പണ്ടു പണ്ട് കേന്ദ്ര സർക്കാരിൻ്റെ കക്കൂസ് പരസ്യത്തിനും കേരളത്തിലെ കക്കൂസ് വിപ്ലവത്തിനും മുമ്പ്  ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ കക്കൂസ് ഒരു പരിഗണനാ വിഷയം പോലുമായിരുന്നില്ല. നീണ്ടു നിവർന്നു കിടക്കുന്ന പറമ്പിൻ്റെ വക്കിൽ, അതിരു കയ്യാലയുടെ ചോട്ടിൽ, പൊന്തക്കാട്ടിൽ, തോട്ടുവക്കിൽ ഒക്കെയായി മലവിസർജ്ജനമെന്ന പ്രകൃതിയുടെ വിളിയെ ബഹുഭൂരിപക്ഷവും നിർവ്വഹിച്ചു പോന്നു. എൺപതുകളിലെ സിനിമയിലെത്തുമ്പോൾ ഉൾനാട്ടിലെ ജോലി സ്ഥലത്ത് കക്കൂസില്ലാത്തതിൻ്റെ വിഷമം അനുഭവിക്കുന്ന നായകൻ (യാത്ര) കടന്നു വരുന്നു. പഞ്ചവടിപ്പാലത്തിൽ ‘പൊതു വഴീലാണോ കൊച്ചിനെ അപ്പിയിടീക്കുന്നത്?’ എന്ന ചോദ്യത്തിനുള്ള മറുപടി ‘എന്നാപ്പിന്നെ തൻ്റെ നെഞ്ചത്തോട്ടിരുത്താം’ എന്നാണ്. ഏതായാലും ക്വാറൻ്റീൻ സൗകര്യമുള്ള ബാത്ത് അറ്റാച്ച്ഡ് മുറികളാൽ സമ്പന്നമായ ഗൃഹനിർമ്മിതിയിലേയ്ക്ക് മലയാളി മാറിയിട്ട് ഏറെക്കാലമൊന്നും ആയിട്ടില്ല.

മലവിസർജ്ജനത്തിന് വെളിക്കിറക്കം എന്നും, കടവിറക്കം എന്നുമൊക്കെ സഭ്യമായ പ്രയോഗങ്ങൾ ഭാഷയിൽ ഇടം പിടിച്ചത് അത് ഒരിക്കലും അകത്ത് സാധിക്കാൻ പറ്റുന്ന കാര്യമല്ലാതിരുന്നതുകൊണ്ടാണ്..!

തുറസായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം ചെയ്യുന്നത് വൃത്തിഹീനമായ കാര്യമാണെന്നും അത് പകർച്ചവ്യാധികൾ ഉണ്ടാക്കുമെന്നും മൂന്നാം ക്ലാസിലെ സയൻസ് പുസ്‌തകത്തിൽ പഠിപ്പിച്ചിരുന്നപ്പോഴും സ്‌കൂളിൽ പ്രൈമറി ക്ളാസിലെ കുട്ടികൾക്ക് പേരിനു പോലും ഒരു മൂത്രപ്പുര ഉണ്ടായിരുന്നില്ല. ഹൈസ്‌കൂളിലെ പെൺകുട്ടികൾക്കേ ഒരു മൂത്രപ്പുര ഉണ്ടായിരുന്നുള്ളൂ… അത് മുകൾഭാഗം തുറന്നിട്ട ഒരു ദീർഘചതുരം ആയിരുന്നു. 1975 ലെ മിക്ക സ്‌കൂളുകളിലും സ്ഥിതി ഇതൊക്കെത്തന്നെയായിരുന്നിരിക്കാം. പള്ളി വകയായിരുന്നു സ്‌കൂൾ. സ്‌കൂളിനു ചേർന്നു കിടക്കുന്ന റബ്ബർ തോട്ടത്തിലേയ്ക്കായിരുന്നു കുട്ടികൾ ഒന്നിനും രണ്ടിനും ഓടിപ്പോയിരുന്നത്… ക്ളാസിൽ നിന്നും പുറത്തേയ്ക്ക് പോകുന്നത് രണ്ടു കാര്യങ്ങൾക്കാണ്. കളിക്കാനും വെളിക്കാനും… ഇൻ്റർവെല്ലിനു ശേഷം വൈകി വരുന്നവരുടെ സ്ഥിരം മറുപടിയായിരുന്നു ‘സാറേ വെളിക്കാൻ പോയതാ…’. മുള്ളണം എന്നു പറയാനോ മുള്ളാൻ പോട്ടെ എന്നു ചോദിക്കാനോ പാടില്ല. അത് സംസ്‌കാര ശൂന്യതയാണ്… ഒന്നാം ക്ലാസിൽ ആദ്യം തരുന്ന സംസ്‌കാര പാഠങ്ങളിലൊന്ന് അതായിരുന്നു…! ‘മുള്ളണം, തൂറണം എന്നൊന്നും പറയാൻ പാടില്ല. വെളിക്കു പൊക്കോട്ടെ എന്നേ ചോദിക്കാവൂ…’. അത് പ്രസ്‌തുത വികാരത്തിൻ്റെ പിരിമുറുക്കത്തിൽ വെളിക്കാൻ പൊയ്‌ക്കോട്ടെന്നായി മാറുന്നതാണ്…!

നാട്ടിലെ സ്ഥിതിയും വലിയ വ്യത്യാസമില്ല. മിക്ക വീടുകളിലും തൂറാൻപോക്ക് വിലക്കപ്പെട്ട സംസ്‌കാര ശൂന്യമായ പദമാണ്. പകരം പറമ്പിൽ പോക്കാണ് അനുവദനീയമായ പ്രയോഗം. കാരണം കാര്യം സാധിക്കുന്നത് പറമ്പിൻ്റെ ഏതേലും മൂലയിലാണല്ലോ…! പന്നിയെ വളർത്തുന്ന വീടുകളിൽ പന്നിക്കൂടിനോടു ചേർന്ന് ഓല കുത്തി മറച്ച ഒരു സംവിധാനം കാണും. അത് ഒരു കയ്യാലയുടേയോ കല്ലിൻ്റെയോ പുറത്താവും. പന്നി താഴെയാണു കഴിയുന്നത്. പ്രാഥമിക കൃത്യങ്ങൾ അവിടെയിരുന്നു നിർവ്വഹിക്കും. മലം പന്നിക്ക് പ്രിയഭോജ്യമാണെന്ന തിരിച്ചറിവിൽ നിന്നാണിത്. മിക്ക കന്യാസ്‌ത്രീ മഠങ്ങളിലും അക്കാലത്ത് പന്നിക്കൂടുകളും അതിൻ്റെ ഭാഗമായി പണിത ഉറപ്പും അടപ്പുമുള്ള മറപ്പുരകളും ഉണ്ടായിരുന്നു.

പിന്നെപ്പിന്നെ പറമ്പിൽ തന്നെ കുഴികുത്തി കുഴിക്കു മീതെ തടിയോ പലകയോ ഇട്ട് അതിലിരുന്ന് കാര്യം സാധിക്കാവുന്ന തരം കക്കൂസുകൾ രൂപപ്പെട്ടു തുടങ്ങി. ഓല കെട്ടിമറച്ച ഇത്തരം കുഴികക്കൂസുകൾ മറപ്പുരകൾ എന്നു വിളി കൊണ്ടു… അവയുടെ പരിസരം ദുർഗ്ഗന്ധപൂരിതമാകുമ്പോൾ കുഴി മൂടി വേറെ കുഴികുത്തും. കൂടുതലും സ്‌ത്രീകളെ കരുതിയാണ് ഇവരൂപപ്പെട്ടത്… അപ്പോഴും പുരുഷന്മാർ പറമ്പിലും ആറ്റുതീരത്തുമൊക്കെയായി കടവിറങ്ങി. പ്രകൃതിയുടെ വിശാലതകൾ അവരെ മാടി വിളിച്ചിരുന്നു… കൂടാതെ വെളിക്കിരിക്കുന്ന ഒരാളെ കണ്ടാൽ കാണാത്ത മട്ടിൽ കടന്നു പോകാനുള്ള സൻമനസ്സും ഗ്രാമസംസ്‌കൃതിതിയുടെ ഭാഗമായിരുന്നു!

