ഒരു ലേഖന സമാഹാരം വായിച്ചു തുടങ്ങുമ്പോൾ സ്വാഭാവികമായും ചില മുൻവിധികൾ ഉണ്ടാകാതെ തരമില്ല. തീർച്ചയായും ഒരു കഥയോ നോവലോ വായിക്കുന്നതു പോലെ അതിനെ സമീപിക്കുകയും വയ്യ. എന്നാൽ ഇന്ദിരാ ബാലന്റെ വെയിൽ പക്ഷികൾ എല്ലാ മുൻ വിധികളേയും അട്ടിമറിക്കുകയും സുഖകരമായ ഒരു വായനാനുഭവം പ്രദാനം ചെയ്യുകയും ചെയ്തു.

വെയിൽ പക്ഷികൾ എന്ന ശീർഷകം തന്നെ കാവ്യാത്മകമാണ്. നിരീക്ഷണങ്ങളും വിലയിരുത്തലുകളും ഉൾപ്പെട്ട ഒരു പുസ്തകത്തിന് ഇത്തരമൊരു പേരു തിരഞ്ഞെടുത്തതിൽ ലേഖിക പുലർത്തിയ ശുഷ്കാന്തി പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. എന്തെന്നാൽ ഈ പുസ്തകത്തിലെ ലേഖനങ്ങളോരോന്നും സർഗാത്മകവും കാവ്യാത്മകവുമാണ്.

ആസ്വാദനം, സ്ത്രീപക്ഷം , ജീവിതം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് പുസ്തകം അവതരിപ്പിച്ചിട്ടുള്ളത്. ആസ്വാദനം എന്ന ഭാഗത്തുളളത് അക്കിത്തം, വൈലോപ്പിള്ളി, പി.കുഞ്ഞിരാമൻ നായർ, സാറാ ജോസഫ്, കെ.ആർ മീര, ഒ.എൻ.വി., കെ.ജി ശങ്കരപ്പിള്ള, പ്രതിഭാറായ് (ദ്രൗപദി), വിജയലക്ഷ്മി, മാധവിക്കുട്ടി, എം. ചന്ദ്രപ്രകാശ്, എന്നിവരുടെ കൃതികളെ കുറിച്ചുള്ള പന്ത്രണ്ട് പഠനങ്ങളാണ്. അക്കിത്തം-കാലഘട്ടത്തിന്റെ കവി എന്ന ലേഖനം അദ്ദേഹത്തിന്റെ കാവ്യദർശനങ്ങളുടേയും സമീപനങ്ങളുടേയും ആഴത്തിലുള്ള വിലയിരുത്തലാണ്. അക്കിത്തം കവിതകളിലെ ശ്രദ്ധേയമായ മിക്ക സന്ദർഭങ്ങളേയും കണ്ടെടുത്ത് പ്രതിപാദിക്കുന്നതിൽ ലേഖിക അസാമാന്യ പാടവം പ്രകടമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ എല്ലാ രചനകളിലൂടെയും കടന്നു പോയ അനുഭവമുണ്ടാക്കാൻ ലേഖനത്തിനു കഴിയുന്നു.

വൈലോപ്പിളളിയുടെ വാക്കുകളുടെ മാസ്മരികതയാണ് വൈലോപ്പിള്ളിക്കവിതയിലെ ഊർജ്ജ പ്രവാഹം എന്ന ലേഖനത്തിന്റെ ഉൾക്കാമ്പ്. കവി തന്റെ വീക്ഷണങ്ങൾ പങ്കു വെക്കുന്നതിന് എപ്പോഴും ഉചിതവും യോഗ്യവുമായ പദങ്ങളും വാക്യഘടനയും അത്യന്തം ശ്രദ്ധയോടെ തെരഞ്ഞെടുത്ത് പ്രയോഗിക്കുന്നു എന്ന് ലേഖിക നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.  മഹാകവി പി.യെക്കുറിച്ചുള്ള അപൂർവാനുഭവത്തിന്റെ സൗന്ദര്യ ദർശനം തീർച്ചയായും അപൂർവാനുഭവം തന്നെയാണ്. പി. തന്റെ ജീവിതത്തെക്കുറിച്ച് എത്രമേൽ നിസംഗനായിരുന്നുവോ അത്രയും തന്നെ തന്റെ കാവ്യജീവിതത്തിൽ നിമഗ്നനുമായിരുന്നു. കവിയുടെ ആത്മാവിൽ ചെന്നു തൊടുന്ന ഈ കുറിപ്പ് കുഞ്ഞിരാമൻ നായർ കവിതകളുടെ സീമാതീത സൗന്ദര്യപൂജയുടെ ലക്ഷണശാസ്ത്രത്തെ ആഴത്തിൽ വിശകലനം ചെയ്യുന്നു.

