കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നൊരു ചൊല്ലുണ്ടല്ലോ. അതിനെ അപ്പാടെ അംഗീകരിക്കാനാവില്ല. കണ്ണുണ്ടായിരിക്കെത്തന്നെ കാഴ്ച്ചയുടെ വിലയറിയുന്ന സാഹചര്യങ്ങളുമുണ്ട്.
ചില അവസരങ്ങളിൽ താല്ക്കാലിക കാഴ്ച്ച നഷ്ടം ഉണ്ടാകാറുണ്ട്. ചിലപ്പോൾ ആരോഗ്യപരമായ പ്രശ്നങ്ങൾ കൊണ്ടാകാം. മറ്റ് ചിലപ്പോൾ ചില അബദ്ധങ്ങൾ / അപകടങ്ങൾ പറ്റിയിട്ടാകാം. പെൻസിൽ കാക്റ്റസ് എന്നയിനം ചെടിയുടെ കറ കണ്ണിൽ പോയാൽ ഇങ്ങനെയുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. (കമ്പുകൾ മാത്രമായി ഇലകളില്ലാത്ത പച്ച നിറത്തിലുള്ള ഒരു ചെടിയാണിത്. കേരളത്തിൽ സർവ്വസാധാരണമാണ്.)
കാരണമെന്തുതന്നെയായാലും കാഴ്ച്ചയില്ലാത്ത ആ ദിനങ്ങൾ ഉണ്ടാക്കുന്ന തിരിച്ചറിവ് വലുതാണ്.
കാഴ്ച്ചയുടെ വിലയറിയുന്ന സങ്കടകരമായ മറ്റൊരവസ്ഥയുണ്ട്. ക്രമേണ കാഴ്ച്ച നഷ്ടപ്പെടുകയാണെന്നറിയുന്ന അവസ്ഥ. കൊതി തീരാത്ത കാഴ്ച്ചകൾ ഇനിയെത്ര നാളെന്നറിയാത്ത അവസ്ഥ.
മരണത്തോടടുക്കുന്നുവെന്നറിഞ്ഞു കഴിഞ്ഞ് ജീവിതം ആസ്വദിക്കാനാവുമോയെന്നറിയില്ല. പക്ഷേ ജീവിതം എത്ര ആസ്വാദ്യമായിരുന്നു, അതിനി ഉണ്ടാവില്ല എന്ന തിരിച്ചറിവ് സങ്കടകരമാണ്.
മുന്നിലുള്ള എത്ര കാഴ്ച്ചകളെ കണ്ടാലാണ് മതിയാകുക. മക്കളുടെ, ഭാര്യയുടെ, മറ്റ് പ്രിയപ്പെട്ടവരുടെ ഒക്കെ മുഖങ്ങൾ കണ്ട് മതിയായിട്ടുണ്ടാകില്ല. പ്രകൃതിയിലെ കാഴ്ച്ചകൾ എത്രയേറെ കാണാൻ ബാക്കിയുണ്ടാകും.
എത്രയധികം സാധ്യമാണോ അത്രയധികം കാഴ്ച്ചകൾ മനസ്സിൽ പതിപ്പിക്കാൻ വല്ലാത്തൊരു വെമ്പൽ ഉണ്ടാകില്ലേ?
കാഴ്ച്ചനഷ്ടം വരാം എന്നറിയുന്നതിന് മുൻപ് ശ്രദ്ധിക്കുക പോലും ചെയ്യാതിരുന്ന പല ഭംഗികളും അപ്പോൾ ശ്രദ്ധിക്കും.
കാഴ്ച്ച നഷ്ടപ്പെട്ടാൽ ജീവിത മാർഗം തന്നെ ഇല്ലാതെയായേക്കാം. അത്തരം ആധികളും ഏറുകില്ലേ ..
ജന്മനാ കാഴ്ച്ചയില്ലാത്ത ആൾ അറിഞ്ഞിട്ടില്ലാത്തത്ര നഷ്ടബോധം ആയിരിക്കുമോ അത്. ഒരിക്കലും ഇല്ലായിരുന്നതിനെയോർത്തുള്ള വിഷമത്തേക്കാൾ കൂടുതലായിരിക്കില്ലേ ഉള്ളത് നഷ്ടപ്പെടുമ്പോൾ?
