ഈ  നവംബറിൽ വിജയ് അണ്ണന്റെ സർക്കാർ എന്ന സിനിമ റിലീസായല്ലോ! അണ്ണന്റെ കട്ട ഫാനാണ് ഞാൻ. തെരിയിലെ D.C.P. വിജയകുമാറും, തുപ്പാക്കിയിലെ ജഗദീഷും, കുരുവിയിലെ വേണുവും, മെർസലിലെ വെട്രിമാരനും എല്ലാം എനിക്ക് പ്രിയപ്പെട്ടവർ തന്നെ.

എനിക്കേറ്റവുമിഷ്‌ടപ്പെട്ട അണ്ണന്റെ സിനിമ തുപ്പാക്കിയാണ്. ജഗദീഷ് എന്ന പട്ടാളക്കാരൻ 20 ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്നു. സ്ലീപ്പർസെൽസുകൾ രാജ്യത്തെ നശിപ്പിക്കുമെന്നറിയുന്ന ജഗൻ അവർക്കെതിരായ് നിലകൊള്ളുന്നു. ബോക്‌സോഫീസിൽ തുപ്പാക്കി വലിയൊരു വെടി പൊട്ടിച്ചു. 180 കോടി.

തെരിയിലെ  DCP വിജയകുമാറാണ് എന്റെ മറ്റൊരു ഇഷ്‌ട കഥാപാത്രം. സ്‌ത്രീ സുരക്ഷയ്ക്കും, സാമൂഹികമായ മാറ്റങ്ങൾക്കുവേണ്ടി പ്രവ്യത്തിക്കുന്ന ഒരു IPS ഓഫീസറെ നമുക്കീ സിനിമയിൽ കാണാം. അതിനുമപ്പുറം ഒരു പോലീസുകാരന്റെ പ്രതികാരവും.

വിജയ് സിനിമകൾക്ക് ചില  പൊതുസ്വഭാവങ്ങളുണ്ട്. നായകനായിരിക്കും എപ്പോഴും പ്രാധാന്യം. കൂട്ടിന് തമാശക്കാരായ ചില  ചങ്ങാതിമാരും. ഭൈരവയും, കത്തിയുമടക്കം എല്ലാ വിജയ് സിനിമകളുടെയും ചേരുവ ഇത് തന്നെ.  ആ നടന്റെ താരമൂല്യത്തെയാണ് സിനിമ മാർക്കറ്റ് ചെയ്യുന്നത്. വിജയ് സിനിമകൾ എന്നും വിജയിക്കുന്നത് സിനിമ ആ നടനെ കേന്ദ്രീകരിച്ച് പോകുന്നു എന്നതുകൊണ്ടാണ്.  നന്മയുടെ വിജയത്തിനാണ് നായകന്റെ പോരാട്ടമെല്ലാം.

10-15 പേരെ ഒറ്റയ്ക്കടിച്ചിടാൻ കഴിയുന്ന നായകൻ, അനീതിക്കെതിരെയാണ് എപ്പോഴും യുദ്ധം. മൂന്നാല് കളർഫുൾ പാട്ടുസീനുകൾ. നായകന് പാട്ട് സീനിൽ ഒപ്പം നൃത്തം വെയ്ക്കുവാനുള്ള ഒരു കളിപ്പാവ മാത്രമാണ് നടി. മിക്കവാറും ഒരു അടിപിടി, വഴക്ക് ഇതിൽ നിന്നൊക്കെയാണ് പ്രേമം ആരംഭിക്കുക. പിന്നെ പാട്ടായി, കൂത്തായി, ആഘോഷമായി. പക്ഷേ അതിനിടയിലൊന്നും ധർമ്മയുദ്ധങ്ങൾ  മറക്കുകയുമില്ല. സ്റ്റണ്ട്, പാട്ട്, പാട്ട്, സ്റ്റണ്ട്… അതിങ്ങനെ തുടർന്നോളും.

ഇങ്ങനെ ആലോചിച്ചാൽ ആ സിനിമകളിലെ കഥയൊന്നും ഒരിക്കലും സംഭവിക്കാത്തതാണ്. ചില ശുദ്ധ നോൺസെൻസ് വിജയ് സിനിമകളുമുണ്ട്. ആതി എന്ന സിനിമ തന്നെ എടുക്കാം. മറ്റൊരു നാട്ടിൽ നിന്നും ആതി തന്റെ കുടുംബത്തോടൊപ്പം ചെന്നൈയിലെത്തുന്നു. പഠനം എന്ന പേരിലെത്തുന്ന ആതിയുടെ യഥാർത്ഥ ഉദ്ദേശം സ്വന്തം അച്ഛനമ്മമാരെ ഇല്ലാതാക്കിയ ശത്രുക്കളെ കൊന്നൊടുക്കുക എന്നതാണ്. ഇതെ ഉദേശവുമായ് അഞ്ജലിയും പഠനത്തിനായി  ചെന്നൈയിലെത്തുന്നു. രണ്ടുപേരും ഒരേ കോളേജിൽ പഠിക്കുകയും സുഹൃത്തുക്കളാകുകയും, പിന്നീട് പരസ്‌പരം സ്‌നേഹിക്കുകയും ചെയ്യുന്നു. പെട്ടൊന്നൊരു സന്ദർഭത്തിൽ ഇവർ ചേട്ടനും, അനിയത്തിയുമാണെന്ന് അന്യോന്യമറിയുന്നു. ഇതൊക്കെ എത്ര യുക്‌തിരഹിതമാണ്? ഇത്തരത്തിലുള്ളതാണ് മിക്കവാറും വിജയ് സിനിമകൾ.

എങ്കിലും  വിജയ് ‌സിനിമകളെ ആകർഷകമാക്കുന്നത് അണ്ണന്റെ ഫണ്ണിമൂഡും, ലവബ്ൾ ആയ കഥാപാത്രങ്ങളുമാണ്.വളരെ സ്‌നേഹവും കരുതലുമുള്ള ആളായിരിക്കും എല്ലാ സിനിമകളിലുമദ്ദേഹം. നല്ല തമാശക്കാരനും. പക്ഷേ ശത്രുക്കളോട് ഒരു വിട്ടുവീഴ്‌ചയുമുണ്ടാവില്ലതാനും. ഇതൊക്കെക്കൊണ്ടാണ് വിജയ് നെ എനിക്കിഷ്‌ടം.

വിജയ് തമിഴ് അണ്ണൻമാർക്കും, മലയാളികൾക്കും എന്നും ഇളയദളപതിയാണ്. ആ ഒരു വിശേഷണം വിജയ് അണ്ണന് അനുയോജ്യമായ ഒന്ന് തന്നെയാണ്. തന്റെ അഭിനയം കൊണ്ടും, മാസ്സ് ഡയലോഗ് ഡെലിവറി കൊണ്ടും ഒരു താര ചക്രവർത്തി തന്നെയാണദ്ദേഹം.

അടുത്തതായ് അണ്ണന്റെ 62 ആണ് ഇറങ്ങാൻ പോകുന്നത്. അണ്ണൻ പൊളിക്കുമെന്ന് ഞങ്ങൾക്കുറപ്പല്ലേ!

അണ്ണാ…. We are Waiting…

– സ്വരൺദീപ്

 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account