സംയോഗത്തിന്റെ
ബാക്കിപത്രം
കരിഞ്ഞ വാത്സല്യത്തിന്റെ
നെരിപ്പോടിൽ
ഉരുകിയൊലിച്ചു.
അയാളുടെ മെതിയടിയുടെ
കനത്ത ശബ്ദം,
മഷിയെഴുതിയ കണ്ണുകൾ
പകപ്പോടെ അകായിലെ
ഇരുട്ടിലേക്കുൾവലിയുന്നു.
കിലുങ്ങാൻ
മോഹിച്ചപാദസരങ്ങൾ
മൂളാൻ കൊതിച്ച അധരങ്ങൾ
ആടാൻ നിനച്ച അഴകളവുകൾ
എല്ലാം
നാലുകെട്ടിന്റെ
നിലവറകൾക്കകത്ത്
ശ്വാസം മുട്ടി മരിച്ചത്രേ.
കാതുകുത്തും തീണ്ടാരിയും
കന്യകാത്വവും സമം ചേർത്ത
ഹോമത്താലവൾ വിശുദ്ധ.
മഞ്ഞച്ചരടിന്റെ ബന്ധനo
നിശ്വാസത്തിന്റെ പതിഞ്ഞ
താളം
വെളിച്ചം കടന്നെത്താത്ത
അകായിലൂടെ
ചുമരുകൾ നോവിക്കാതെ
ഇഴഞ്ഞു നീങ്ങുന്നു.
ഓട്ടുരുളിയും കലങ്ങളും
മാത്രമറിഞ്ഞ,
കരിയും പുകയും തിന്നു
തീർത്ത
അവളുടെ ആത്മനൊമ്പരങ്ങൾ.
ബലാൽക്കാരത്തിന്റെ
രാത്രികൾ
ഉപ്പുകുറുക്കി ചതഞ്ഞു
തൂങ്ങിയ
മാംസപിണ്ഡത്തിന്റെ
ഓരോ അണുവിലും രസങ്ങൾ
തേടുന്നയാൾ
വാതിലുകൾ അടയുന്നു
വെളിച്ചത്തിലേക്കയാൾ
നീങ്ങവേ
ഇരുളിൽ അണ്ഡം വെന്ത്
നീറുന്നു.
സ്വപ്നങ്ങളുടെ ശ്മശാനമേ
പച്ചയ്ക്ക് കൊളുത്തല്ലേ…
(ഫാത്തിമ്മ റുക്സാന. എ
രണ്ടാം വർഷം, എം.എ മലയാളം
തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ്, തിരൂർ )
ഞെരിപ്പോടു ആണോ നെരിപ്പോട് ആണോ ശരി ?
അധരങ്ങള്‍ മൂളാന്‍ ശ്രമിച്ചു എന്നതും ശരിയായോ എന്ന് സംശയം.
ആടാന്‍ നിനച്ച അഴകളവുകള്‍ ???
കാതുകുത്ത് , തീണ്ടാരി , കന്യാകത്വം സമം ചേര്‍ത്ത ഹോമം ???
കവിത പങ്കു വച്ച ആശയം നന്നായിരുന്നു . പക്ഷെ ഉപയോഗിച്ച സങ്കേതങ്ങള്‍ പലപ്പോഴും കല്ലുകടിയായി അനുഭവപ്പെട്ടു .
ആശംസകള്‍
ആശയം ആഴത്തിലോടി ഇനിയും നന്നായി എഴുതുക. ഭാവുകങ്ങൾ!