ജാതീയ വേർതിരിവുകളിൽ നിന്ന് മോചനം നേടാമെന്ന പ്രതീക്ഷയിൽ കൂടിയാണ് കേരളത്തിന്റെ സാമൂഹ്യ ഭൂമികയിലേക്ക് സെമിറ്റിക് മതങ്ങൾക്ക് പ്രവേശനം ലഭിക്കുന്നത്. പക്ഷേ അങ്ങനെ കേവലമായ മതപരിവർത്തനത്തിലൂടെ മാറ്റിമറിക്കാൻ കഴിയുന്ന ഒന്നല്ല കേരളത്തിന്റെ ജാതി വ്യവസ്ഥ. അതിന്റെ വേരുകൾ വല്ലാതെ ആഴമുള്ളതും ശക്തവുമായിരുന്നു എന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകാൻ കാരണമായി എന്നതാണ് വാസ്തവം. പരിവർത്തിത മതത്തിലും അധഃകൃതന്റെ ജാതി അവനെ വിടാതെ പിന്തുടരുകയും കീഴാള മേലാള വിവേചനം അവന്റെ വിധിയായി തുടരുകയും ചെയ്തു. കാലമെത്ര കഴിഞ്ഞാലും പുലയൻ പുലയനായിത്തന്നെ തുടരും അഥവാ തുടരണം എന്ന വിചിത്ര യുക്തിയുടെ പ്രയോഗ വേദി കൂടിയാണ് കേരളീയ സമൂഹം. ജാതി ഒരു യാഥാർഥ്യവും മതം ഒരു സങ്കല്പവുമാകുന്ന സങ്കീർണതയിലാണ് വിനോയ് തോമസിന്റെ കഥാലോകം പദമൂന്നി നിൽക്കുന്നത്.
“കരിക്കോട്ടക്കരി” ഉന്നയിക്കുന്ന ഒരു ദളിത് സ്വത്വ പ്രതിസന്ധിയാണ് ജാതിയുടെ ഉണ്മയും മതത്തിന്റെ ഇല്ലായ്മയും. സെമിറ്റിക്ക് മതങ്ങളുടെ സവർണ ചട്ടക്കൂട് ജാതിയെ നിലനിർത്താൻ ശ്രമിക്കുന്നു എന്നു മാത്രമല്ല ദളിതാവസ്ഥയോട് പരമ്പരാഗതമായ പുച്ഛവും ആധിപത്യ മനോഭാവവും പുലർത്തുകയും ചെയ്യുന്നു. എന്നത്തെയും പോലെ ഒന്നിനോടും പ്രതിഷേധിക്കാൻ ധൈര്യമില്ലാതെ ദളിതൻ അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു. അഞ്ചു തലമുറ മുൻപത്തെ വംശശുദ്ധിയും രക് ശുദ്ധിയും പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷമേ അധികാരത്തിൽ കുടുംബം വധുക്കളെ തെരഞ്ഞെടുക്കാറുള്ളൂ. ആഢ്യത്തം ഉറപ്പുവരുത്താതെ പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുത്തു കൂടാ എന്നും അധികാരത്തിൽ കുടുംബത്തിന്റെ നിയമാവലി നിഷ്കർഷിക്കുന്നു. ആഡ്യത്തത്തിന്റെ പ്രതീകമായ വെളുത്ത ശരീരമുള്ള വർക്കിടയിലാണ് ഇറാനി മോസ് എന്ന കറുത്ത കുട്ടി ജനിക്കുന്നത്. കറുപ്പ് അവനെ കരിക്കോട്ടക്കരി എന്ന കാനാൻ ദേശത്തേക്ക് വല്ലാതെ ആകർഷിക്കുകയും അധികാരത്തിൽ തറവാടിന്റെ എല്ലാ ഔന്നത്യവും നിരാകരിച്ച് കരിക്കോട്ടക്കരിയുടെ ചരിത്ര ഭൂമി ശാസ്ത്രങ്ങളിലൂടെ നിരന്തരമായ സ്വത്വാന്വേഷണത്തിലേക്ക് ഇറാനിമോസ് ഇറങ്ങി നടക്കുകയും ചെയ്യുന്നു.