വീണ്ടും കാലം പോകെ അപരിഷ്‌കൃതമായ ഇത്തരം മാതൃകകളെ പിൻതള്ളി ക്ലോസെറ്റ് കക്കൂസുകൾ കടന്നു വന്നു. കക്കൂസ് എന്ന പേര് പ്രചാരം നേടുന്നതും തൂറൽ ‘കക്കൂസിൽ പോക്കായി’ പരിണമിക്കുന്നതും അക്കാലത്താണ്. 80കളോടെയാണ് ഈ മാറ്റം ഗ്രാമീണ മേഖലയിൽ വ്യാപകമാകുന്നത്. അപ്പോഴും കക്കൂസിന് വീട്ടിനുള്ളിൽ സ്ഥാനമില്ല… സംഗതി വീട്ടിൽ നിന്നു വിട്ട് പറമ്പിൽ തന്നെയാണ്…! നാലുകെട്ടും എട്ടുകെട്ടും ഒക്കെ കടന്നു വരുന്ന കൃതികളിൽ ഓവറയൊക്കെ പരാമർശിച്ചു കണ്ടിട്ടുണ്ട്. പക്ഷേ നാട്ടിൻ പുറത്തെ എല്ലാ വീടുകളിലും തന്നെ രാത്രിയും പകലും മൂത്രമൊഴിക്കൽ മുറ്റത്തും പരിസരങ്ങളിലുമായിരുന്നു. ‘തിരുവാതിര ഞാറ്റുവേലയ്ക്ക് തിരുമുറ്റത്തും മുള്ളാം’ എന്ന പ്രയോഗം തന്നെ ഈ ശീലത്തിൻ്റെ ഉൽപ്പന്നമാണ്.

പഞ്ചായത്തു വക പൊതു കക്കൂസുകളൊക്കെ കടന്നു വന്നതും ഏതാണ്ട് എൺപതുകളോടെയാണ്.  സ്‌കൂളുകളിലും മൂത്രപ്പുര യോടൊപ്പംഒരു ക്ലോസെറ്റ് കക്കൂസുകൂടി കടന്നു വരുന്നതും അക്കാലത്താണ്.

അപ്പോഴും കുളിമുറി എന്ന സങ്കൽപ്പം വേരോടിയിരുന്നില്ല. കുളി ഒരു സ്വകാര്യമായ ഏർപ്പാടേ ആയിരുന്നില്ല. തൊണ്ണൂറുകളുടെ അന്ത്യം മുതലാണ് കക്കൂസും കുളിമുറിയും കിടപ്പുമുറി പോലെ പ്രധാന പദവി ആർജ്ജിക്കുന്നതും വീടിനുള്ളിലേയ്ക്ക് കയറിക്കൂടുന്നതും. അതിനു മുമ്പുള്ള കുളിയുടെ നാൾവഴികളിലേയ്ക്ക്…

