മഞ്ഞുകാലത്ത് കുറഞ്ഞ പകല്‍ വെളിച്ചമേ ലഭിക്കുകയുള്ളൂവെന്നതിനാല്‍ ഞങ്ങള്‍ രാവിലെ എട്ടരക്ക് തന്നെ പുറപ്പെടും. നഗരത്തില്‍ നിന്ന് പുറത്ത് കടക്കുമ്പോഴേക്കും വെളിച്ചം വീണു തുടങ്ങും. അക്യുറെയ്റിയില്‍ നിന്ന് ഒന്നേകാല്‍ മണിക്കൂര്‍ ഡ്രൈവുള്ള ലേയ്ക്ക് മൈവാറ്റി(Lake Mývatn)നാണ് അടുത്ത ലക്‌ഷ്യം. റിംഗ് റോഡിലേക്ക് കയറിയെങ്കിലും തോരാതെ പെയ്യുന്ന മഴ കാരണം വഴിക്ക് റോഡ്‌ ബ്ലോക്ക്‌ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും കൈയില്‍ പിടിച്ചാണ് പോകുന്നത്. റിംഗ് റോഡ്‌ മാത്രമല്ല റൂട്ട് 848-ഉം മൈവാറ്റിന്‍ തടാകത്തെ ചുറ്റിയാണ്‌ കടന്നുപോകുന്നത്.

ലേയ്ക്ക് മൈവാറ്റിനും പരിസരപ്രദേശങ്ങളും ചില സിനിമകളിലും സീരിയലുകളിലുമൊക്കെ മുഖം കാണിച്ചിട്ടുണ്ട്. സിനിമാതാരത്തിന്‍റെ ഗമയൊന്നും കാണിക്കാതെ നില്‍ക്കുന്നത് വിനയം നിറഞ്ഞു തുളുമ്പിയിട്ടൊന്നുമല്ല, അതിലും വലിയ സംഗതികളൊക്കെയാണ് മൂപ്പരുടെ കൈവശം.. നിങ്ങളുടെ ഈ സിനിമയൊക്കെ ഇന്നലെയുണ്ടയതല്ലേന്നാണ് ഭാവം! തടാകത്തിന്‍റെ തെക്കേ കരയിലുള്ള Skútustaðir എന്ന സ്ഥലമാണ് ഞങ്ങള്‍ക്കാദ്യം കാണേണ്ടത്. പ്രകൃതിയുടെ അസാധാരണമായ പ്രതിഭാസം നടന്നയിടമാണ്. പക്ഷെ അതിന്‍റെതായ ലക്ഷണമൊന്നും പുറമേ കാണുന്നില്ല. അതായത് വഴികാട്ടിയായൊരു ബോര്‍ഡോ, വളച്ചുകെട്ടലോ, ഒറ്റ നോട്ടത്തില്‍ പുറത്തെവിടെയുമില്ല. റോഡരികില്‍ പെട്രോള്‍ സ്റ്റേഷനും അതിനോട് ചേര്‍ന്ന കടയും കണ്ടപ്പോള്‍ ഞങ്ങളിറങ്ങി കടയിലന്വേഷിച്ചു. റോഡിനപ്പുറത്തൊരു വഴിയുണ്ട് നടന്നു പോണമെന്നൊക്കെയുള്ള വിശദ വിവരങ്ങള്‍ അവിടെന്നാണ് ലഭിച്ചത്.

 

