലി, പൂനെ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് ജനങ്ങളെയും ചരക്കുകളും വഹിച്ചു പോകുന്ന വാഹനങ്ങൾ. സമാന്തരമായി റെയിൽപ്പാളങ്ങളിലൂടെ കുതിച്ചു പായുന്ന തീവണ്ടി, പാടശേഖരങ്ങളും വരണ്ടഭൂപ്രദേശങ്ങളും കൊച്ചുഗ്രാമങ്ങളും താണ്ടി വിദൂരമാം നരങ്ങളിലേക്ക്…

പാതയോരങ്ങളിൽ ഢാബകൾ, ചെറുതും ഇടത്തരത്തിലുള്ളതുമായ ഹോട്ടലുകൾ. ചിലയിടത്ത് മരച്ചുവട്ടിൽ ചെത്തി വൃത്തിയാക്കിയ സ്ഥലത്ത് പോളിത്തിൻ ഷീറ്റുകൾ വലിച്ചുകെട്ടി ഓമ്നി വാനിൽ ഭക്ഷണം വെച്ചു കാത്തിരിക്കുന്ന പാതയോര കച്ചവടക്കാർ, യാത്രക്കാരുടെ ദാഹം തീർക്കാൻ ഇളനീർ കുലകളും വായ്ത്തല വീതിയുള്ള കത്തിയും പിടിച്ചു കാത്തുനിൽക്കുന്നവർ…

വിദ്യാഭ്യാസത്തിനും സംസ്കാരിക ഗരിമയ്ക്കും മതസൗഹാർദ്ദത്തിനും അരിമില്ലുകൾക്കും പച്ചക്കറികൾക്കും തേങ്ങയ്ക്കുംഅടക്കയ്ക്കും ചെറുകിടവ്യവസായങ്ങൾക്കും പേരുകേട്ട നഗരം. ‘നടദാടുവദേവരു’ സിദ്ധ ഗംഗമഠത്തിലെ ശിവകുമാരസ്വാമിയുടെ ഊര്.110 വയസ്സ് പിന്നിട്ട അദ്ദേഹം കന്നഡിഗരുടെ കാണപ്പെട്ട ദൈവമാണ്. സിദ്ധഗംഗ ചാരിറ്റി ട്രസ്റ്റ് ജാതിമതവർഗ്ഗ ഭേദമില്ലാതെ ഒമ്പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണ താമസ സൗകര്യങ്ങളുൾപ്പെടെ വിദ്യാഭ്യാസം നൽകിവരുന്നു.

മൊബൈൽ ഷോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, ബാങ്കുകളും എടിഎം സൗകര്യങ്ങളും, കമ്പ്യുട്ടർ സെന്ററുകൾ, ആധുനിക ആശുപത്രികൾ, സ്വർണ്ണാഭരണശാലകൾ, ബേക്കറികൾ, ചെറുതും വലുതുമായ ഹോട്ടലുകൾ, ലോഡ്ജുകൾ, ബാറുകൾ തുടങ്ങി പഴമയുടെ പ്രൗഢിയും പുതുമയുടെ മോടിയും ഇടകലർന്ന നഗരം. അമ്പലങ്ങളും പള്ളികളും ചർച്ചുകളും ഇഴചേർത്ത നഗരം. വിവിധങ്ങളായ മതങ്ങളും ആചാരങ്ങളും ചേർന്ന് സഹവർത്തിത്വം പുലർത്തുന്ന നഗരം. മൊത്തത്തിൽ ഇരുത്തംവന്ന ഒരു കൊച്ചു നഗരം. ഗാന്ധിനഗറും എം.ജി റോഡും സരസ്വതീപുരവും അംബേദ്കർ നഗറും ഏതൊരു നഗരനാമങ്ങൾ പോലെ…

മണ്ടികളിൽ മൊത്തകച്ചവടവും ചില്ലറവില്പനയും തകൃതി. പച്ചക്കറി വണ്ടിയിലും തെരുവു കച്ചവടത്തിലും ചന്തയുടെ ആരവം.

ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളിൽ മുങ്ങി അർത്ഥശൂന്യനായ ഞാൻ മൂന്നു മാസക്കാലം ഈ നഗരത്തെ എന്റെ ഇടത്താവളമാക്കിയിരുന്നു.

നഗരചത്വരത്തിന് പുറത്ത് ഒരു വലിയ ബേക്കറിയിൽ നിന്നു കൊണ്ട് പുതിയ തൊഴിൽ മേഖല കണ്ടെത്തുവാനും പഠിക്കുവാനുള്ള ശ്രമത്തിലായിരുന്നു. പല തരത്തിൽപ്പെട്ട ആൾക്കാരുമായും ഇടപഴകാനും അതുവഴി ചിലരുമായി സുഹൃദ് ബന്ധം വളർത്താനും കഴിഞ്ഞു.