കുളിയിടങ്ങൾ

കുളി ഒരു വലിയ സംഭവമാക്കിയത് വാസ്‌തവത്തിൽ എൺപതുകളിൽ പിറന്ന സിനിമകളിലെ കുളി സീനുകളാണ്. അതുവരെ കുളി ജീവിതത്തിൻ്റെ ഭാഗമായ ഒരു സാധാരണ ഏർപ്പാട് ആയിരുന്നു. അതിനിത്ര സ്വകാര്യതയോ നിഗൂഢതയോ ഉണ്ടായിരുന്നുമില്ല… കിണറ്റുകരയിൽ, ആറ്റിലെ കുളിക്കടവിൽ, വിശാലമായ കുളങ്ങളിൽ ഒക്കെ അരങ്ങേറുന്ന ഒരു ദിനചര്യ മാത്രമായിരുന്നു കുളി. എഴുപതുകളിലെ സിനിമകളിലും അത് അങ്ങനെ തന്നെയായിരുന്നു. കുട്ട്യേടത്തിയിലെ കുളിക്കടവ് സീൻ ഉദാഹരണം. കുളിയിടങ്ങൾ വളരെ സജീവമായ പൊതു ഇടങ്ങൾ കൂടി ആയിരുന്നു. മിക്കവാറും കുളങ്ങളിലും ആറുകളിലും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേക കുളിക്കടവുകൾ നിലനിന്നിരുന്നു. എങ്കിലും അവ തുറന്ന ആകാശത്തിനു കീഴിൽ ആരുടെയും കാഴ്‌ചയെ മറയ്ക്കാത്ത ഇടങ്ങളായിരുന്നു.

വീടുകളിൽ നിന്നും അലക്കാനുള്ള തുണിക്കെട്ടുകളുമായി ഒറ്റക്കും കൂട്ടായും പെണ്ണുങ്ങൾ കടവുകളിലെത്തി. അടിച്ചു നനച്ചു കുളിച്ച് ഈറൻ മുണ്ട് മുലക്കു മീതെ കെട്ടി തോളിൽ തോർത്തും പുതച്ച് നനഞ്ഞ തുണിച്ചുമട് തലയിലേന്തി അവർ ഗ്രാമ പാതകളിലൂടെ നിർലജ്ജം സഞ്ചരിച്ചു. വഴിയിൽ കണ്ടവരോട് വിശേഷങ്ങൾ പറഞ്ഞു. നനഞ്ഞ ഒറ്റമുണ്ട് അവരുടെ നാണം മറയ്ക്കാനും മാനം കാക്കാനും ധാരാളമായിരുന്നു. അതേ വേഷത്തോടെ നടന്നു തുണിയെല്ലാം മുറ്റത്തെ അയയിൽ വിരിച്ചിട്ടിട്ടേ മിക്കവരും അകത്തു കയറി ഈറൻ മാറിയിരുന്നുള്ളൂ.

ഒരു എട്ടു വയസു വരെ കുട്ടികൾക്ക് കുളിക്കടവിൽ നൂൽബന്ധമേ ഇല്ലായിരുന്നു… മടക്കയാത്രയിൽ ഒരു തോർത്തോ ജട്ടിയോ പെറ്റിക്കോട്ടോ ഇട്ടിട്ടുണ്ടാവും. പുരുഷന്മാർക്ക് ഒരൊറ്റ തോർത്ത് ധാരാളം. ഉടുത്ത് കുളിക്കും. അരയൊപ്പം വെള്ളത്തിൽ നിന്ന് അത് അഴിച്ചുപിഴിഞ്ഞു തല തുവർത്തും. വീണ്ടും ഉടുത്തു കൊണ്ട് കരക്കു കയറി അഴിക്കാതെ തുമ്പൊക്കെ കൂട്ടിപ്പിഴിഞ്ഞിട്ടു നടന്നു പോകും… ആറ്റിലാണെങ്കിൽ ഏതെങ്കിലും കല്ലിൻ്റെ മറയിൽ പോയി നിന്ന് തോർത്ത് അഴിച്ചു പിഴിഞ്ഞുടുത്തു സ്ഥലം വിടും… ഇത്തരം കുളി ശീലിച്ചവർക്ക് ആൺ പെൺ ഭേദമില്ലാതെ നീന്താനറിയാമായിരുന്നു. മുങ്ങി മരണങ്ങളും താരതമ്യേന കുറവായിരുന്നു. ജലാശയങ്ങളുമായി നേരിട്ടു സമ്പർക്കമില്ലാത്തവർ കിണറ്റിൽ കരയിലും ഓലികൾക്കരുകിലും ചെറിയ ഊറ്റുറവകളുടെ സമീപത്തുമൊക്കെ അൽപ്പവസ്‌ത്രധാരികളായി നിന്നു കുളിച്ചു പോന്നു. വെള്ളം കോരാൻ വരുന്നവരോടൊക്കെ കലപില സംസാരിച്ചു… ചിരിച്ചു… കുളി അവർക്ക് ഒരു സ്വകാര്യതയോ ശരീരം ഒരു അശ്ളീലമോ ആയിരുന്നില്ല.