ആലപ്പുഴയിൽ നിന്ന് തലമുറകൾക്കു മുന്നേ കുടിയേറിയവരത്രേ കരിക്കോട്ടക്കരിക്കാർ. അവരെ കൃസ്തീയയതയുടെ സ്വർഗീയ വഴികളിലൂടെ ആട്ടിത്തെളിച്ചു കൊണ്ടു വന്ന നല്ല ഇടയൻ(മാർ) കീഴാള വർഗത്തിന്റെ പൈതൃകത്തേയും സംസ്കാരത്തേയും നിരാകരിക്കുകയും നിയതവും കർശനവുമായ സാമൂഹ്യക്രമവും പെരുമാറ്റ രീതികളും ആരാധനാക്രമങ്ങളും അടിച്ചേൽപിക്കുകയും ചെയ്തു. പന്നിക്കളിപ്പാട്ട് എന്ന നാടൻ കലാരൂപത്തിന്റെ അനുധാവനപ്പാട്ട് അധികാരത്തിൽ കുടുംബയോഗത്തിൽ പാടിയ ഇറാനി മോസിന് വലിയ വിലക്കുകളാണ് നേരിടേണ്ടി വരുന്നത്. തലമുറകൾക്കു പിന്നിലെവിടെയോ ഉപേക്ഷിച്ചു പോന്ന സ്വത്വം നിരന്തരമായി പിന്തുടരുന്നുണ്ടെന്ന ഭീതിയാണ് മിക്ക പാരമ്പര്യ നിഷേധത്തിന്റേയും അടിസ്ഥാനം. എത്ര ശ്രമിച്ചാലും ആഴത്തിൽ പടർന്നിട്ടുളള വേരുകൾ പരത്തുന്ന ചേറിന്റെ ഗന്ധം ചിലപ്പോൾ പ്രതിരോധിക്കാനാവില്ല എന്ന ബോധ്യവും ജീവിതം സങ്കീർണമാക്കുന്നു . ഭയപ്പെടുത്തുന്ന എന്തിനേയും എതിർപ്പു കൊണ്ട് നേരിടലാണ് സാമൂഹ്യ ശീലം. അത്തരം എതിർപ്പുകളെ പ്രതിരോധിക്കുക എന്നത് വിപ്ലവവും.
സെബാൻ എന്ന ഇറാനി മോസിന്റെ സുഹൃത്ത് അവന്റെ അച്ചാച്ചന്റെ പെട്ടിയിൽ നിന്നു കിട്ടിയ പുലയ ജാതി സർട്ടിഫിക്കറ്റിന്റെ ബലത്തിൽ സ്വജാതിയിലേക്ക് തിരിച്ചു പോയതായി രേഖയുണ്ടാക്കുകയും അതുപയോഗിച്ച് സംവരണത്തിന്റെ സഹായത്തോടെ സർക്കാർ ജോലി സമ്പാദിക്കുകയും ചെയ്യുന്നുണ്ട് നോവലിൽ. സെബാന്റെ സഹോദരി ബിന്ദുവിനെ കല്യാണം കഴിക്കണമെന്ന് ഇറാനി മോസ് ആഗ്രഹിക്കുന്നു. എന്നാൽ ബിന്ദുവിന്റെ നിലപാട് വ്യത്യസ്തവും വിചിത്രവുമാണ്. തന്റെ ഗർഭപാത്രത്തിൽ വിത്തു വിതക്കാനുള്ള യോഗ്യത ഒരു പുലയനേയുള്ളൂ എന്നവൾ വിശ്വസിക്കുന്നു. പുലയനായി മടങ്ങിപ്പോയ തന്റെ സഹോദരനോടുള്ള ബഹുമാനം അവൻ ചെയ്തതൊക്കെയും സൗമ്യ സി. ചാക്കോ എന്ന വെളുത്ത ക്രിസ്ത്യാനിപ്പെണ്ണിനെ കെട്ടാനായിരുന്നു എന്നറിഞ്ഞതോടെ ഇല്ലാതായി എന്നും ബിന്ദു പ്രഖ്യാപിക്കുന്നുണ്ട്.
