വീണ്ടും  ഒരു വിഷു എത്തുമ്പോൾ വിഷുവിനും ഓണത്തിനും ഇടയിൽ ജീവിച്ചിരുന്ന കുട്ടിക്കാലം ഓർമ്മ വരുന്നു. കൂടെ പുസ്‌തകവായന ചേർന്നപ്പോൾ വിഷു പതിപ്പുകളും ഓണം പതിപ്പുകളും ഇടക്കുള്ള കാത്തിരിപ്പും ഇതേ ഓർമ്മ വരുത്തി. അന്ന് ഈ വിശേഷാൽ പതിപ്പുകളിൽ, വലിയ വലിയ സാഹിത്യകാരന്മാരുടെ വിഷുവിനെയും ഓണത്തിനെയും പറ്റിയുള്ള ഗൃഹാതുരത നിറഞ്ഞ എഴുത്തുകൾ എന്നെ വിഷമിപ്പിച്ചിരുന്നു . ആ നല്ല കാലത്ത് എനിക്ക് ജനിക്കാനോ ജീവിക്കാനോ കഴിഞ്ഞില്ലല്ലോ എന്നോർത്തുള്ള, ആരോടും പങ്കുവെക്കാൻ പറ്റാത്ത വിഷമം. എല്ലാ രസങ്ങളും വർണങ്ങളും നഷ്‌ടപ്പെട്ട ഒരു കാലത്തു ഞാൻ ജീവിക്കുന്നുവല്ലോ എന്ന ഖേദം മനസ്സിൽ കുത്തിവെക്കാൻ ആ ഓർമ്മകുറിപ്പുകൾക്കും അഭിമുഖങ്ങൾക്കും കഴിഞ്ഞു. കാരണം ആ ഓർമ്മകുറിപ്പുകളിൽ വിസ്‌തരിച്ചിരുന്ന ഒന്നും എനിക്ക് നേരിട്ട് പരിചയമുള്ളതോ അറിയാവുന്നതോ ആയിരുന്നില്ല. നെല്ല് കൊയ്‌തു കൂട്ടുന്ന കളപ്പുരകളോ, കൊയ്ത്തുപാട്ടു പാടുന്ന കൊയ്ത്തുകാരികളെയോ ഞാൻ കണ്ടിട്ടില്ല. എനിക്ക് ചെന്നിരിക്കാൻ തുഞ്ചൻ വെള്ളമോ കായലോ ഒന്നും അടുത്തില്ലതാനും.

ഞങ്ങളുടെ വീടിന്റെ പുറകിൽ ഒരു ചെറിയ പാടം ഉണ്ട്. അതിന്റെ ഉടമസ്ഥരുടെ വീട്ടിലെ പണിക്കാരിയാണ് അമ്മ. അമ്മയുടെ കൂടെ ഞാനും ചേച്ചിമാരും അഞ്ചോ പത്തോ ദിവസം കൊയ്യാൻ പോയിട്ടുണ്ട്. ഒരിക്കൽ കറ്റ എടുത്തു പോകുമ്പോൾ ഭാരം താങ്ങാതെ ഞാൻ റോഡിൽ ഇടുകയും കറ്റ വീണ സ്ഥലത്തു മുഴുവൻ നെല്ല് പോയതിനു നല്ല ചീത്ത കേൾക്കുകയും ചെയ്‌തിട്ടുണ്ട്. അരിവാൾ കൊണ്ട് എന്റെ കൈ മുറിയുകയും അടയാളം സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. പക്ഷെ അതൊന്നും ഒരു ‘സാഹിത്യ ഗുണ’ മുള്ളതാണെന്നു എനിക്ക് തോന്നിയില്ലല്ലോ! എന്റെ അമ്മയ്ക്ക് പാട്ട്  പാടാനൊന്നും അറിയില്ല. കൂടെയുള്ള തങ്കേടത്തിയും ഏലിക്കുട്ടി മാപ്ലത്യരും തഥൈവ.  ഞാൻ അവരോടു ചോദിച്ചു, നിങ്ങൾക്ക് പാട്ട് പാടിക്കൂടെ? തങ്കേടത്തിക്കു പാട്ട് അറിയും. അതിനു ഈ കൊയ്‌ത്തൊന്നും പോരാ എന്നവർ പറഞ്ഞു. നമ്മൾ എങ്ങനെയോ വളരെ വളരെ ഒരു സാധാരണ ജീവിതം നയിച്ചുകൊണ്ട് പോകുന്നു എന്ന വ്യർത്ഥ ബോധം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് മനസ്സിലാക്കുന്നു, എല്ലാ ആളുകളുടെയും കുട്ടിക്കാലങ്ങൾ, നാട്ടിൻ പുറങ്ങൾ, എന്നിവ ഗൃഹാതുരത്വം നിറഞ്ഞതു തന്നെ ആണ്.