പോകെപ്പോകെ കുളി മുറിക്കുള്ളിലരങ്ങേറേണ്ട സ്വകാര്യതയായി പരിണമിച്ചു. ഒളിക്യാമറകൾ ഒളിച്ചു കടത്തി വയ്ക്കുന്ന ഇടങ്ങളായും കുളിമുറികൾ മാറി. ഒപ്പം കക്കൂസും കുളിമുറിയും ശുചിമുറിയെന്ന പേരിലേയ്ക്കും എത്തിപ്പെട്ടു. വീടുകൾ കിടപ്പുമുറികളോടു ചേർന്നു ശുചി മുറികളുള്ള ക്വാറൻ്റീൻ സൗകര്യങ്ങളോടുകൂടിയവയായി.

18 Comments
 1. Nancy 1 year ago

  ഓർമകളുടെ ‘ഗന്ധം…’

  • suresh kumar G 1 year ago

   കോട്ടയത്തെ വീടിന് ഒരു ഓവറയുണ്ടായിരുന്നതായി ഓർക്കുന്നു .. നല്ല കുറിപ്പ്

   • Author
    ബെറ്റിമോൾ 1 year ago

    ഉം ..അതൊക്കെ അപൂർവ്വ സംഭവങ്ങളാ

  • Author
   ബെറ്റിമോൾ 1 year ago

   അതെ…നന്ദി

 2. തോന്നയ്ക്കൽ രാജശേഖരൻ 1 year ago

  മനോഹമായ ആഖ്യാനം. വർഷങ്ങൾ പിന്നിലേക്ക് മനസിനെ കൊണ്ടുപോയി. ഒരു ജാഡയുമില്ലാത്ത പച്ചയായ സംവേദനം. അഭിനന്ദനങ്ങൾ.

  • Author
   ബെറ്റിമോൾ 1 year ago

   നന്ദി സ്നേഹം

 3. John Panakkal 1 year ago

  കുന്നംകുളം നസ്രാണികളുടെ അങ്ങാടി തെരുവുകളിൽ രണ്ടു നൂറ്റാണ്ടോളമായി വീടുകളുടെ പിറകിൽ കക്കൂസുകൾ ഉള്ളതായി
  നാട്ട്ചരിത്രം പറയുന്നു. കക്കൂസുകൾക്ക് താഴെ
  വിസർജ്യം വീഴാനായി ഒരു മരപെട്ടി അല്ലെങ്കിൽ ലോഹപാത്രം കാണും. തോട്ടികൾ എന്നും രാവിലെ ഇത് ഇരുചക്ര വണ്ടികളിൽ വീടുകളുടെ പിറക് വശം വന്ന് കോരി വെളിപ്രദേശത്ത് കൊണ്ട് പോയി നിക്ഷേപിക്കും.

  1980 വരെ സ്‌കൂളിൽ പോകുന്ന സമയത്ത് അങ്ങാടി വീടുകളുടെ പുറക് വശത്തെ റോഡുകളിൽ ഈ വണ്ടികൾ സ്ഥിരം കാഴ്ച്ച ആയിരുന്നു. 80 കളിൽ സർക്കാർ നിർദേശ പ്രകാരം തോട്ടിപണി അവസാനിക്കുകയും ഇന്ന് ഉള്ള സംവിധാനങ്ങൾ നിലവിൽ വരികയും ചെയ്തു.

