ഒരു വിഷുകൂടി പടികടെന്നെത്തുകയായി. വേനലിന്റെ വലിയ ചൂടിൽ പ്രതീക്ഷകളുടെ കുളിരുമായാണ് വിഷു വാരാറ്. പതിവ് തെറ്റാതെ പ്രതീക്ഷയിലേക്ക് നോക്കിയിരിക്കുകയാണ് ഞാനും.

കൊന്നപ്പൂവിന്റ മഞ്ഞ. പൂത്തിരികളുടെ മഞ്ഞ. മഞ്ഞ നിറമാണ് വിഷുവിന്. ഒരു പാലക്കാടൻ ഗ്രാമത്തിന്റെ വിശുദ്ധിയിൽ നിന്നാണ് ഞാൻ ഏറെക്കാലം വിഷുവിന്റെ മഞ്ഞ സൗന്ദര്യം ആസ്വദിച്ചത്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ ഫുട്ബോളും, ക്രിക്കറ്റും കളിച്ചു നടക്കുന്ന കാലത്ത് വിഷു ഏറെ പ്രിയപ്പെട്ടതായിരുന്നു. സ്‌കൂൾ അവധിക്കാലത്തെ ഈ ആഘോഷം എനിയ്ക്ക്  വല്ലാത്ത ഒരു ആവേശം തന്നെയായിരുന്നു. തൊടിയിലെ കശുമാവിൻ ചുവടുകളിലൂടെ നടന്ന് കശുവണ്ടി പെറുക്കിയെടുത്തും, ആവൽ ചപ്പി താഴെ വീണ അടക്ക ശേഖരിച്ചും കമ്പിത്തിരിയും, പൂത്തിരിയും വാങ്ങുവാനുള്ള പണം സമ്പാദിച്ചു. അവിടെ മത്‌സരമായിരുന്നു. കൂടുതൽ കമ്പിത്തിരിയും മറ്റും ആരാണ് വാങ്ങുകയെന്ന മത്‌സരം ഞങ്ങൾ സുഹൃത്തുക്കൾക്കിടയിലുണ്ടായിരുന്നു. മത്‌സരത്തിൽ ജയിക്കുക എന്ന വാശിയായിരുന്നു കമ്പിത്തിരി കത്തുമ്പോഴുള്ളതിനേക്കാൾ തിളങ്ങിയിരുന്നത്. പടക്കങ്ങൾ ചെറിയ പേടിയായിരുന്നു. അതുകൊണ്ട് തന്നെ അവയുടെ എണ്ണം ഞങ്ങളുടെ ശേഖരത്തിൽ കുറവായിരുന്നു. വിഷുത്തലേന്ന് കണിക്കൊന്നപ്പൂ, വെറ്റില, അടക്ക ഇവ ശേഖരിക്കുന്ന ചുമതലയും ഞങ്ങൾക്കായിരുന്നു. ഇവ തേടി പല വീടുകളിലൂടെയും നടക്കും. വാഴപ്പഴം, മാങ്ങ, മത്തൻ തുടങ്ങിയവയെല്ലാം തൊടിയിൽ നിന്ന് എത്തിയിട്ടുണ്ടാവും. കണിവെള്ളരി ചിന്നൻ നായരായിരുന്നു ആദ്യകാലങ്ങളിൽ എത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ പാടത്തെ വേനൽകൃഷി വെള്ളരിയും, പടവലവും ആയിരുന്നു. രാത്രിയിലെ കമ്പിത്തിരിയുടേയും, പൂത്തിരിയുടേയും കരിമരുന്ന് ഗന്ധങ്ങൾക്കിടയിലൂടെ അമ്മയുടെ ഉണ്ണിയപ്പത്തിന്റെ കൊതിപ്പിക്കുന്ന മണം  പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.

പുലർച്ചെ കാത്തിരുന്ന പ്രതീക്ഷയുടെ തുടക്കം. തെളിയാത്ത കണ്ണുകളിലൂടെ കണികണ്ട് പിൻതിരിയുമ്പോൾ കിട്ടുന്ന നാണയത്തുട്ടുകളിലും, പുതിയ നോട്ടുകളിലും വല്ലാത്ത ഒരു സ്‌നേഹവും, പ്രതീക്ഷയും ആണ് ഉള്ളത്. അടുത്ത വർഷവും ഇതുപോലെ തരാൻ ഇവർ ഉണ്ടാവും എന്നതായിരുന്നു എന്റെ പ്രതീക്ഷകൾ. ബന്ധുഗൃഹസന്ദർശനങ്ങളിലും മറ്റും ഇതുപോലെ കിട്ടുന്ന കൈനീട്ടങ്ങൾ കൂട്ടിവെച്ച് ഏറെ ആഗ്രഹിച്ചവ വാങ്ങുവാനുള്ള ഒരു വ്യഗ്രത എത്രയായിരുന്നു എന്നറിയ്യോ! വിഷു സദ്യയും, പായസവും പിന്നെ കൂട്ടുകൂടിയുള്ള കറക്കവും വെറുതെ ഓർമ്മിച്ചെടുക്കുവാനേ ഇന്ന് കഴിയുന്നുള്ളൂ. നാണയത്തുട്ടുകളും, നോട്ടുകളും തന്നവർ മിക്കവരും പോയിക്കഴിഞ്ഞു. തൊടിയും, വീടും മാറി. കൂട്ടുണ്ടായിരുന്നവരും പല വഴികളിലായി. അപ്‌ഡേറ്റ് ചെയ്‌ത വിഷു വീണ്ടും വരുന്നു. മഞ്ഞ നിറം മാറിത്തുടങ്ങിയോ…

5 Comments
 1. P K N Nair 3 years ago

  The golden memories. Well written, it reminds me my childhood and those good days.

 2. Priya 3 years ago

  Good old memories… Happy Vishu!

 3. Suresh 3 years ago

  Nostalgic….

 4. മനസ്സിലിനിയുമുണ്ടാവട്ടെ നന്മയുടെയും സ്നേനേഹത്തിന്റെയും കർണ്ണികാരങ്ങൾ വിടർന്ന മഞ്ഞനിറം ….

 5. Sunil 3 years ago

  അപ്‌ഡേറ്റ് ചെയ്‌ത വിഷു വീണ്ടും വരുന്നു. മഞ്ഞ നിറം മാറിത്തുടങ്ങിയോ…
  മാറാതെ നോക്കാൻ ശ്രമിക്കാം, ഏവർക്കും

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account