എടുത്തു പറയേണ്ട മറ്റൊരു ലേഖനം ആരാച്ചാർ എന്ന നോവലിനെക്കുറിച്ചുള്ള വർത്തമാനത്തിന്റെ ഇതിഹാസമാണ്. പല തലങ്ങളിലും പരിസരങ്ങളിലും അനവധി വായനകൾക്കു സാധ്യതയുള്ള നോവലിന്റെ സാമൂഹ്യ, രാഷ്ട്രീയ നിലപാടുകളെയും സാംസ്കാരിക വേരോട്ടങ്ങളെയും ഒപ്പം സ്ത്രീപക്ഷ മനോവ്യാപാരങ്ങളേയും പ്രൗഢമായി വിലയിരുത്തുന്നു ഈ ലേഖനത്തിൽ. മാധവിക്കുട്ടിയേയും സാറാ ജോസഫിനേയും പ്രതിഭാറായിയേയുമൊക്കെ പൂർണമായും ഉൾക്കൊണ്ടിട്ടുള്ള ലേഖനങ്ങളും പ്രൗഢഗംഭീരമാണെന്നു പറയട്ടെ.

രണ്ടാം ഭാഗമായ സ്ത്രീപക്ഷത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനു മുമ്പ് അവസാന ഭാഗമായ ജീവിതം പരാമർശിക്കപ്പെടേണ്ടതുണ്ട്. അച്ഛൻ വാഴേങ്കട കുഞ്ചുനായരെക്കുറിച്ചുള്ള സ്മരണയാണ് ആദ്യ ലേഖനം. വെയിലിൽ പെയ്തിറങ്ങിയ സ്മൃതി പ്രണാമങ്ങൾ. അസാമാന്യ പ്രതിഭയായിരുന്ന അച്ഛന്റെ ഒരു വേഷം പോലും കാണാനോ സ്മരണയിൽ സൂക്ഷിക്കാനോ സാധിക്കാതെ പോയ വിധി വൈപരീത്യം ലേഖികയിലുണ്ടാക്കുന്ന അനിർവചനീയമായ സങ്കടത്തെ ( സങ്കടം എന്നു തന്നെയാണോ വിളിക്കേണ്ടത്?) നമ്മിലേക്ക് സന്നിവേശിപ്പിക്കാൻ പ്രസ്തുത ലേഖനത്തിന് സാധ്യമാകുന്നു.  ഒരിക്കലും സാധിക്കാതെ പോവുന്ന ആ മഹാപ്രതിഭയുടെ ദർശനം സൃഷ്ടിച്ചെടുക്കുന്ന വൈകാരിക സംഘർഷം വാക്കുകൾക്കതീതമത്രേ. രണ്ടാമത്തെ ലേഖനം അമ്മയെക്കുറിച്ചുള്ള ഓർമകളാണ്. അതിതീവ്രമായ ഒരു വൈകാരിക ബന്ധത്തിന്റെ കഥ കൂടിയാണ് അമ്മയെക്കുറിച്ചുള്ള ഓർമക്കുറിപ്പ്. യൗവനത്തിൽ നാടുവിട്ടു പോവുകയും മഹാനഗരത്തിന്റെ ജീവിതചര്യകളോട് സമരസപ്പെടുകയും ചെയ്യേണ്ടി വന്ന ഒരു വ്യക്തിയുടെ ഗൃഹാതുരത്വങ്ങളുടേയും ജീവിത താരതമ്യങ്ങളുടേയും നേരാഖ്യാനങ്ങളാണ് ഈ ഖണ്ഡത്തിലെ എല്ലാ ലേഖനങ്ങളും. നാഗരിക സമൂഹങ്ങളും ഗ്രാമീണ സംസ്കൃതിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ യഥാതഥ വിശകലനം ഈ കുറിപ്പുകളിൽ നമുക്ക് അനുഭവിക്കാം.