  തോട്ടിപണിയുടെ ഇരുചക്ര വണ്ടികൾ
  ഉരുട്ടിമടുത്ത എത്ര സങ്കട ജന്മങ്ങൾ കാണും.

 4. Renu Susan Thomas 1 year ago

  കൊതുക് കടി, ചെടി കളുടെയും പുല്ലിന്റെയും ഇല കൊണ്ടുള്ള ചൊറിച്ചിൽ എന്നിവ വെളിക്കിറങ്ങൽ പ്രക്രിയയിൽ അലോസരം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആയിരുന്നു.. രാത്രിയിൽ മൂത്രമൊഴിക്കാൻ വെളിയിൽ ഇറങ്ങിയപ്പോൾ ചെറുതായി കാല് നനഞ്ഞു വെള്ളിടി വെട്ടി മരിച്ച അയല്പക്കത്തെ ചേച്ചിയെയും ഓർക്കുന്നു.. നാട്ടിൻ പുറത്ത് അശ്രദ്ധ മായി നടന്നാൽ അമേദ്യം കാലിൽ പുരളും.. പട്ടര് ——-== ചവിട്ടുക എന്നൊരു പറച്ചിൽ തന്നെ ഉണ്ടല്ലോ..

  • Author
   ബെറ്റിമോൾ 1 year ago

   അതെ … അത്തരം എത്രയത്ര ഓർമ്മച്ചിത്രങ്ങൾ …

 5. Padmanabhan 1 year ago

  സ്വന്തം അനുഭവങ്ങൾ പകർത്തിയതുപോലെ….

  • Author
   ബെറ്റിമോൾ 1 year ago

   മധ്യ വയസ്സിലെത്തിയവർക്കെല്ലാം ഇത്തരം അനുഭവങ്ങളുടെ നേർക്കാഴ്ചകൾ ഉണ്ടാവും

 6. Joy 1 year ago

  Super narration….

  • Author
   ബെറ്റിമോൾ 1 year ago

   നന്ദി സ്നേഹം

 7. Syamji Kadiyangad 1 year ago

  Nice

  • Author
   ബെറ്റിമോൾ 1 year ago

   സ്നേഹം

 8. sreekumar kariyad 1 year ago

  അമ്പലക്കുളത്തിലെ ‘പൊതുസോപ്പ്‘ ഓര്‍ക്കുന്നു. നല്ലൊരു ശതമാനം ആളുകള്‍ക്കും സ്വന്തമായി വാസനസോപ്പൊക്കെ വാങ്ങാനുളള അവസ്ഥയില്ലായിരുന്നു. അതുകൊണ്ട് അവര്‍ സാധാരണ ബാര്‍ സോപ്പാണ് കുളിക്കാനും ഉപയോഗിക്കുന്നത്. കല്‍പ്പടവുകളില്‍ ബാര്‍ സോപ്പ് ‘ ഒട്ടിച്ചു’വെച്ചിട്ടുണ്ടാകും. ആളുകള്‍ അതുപയോഗിച്ച് ‘ മേത്തേയ്ക്കും’ കാലുരച്ചുകഴുകും അലക്കുകയും ചെയ്യും. ആളുകള്‍ക്ക് നല്ല ആരോഗ്യം പകരാന്‍ പലപ്പോഴും ലൈഫ് ബോയ് സോപ്പുമുണ്ടാകും.
  വിപുലമായിരുന്നു അക്കാലത്തെ കുളമെക്സ്പീരിയന്‍സുകള്‍. നീന്തലടക്കമുളള മഹാവിദ്യകള്‍ അഭ്യസിച്ചതവിടം. മുങ്ങാങ്കൂഴിയിട്ട് എന്തെല്ലാം ആല്‍ക്കമികള്‍ ചെയ്തു.!!!! അക്കാലത്ത് നഗ്നത ഒരു ഇഷ്യൂ ആയിരുന്നില്ല. സ്ത്രീകള്‍ നിര്‍വ്യാജം ഏതാണ്ട് പൂര്‍ണനഗ്നകളായിത്തന്നെ നിന്ന് കുളിക്കുമായിരുന്നു. അവിടെ അവര്‍ക്ക് ബോഡി കോണ്‍ഷ്യസ്നസ്സ് വര്‍ക്ക് ചെയ്യാറില്ല. പ്രാദേശികവാര്‍ത്തകളുടെ മുടിക്കെട്ടഴിക്കുന്നതുകേള്‍ക്കാം. തൊട്ടടുത്ത ആണ്‍കടവില്‍ നില്‍ക്കുന്നവരൊന്നും സ്ത്രീകളെ അങ്ങനെ ശ്രദ്ധിക്കുന്നതുകണ്ടിട്ടില്ല( അവഗണനയാണോ?).

