വിഷുക്കാലം എന്നും ആഘോഷത്തിന്റേതായിരുന്നു. കുട്ടിക്കാലത്ത് കൂട്ടുകുടുംബത്തിന്റെ നിറവിൽ വളർന്നതുകൊണ്ടാവണം ഓണം, വിഷു, തൃക്കാർത്തിക, തുടങ്ങിയ പല ദിവസങ്ങളും വർണ്ണാഭയോടെ മനസ്സിൽ പൂത്തുലയുന്നത്. ഞങ്ങൾ കുട്ടികളെ ഉറങ്ങാൻ പറഞ്ഞയച്ചിട്ട് ഏതോ അന്താരാഷ്‌ട്രരഹസ്യമെന്നോണമാണ് മുതിർന്നവർ കണി ഒരുക്കുക. രാവിലെ ഉറക്കത്തിൽനിന്നും വിളിച്ചുണർത്തി കണ്ണുപൊത്തി കൊണ്ടുവന്ന് കണിയ്ക്ക് മുന്നിൽ നിർത്തുമ്പോഴാണ് ആ അലൗകിക ദൃശ്യം കാണാനാവുക. ഓടക്കുഴൽ വായിച്ചു നിൽക്കുന്ന സുന്ദരനായ ഉണ്ണിക്കണ്ണൻ, കണിക്കൊന്ന പൂക്കളുടെ സ്വർണ്ണപ്രഭയിൽ കുളിച്ച്! വലിയ ഓട്ടുരുളിയിൽ കണിവെള്ളരി, പച്ചക്കറികൾ, പഴങ്ങൾ, കണ്ണാടി, കോടിവസ്‌ത്രം, സ്വർണം, നാണയങ്ങൾ!! കൂട്ടത്തിൽ ഒരു പുസ്‌തകവും പേനയും കൂടിവച്ചാണ് മുതിർന്ന ഞാൻ കണി ഒരുക്കിത്തുടങ്ങിയത്. എന്റെ കുട്ടികൾ പുസ്‌തകത്തേയും പേനയെയും വിഷുക്കണിയുടെ ഭാഗമായി കണ്ടുവളർന്നു. പിന്നീട് മകന് വധുവായി വന്ന കുട്ടി പുസ്‌തകത്തേയും പേനയെയും എടുത്തുമാറ്റി. ‘ഇതൊക്കെ നവരാത്രി പൂജയ്‌ക്കേ വയ്ക്കാവൂ’, അവൾ പറഞ്ഞു. പകരം അവൾ മധുരപലഹാരങ്ങളും പായസവും ഉണ്ണിക്കണ്ണനു നൽകി. കള്ളക്കണ്ണൻ എന്നെ നോക്കി കണ്ണിറുക്കി. ‘സാരമില്ല കേട്ടോ’, അവൻ പറഞ്ഞു. ‘നവരാത്രി പൂജയ്ക്കും ദേവിമാരുടെ കൂടെ ഞാനുണ്ടാകും’. പിന്നെ അവൻ പായസം നുണഞ്ഞു. ഇടയ്ക്ക് എന്നെ കള്ളക്കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.

മാറ്റം അനിവാര്യമായ ഒന്നാണ്. ഓരോ പുതിയ തിരയ്ക്കും വേണ്ടി കടൽ മാറുന്നുണ്ട്.

പണ്ട് കൊന്നപ്പൂക്കൾക്കു വേണ്ടി മരംകയറിക്കുട്ടികളുണ്ടായിരുന്നു. ഓണപ്പൂക്കളത്തിനു പൂക്കൾ ശേഖരിക്കുന്ന അതെ ഉത്‌സാഹത്തോടെ അവർ സ്വർണ്ണപ്പൂക്കൾ ശേഖരിച്ച് സ്വന്തം വീടുകളിലേയ്ക്കും അയൽ വീടുകളിലേയ്ക്കും കൊണ്ടുപോയി സന്തോഷത്തോടെ സമ്മാനിച്ചു. ഇന്നത്തെ കുട്ടികൾക്ക് മരം കയറാനറിയില്ല. ആഗ്രഹമുണ്ടെങ്കിൽത്തന്നെ അച്ഛനമ്മമാർ സമ്മതിക്കാറില്ല. അതുകൊണ്ടുതന്നെ വിഷു ഒരാഘോഷത്തേക്കാളേറേ കച്ചവടമായി മാറിയിരിക്കുന്നു, ഇന്ന്. ‘കൊത്തോടെ തേങ്ങയും കുലയോടെ മാങ്ങയും’ വീട്ടുമുറ്റത്തുനിന്നല്ല, വിപണിയിൽ നിന്നാണിപ്പോൾ ശേഖരിക്കുക. കഴിഞ്ഞ വിഷുത്തലേന്ന് ചാലയിലൂടെ നടക്കുമ്പോൾ മുടിയും താടിമീശയും വളർത്തിയ ഒരു പയ്യൻ വഴിവക്കിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു..