ഇവിടെ തിരുവന്തപുരത്ത് ആഘോഷിക്കുന്ന പോലെയല്ല തൃശൂർ വിഷു ആഘോഷിക്കാറ്. എന്റെ വീട് വിയ്യൂരിനും മുണ്ടൂരിനും ഇടക്കുള്ള കോളെങ്ങാട്ടുകരയാണ്. കണി വെക്കുക എന്നത് എല്ലാ ചടങ്ങുകളും ചുരുക്കി നടത്തുന്ന ഒരു ഏർപ്പാട് ആണ് ഇവിടെ വിഷു. പിന്നെ കൈനീട്ടവും. കണിയൊരുക്കുന്ന പ്രക്രിയ സ്‌ത്രീകളുടെ ചുമലിൽ ആകുമ്പോൾ, കുടുംബത്തെ സ്‌ത്രീകളുടെ ഭക്‌തിയും ഉത്തരവാദിത്തവും കൂടിയാണ് ഇവിടെ ഈ ആഘോഷത്തിൽ മുന്നിട്ടു നിൽക്കുന്നത്. എന്റെ വീട്ടിലൊന്നും കണിയെ വെക്കാറില്ലായിരുന്നു. കണി വെക്കുന്ന സ്‌ത്രീകളുടെ ഫോട്ടോകൾ പത്രത്തിലും മാഗസിന്റെ കവറിലും മാത്രമാണ് കാണുന്നത്. കണി വെക്കുക എന്നത് ഒരു സവർണ ഏർപ്പാട് ആണെന്നു പിന്നീട് മനസ്സിലായി. വീടിന്റെ എതിരെയുള്ള   പണിക്കന്മാരുടെ വീട്ടിൽ കണി വെക്കും എന്ന് കേട്ടിട്ടുണ്ട്.

എന്റെ കുട്ടികാലത്തെ ഭരണം അമ്മയും അച്ഛമ്മയും ആയിരുന്നു. അവർക്കു കണി വെക്കുന്ന സമ്പ്രദായം അറിയുകയേ ഇല്ല. പിന്നീട് അനിയത്തിയെ പോലുള്ളവർ നിയന്ത്രണം ഏറ്റെടുത്തപ്പോൾ കണിയെല്ലാം വെക്കുന്ന ‘ഫാഷനും’ നടപ്പാക്കി. പക്ഷെ, കുട്ടികൾക്ക് ആഹ്ലാദിക്കാനും പെർഫോം ചെയ്യാനുമുള്ള സന്തോഷം നിറഞ്ഞ ഒരു ആഘോഷ വേളയായിരുന്നു വിഷു. വിഷു കഴിയുമ്പോൾ വിഷമമാണ്.  ഇനി ഓണം വരണമല്ലോ ഒരു ആഘോഷത്തിന്! വിഷുവിനു മുൻപുമുള്ള ഓരോ ദിവസവും ഇനി അഞ്ചു ദിവസം, നാല് ദിവസം, എന്ന് കണക്കു കൂട്ടി വെക്കും. വലിയ വലിയ ആകാംക്ഷയോടെയാണ് ഓരോ ദിവസവും തള്ളി നീക്കാറ്.