നോട്ടു നിരോധനത്തിനു ശേഷവും ജനങ്ങളുടെ ക്രയവിക്രയത്തിന് യാതൊരുവിധ അപചയവും സംഭവിച്ചില്ലന്ന് മനസ്സിലായി. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുത്തൻ നോട്ടുകളാണ് പലരും വീശുന്നത്. അഞ്ഞൂറ് മുതൽ മേൽപ്പാട്ടാണ് ഓരോ ബില്ലുകളും. ഓരോ രക്ഷിതാക്കളും എത്രയധികം ബേക്കറി സാധനങ്ങളാണ് മക്കളെ കൊണ്ട് തീറ്റിക്കുന്നത്! പണ്ട് ഒരു നേരം വിശപ്പടക്കി ജീവിച്ചവന്റെ ഭൂതാവേശം ചിലരിലെങ്കിലും കാണാറുണ്ട്. വിശപ്പ് ശമിപ്പിക്കാനല്,ല പകരം നാക്കിന്റെ രുചിയാണ് പ്രധാനം. പുതുകാല ബേക്കറികൾ എല്ലാ രുചികളുടെയും മേളപ്പെരുക്കമാകുന്നു .

ചില നേരങ്ങളിൽ ഞാൻ ഒരു കൊച്ചു കുട്ടിയായി എന്റെ ഓർമകളുടെ നടവരമ്പിലായിരിക്കും. അപ്പോൾ വലിയവെളിച്ചത്തിന്റെ വിശാലമായ പാറപ്പരപ്പും അതിൽ വെയിലേറ്റ് തിളങ്ങുന്ന മുട്ടോളംവളർന്ന നെയ്പുല്ലുകളും പരവതാനി വിരിക്കും. പടർന്നുപന്തലിച്ച മാവിൻ ചുവട്ടിലുള്ള കൊച്ചു ജലാശയവും അതിന്റെ ശീതളഛായയും ഇളംകാറ്റും മനസ്സിൽ കുളിരു കോരും. പച്ചമാങ്ങകൾ എറിഞ്ഞു വീഴ്ത്തി അതിന്റെ ചിന ഉരച്ചതിന് ശേഷം പാറയിൽതല്ലി പരസ്പരം പങ്കിട്ടെടുത്ത് തിന്ന ബാല്യങ്ങൾ. ചിലപ്പോൾ ഒരു മാങ്ങ തന്നെ ഞങ്ങൾ അന്യോന്യം കടിച്ചു തിന്നാറുണ്ട്.

ഓണത്തിന് പൂ പറിക്കാൻ പോകുമ്പോഴാണ് വലിയവെളിച്ചവും അതിന്റെ വന്യമായ മനോഹാരിതയും കണ്ട് വിസ്മയിച്ചത്. അകലെ ചെങ്കല്ലും ഉരുളൻകല്ലുകളും കൊണ്ട് മറച്ച പൊതുസ്മശാനവും മൂകതയും ഓർമ്മത്താളിൽ വിറങ്ങലിച്ചു നിൽക്കുന്നു.

മൂര്യാട്ടുള്ള അപ്പകൂട്ടിൽ നിന്നും വട്ടിയിൽ പലബിസ്ക്കറ്റും ഉണ്ടബിസ്കറ്റും ബാർലിബിസ്ക്കറ്റും പൊട്ട്യപ്പവും വട്ടയും അരിമുറുക്കം ജീരകത്തിന്റെ രുചിയുള്ള ചെറിയ റസ്ക്കും മറ്റുമായി വരുന്ന ഗോപാലേട്ടനേ ഓർക്കും. മൂര്യാട്ടുനിന്നും കുന്നുകയറി വലിയ വെളിച്ചത്തിലെ വെയിൽ ചീളുകൾ താണ്ടി അപ്പങ്ങൾ നിറച്ച വട്ടിയും തലച്ചുമടേറ്റിവരുന്ന വട്ട ഗോപാലേട്ടനെ കാത്തുനിന്ന നടവഴികൾ.

വട്ടിയുടെ കിരികിരുപ്പും പഴയ റബ്ബർ ചെരിപ്പിന്റെ നേർത്ത താളമടിയും അപ്പങ്ങളുടെ നെയ്മണവും ഗോപാലേട്ടന്റെ വിയർപ്പുഗന്ധവും ശ്വസിച്ച് ഞങ്ങൾ അയാളെ അനുഗമിക്കും.

അടയ്ക്കയും കശുവണ്ടിയും വിറ്റുകിട്ടിയ നാണയ തുട്ടുകൾ ഞങ്ങളുടെ കീശയിൽ നിന്നും തിടുക്കം കൂട്ടും. നടവഴിയുടെ അറ്റത്തുള്ള ചെമ്മൺ നിരത്തിലെ കൊള്ളിൻമേലാണ് ഈ വട്ടിയൊന്ന് ഇറക്കിവെക്കേണ്ടത്. വലിയ പപ്പടത്തിന്റെ വലിപ്പമുള്ള നേരിയ ചുടുള്ള വട്ടയാണ് പിള്ളേർക്കേറ്റവും ഇഷ്‌ടം. അതിന്റെ എണ്ണമണവും എള്ളിന്റെ രുചിയും തൊട്ടാൽ പൊടിയുന്ന കറുമുറുപ്പും ഇപ്പോഴും രുചിപെരുമയായി നാക്കിൻ തുമ്പിലുണ്ട്.