Lake Mývatn & Psuedo Craters

റോഡ്‌ മുറിച്ചു കടന്നാല്‍ ചെറിയൊരു പാര്‍ക്കിംഗ് സ്ഥലമാണ്. അവിടെന്ന് താഴേക്കൊരു നടപ്പാത കാണാം. കടയിലെ സ്ത്രീ പറഞ്ഞതനുസരിച്ച് അതിലൂടെയാണ് പോകേണ്ടത്. ഇപ്രാവശ്യം ക്യാമറയെ മഴക്കോട്ടൊക്കെ ഇടീച്ച്‌ സുന്ദരനാക്കിയിട്ടാണ് ഞങ്ങളിറങ്ങിയത്. ചതുപ്പ് പ്രദേശമാണ്. നടക്കാനുള്ള വഴിയില്‍ ചരലിട്ടിട്ടുണ്ട്. ചുറ്റിലും മണ്ണും ചളിയും പിന്നെ ഐസും വേറെയെന്ത് വേണം? പൂച്ച നടത്തത്തിന് പറ്റിയ സ്ഥലം. മുന്നില്‍ നടക്കുന്ന സായിപ്പ് ഐസിന് മീതെ കൂടെ നടക്കൂ. “You have boots, skate…” എന്തൊരു സ്നേഹം! മ്മക്ക് പാകം ചേറും ചളിയുമാണെന്ന് സായിവിനുണ്ടോ അറിയുന്നു. അല്ലാതെ പേടിച്ചിട്ടല്ല.. ഇത്രയൊക്കെ പണിപ്പെട്ട് എങ്ങോട്ടാന്നല്ലേ? അഗ്നിപര്‍വ്വതത്തിന്‍റെ അപരനായ Pseudo Craters കാണാനാണ് പോകുന്നത്. 2300 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായൊരു അഗ്നിപര്‍വ്വത വിസ്ഫോടനത്തില്‍ ലാവ ഒഴുകി ആര്‍ട്ടിക് സമുദ്രംവരെയെത്തിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാടും, പുഴയും തടാകമൊന്നും ലാവയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയില്ല. അങ്ങിനെ ഒഴുകി വഴിയിലുള്ള തടാകത്തില്‍ ലാവയെത്തി. ചൂടുള്ള ലാവ തണുത്ത വെള്ളത്തിന് മുകളിലൂടെ ഒഴുകിയപ്പോള്‍ രൂപപ്പെട്ട മര്‍ദ്ദത്തില്‍ കനത്ത വിസ്ഫോടനങ്ങളുണ്ടായി. അതില്‍ ജന്മമെടുത്തതാണിവിടെയുള്ള ക്രേറ്ററുകള്‍. കാഴ്ചയില്‍ ഒറിജിനല്‍ ക്രേറ്ററുകള്‍ പോലെതന്നെയാണ്. പക്ഷെ ഭൂമിക്കടിയിലെ എരിച്ചിലും പുകച്ചിലുമൊന്നുമില്ല. ഒറ്റ പൊട്ടലോടെ വീര്യം തീര്‍ന്നു. തടാകത്തില്‍ കുറെയധികം ക്രേറ്ററുകളുണ്ട്. മിക്കതിനടുത്തേക്കും നടന്നു പോകാം. രണ്ടു ക്രേറ്റര്‍ ഞങ്ങള്‍ നടന്നു കണ്ടു. ചൊവ്വാഗ്രഹത്തിലും ഇതു പോലെയുള്ള ക്രേറ്ററുകള്‍ കണ്ടെത്തിയിട്ടുണ്ടത്രേ. അല്ലെങ്കിലും ഐസ് ലാന്‍ഡിലെ ചിലയിടങ്ങളില്‍ നില്‍ക്കുമ്പോള്‍ ഭൂമിയില്‍ തന്നെയാണോന്ന് എനിക്കെന്നെ സംശയം തോന്നാറുണ്ട്. നാല്‍പ്പത് കുഞ്ഞു ദ്വീപുകളുള്ള ഈ തടാകത്തിന്‍റെ ശരിയായ വലിപ്പം കാണാന്‍ ഹെലികോപ്റ്ററില്‍ പോയി നോക്കേണ്ടി വരും. വേനലില്‍ ഒരുപാട് പക്ഷികള്‍ വിരുന്നു വരുന്നിടമായതിനാല്‍ പക്ഷി നിരീക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണിത്. വിരുന്നുവന്നവര്‍ കൂടുകൂട്ടി, മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് മഞ്ഞു കാലമാകുമ്പോഴേക്കും തിരിച്ചു പോകും. പക്ഷികളുടെ കാര്യമൊക്കെ അവിടെ വിശദമായി എഴുതി വച്ചിട്ടുണ്ട്.