എന്റെ വീട്ടിൽ അമ്മായിയുടെ മക്കളായ രണ്ടു ചേച്ചിമാരും പാപ്പന്റെ (അച്ഛന്റെ അനിയൻ) രണ്ടു മക്കളടക്കം 9 കുട്ടികൾ ഉണ്ടായിരുന്നു. മൂത്ത മൂന്നു ചേട്ടന്മാർ മുതിർന്നവരാണെങ്കിലും അവരില്ലാതെ വിഷു ആഘോഷം അസാധ്യമായിരുന്നു. എല്ലാ ആഘോഷങ്ങളുടെയും മുന്നൊരുക്കങ്ങൾ കാരണമാണ് അതിനു വലിയ പ്രാധാന്യം കൈ വരുന്നത്. എന്റെ വല്യേച്ചി വിഷുവിനു ഒരാഴ്ച്ച മുൻപ് വീട് വൃത്തിയാക്കാൻ തുടങ്ങും. മുക്കും മൂലയും അടിച്ചു വൃത്തിയാക്കി, തീയിടും. ഞങ്ങൾ ഉപേക്ഷിച്ച ഷഡ്ഢികൾ, പഴയ ബുക്കുകൾ, കടലാസുകൾ, എല്ലാം അതിൽ പെടും. അടുക്കളയും ഊണ് മുറിയും ചാണകം മെഴുകി വൃത്തിയാക്കും. ആരും പ്രത്യേകമായി വിരുന്നു വരാനൊന്നും ഇല്ല. പായകൾ, തലയിണ കവറുകൾ, അച്ഛമ്മയുടെയും അപ്പാപ്പന്റെയും മുണ്ടുകൾ, പുതപ്പുകൾ എന്നിവയെല്ലാം കാരത്തിലിട്ടു വെള്ളം ചൂടാക്കി പുഴുങ്ങിയെടുത്തു അലക്കിയെടുത്തു വൃത്തിയാക്കും. അതിനു അവർക്കു കൃത്യമായ ഒരു ചാർട്ട് ഉണ്ടായിരിക്കും. അതിലെ ഒരു പാട് പണികൾ ഞങ്ങൾ കുട്ടികൾ ചെയ്യേണ്ടിവരും. അതിനു ഒരു ന്യായീകരണം, വിഷു വരുന്നുവെന്നാണ്. കടുത്ത വേനലിൽ വീട്ടിലെ കിണറു വറ്റാറായ സമയം ആയിരിക്കും. ഒരു പ്രാവശ്യം ചൂലിശ്ശേരിയുള്ള മണ്ണാത്തി കുളത്തിൽ വെള്ളം ഉണ്ടെന്നു പറഞ്ഞു കുറെ ദൂരം നടത്തി ചേച്ചി അങ്ങോട്ട് ഞങ്ങളെ കൊണ്ട് പോയി. അവിടെ ആകെ മണ്ണ് നിറമുള്ള കുറച്ചു വെള്ളം. എന്നാലും നമ്മൾ അതിൽ തുണികളെല്ലാം കഴുകിയത് ഓർക്കുന്നു.

വെക്കേഷൻ കാലത്തെ ഏറ്റവും വലിയ ആഘോഷമാണല്ലോ വിഷു . പിന്നെ നാട്ടിലെയും ബന്ധുക്കളുടെ വീട്ടിലെയും പൂരങ്ങൾ. തൃശ്ശൂർ പൂരവും വെക്കേഷൻ സമയത്തു തന്നെ. വിഷുവിന്റെ തലേ ദിവസം വരാനുള്ള ആൾക്കാർ പാപ്പന്റെ മക്കൾ ആണ്. മാക്‌സിമം കുട്ടികൾ ഉണ്ടെങ്കിൽ ആണ് രസം. കാരണം പിറ്റേ ദിവസം നടക്കുന്നത് ഒരു മത്‌സരമാണ്. ഞങ്ങൾക്കുള്ള പടക്കങ്ങളും പൂത്തിരിയുമായി നാട്ടിലുള്ള സമയത്ത് ആണെങ്കിൽ പാപ്പനും, അല്ലെങ്കിൽ പൈസ കൊടുത്തു ഏൽപ്പിച്ചു വല്യേട്ടനും തൃശൂർ നിന്നും വാങ്ങി കൊണ്ടു വരും. വൈകുന്നേരം മുതൽ നമ്മൾ ഓരോ ബസും നോക്കിയിരിക്കും. വീടിന്റെ രണ്ടു വീട് കഴിഞ്ഞാണ് ബസ് സ്റ്റോപ്പ്. പുറത്തു പടിയിറങ്ങി നോക്കിയിരുന്നാൽ ഓരോ ആളിന്റെയും നിഴലിൽ നിന്ന് മനസ്സിലാക്കാം ആരാണെന്ന്. പിന്നെ ആ പ്രസിദ്ധമായ പ്ലാസ്റ്റിക് സഞ്ചിയും കൊണ്ട് വരും. വാങ്ങിച്ച പൂത്തിരികൾ, സർപ്പഗുളികകൾ, മത്താപ്പുകൾ, തലചക്രം, മേശപ്പൂവ്, ഓലപ്പടക്കങ്ങൾ, കടലാസു പടക്കങ്ങൾ എന്നിവ നിരത്തി വെക്കും. കുട്ടികൾ അടുത്ത് വരരുത്, കൈ തൊടരുത്, എന്ന നിർദ്ദേശങ്ങൾ എല്ലാം കേൾക്കാം. അപ്പാപ്പൻ പറയും – ഇത്രയ്ക്കു വാങ്ങിക്കണോ, കുറച്ചൊക്കെ മതിയില്ലേ എന്ന്. പിന്നീട് കോളെങ്ങാട്ടുകരയിലെ കടകൾ തന്നെ വ്യാപകമായി പടക്ക കച്ചവടം തുടങ്ങിയപ്പോൾ തൃശൂർ നിന്ന് വാങ്ങി കൊണ്ട് വരുന്ന ആ പതിവ് നിറുത്തി.