“ഓന് ബംഗളൂര് അപ്പക്കൂട്ടിലാ പണി…. ഓനിപ്പം സ്വന്തം അപ്പക്കൂടാ ആഡ…” എന്നൊക്കെ നാടുവിട്ടുപോയവരെ കുറിച്ച് പറയുന്നതു കേട്ടിട്ടുണ്ട്. പണ്ട്. അന്ന് ബംഗളൂർ എന്നൊക്കെ കേട്ടപ്പോൾ ഏതോ ബംഗാളാണ് ഓർമവരിക. ‘കൂറ ബംഗാളത്തു പോയപോലെ’ എന്ന ചൊല്ലു കേട്ടതുകൊണ്ടോ ജ്യോതിബസുവിനെ കേട്ടതുകൊണ്ടോ കമ്യൂണിസം കൊണ്ടോ എന്തുകൊണ്ടാവാം അങ്ങനെ ചിന്തിച്ചതെന്ന് തെല്ലും നിശ്ചയമില്ല .

പിന്നീട് വർഷങ്ങൾകഴിഞ്ഞ് ഞാൻ ബംഗളുരുവിൽ വരികയും പലതരം തൊഴിലുകൾ ചെയ്യുകയും അതിൽ പണ്ടത്തെ അപ്പക്കൂട് എന്ന ബേക്കറിയിലും തൊഴിലാളിയായി നിൽക്കുകയും സ്വന്തമായി ബേക്കറി തുറക്കുകയും ചെയ്തു. അപ്പൊഴൊന്നും ഗോപാലേട്ടന്റെ വട്ടിയിൽ കണ്ട അപ്പങ്ങളോ അതിന്റെ നാടൻ രുചിയോ ഗന്ധങ്ങളോ എനിക്ക് തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. അല്ലെങ്കിലും ഓർമകൾക്കെപ്പൊഴും സുഗന്ധം ഇത്തിരി കൂടുതലാണല്ലോ!

വീണ്ടും എതോ ഒരു കാലത്ത് ഏതോ ഒരു ദേശത്ത് ഏതോ ഒരു വഴിയിലൂടെ ജീവിതയാത്രയിൽ തീത്ഥാടകനായി വഴിയമ്പലമായ ബേക്കറിയിൽ തീചുമടിറക്കിവെക്കുന്നു. ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള അനിശ്ചിതമായ യാത്രയിൽ… ഇടവേളയിൽ… തെല്ലിട.

ജീവിതത്തിന്റെ നാൾവഴികളെ കുറിച്ച് യാതൊരു ഉറപ്പുമില്ലാതെ, ഈശ്വരന്റെ സ്നേഹവാരിധിയിലെ ആലിലയായ് വിറച്ചു നിൽക്കുകയാണ് ഞാൻ. ചിലരുടെ സ്നേഹകരുതലിൽ, കുത്തുവാക്കുകളുടെ കൂരമ്പ്മുനയിൽ, കാരപ്പെരുമഴയിൽ, മൗനനൊമ്പരങ്ങളുടെ നെരിപ്പോടിൽ, ഭക്‌തിയുടെ കർപ്പൂരാഴിയിൽ വിറച്ചു നിൽക്കുന്ന ഒരാലില.

8 Comments
 1. Sanjay 3 years ago

  നല്ല എഴുത്ത്… വെല്ലുവിളികൾ നേരിട്ട് മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ…

  • Sugathan velayi 3 years ago

   വായനയ്ക്ക് നന്ദി.നമസ്ക്കാരം.
   സ്നേഹാദരങ്ങളോടെ…

 2. Sreeraj 3 years ago

  നന്നായിട്ടുണ്ട്
  വിറച്ചുനിൽക്കാതെ മുന്നോട്ട്…

 3. Sugathan velayi 3 years ago

  വായനയ്ക്കും അഭിപ്രായത്തിനും
  പിന്നെ പ്രാർത്ഥനയ്ക്കും
  നന്ദി. സ്നേഹപൂർവ്വം….

 4. Haridasan 3 years ago

  Nicely written.. touching expressions…

  • Sugathan velayi 3 years ago

   നന്ദി; സ്നേഹം,
   വായനയ്ക്കുംഅഭിപ്രായത്തിനും.

 5. Anil 3 years ago

  Good memiries and current lufe challenges… Well written

  • Sugathan velayi 3 years ago

   നന്ദി ;സ്നേഹം,
   വായനയ്ക്കും അഭിപ്രായത്തിനും.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account