 

Dimmuborgir & Hverfjall Crater at the back 

ക്ഷീണിച്ച് പിന്‍വാങ്ങിയ മഴ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. ക്യാമറക്ക് മാത്രമേ മഴക്കോട്ടുള്ളൂ. ഞങ്ങള്‍ മഴ കൊണ്ട് നടന്നു. കറുത്ത നഗരമെന്ന് വിളിക്കുന്ന ഡിമ്മുബോര്‍ഗി(Dimmuborgir)റും ഇവിടെയാണ്‌. മൂടലുണ്ടെങ്കിലും ക്രേറ്ററിന് മുകളില്‍ നില്‍ക്കുമ്പോള്‍ കാണാം ഇരുണ്ട പാറക്കൂട്ടങ്ങള്‍. പ്രധാന റോഡില്‍ നിന്ന് ചരല്‍ റോഡിലൂടെ കുറച്ച് ദൂരമുള്ളിലേക്ക് പോണം കറുത്ത നഗരത്തിനടുത്തെത്താന്‍. വാഹനങ്ങള്‍ കൂടുതല്‍ കടന്നു പോയിട്ടാണോ, മഴ പെയ്യുന്നതിനാലാണോ ചരല്‍ റോഡ്‌ ഇടിഞ്ഞിട്ടുണ്ട്. പല ആകൃതിയിലും വലിപ്പത്തിലുമുള്ള കറുത്ത ലാവാ തൂണുകളും ഗുഹകളും നിറഞ്ഞ പാടങ്ങളാണ് ഇരുവശത്തും. ആളുകള്‍ ഉപേക്ഷിച്ചു പോയ ഏതോ പുരാതന നഗരം പോലെ തോന്നിക്കും മുകളില്‍ നിന്ന് നോക്കിയാല്‍.. അതിനാലായിരിക്കണം കറുത്ത നഗരമെന്ന പേര് വീണത്‌.

മഴയില്ലായിരുന്നുവെങ്കില്‍ അതിനിടയിലൂടെ നടന്ന് ഗുഹക്കുള്ളിലെ പള്ളിയും ചൂടുറവയുമൊക്കെ കണ്ട് വരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിനെ നടക്കുന്നത് പന്തിയല്ല. വെള്ളം കെട്ടി നില്‍ക്കുന്നുണ്ട് വഴികളില്‍. ഞങ്ങള്‍ക്ക് മുന്നേ നടക്കാന്‍ പോയവര്‍ ശ്രമം ഉപേക്ഷിച്ചു മടങ്ങി വരുന്നുണ്ടായിരുന്നു. ലാവ ഒഴുകിയെത്തിയ കാര്യമാദ്യം പറഞ്ഞല്ലോ അത് വന്ന വഴികളുടെ അവസ്ഥയാണിത്. വലിപ്പവും ആകൃതിയും കണ്ട് ലാവാ തുണുകളില്‍ പിടിച്ചു കയറരുതെന്ന് നിര്‍ദ്ദേശമുണ്ട്. അവ പൊടിയുമെന്ന് മാത്രമല്ല അവിടെയുള്ള പരുന്തുകളുടെ പാര്‍പ്പിടങ്ങളും നശിപ്പിക്കുമെന്നതിനാലാണ് വിലക്ക്. ജനപ്രീതിയാര്‍ജ്ജിച്ച Game of Thorne ടി.വി ഷോയുടെ സീസണ്‍ ത്രീ ലൊക്കേഷനായിരുന്ന സ്ഥലം കൂടിയാണിത്. മനുഷ്യര്‍ വികൃത ജന്തുകളുമായി ഏറ്റുമുട്ടിയ സ്ഥലം… ഐസ് ലാന്‍ഡ് നാടോടി കഥകളില്‍ നല്ല കുട്ടികള്‍ക്ക് മധുരവും കുസൃതികള്‍ക്ക് ചീഞ്ഞ ഉരുളക്കിഴങ്ങുമായി വരുന്ന അപ്പൂപ്പന്‍റെ വീടും ഇതിനുള്ളിലെ ഒരു ഗുഹയിലാണത്രേ. ശോ! ഒന്ന് കാണായിരുന്നൂ…

 