തലേ ദിവസം ചിലപ്പോൾ  ഒന്ന് രണ്ടു പടക്കം പൊട്ടിക്കുകയോ  കമ്പിത്തിരിക്കത്തിക്കുകയോ ചെയ്യും. പക്ഷെ, എന്റെ കുഞ്ഞേച്ചിക്കു അത് തീരെ ഇഷ്‌ടമല്ല. നാളെ നമുക്ക് കത്തിക്കാൻ ഉണ്ടായില്ലെങ്കിലോ എന്നാണ് ആധി. അങ്ങനെ വളരെ പാട് പെട്ട് ഉറക്കം വരുത്തി ഉറങ്ങും. പുലർച്ച അഞ്ചു മണിയാകുമ്പോൾ ഞങ്ങൾ കുട്ടികളെ എല്ലാം വിളിച്ചുണർത്തും. പൂത്തിരി കത്തിക്കാറായി! എല്ലാ ലൈറ്റുകളും അണച്ച്, ഒരു മണ്ണെണ്ണ വിളക്ക് മാത്രം കത്തിച്ചു വെക്കും. നല്ല ഇരുട്ടായിരിക്കും. ചുറ്റുമുള്ള വീടുകളിൽ ആരെങ്കിലും ഉണർന്നുവോ എന്ന് നോക്കും. പിന്നെ അവിടെയും ചിമ്മണി വിളക്കുകൾ കത്തി തുടങ്ങും. ഒരു സ്റ്റാർട്ടർ ആയി എപ്പോഴും  ഓല പടക്കം ആണ് കത്തിക്കാറ്. എല്ലായ്‌പ്പോഴും കേൾക്കുന്ന ഒരു കമന്റ് ആണ്, ചെറുതെങ്കിലും ഈ പടക്കം ഉഗ്രൻ ആണെന്ന്! എന്തുകൊണ്ടോ മൂന്നാമത്തെ ചേട്ടനാണ്,  കുഞ്ഞുഞ്ഞേട്ടേൻ,  അത് ചെയ്യാറ്. ഞങ്ങളുടെ വീടിന്റെ ഉമ്മറത്ത് ചുവപ്പു റെഡ് ഓക്‌സൈഡ് ഇട്ട വലിയ തിണ്ണ ഉണ്ട്. (ആ തിണ്ണയിൽ ആണുങ്ങൾ എല്ലാം മലർന്നു കിടന്നു ഉറങ്ങുകയും വായിക്കുകയും ചെയ്യാറുണ്ട്. പെണ്ണുങ്ങൾ ഇരിക്കുക മാത്രം ചെയ്യും). അവിടെ ഞങ്ങൾ വരി വരിയായ് നിരന്നു നിൽക്കും. പിന്നെ കഴിയുമ്പോ കഴിയുമ്പോ പൂത്തിരി, മത്താപ്പ്, എന്നിവ കത്തിക്കും. അപ്പോഴേക്കും എതിരെയുള്ള ഹിന്ദു വീടുകളും ഈ പണി തന്നെ തുടങ്ങിയിട്ടുണ്ടാകും. അതിനു ശേഷം അരങ്ങേറുന്നതു വലിയ മത്‌സരമാണ്. അവിടെ പൂത്തിരി കത്തിച്ചാൽ ഇവിടെ പൂത്തിരി, കമ്പിത്തിരി. രണ്ടു പേര് ഒരുമിച്ചു കത്തിക്കുന്നത് പോലും നിയന്ത്രിക്കുമായിരുന്നു. ഒരാളുടെ കഴിഞ്ഞു വേറെ ആൾ. ഇനി എല്ലാം കഴിഞ്ഞു നമ്മൾ വെറുതെ ഇരിക്കുകയും അപ്പുറത്തു വീട്ടിൽ നിറുത്താതെ കരി മരുന്ന് പ്രയോഗം നടത്തുകയും ചെയ്‌താൽ അത് തോൽവി അല്ലെ? അങ്ങനെ നേരം വെളുക്കും. അവസാനിപ്പിക്കുമ്പോൾ ഒരു മാലപ്പടക്കം പൊട്ടിക്കും. എല്ലാ വീട്ടുകാരുടെയും പരിപാടി അതാണ്. നമ്മുടെ പടക്കമെങ്ങാനും ചീറ്റി പോയാൽ പിന്നെ പറയേണ്ട. ഞാൻ എന്നും പടക്കങ്ങൾക്ക് എതിരെ ആണ്. പേടിയും. നേരം വെളുത്താൽ മുറ്റമടിക്കുന്നതും ഒരു മത്‌സരം ആണ്. അപ്പോഴാണ് കത്തിച്ചു തീർത്തതിന്റെ അവശിഷ്‌ടങ്ങൾ വേറെ പെറുക്കി വെക്കും. അത് കാണുമ്പോൾ വലിയ ചാരിതാർഥ്യം ആണ്.