  കുഴിക്കക്കൂസ് അനുഭവം എന്റെ വീട്ടില്‍ ഉണ്ടായിട്ടില്ല. കുട്ടിയായിരുന്ന കാലത്ത് വല്യമ്മയുടെ വീട്ടിലെ അടയ്ക്കാമരത്തോട്ടത്തിലെ ഓപ്പണ്‍ സ്പേസുകള്‍ ഉപയോഗിച്ചിട്ടുണ്ട്. തലയില്‍ കളസം കേറ്റിവെച്ചാണിരിക്കാറ്.. അതുകഴിഞ്ഞ് കിണറ്റിന്‍ കരയിലേക്ക് ഓടും… കുഴിക്കക്കൂസുളള വീടുകളില്‍ താമസിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്.. പുഴുക്കളുടെയും തീട്ടത്തിന്റെയും യൂണിയന്‍ റിപ്പബ്ലിക്കുകള്‍ കാണുക ഭീകരം തന്നെ… അതുകൊണ്ട് രണ്ടും മൂന്നും ദിവസങ്ങള്‍ കട്ട കണ്‍ ട്രോള്‍ ആണ്. ബെറ്റിയുടെ ഈ ജീവനുളള ലേഖനം പഴയകാലത്തേക്കുളള യാത്രയ്ക്ക് ഉതകി. വളരെ പ്രസന്നമായിത്തന്നെ അത് വിവരിച്ചിരിക്കുന്നു… അഭിനന്ദനങ്ങള്‍…

  • Author
   ബെറ്റി മോൾ 1 year ago

   Sreekumar Kariyad ഇന്നലകളെ മറന്നു കൊണ്ടുള്ള വ്യവഹാരങ്ങളാണു ചുറ്റും. എഴുപതുകളിലെ തരുണികളാണ് ഇന്നത്തെ മുത്തശ്ശിമാർ . അവരന്നു കേരളത്തിലെ ദേശീയ വേഷമായ മുണ്ടും ബ്ലൗസും ധരിച്ചു നടന്നവരാണ്. ഈറൻ ഒറ്റമുണ്ടിന്റെ ബലത്തിൽ വഴിയിൽ നിന്നു നാട്ടു വർത്തമാനം പറഞ്ഞവരാണ്. അവരാണ് ഇന്നത്തെ പിള്ളേരെ ഷോളു പുതയ്ക്കാൻ പഠിപ്പിക്കുന്നത്. ലെഗിൻസ് അശ്ലീലമെന്നു കരയുന്നത്. സാരിയുടുക്കുമ്പോൾ വയറു കാണാതെ പിന്നു വച്ച് ഓട്ടയടക്കണം എന്നു പറയുന്നത്.

 9. Arya 1 year ago

  സിനിമയും ചരിത്രവുമെല്ലാം ഇഴ ചേരുന്ന ലളിതമായ ആഖ്യാനം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account