Mt. Námafjall

ഡിമ്മുബോര്‍ഗിറില്‍ നിന്ന് നോക്കിയാല്‍ ആകാശത്തേക്കുയരുന്ന പുക ചുരുളുകള്‍ കാണാം. വീടുകളുടെ പുകകുഴലില്‍ നിന്നാണെന്ന് തെറ്റിദ്ധരിക്കരുത്. അതെന്താണെന്ന് അന്വേഷിച്ചു പോകുന്ന വഴിക്കാണ് Hverfjall Crater. ബഹിരാകാശ ചിത്രങ്ങളില്‍ പോലും വ്യക്തമായി പതിയുന്ന സാധനം. 1 കി.മി വ്യാസമുണ്ട്‌ ഈ അഗ്നിപര്‍വ്വതമുഖത്തിന്. അതിന്‍റെ മുകളിലേക്ക് ആളുകള്‍ക്ക് കയറാനുള്ള വഴി  അടച്ചിട്ടിരുന്നതിനാല്‍ ഞങ്ങള്‍ക്ക് താഴെ നിന്ന് കണ്‍നിറയെ കാണാനേ സാധിച്ചുള്ളൂ. വാശിപിടിച്ചു കയറി പോകാന്‍ പറ്റില്ലല്ലോ… Krafla Volcanic Area യിലുള്ള Mt. Námafjall ന്‍റെ അടിവാരത്തിലുള്ള Hevrir ജിയോതെര്‍മല്‍ പാടങ്ങളില്‍ നിന്നാണ് ശക്തിയില്‍ പുക ഉയരുന്നത്. മലയാകെ ഐസ് മൂടിയിരിക്കുകയാണ്. അതുകണ്ട് തണുപ്പനാണെന്ന് കരുതരുത്. ഉള്ളിലെ ചൂട് കൊണ്ട് മുകളിലെ ഐസിനെ ഉരുക്കി അപ്രതീക്ഷിതമായി വെള്ളപൊക്കം, ഹിമപാതം എന്നിവയൊക്കെയുണ്ടാക്കാന്‍ ബഹുമിടുക്കനാണ്‌. പുള്ളി വെറുതെയിരുന്ന് സമയം കളയാറില്ല. അതിനടുത്തുള്ള പാടങ്ങളിലെ മണ്ണാണ് ശക്തിയില്‍ പുകയുന്നത്‌. പുകയും, സള്‍ഫറിന്‍റെ മണവും സഹിക്കാമെങ്കില്‍ തിളയ്ക്കുന്ന മണ്ണിനിടയിലൂടെ നടക്കാം. അധികൃതര്‍ അടയാളപ്പെടുത്തിയ ഇടം നോക്കി ശ്രദ്ധിച്ച് നടക്കണമെന്ന് മാത്രം.

 

Hverir Geothermal Fields

കുറച്ചു സമയത്തേക്ക് ആകെയൊരു വിമ്മിഷ്ടമായിരുന്നു. എന്നാലും ഞങ്ങള്‍ തിളയ്ക്കുന്ന മണ്ണിനരികിലൂടെ നടന്നു. വളരെ ശക്തിയിലാണ് ആവി പൊങ്ങുന്നത് അത് കൊണ്ട് തന്നെ ചൂടിനു കുറവുണ്ടാവില്ലല്ലോ. പല നിറങ്ങള്‍ മണ്ണില്‍ ഒഴുകി പരക്കുന്നുണ്ട്. ബൂട്ട്സിലും വസ്ത്രങ്ങളിലും ഒട്ടി പിടിക്കുന്നൊരുതരം പശയുള്ള മണ്ണ്. Mud Pools, Mud Pots, Fumeroles ന്നൊക്കെ ഭൂമിശാസ്‌ത്രജ്ഞര്‍  പേരിട്ടിരിക്കുന്ന സാധനങ്ങളാണ് ഏക്കറുകണക്കിന് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നത്. താരതമ്യേന ചൂട് കുറഞ്ഞ സ്ഥലത്തിലൂടെയായിരിക്കണം ആളുകളെ നടക്കാന്‍ അനുവദിച്ചിരിക്കുന്നത്. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്തൊരനുഭവമാണ് അരമണിക്കൂര്‍ നടത്തം സമ്മാനിച്ചത്‌. ഒരു പുല്‍കൊടി പോലുമില്ലാതെ തരിശായി കിടക്കുകയാണ് ഭൂമി. മണ്ണില്‍ അമ്ലാമ്ശം കൂടുതലായതിനാല്‍ ഒരുതരത്തിലുള്ള ജീവജാലങ്ങളുമവിടെയില്ല. അതിനാല്‍ കൂടുതല്‍ സമയം അവിടെ ചിലവഴിക്കുന്നത് നമുക്കും കേടാണ്. ചെറിയ നീര്‍ച്ചാലുകളിലൂടെ ഒഴുകുന്ന വെള്ളവും ഉപയോഗശൂന്യമാണ്. ബൂട്ട്സില്‍ ഒട്ടിയിരിക്കുന്ന മണ്ണ് കഴുകി കളയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രകൃതിയുടെ എന്തെല്ലാം മാന്ത്രിക വിസ്മയങ്ങളാണ് ഐസ് ലാന്‍ഡിലൂടെ കാണുന്നത്.. ആ വലിയ പാഠപുസ്തകത്തിലെ ആദ്യവരിയില്‍ വിരലുടക്കി നില്‍ക്കുകയാണ് ഞാനിപ്പോഴും.