പുലയത്തത്തിലേക്കുള്ള തിരിച്ചു പോക്ക് സങ്കീർണമായ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. മണ്ണിലേക്കുള്ള മടക്കത്തിന്റെ വിളിപ്പേരാണ് വിശാലാർഥത്തിൽ പുലയത്തത്തിലേക്കുള്ള മടക്കം. വിനോയ് തോമസിന്റെ സാഹിത്യ നിലപാടുകളുടെ അടിസ്ഥാനവും മണ്ണും മനുഷ്യനുമാണ് എന്ന് “രാമച്ചി” മുതൽ “മിക്കാനിയ മൈക്രാന്ത” വരെയുള്ള കഥകളും വ്യക്തമാക്കുന്നു. സാറാ ജോസഫ് രൂപപ്പെടുത്തിയെടുത്തിട്ടുള്ള പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ പുതിയൊരു രൂപഘടന വിനോയ് തോമസിന്റെ രചനകളിൽ ദർശിക്കാവുന്നതാണ്. സ്ത്രീ പുരുഷ വ്യത്യാസം പരിഗണിക്കുകയേ ചെയ്യാത്ത കഥാകൃത്ത് മിക്കപ്പോഴും സ്ത്രീയോട് കൃത്രിമമല്ലാത്ത സമഭാവന പുലർത്തുന്നത് കാണാം. “രാമച്ചി” എന്ന കഥ സ്ത്രീ പ്രകൃതിയുടെ സരൂപവൽക്കരണമാകുമ്പോൾ “മിക്കാനായ മൈക്രാന്ത” മനുഷ്യന്റെ പ്രകൃതിവൽകരണമാണ് അന്തിമമായ വിധി എന്ന് സാക്ഷ്യപ്പെടുത്തുന്നു.
ഭാഷയാണ് വിനോയ് തോമസിന്റെ ഏറ്റവും വലിയ ശക്തി. ഹൃദ്യവും മാസ്മരികവുമായ അനന്യ ഭാഷാസ്വാധീനം ഒട്ടൊന്നുമല്ല അദ്ദേഹത്തിന്റെ കൃതികളെ മനോഹരമാക്കുന്നത്. ഭാഷാപരമായ പരീക്ഷണങ്ങൾ എന്നത് കഠിന പദങ്ങളുടേയും സങ്കീർണ വാക്യഘടനയുടേയും പ്രകടനപരതയാണ് എന്ന് വിശ്വസിക്കുന്ന മലയാള സാഹിത്യത്തിൽ തികച്ചും അടിസ്ഥാനപരമായ തും പരിചിതവുമായ പദങ്ങളിൽ നിന്ന് എങ്ങനെ അനുഭൂതിയുടെ ഭാഷാ ജാലം ചമക്കാമെന്നതിന് വിനോയ് തോമസിന്റെ ശൈലി ഉദാഹരണമാണ്. കഥയുടെ വൈകാരിക ഭാവത്തെ അനുവാചകനിലേക്ക് സന്നിവേശിപ്പിക്കാനുള്ള പരോക്ഷമോ സമാന്തരമോ ആയ ശേഷിയാണ് ഭാഷയെ അസാമാന്യമാക്കുന്നത്. വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി എന്ന കഥ ഒരു പക്ഷേ ഈ തലത്തിൽ ഒരു മികച്ച ഉദാഹരണമാണ്. ജീവിതം കൊണ്ട് അനുഭവിക്കുന്ന ചെടിപ്പ് അത്രമേൽ കൃത്യമായി കഥ നമ്മെ അനുഭവിപ്പിക്കുന്നു. രാമച്ചിയിൽ ഇതേ ഭാഷ കുളിരും സൗഖ്യവും പെയ്ത് പെയ്ത് നമ്മെ ഗൂഢ വനാന്തരങ്ങളിലൂടെ മനുഷ്യൻ എന്ന ഒറ്റ സ്വത്വത്തിലേക്ക് നയിച്ചു കൊണ്ടു പോകുന്നു.
അതിനാൽ തന്നെ വിനോയ് തോമസ് മലയാള സാഹിത്യത്തിൽ സമാനതകളില്ലാത്ത ഒരു സാന്നിധ്യമായി മാറിയിരിക്കുന്നു എന്ന് നിസംശയം പറയാം.
Good review!
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ
സമാനതകളില്ലാത്ത അനുമോദനത്തിന്,പ്രേം കുമാർ മാഷേ, ആദ്യമേ നന്ദി. നമ്മുടെ പ്രിയ സുഹൃത്ത് വിനോയ് തോമസ് ഈ അഭിനന്ദനങ്ങൾ ഇന്ധനമാക്കി സാഹിത്യ ലോകം സമ്പന്നമാക്കട്ടെ.