സ്ത്രീപക്ഷം എന്ന രണ്ടാം ഖണ്ഡം എട്ട് ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. കാലിക സമൂഹത്തിൽ സ്ത്രീ ജീവിതം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും പ്രതിപാദിക്കുന്നതാണ് സ്ത്രീ പക്ഷം. സ്ത്രീധനം, വിവാഹം, തുടങ്ങിയ പരമ്പരാഗത വിഷയങ്ങളോടൊപ്പം തൊഴിലിടങ്ങളിലെ പ്രതിസന്ധികളും വിദ്യാഭ്യാസ രംഗത്തെ വിവേചനങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. എടുത്തു പറയേണ്ടത് പക്ഷേ മറ്റൊന്നാണ്. പ്രതിരോധത്തിന്റേയും ചെറുത്തുനിൽപ്പിന്റേയും ബിംബങ്ങളെയാണ് എഴുത്തുകാരിക്ക് കൂടുതൽ പ്രിയം. പാകിസ്ഥാനി സാമൂഹ്യ പ്രവർത്തക മുക്താർ മായി, അഫ്ഗാനിസ്ഥാനിലെ നുജൂദ് (ഞാൻ നുജൂദ് വയസ് 10 എന്ന പുസ്തകത്തിന്റെ രചയിതാവ്) തുടങ്ങിയവരെ കുറിച്ചുള്ള കുറിപ്പുകളിൽ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റേയും ജ്വാലകൾ ദൃശ്യമാണ്.

ഭാഷയാണ് ഇന്ദിരാ ബാലന്റെ സമ്പത്ത്. വച്ചുകെട്ടലുകളോ ദുർഗ്രഹതയോ ഒട്ടുമില്ലാതെ, പ്രൗഢമായി സംവദിക്കുന്ന ഭാഷ ലേഖനങ്ങളുടെ വായനാ ക്ഷമതയെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്.  മതം, സംസ്കാരം, സാമൂഹ്യ ഘടന എന്നിവ തമ്മിലുള്ള അഭേദ്യമായ അന്തർധാര വൈയക്തിക ജീവിതത്തെ എത്രമേൽ സ്വാധീനിക്കുന്നു എന്നതിന്റെ യുക്തിസഹമായ വിശകലനങ്ങളാണ് രചനയിൽ ഇന്ദിരാ ബാലൻ പിന്തുടരുന്നത്. ഒരു പക്ഷേ ഈ നിലപാടുകൾ ബോധപൂർവം സ്വീകരിക്കുന്നതായിക്കൊള്ളണമെന്നില്ല. സ്വജീവിതം ഉരുവപ്പെട്ട സാംസ്കാരിക ഭൂമികയുടെ ഔന്നത്യത്തിന്റെ നീക്കിയിരിപ്പായി രൂപപ്പെട്ട ബൗദ്ധിക കാഴ്ചപ്പാടുകളുടെ പ്രതിഫലനമായിരിക്കാം. പാർശ്വവൽക്കരിക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ചുള്ള വെറും പറച്ചിലുകൾക്കപ്പുറം എങ്ങനെയാണ് പാർശ്വവൽകൃത സമൂഹങ്ങൾ സൃഷ്ടിക്കപ്പെടുന്നത് എന്നു കൂടി പരിശോധിക്കാനുള്ള ആർജവം ഇന്ദിര പ്രകടമാക്കുന്നു. അതിനാൽ തന്നെ വെയിൽ പക്ഷികൾ മലയാളത്തിലെ ശ്രദ്ധേയമായ ഒരു കൃതിയാണെന്ന് നിസംശയം വിലയിരുത്താം.

പ്രസാധകർ: ബുദ്ധ ബുക്‌സ്, തിരുവനന്തപുരം.

Please click the link below to read the interview with the author, Mrs. Indira Balan:
http://jwalanam.in/ezhuthujeevitham-indirabalan/

6 Comments
 1. sunil 4 years ago

  Wonderful review…

 2. Haridasan 4 years ago

  Superb…

 3. Retnakaran 4 years ago

  മനോഹരം…ആശംസകൾ!

 4. Sureshkumar Punjhayil 4 years ago

  Ashamsakal…!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account