Mud Pot!

നരകമെന്നു ഓമനപ്പേരിട്ട് വിളിക്കുന്ന വിറ്റിയെന്ന ക്രേറ്ററിലേക്ക് പോയില്ല. ഇതുവരെ കണ്ടത് തന്നെയെനിക്ക് ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറമായിരുന്നു. Reykjahlíð ന്നൊരു ചെറിയ ടൌണ്‍ഷിപ്പിലാണ് ജിയോതെര്‍മല്‍ പ്ലാന്‍റ്. ചൂടുറവയില്‍ നിന്ന് വൈദ്യതി ഉല്‍പ്പാദിപ്പിക്കുന്നതിവിടെയാണ്. അത്രയും ചൂടുണ്ടായിരിക്കും, അതിനടുത്തെ വെള്ളക്കെട്ടിലില്‍ നീന്താനോ, തൊടാനോ പാടില്ലാന്നു സൂചനാ ബോര്‍ഡില്‍ വലിപ്പത്തില്‍ എഴുതി വച്ചിട്ടുണ്ട്. കണ്ണിന് നീറ്റല്‍ അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ അവിടെന്ന് പോന്നു. മുന്നോട്ടുള്ള റോഡിന്‍റെ സ്ഥിതിയൊന്നും അറിയില്ല. റോഡിനിരുഭാഗത്തും തണുത്തുറഞ്ഞു കിടക്കുന്ന ഐസ് പാടങ്ങളാണ്. അതിനു പിന്നിലായിട്ട് Vatnajökull Glacier – യൂറോപ്പിലെ ഏറ്റവും വലിയ ഗ്ളെസിയറും, മലകളുമൊക്കെ കാണാം. ഇപ്പോഴും സജീവമായ Grimsvotn അഗ്നിപര്‍വ്വതത്തെ ആരും കാണാതെ ഐസിട്ട് മൂടി ഒളിപ്പിച്ചു വച്ചിട്ട് ഒന്നും അറിയാത്തത് പോലെ ഇരിക്ക്യാ Vatnajökull. അഥവാ ഒന്ന് തുമ്മിയാല്‍ ലാവയും, ഹിമാപാതവും, വെള്ളപ്പൊക്കവും ഒന്നിന് പിറകെ ഒന്നായിയെന്തൊരു പുകിലായിരിക്കും! ഓര്‍ത്തപ്പോള്‍ തന്നെ ഞാന്‍ കണ്ണടച്ചിരിപ്പായി. ഐസ് പാടങ്ങളില്‍ കരീബൂവിനെ കാണുന്നുണ്ടോന്ന് നോക്ക്ന്ന് പറഞ്ഞപ്പോഴാണ് കണ്ണ് തുറന്നത്. കരിബൂവിനെയും, മലകള്‍ പുകയുന്നുണ്ടോന്നൊക്കെ നോക്കി ഞാന്‍ തളര്‍ന്നു. എപ്പോഴാണ് അരുതാത്തത് തോന്നുകായെന്നറിയില്ലല്ലോ. ഇതിനിടയില്‍ ഐസും, വെള്ളവും മൂടി കിടക്കുന്ന ചില സൈഡ് റോഡുകളൊക്കെ അടച്ചിട്ടിരിക്കുന്നത് കണ്ടു. ഏതെങ്കിലും ഗ്രാമത്തിലേക്കുള്ള വഴികളായിരിക്കണം.

