ഒരു പരിഷ്‌കൃത സമൂഹത്തിൽ പോലീസ് സേനയുടെ കർത്തവ്യമെന്താണ് എന്നത് പല തരത്തിൽ അഭിസംബോധന ചെയ്യപ്പെട്ട പ്രശ്‌നമാണ്. എഗോൺ ബിറ്റ്നറുടെ (Egon Bittner) The functions of police in modern Society എന്ന പ്രബന്ധത്തിൽ പോലീസ് സേന എങ്ങനെയാണ് സിവിൽ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ ഇടപെടേണ്ടത് എന്ന് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. കുറ്റകൃത്യങ്ങൾ സംഭവിച്ചതിനു ശേഷം അവയെക്കുറിച്ച് അന്വേഷിക്കുകയും കുറ്റവാളികളെ കണ്ടെത്തുകയും ചെയ്യുന്നതിനേക്കാൾ കുറ്റകൃത്യങ്ങൾ സംഭവിക്കാതിരിക്കുന്നതിനുള്ള മുൻ കരുതലുകൾ എടുക്കലാണ് പോലീസിന്റെ  ഉത്തരവാദിത്തങ്ങളിൽ പരമപ്രധാനം. പക്ഷേ ലോകത്ത് ഒരു സമൂഹത്തിലും പോലീസ് അത്തരത്തിൽ പ്രവർത്തിക്കുന്നതേയില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ഇംഗ്ലണ്ടിലാണ് ആധുനിക പോലീസിംഗ് സമ്പ്രദായത്തിന്റെ തുടക്കം. വ്യവസായവൽക്കരണത്തിന്റെ പരിണിത ഫലമായുണ്ടായ സാമ്പത്തിക വളർച്ചയും അതിന്റെ ഉപോൽപ്പന്നമായ സാമൂഹ്യ അരക്ഷിതാവസ്ഥയുമാണ് പോലീസിംഗ് എന്ന ആശയത്തിലേക്ക് വഴി തെളിച്ചത് എന്നും പറയാം. സ്വാഭാവികമായും  പോലീസിംഗ് എന്നാൽ സമ്പത്തിന്റെ സംരക്ഷണവും സമ്പന്നരുടെ സുരക്ഷയുമായി എളുപ്പത്തിൽ രൂപപ്പെട്ടു. വർഷമിത്ര കഴിഞ്ഞിട്ടും പലവിധത്തിലുള്ള ആധുനികവൽക്കരണങ്ങളും സാങ്കേതിക മുന്നേറ്റങ്ങളുമൊക്കെ സംഭവിച്ചിട്ടും പോലീസിന് കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന കേരളത്തിലെ പോലീസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിശകലനമാണ് ഇങ്ങനെയൊക്കെ പറയാൻ പ്രേരിപ്പിച്ചത്.

കേരളത്തിലെ പോലീസ് എന്തു ചെയ്യുന്നു എന്നത് ആഴത്തിൽ അന്വേഷിക്കേണ്ട സംഗതിയാണ്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടതാണ് പോലീസിംഗിന്റെ പരാജയത്തിലെ അവസാനത്തെ കണ്ണി. വധഭീഷണി നിലവിലുണ്ടായിരുന്ന ഒരാൾക്കു നേരെ നടന്നേക്കാവുന്ന ആക്രമണത്തെ പോലും തടയാൻ സാധിക്കാത്ത പോലീസ് എങ്ങനെയാണ് സാധാരണക്കാരന്റെ ജീവനും സ്വത്തും സംരക്ഷിക്കുക? കഴിഞ്ഞ മാസം പാലക്കാട് ജില്ലയിൽ വി.ടി. ബൽറാം എം.എൽ.എ ക്കെതിരെയുണ്ടായ ആക്രമണത്തിനു പിന്നിലും കാണാം ഒരു അനാസ്ഥയുടെ നിഴൽ. എം.എൽ.എ ക്കെതിരെ പ്രതിഷേധമുണ്ടാവുമെന്ന് സാധാരണക്കാർക്കു പോലും അറിയാമായിരുന്നിട്ടും അതു തടയാനുള്ള ഒരു മുൻ കരുതലും പോലീസ് സ്വീകരിച്ചില്ല. അതേ  സ്ഥലത്ത് പിറ്റേന്ന് ഹർത്താൽ നേരിട്ടത് ഇരുനൂറിലധികം പോലീസുകാരെ രംഗത്തിറക്കിയായിരുന്നു. തലേന്ന് ഇരുപത് പോലീസുകാരെ ഉപയോഗിച്ച് തടയാമായിരുന്ന ഒരു അക്രമം തടയാൻ ശ്രമിക്കാത്ത പോലീസ് അക്രമം കഴിഞ്ഞാൽ ഊർജിതമായി രംഗ പ്രവേശം ചെയ്യുന്നതാണ് ഇപ്പോൾ നമുക്കു കാണാനാവുന്നത്.