ഓണ സദ്യ പോലെ തന്നെ പ്രധാനമുള്ളതാണ് വിഷുവിന്റെ സദ്യയും .  വിഷുക്കണി ഇല്ലെങ്കിലും വിഷുക്കട്ട ഞങ്ങൾക്ക് വളരെ പ്രധാനം ആണ്.   അത് തെക്കുള്ള വീടുകളിൽ കാണാറില്ല. പച്ചരി നന്നായി വേവിച്ചു ഉടച്ചു  അതിൽ തേങ്ങാ പാലോ തേങ്ങാ ചിരകിയതോ, ജീരകവും ഇട്ടു കട്ടകളായി മുറിച്ചെടുക്കുന്നതാണ് വിഷുക്കട്ട. അടുക്കള വൃത്തിയാക്കി വലിയൊരു പായ വിരിച്ചു അതിൽ മുഴുവൻ വാഴയില നിരത്തിയാണ്  ഇത് പരത്തുന്നത്. അത് തണുക്കുമ്പോൾ കത്തി കൊണ്ട് മുറിച്ചു കഷണങ്ങൾ ആക്കും. നല്ല രുചിയായിരിക്കും. തേങ്ങാ പാലോ, സാമ്പാർ, മോരു കൂട്ടാൻ, മുതലായ കറികളോ, പപ്പടമോ കൂട്ടിയും ഇത് കഴിക്കാം. അന്നത്തെ കാലത്തെ ഭക്ഷണം ഇത് തന്നെ ആയിരിക്കും. അയൽപക്കത്തുള്ള എല്ലാ ക്രിസ്ത്യൻ കുടുംബങ്ങളിലും ഞങ്ങൾ കുട്ടികൾ ഒരു വാഴയിലകൊണ്ട് മൂടി പ്ലേറ്റിൽ വിഷുക്കട്ട  കൊണ്ട് കൊടുക്കും. അവിടെ നിന്ന് പെരുന്നാളിന് അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം എല്ലാം കിട്ടുന്നതാണ്. നമുക്ക് കൊടുക്കാൻ വിഷുക്കട്ടയും ഓണത്തിന് അടയും ആണ്. അമ്മയുടെ കൂട്ടുകാരി എലിക്കുട്ടിഅമ്മയുടെ വീട്ടിൽ കൊണ്ട് കൊടുക്കുന്ന കുറച്ചു പേടിയുള്ള ഒരു കാര്യമായിരുന്നു അന്ന്. എലിക്കുട്ടിഏടത്തിയുടെ മൂത്തമകൻ  ജോസ് മാനസിക വളർച്ചയില്ലാത്ത ആളാണ്. ഞങ്ങൾക്ക് ആളെ വലിയ പേടി ആണ്.

അവസാനം ഉച്ചക്ക് സദ്യ കഴിഞ്ഞു വിഷു കൈ നീട്ടം ഒരു രൂപ അപ്പാപ്പൻ  തരും. അതിൽ കൂടുതൽ കിട്ടിയിരുന്നുവോ? ഉച്ചക്ക് സദ്യ കഴിഞ്ഞു  മാലപ്പടക്കം നിർബന്ധമായിരുന്നു. അങ്ങനെയുള്ള വിഷു ആഘോഷം ഇപ്പോൾ നാട്ടിലും ഇല്ല. കുട്ടികളെ കൊതിപ്പിക്കാനായി ഞാൻ ഇതെഴുതുന്നു. പക്ഷെ, ഒട്ടുവളരെ സന്താഷമുള്ള മറ്റൊരു ജീവിതം കുട്ടികൾ ഇപ്പോൾ നയിക്കുന്നുണ്ട് . അതിനെപറ്റി അവർ എഴുതുമോ എന്നൊന്നും അറിയില്ല. വേറെ ഒരു മാധ്യമത്തിലൂടെയെങ്കിലും എക്സ്‌പ്രസ് ചെയ്യും, തീർച്ച.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account