ജന്മനാ കാഴ്ച്ചയില്ലാത്ത ഒരാളെക്കാൾ പ്രയാസകരമായിരിക്കില്ലേ ഉണ്ടായിരുന്നകാഴ്ച്ച ഇല്ലാതാകുന്നയാൾക്ക് പുതിയ ശീലങ്ങൾ ഉണ്ടാക്കുവാൻ. എഴുത്ത്, വായന എന്നിവയ്ക്കൊക്കെ ബ്രെയിൽ പഠനം ഉൾപ്പടെ തുടങ്ങണം. ഒരു ഇന്ദ്രിയത്തിന്റെ കുറവ് മറ്റ് ഇന്ദ്രിയങ്ങൾക്ക് നികത്താനാവില്ലെങ്കിലും മറ്റുള്ളവയുടെ ജോലി കൂടുതൽ ശ്രമകരമാകും. കാലക്രമേണ അവയുടെ കഴിവേറുകയും ചെയ്യും.
കാഴ്ച്ച നഷ്ടപ്പെടുമ്പോൾ, പ്രത്യേകിച്ച് ചെറുപ്പക്കാരിൽ, ചിലപ്പോൾ അതവരുടെ ലക്ഷ്യങ്ങളേത്തന്നെ എന്നെന്നേക്കുമായി കൊട്ടിയടച്ചേക്കാം. പൈലറ്റാവാൻ ആഗ്രഹിക്കുന്നവൾക്ക് / അവന് പിന്നെ ആ ആഗ്രഹം കൈവിടുക എന്നല്ലാതെയെന്തു വഴി? അത് മാറ്റിമറിക്കുന്നത് ഒരാളുടേയും ഒരു കുടുംബത്തിന്റേയും അന്നുവരെയുള്ള ജീവിതത്തെയാണ്, ഭാവിയെയാണ്.
പ്രതിക്ഷിച്ചിരിക്കാതെ ചെറിയ കാഴ്ച്ചപ്രശ്നമെന്നു കരുതി ചികിത്സ തേടിചെല്ലുമ്പോൾ ആകെത്തകർക്കുന്ന വാർത്തയാണ് കേൾക്കുന്നതെങ്കിൽ പിടിച്ചുനിൽപ് അതികഠിനമാണ്. മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകൾ ഏറെ വേണ്ട പരീക്ഷണ ഘട്ടമാണത്. തന്നെ ആശ്രയിച്ച് മറ്റുള്ളവർ കഴിയുന്ന അവസ്ഥയാണെങ്കിൽ മനസ്സ് തളരാതെ നിൽക്കൽ കൂടുതൽ പ്രയാസമാണ്.
തുടക്കത്തിൽ പറഞ്ഞതുപോലെ കണ്ണുണ്ടായിരിക്കുമ്പോൾ കാഴ്ച്ചയുടെ വിലയറിയുന്ന അവസരമാണിത്. ആ അറിവിൽ തകരാതെ മുന്നോട്ട് നടന്ന് കിട്ടിയാൽ, കാലക്രമേണ ജീവിതത്തിന് ഒരു താളം തിരിച്ച് കിട്ടും. മറ്റ് നാലിന്ദ്രിയങ്ങളും കൂടുതൽ കാര്യക്ഷമമായി ജോലികളേറ്റെടുക്കും. നഷ്ടം നഷ്ടമല്ലാതാകിലെങ്കിലും അതുൾക്കൊണ്ട് ജീവിതം മുന്നോട്ടൊഴുകും. കൂടെ നിൽക്കുന്ന നന്മ മരത്തണലുകൾ ഉണ്ടെങ്കിൽ ആ യാത്രയുടെ ആയാസത്തിന് ഇത്തിരി ആശ്വാസവുമുണ്ടാകും.
കണ്ണെന്നില്ല, ഏത് അംഗത്തിനുമുണ്ടാകുന്ന പരിമിതി ശരീരത്തിനെയും മനസ്സിനേയും ഒരു പോലെ ബാധിക്കും. ആ പരിമിതിയോടെതന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോയി വിജയം വരിക്കുന്നതിന് ഏറെ മനഃശക്തി വേണം.
കയ്യോ കാലോ എന്തുമാകട്ടെ നഷ്ടമാകുമെന്ന തിരിച്ചറിവ് ഭീതിജനകമാണ്.
ബന്ധങ്ങളും കൂട്ടുകളും ഒക്കെ അങ്ങനെത്തന്നെ . നഷ്ടമാകാനിടയുണ്ടെന്ന തിരിച്ചറിവിൽ അമൂല്യത മനസിലാക്കിത്തരുന്നവയാണ്.
നഷ്ടങ്ങൾ ആർക്കുമുണ്ടാവാതിരിക്കട്ടെ എന്ന് വൃഥാവിൽ ആഗ്രഹിക്കാനേ കഴിയൂ. നഷ്ടപ്പെടുന്നവനെ ഒറ്റപ്പെടുത്താതിരിക്കാനും.