മലയാളിയുടെ ഏറ്റവും ഗൃഹാതുരമായ ഓർമ്മകളിൽ കൈനീട്ടമായും കണിയായും സദ്യയായും പടക്കം പൊട്ടിക്കലായും നിറഞ്ഞു നിൽക്കുന്ന  മനോഹരമായ കാഴ്‌ചയാണ് വിഷു. കുട്ടിക്കാലത്തെ ഉള്ളിലേക്കാവാഹിക്കാൻ സാധിക്കുന്ന സുഖപ്രദമായ അനുഭവം. ഏതൊരു മലയാളിയുടെയും ഏറ്റവും രസകരമായ ഒരു ബാല്യകാലോർമ്മക്ക് വിഷുവിന്റെ പശ്ചാത്തലമുണ്ടാകും.

വിഷുവിന് പിന്നിലെ വിവിധ  ഐതിഹ്യങ്ങളും, ഇന്ത്യയിലെല്ലായിടത്തും സമാനരീതിയിൽ ആചരിച്ചു വരുന്ന ആഘോഷങ്ങളും  നമുക്കെല്ലാവർക്കുമറിയാം.

എന്നാൽ വിഷു എന്ന ഉത്‌സവം മുന്നോട്ട് വെക്കുന്ന ചില പ്രകൃതി പാഠങ്ങളിലേക്കു കൂടി നമ്മൾ കണ്ണോടിക്കേണ്ടതുണ്ട്.

വിഷു എന്ന പ്രകൃത്യുത്‌സവം മലയാളിയുടെ കാർഷികപാരമ്പര്യത്തിന്റെ ഓർമപുതുക്കലാണ്. സ്വന്തം കൃഷിയിടത്തിൽ നമ്മൾ നട്ടുനനച്ചുവളർത്തിയെടുത്ത കായ്‌കറികളും ഫലവർഗങ്ങളും കണികണ്ടുണരുന്ന നന്മയുടെ ഉത്‌സവം. മണ്ണിൽ നിന്നും നമ്മൾ നേടിയെടുക്കുന്നതിനെ ദൈവതുല്യമായി കരുതുന്ന കാലം. ഭഗവാൻ വിഷ്‌ണുവിന്റെ അഷ്‌ടാവതാരമായ, കാരുണ്യത്തിന്റെയും പ്രണയത്തിന്റെയും തിരൂരൂപമായ ഭഗവാൻ ശ്രീകൃഷ്‌ണനോടൊപ്പമാണ് നമ്മുടെ അദ്ധ്വാനഫലങ്ങളും  കൂടി ചേർത്തുവെക്കുന്നത്.

അദ്ധ്വാനം ഈശ്വരപൂജയാണെന്നും അതിലൂടെ ഈശ്വര കടാക്ഷത്തിന് അർഹരാകാമെന്നുമുള്ള പാരമ്പര്യവിശ്വാസത്തിന്റെ ഓജസ്സാണ് വിഷുക്കണി.

സമ്പത്തിനോടൊപ്പം വിദ്യ കൂടി കണികണ്ടുണരുമ്പോഴാണ് ജീവിതത്തിന് പൂർണ്ണതയുണ്ടാകുന്നത്. സമ്പത്ത് മാത്രമല്ല, ജീവിതവിജയത്തിന് വിദ്യയും പരമപ്രധാനമാണെന്ന് വിഷുക്കണി നമ്മെ  ഓർമ്മപ്പെടുത്തുന്നു. വിഷുക്കണിയിൽ പ്രധാന സ്ഥാനമലങ്കരിക്കുന്ന വാൽക്കണ്ണാടിയും വലിയൊരു തത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അഹം ബ്രഹ്മാസ് മി എന്ന ഭാരതീയദർശനത്തിന്റെ ഗരിമ ഇതിനേക്കാൾ ലളിതമായി എങ്ങനെയാണവതരിപ്പിക്കുന്നത്!

കാലാവസ്ഥയ്ക്കനുയോജ്യമായ ഫലമൂലാദികളും, കോടിമുണ്ടും, നിലവിളക്കുമെല്ലാം നമ്മൾ എത്രമാത്രം പ്രകൃതിയോട് പരസ്‌പര പൂരകമായ ബന്ധം പുലർത്തുന്നു എന്നതിന് ഉദാഹരണമാണ്.

വിഷുക്കണി വീട്ടിലുള്ളവരെ മാത്രമല്ല, പ്രകൃതിയേയും വളർത്തുമൃഗങ്ങളേയും കാണിക്കുന്ന പതിവുണ്ട്. സമത്വസുന്ദരമായ മറ്റൊരു പ്രകൃതിപാഠം. കണിയൊരുക്കുന്നതും പൂജ ചെയ്യുന്നതും കുടുംബത്തിലെ സ്‌ത്രീകളാണെന്നത് പ്രത്യേകം ഓർമ്മിക്കേണ്ടതുണ്ട്. ഗൃഹൈശ്വര്യത്തിന്റെ പരികർമ്മികളായ സ്‌ത്രീരത്‌നങ്ങളെ, യാതൊരു അശുദ്ധിയുമില്ലാതെ വിഷു ചേർത്തു നിർത്തുന്നു.

സാധാരണ സദ്യവട്ടങ്ങളല്ല, കണിയൊരുക്കാനായെടുത്ത വിഭവങ്ങൾ കൊണ്ടുള്ള സദ്യയാണ്‌ വിഷുവിനുണ്ടാകുക. അവയിൽ തന്നെ ചക്കയും മാങ്ങയുമാണ് പ്രധാന രുചിക്കൂട്ട് .

ഒരു വർഷം മുഴുവൻ സമ്പദ്‌ സമൃദ്ധമാകാനായി വിഷുക്കാലത്ത് മാത്രം പൂക്കുന്ന കണിക്കൊന്നകൾ ഒരത്‌ഭുതം തന്നെയാണ്. വിഷു വരവറിയിക്കുന്ന വിഷുപക്ഷികളെയും മറക്കാനാവില്ല .

സന്തോഷത്തിനും നന്മക്കും വേണ്ടി പ്രകൃതി വരെ  പൂത്തുലയുന്നു. എല്ലാവർക്കും ധനധാന്യസമൃദ്ധിയുണ്ടാകട്ടെ എന്ന അനുഗ്രഹമാണ് വിഷുകൈനീട്ടത്തിന്റെ  പൊരുൾ.

മറ്റെല്ലാ ഉത്‌സവങ്ങളിൽ നിന്നും വിഭിന്നമായി കലാകായിക വിനോദങ്ങളുടെ കഥയല്ല വിഷുവിന് പറയാനുള്ളത്. വിഷുക്കഞ്ഞിക്ക് ശേഷം അടുത്ത വർഷത്തെ വിളവിനുള്ള ചാലുകീറലാണ് പ്രധാനം, കൃഷി ആയുധങ്ങളെയും വിളനിലത്തെയും പൂജിക്കുന്ന ചടങ്ങ്.

വിഷു എന്ന അദ്ധ്വാനത്തെ, കാർഷിക പാരമ്പര്യത്തെ ഉദ്‌ഘോഷിക്കുന്ന വലിയ ഉത്‌സവം മലയാള മണ്ണിന്റെ നന്മയുടെ പാരമ്പര്യമാണ്. ഏതു ദേശത്ത് വസിക്കുമ്പോഴും മലയാളി എന്ന നിലയിൽ  വിഷു മഹിമ പുതിയ തലമുറക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, കവി പാടിയതു പോലെ..

‘ഏതു ധൂസര സങ്കൽപ്പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്‌കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും..’!

വിഷു ആശംസകൾ!

 സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account