വിബിൻ ചാലിയപ്പുറം. യുവകവി. IIT മദ്രാസിൽ ജോലി ചെയ്യുന്നു.
ആദ്യ കവിതാസമാഹാരം ‘ഒറ്റവെയിൽ ചില്ലകൾ’.

 

അവസാനത്തെ കുറിപ്പ്

നീയെന്നെ കാത്തിരിയ്ക്കുന്നു
എന്നറിഞ്ഞു കൊണ്ടു തന്നെ
എനിക്ക്
നിന്നിൽ നിന്ന്
വിട പറയണം

സ്വയം ശിക്ഷിക്കപ്പെടുന്ന
കുറ്റവാളിയെപ്പോലെ
എന്റെ തടവറയിലേയ്ക്ക്
കടന്നു ചെല്ലണം

മദ്യത്തിന്റെ ലഹരിയിലൊരു
രാത്രിയെ കണ്ണിൽ
മൂടിവെയ്ക്കണം

നേർത്ത നിലാവു പോലും
മനസ്സിൽ
വെളിച്ചത്തിന്റെ
കഠാര കുത്തിയിറക്കരുത്

നടക്കുമ്പോൾ
കരയുന്ന കരയിലികളാൽ
അസ്ഥികൾ നുറുങ്ങുന്ന
വേദനയറിണം

നേരം പുലരും മുന്നെ
സിഗ്നൽ തെറ്റിച്ചോടുന്ന
ഏതോ ഒരു വണ്ടിയുടെ
ഹോണടികളിൽ
എന്റെ ഞെരക്കങ്ങൾ
കേൾക്കാതെയാവണം

ഏത് റോഡരികിലാവും ഞാൻ
ചോര വാർന്നൊലിച്ച്
കിടക്കുന്നത്?

കണ്ടുകിട്ടിയാൽ ഒന്ന്
തൊട്ട് നോക്കരുത്
നിന്റേതാണെന്ന് പറയരുത്

ആൾക്കൂട്ടത്തിലൊരാളാണെന്ന്
കൂടെയുള്ളവർക്കും തോന്നണം
കണ്ട് മടങ്ങുക

ഒരു നിമിഷം പോലും കളയരുത്
മുഖം കഴുകി
ഉറക്കത്തിൽ നിന്ന്
സാധാരണ ഒരു
ദിവസത്തിലേയ്ക്കെന്ന പോലെ
നടന്നു നീങ്ങുക..

കഴിഞ്ഞ കാലങ്ങളെ
ഓർത്തെടുക്കാതിരിക്കാൻ
നിനക്കിങ്ങനെയൊരു
മരണത്തിന്റെ
അവസാന അദ്ധ്യായമല്ലാതെ
മറ്റെന്ത് നൽകാനാണ് ഞാൻ?

നീ സ്നേഹിക്കണം
ഇനിയും,
എന്റെ ഹൃദയമറിയാതെ
നീ സ്നേഹിക്കപ്പെടണം..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account