കേരളത്തിലങ്ങോളമിങ്ങോളം നടന്ന നിരവധി വൻ ഭവനഭേദനങ്ങളുടെ കാര്യവും വ്യത്യസ്‌തമല്ല. കുറ്റം നടന്നു കഴിഞ്ഞാൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കുറ്റവാളികളെ പിടികൂടാൻ കേരള പോലിസ് പ്രാപ്‌തരാണ്. എന്നാൽ കുറ്റകൃത്യങ്ങളെ തടയാനുള്ള ശേഷിയിൽ ഹിമാലയൻ പരാജയവും. എന്തായിരിക്കാം ഈ അവസ്ഥയുടെ കാരണം? സേനയിലെ അംഗസംഖ്യയുടെ പരിമിതി, കൃത്യാന്തര ബാഹുല്യങ്ങൾ തുടങ്ങി നിരവധി പതിവു വിശദീകരണങ്ങൾക്കപ്പുറം പോലീസിന്റെ ഘടനാപരമായ ചില സവിശേഷതകളും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കാം. ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ ഈ സുവർണ കാലഘട്ടത്തിലും നമുക്ക് സുസജ്ജമായ ഒരു കുറ്റകൃത്യ പ്രതിരോധ (Crime prevention) വിഭാഗം ഇല്ല എന്നതാണ് യാഥാർഥ്യം. ഇന്നും പോലീസിന്റെ പ്രഥമവും പ്രമുഖവുമായ പരിഗണന കുറ്റാന്വേഷണത്തിനാണ്.  പോലീസിനേയും പൊതുജനങ്ങളേയും ബന്ധിപ്പിക്കുന്ന എല്ലാ ഹോട് ലൈനുകളും ഹെൽപ് ലൈനുകളും കുറ്റകൃത്യം നടന്നതിനു ശേഷം പരാതിപ്പെടാനുള്ളതാണ്.

കൗതുകകരമായ ഒരു ആലോചനക്കുകൂടി സ്ഥാനമുണ്ട്. നമ്മളാരും പരാതികളുമായി പോലീസിനെ സമീപിക്കാത്ത ഒരവസ്ഥയുണ്ടായാലോ? കുറ്റകൃത്യങ്ങൾ തീരെയില്ലാത്ത ഒരു സമൂഹം രൂപപ്പെടുന്നതിനെ പോലീസ് സംവിധാനത്തിന് അംഗീകരിക്കാനാവുമോ? ഇല്ല എന്നാണ് ഉത്തരം. കുറ്റകൃത്യങ്ങൾ വളരെ വലിയ ഒരു വാണിജ്യ മേഖലയാണ്. കുറ്റകൃത്യങ്ങളെ ആശ്രയിച്ച് നിലനിൽക്കുകയും അനുദിനം വളരുകയും ചെയ്യുന്ന ഒട്ടേറെ തൊഴിൽ മേഖലകളുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിനേക്കാൾ തീർച്ചയായും ആദായകരം അവ സംഭവിക്കുന്നതു തന്നെയാണ്. പ്രതിയെ പിടിക്കുന്ന പോലീസിനെയാണ് നമുക്കുമിഷ്‌ടം, ബഹുമാനം. എന്തുകൊണ്ട് കുറ്റകൃത്യങ്ങൾ തടയുന്നില്ല എന്നതിനുള്ള ഉത്തരവും അതു തന്നെ.

-മനോജ് വീട്ടിക്കാട്

1 Comment
  1. Pramod 7 months ago

    നമ്മുടെ ഇന്നത്തെ രാഷ്ട്രീയസ്ഥിതിയിൽ ഒന്നും നടക്കില്ല

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account