ഇന്ത്യയിൽ കൊവിഡ് കേസുകൾ ഇരുപതു ലക്ഷത്തിലെത്താറായി. കേരളത്തിൽ ദിനംപ്രതി ആയിരത്തിലേറെ പുതിയ കേസുകൾ ഉണ്ട്. അതിൽ ഭൂരിഭാഗവും സമ്പർക്കം മൂലവും.

മാസ്‌ക് അണിയേണ്ടതിന്റെയും സോപ്പിട്ട് നന്നായി കൈകൾ വൃത്തിയാക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകത നിത്യേനെ സർക്കാരും ആരോഗ്യ പ്രവർത്തകരും നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ എന്നിവർ തങ്ങളുടെ കുടുംബം പോലും മാറ്റിവച്ചുകൊണ്ട് ജനങ്ങൾക്കായി പ്രവർത്തിക്കുന്നു.

സമ്പർക്ക വ്യാപനത്തിന്റെ തോത് വർദ്ധിക്കുന്നതിനാൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത കൊച്ചു കുട്ടികൾക്കു പോലുമറിയാം.

വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ജോലികളെല്ലാം വീട്ടിലിരുന്ന് ചെയ്‌തു തുടങ്ങി. മറ്റു പല ജോലിക്കാർക്കും അവധി നൽകി.  അനാവശ്യമായി എല്ലാ ആഘോഷങ്ങളും ഒഴിവാക്കിത്തുടങ്ങി.

അപ്പൊഴാണ് ദാ ഇടി വെട്ടേറ്റ പോലൊരു വാർത്ത! 75 വയസ്സുള്ള ഒരു സ്‌ത്രീ  ബലാൽസംഘത്തിനിരയാക്കപ്പെട്ടിരിക്കുന്നു!! നെഞ്ചു മുതൽ വയറു വരെ കത്തി കൊണ്ട് വരയപ്പെട്ട്, ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റ നിലയിൽ ആ സ്‌ത്രീ അപകട നിലയിലാണ്. പരിശോധിച്ച ഡോക്റ്റർമാരുടെ അഭിപ്രായം ഡൽഹിയിലെ നിർഭയ കേസു പോലെയാണെന്നാണ്.

ഹൊ!

നിപ്പ, പ്രളയം എന്നിവ വന്നെങ്കിലും അവയെ അതിജീവിച്ചു. കൊറോണയെ അതിജീവിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, സ്‌ത്രീ ശരീരം എന്നത് ഭോഗ വസ്‌തു മാത്രമാണെന്ന വികലമായ കാഴ്‌ചപ്പാടിൽ നിന്നുമെന്നാണ് ഒരു മോചനം ലഭിക്കുക?

ആദ്യത്തെ ലോക്ക് ഡൗണിനിടയിലാണ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച വാർത്ത നാം കേട്ടത്. പിന്നെ ഭാര്യയെ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊലപ്പെടുത്തിയ ഭർത്താവിനെ കുറിച്ചു കേട്ടു. ഭാര്യയെ പതിനേഴു കുത്തുകൾ കൊണ്ട് കൊലപ്പെടുത്തി, എന്നിട്ടും കലി തീരാഞ്ഞതിനാൽ ആ ശരീരത്തിലൂടെ വണ്ടി ഓടിച്ചിറക്കിയവനെ കുറിച്ചും കേട്ടതിനു പുറമെ, ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്‌ച്ചവയ്ക്കാൻ ശ്രമിച്ച നെറികെട്ടവനെ കുറിച്ചും, പിതാവ് കൂട്ട് നിന്ന പീഡനത്തെ കുറിച്ചും നമ്മൾ കേട്ടിരുന്നു, അല്ലേ?

ലോകം എത്ര വേഗമാണ് മുന്നോട്ട് കുതിക്കുന്നത്? അന്യഗ്രഹങ്ങളിലും മനുഷ്യൻ കാലു കുത്തിത്തുടങ്ങി. എന്നിട്ടുമെന്തേ കൺമുന്നിലെ സ്‌ത്രീയെ ബഹുമാനിക്കാൻ പഠിക്കാതെ ‘അവളിടങ്ങൾ’ കൈയ്യേറുന്നത്?

ഓരോ കേസുകൾ വരുമ്പോൾ മാത്രം മാധ്യമങ്ങളിൽ  കിടന്നു നിലവിളിച്ചിട്ട് എന്ത് കാര്യം?

ലോകം മുഴുവൻ ഭയപ്പെടുത്തുന്ന മഹാമാരിയുടെ കരാള ഹസ്‌തങ്ങളിൽ കിടന്നു പിടയുമ്പോഴും ഒന്നും പഠിക്കുന്നില്ല എന്നു വച്ചാൽ ഒരിക്കലും നന്നാവില്ലന്നു തന്നെ അർത്ഥം. പക്ഷെ അങ്ങനെ യഥേഷ്‌ടം പിച്ചി ചീന്തപ്പെടാനുള്ളതല്ല പെൺകുലത്തിൽ  ജൻമമെടുത്തവർ. ശക്‌തമായ നിയമം വരണം. സ്‌ത്രീയുടെ അനുവാദമില്ലാതെ അവളെ ഒന്നു നോക്കാൻ പോലും ഒരുത്തനും ധൈര്യപ്പെടാത്ത വിധം അതിവേഗം ശിക്ഷ നടപ്പാക്കുന്ന കടുത്ത നിയമം.

 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account