‘നിങ്ങൾക്കാ മുറ്റത്തേക്കൊക്കെ ഒന്നിറങ്ങി ചെടിയൊക്കെ ഒന്നു നനച്ചൂടെ ??’ ഞായറാഴ്ച പതിവില്ലാതെ വീട്ടിൽക്കണ്ടതിന് വാമഭാഗം ശിക്ഷ വിധിച്ചു. വീടിനു മുൻപിൽ ഉള്ള തെങ്ങിൻ ചുവട്ടിൽ ഹോസ് കൊണ്ട് വെള്ളം ചീറ്റിക്കുമ്പോൾ കാർഷെഡിലെ അന്തേവാസി അണ്ണാൻ പ്ലാവിനു മുകളിലിരുന്ന് ‘ഓ… അപ്പോൾ നിനക്കീപ്പണിയൊക്കെ അറിയാമോ ?’ എന്ന മട്ടിൽ നോക്കി. ഞാൻ വല്യ മൈന്റ് ചെയ്തില്ല.
പെട്ടെന്നാണ് തെങ്ങിൻ ചോട്ടിലൊരനക്കം കേട്ടത്. നോക്കിയപ്പോൾ ഒരു മൂഷികൻ തെങ്ങിന്റെ ചുവട്ടീന്ന് ചാടി തൊട്ടടുത്ത ചെടിച്ചട്ടിക്കരികിൽ വന്നു നിന്നു. കണ്ടാൽ ഒരു തറവാടിത്തം ഒക്കെയുണ്ട്. റേഷനും മോശമല്ല. അപ്പോൾ ഇവനുമായാണ് അച്ഛൻ ടോം ആൻറ് ജെറി കളിക്കാറുള്ളതെന്ന് ഉറപ്പ് .. !! അച്ഛൻ നടുന്ന കപ്പയും ചേനയും മറ്റുമാണ് അവന്റെ ആരോഗ്യ രഹസ്യം. ആകപ്പാടെ നനഞ്ഞ് ഒട്ടിനിൽക്കുകയാണ്. ആശാന്റെ കാലിന് എന്തോ ചെറിയ പരിക്കുപറ്റിയ പോലെ തോന്നി. പതുക്കെ നടന്ന് എന്റെ നേരെ വന്നു നിന്ന് ദയനീയമായി നോക്കി, എന്നെ തൊഴുതു.. ‘വിട്ടേക്ക്.. പാവോല്ലേ ഞാൻ’ എന്നു പറഞ്ഞ പോലെ തോന്നി. ഞാൻ അവന്റെ തല വഴി വെള്ളം ചീറ്റിച്ചു … അഹിംസയിൽ വിശ്വസിക്കുന്നതിനാൽ അവനെ വെറുതെ വിടാൻ തീരുമാനിച്ചു. മെല്ലെ മെല്ലെ നടന്ന് അവൻ തറവാട്ടിലെ കാനയുടെ അടുത്ത് വരെ ചെന്ന് എന്നെ തിരിഞ്ഞു നോക്കി എന്തോ പറഞ്ഞിട്ട് ഇരട്ടി സ്പീഡിൽ കാനയുടെ അകത്തേക്ക് ഒറ്റ ഓട്ടം. കാലിനു ഞൊണ്ടലുമില്ല.. എളിമ തീരെയില്ല.. ‘എന്തുവാടെ, ഇത്ര ബുദ്ധിയില്ലാണ്ടായിപ്പോയല്ലോ .. തൊട്ടടുത്തു കിട്ടീട്ടും കൊല്ലാതെ വിടാൻ? നിന്റെ ഫാദർ സകല പണീം നോക്കീട്ടും എന്റെ ഒരു രോമത്തിൽ പോലും ഇന്നേവരെ തൊടാൻ സാധിച്ചിട്ടില്ല…’ എന്നാണ് പറഞ്ഞതെന്ന് ആ മുഖത്തെ പുച്ഛഭാവത്തിൽ നിന്നു മനസിലായി. ആരും ഒന്നും കണ്ടില്ലെന്നുറപ്പാക്കി ഞാൻ വെള്ളം ഓഫാക്കി അകത്തേക്കു നടന്നു..
നല്ലൊരു കുട്ടിക്കഥ.. അഭിനന്ദനങ്ങൾ
Tku 🙂
Interesting…
Tku 🙂
Thank u 🙂
ഹഹാഹ മനോജ്.. കലക്കി… ഒക്കെ പോട്ടെന്നേ.. നല്ല കര്മ്മം ചെയ്യുക.., ദൈവം നമുക്ക് നല്ലത് വരുത്തും..
Ha..Ha.. tku 🙂