മഴയിൽ തെളിഞ്ഞ വഴിയിൽ
കണ്ണടയിൽ പടർന്ന ജലരാശിയിൽ
ഒഴുക്കുവെള്ളത്തിന്റെ നനവിൽ
ഏതോ കാലമൊഴുകുന്നു.

പാദസരങ്ങളെ ചുംബിക്കുകയും
കണ്ണീരിനെ മറയ്ക്കുകയും
പാവാടത്തലപ്പിന്റെ നിറം മാറ്റുകയും
മദിച്ചു പടരുകയും ചെയ്യുന്ന മഴ.

മഴയുടെ ജാലകം ചൂടി
ഒരു പെൺകുട്ടി.
മഴക്കാറ്റായി ഒരു ആൺകുട്ടി.
ജാലകപ്പാളി അടയുന്നു, തുറക്കുന്നു.

മഴയിൽ മറഞ്ഞു പോയ മേഘങ്ങൾ
അലസഗമനം മറന്നിരിക്കാം.
മഴയിൽ വിറുങ്ങലിച്ച സൂര്യൻ
മരണത്തെക്കുറിച്ച് ഓർമിച്ചിരിക്കാം.

വഴിയരികിലെ കടയോരത്ത്
നനവുണക്കി ഒരു പട്ടിയിരിപ്പുണ്ട്.
ചെടിയിലെ ഇലകൾക്കു ചോട്ടിൽ
ഒരു ശലഭമുണ്ട്.

ഇറയത്തെ തടുക്കിൽ ഒരു വൃദ്ധ
കാൽ നീട്ടിയിരുന്ന് മഴ കാണുന്നു.
അടുക്കളയുടെ നനവിൽ
പെയ്തൊഴിഞ്ഞ ഭൂതകാലത്തെ
തെരഞ്ഞൊരു വീട്ടമ്മയുണ്ട് .

മഴയിൽ നനയുന്ന കുട്ടികളുണ്ട്.
മഴവറുതിയിൽ തളർന്ന വേശ്യയുണ്ട്.
ഉണങ്ങാത്ത തുണികൾ അയയിലുണ്ട്.
മഴ നനയാത്ത കുഴിയാനകളുണ്ട് .

മഴ പെയ്യുന്ന സന്ധ്യയിൽ
സന്ധ്യ അലിഞ്ഞു പോയി.
മഴ പെയ്യുന്ന രാത്രിയിൽ
നക്ഷത്രങ്ങൾ അണഞ്ഞുപോയി.

മഴ എന്നത് ഒരു കാലമാണ്..
മഴ എന്നത് ഒരു ദേശമാണ്‌.
മഴ പിടയുന്ന മനസ്സാണ്.
മഴ ഉതിരുന്ന കണ്ണീരാണ്.

മഴയിൽ ഒലിച്ചുപോയ കാലമെത്ര!
മലഅലിയിച്ചുറക്കിയ ദേശങ്ങളെത്ര!
പകലുകളെത്ര!
ഇരവുകളെത്ര!

മഴയിൽ നനഞ്ഞ മനുഷ്യർ
മഴയില്ലാതാക്കിയ മലകൾ തേടിപ്പോകുന്നു.
മഴയിൽ വിതുമ്പുന്ന പ്രണയങ്ങൾ
മരണത്തിന്റെ കടൽ തേടിപ്പോകുന്നു.

മഴ ചിലപ്പോൾ പ്രണയമാണ്.
ചിലപ്പോൾ ഓർമയാണ്.
ചിലപ്പോൾ കാഴ്ചയാണ്.
ചിലപ്പോൾ കാഴ്ചക്കുമേൽ
പടരുന്ന മറവാണ്.
ചില മഴകൾ മഴയാണ്.
വെറും മഴ മാത്രമാണ്!

9 Comments
 1. Haridasan 4 years ago

  മഞ്ഞു മഴപോലെ സൗന്ദര്യമുള്ള വരികൾ…

  • Author
   Anoo 4 years ago

   Thank you so much 🙂

 2. Babu Raj 4 years ago

  മഴയുടെ എല്ലാ വികാരങ്ങളും നിറഞ്ഞ വരികൾ. നൈസ്…

  • Author
   Anoo 4 years ago

   Thank you so much

 3. Sunil 4 years ago

  മഴ ചിലപ്പോൾ പ്രണയമാണ്….. ചില മഴകൾ വെറും മഴ മാത്രമാണ്!… wonderful lines… thanks

  • Author
   Anoo 4 years ago

   Thank you 🙂

 4. Prabha 4 years ago

  നല്ല ഇഷ്ടം..

 5. Anil 4 years ago

  Beautiful lines

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account