“കോംപാക്‌ട് വിഷുക്കണി, കോംപാക്‌ട് വിഷുക്കണി. അമ്പതു രൂപ മുതൽ നൂറു രൂപ വരെ”.

അടുത്തുവരുന്നവരോട് അവൻ ചോദിക്കുന്നു, “വലിയ കണി വേണോ, ചെറിയ കണി വേണോ?”

പോക്കറ്റിനനുസൃതമായ കണികൾ വിപണിയിൽ നിറയെ. ഇനി എന്നാണാവോ ഇതൊക്കെ ഇവൻറ് മാനേജർമാർ ഏറ്റെടുക്കുക!

മുതിർന്നവർ നൽകുന്ന കൈനീട്ടമായിരുന്നു പണ്ട് മറ്റൊരാകർഷണം. അത് ഇന്നും തുടരുന്നുണ്ട്. പണ്ടത്തെ തിളങ്ങുന്ന നാണയത്തിനു പകരം അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളാണ് ഇന്നത്തെ കുട്ടികൾക്ക് ധനാഢ്യരായ മുതിർന്നവർ നൽകുക. കോരന്റെ കുട്ടികൾ കുമ്പിളുമായി അപ്പോഴും കാത്തുനിൽക്കുന്നുണ്ടാകും. അന്ന് കിട്ടിയിരുന്ന നാണയത്തുട്ടുകൾ സൂക്ഷിച്ചുവച്ച് വളച്ചെട്ടി വരുമ്പോൾ നിറമുള്ള കുപ്പിവളകളും ചാന്തും കല്ലുമാലകളും വാങ്ങുന്ന സന്തോഷം ഇന്നത്തെ കുട്ടികൾക്കറിയില്ല. അറിയാത്തതൊന്നും നമ്മെ അലോസരപ്പെടുത്തുകയോ നഷ്‌ടബോധം ഉണ്ടാക്കുകയോ ചെയ്യില്ലല്ലോ. വിഷുക്കൈനീട്ടം സേവിങ്‌സ് ബാങ്കിലിട്ട് അവർ സമ്പാദ്യമുണ്ടാക്കട്ടെ. നാളെ ഐഫോണൊ ലാപ്‌ടോപ്പോ വാങ്ങാനുള്ളതല്ലേ!

മാറ്റം അനിവാര്യം തന്നെയാണ്.

മാറ്റമില്ലാത്തത് കണിക്കൊന്നയുടെ സ്വർണ്ണനിറത്തിനു മാത്രം.

ഈ വിഷുവിന് ഞാൻ വെള്ളായണിയിലെ കായൽക്കരയിലുള്ള വീട്ടിലാണ്. അൽപ്പമകലെ ഒരുപാട് വിഷു ആഘോഷിച്ച കുടുംബവീട് ആരുമില്ലാതെ പൂട്ടിക്കിടക്കുന്നു. അവിടെ കണിയൊരുക്കിയിരുന്നവർ ഇന്ന് ആകാശത്തെവിടെയോ. ഞാൻ ഇവിടെ കണി ഒരുക്കും. മുറ്റത്തു പൂത്തുലഞ്ഞുനിന്ന വലിയ കൊന്നമരം വീട്ടിലേക്കുള്ള വഴി ഇന്റെർലോക്കിടാനൊരുക്കുമ്പോൾ ജെസിബി മുറിച്ചെറിഞ്ഞു. ഞങ്ങളെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് അതിന്റെ ചുവട്ടിൽനിന്ന് പൊടിപ്പുയർന്നു. ഇപ്പോൾ സ്വർണ്ണപൂക്കളുമായി കൊന്നച്ചെടി ചിരിച്ചു നിൽക്കുന്നു. അപ്പോഴെനിയ്ക്ക് കണിയൊരുക്കാതിരിക്കാനാവില്ലല്ലോ…

5 Comments
 1. Priya 2 years ago

  അനിവാര്യമായ മാറ്റത്തിനിടയിലും നമ്മുടെ സംസ്‌കാരവും പാരമ്പര്യവും മറക്കാതിരിക്കാൻ ശ്രമിക്കാം.

 2. Sunil 2 years ago

  മാറ്റത്തിനൊപ്പം നീങ്ങാം, പഴമകൾ മറക്കാതെ..

 3. Priya V 2 years ago

  ബാല്യകാലസ്മൃതികളെ അയവിറക്കി കമ്പോളവിഷുക്കണിയിൽ സംതൃപ്തി കണ്ടെത്തുന്നവനാണ് ഞാനുൾക്കൊള്ളുന്ന മലയാളി.

 4. Rajeev 2 years ago

  Good message. Happy Vishu!

 5. Vishwanath 2 years ago

  മാറ്റത്തിന് വിത്തുപാകുന്നത് നമ്മൾ മുതിർന്നവർ തന്നെ അല്ലെ…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account