 

 

റിംഗ് റോഡിലൂടെ വളഞ്ഞു തിരിഞ്ഞു പോകേണ്ടെന്ന് കരുതി 19 കി.മിറ്റര്‍ മാത്രമുള്ള റൂട്ട് 939 ലേക്ക് ഞങ്ങള്‍ തിരിഞ്ഞു. മലമുകളില്‍ നിന്ന് കുത്തനെയുള്ള ഇറക്കമാണ്. അരുവികളും, പുഴകളും വെള്ളച്ചാട്ടങ്ങളുമൊക്കെ നമുക്ക് താഴെയുണ്ട്. ചരല്‍ റോഡാണ്. കൂട്ടിന് മഴയും മൂടലുമുണ്ട്. മഞ്ഞുകാലത്ത് ഒരിക്കലും ഡ്രൈവ് ചെയ്യാന്‍ പാടില്ലാത്ത റൂട്ടാണെത്രേ ഈ ഓക്സി പാസ്‌(Öxi Pass from Egilsstadir to Hofn).   ഐസ് ലാന്‍ഡിലെ കുപ്രസിദ്ധമായ ‘എഫ്’ റോഡിന്‍റെ കുഞ്ഞു പതിപ്പിലൂടെയാണ് ഞങ്ങള്‍ ഹോഫിനെന്ന ചെറിയ പട്ടണത്തില്‍ അന്തിക്കെത്തിയത്. ആ റോഡിന്‍റെ വിശേഷമൊക്കെ ഞങ്ങള്‍ക്ക് പറഞ്ഞ് തന്നത് ഹോഫിനിലെ ഗസ്റ്റ് ഹൗസില്‍വെച്ചു കണ്ട സുഹൃത്താണ്.. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കൂറ(പാറ്റ) ചന്തക്ക് പോയത് പോലെ ഞങ്ങളൊന്ന് എഫ് റോഡിലൂടെ പോയി വന്നു.

F-Road / Mountain Road എന്ന് വിളിക്കുന്ന റോഡുകള്‍ കടന്നു പോകുന്ന വഴിയില്‍ പുഴകള്‍ക്ക് മീതെ അപൂര്‍വ്വമായേ പാലങ്ങളുണ്ടാവൂ. വാഹനം കൊണ്ട് വേണം പുഴ കടക്കാന്‍. ഭാഗ്യത്തിന് ഞങ്ങള്‍ വന്ന വഴിയില്‍ പാലമൊക്കെയുണ്ടായിരുന്നു. റോഡിനരികില്‍ ചരലും മണലും കാണുമ്പോള്‍ ഇറക്കി നിര്‍ത്തിയാല്‍ പിന്നെ വലിച്ചെടുക്കേണ്ടി വരുത്രേ. മരുഭൂമിയില്‍ ആളെ വിഴുങ്ങുന്ന ചുഴികളുണ്ടെന്ന് കേട്ടിട്ടില്ലേ അത് പോലെ മണ്ണ് നമ്മളെ വിഴുങ്ങും. ‘Quick Sand’ എന്നൊക്കെ സുന്ദരമായിട്ട് വര്‍ണ്ണിക്കാം. ആ മഹാത്ഭുതമെന്താണെന്ന് ഞാനനുഭവിച്ചത് അടുത്ത ദിവസമാണ്. അതാണ്‌ പാത്തൂ, ഒന്നും വെറുതെ വിടൂല… വിളിച്ചു വരുത്തും! (തുടരും)

 

14 Comments
 1. Peter 3 years ago

  As usual, well written. Liked it. thanks for presenting Ice Land in such a beautiful way..

 2. Sandeep 3 years ago

  Beautifully written… thanks for sharing…

 3. sugathan Velayi 3 years ago

  വിസ്മയങ്ങയുടെ കലവറയിൽ
  തെളിമലയാളത്തിന്റെ
  നീരുറവ കണ്ട്
  മനസ്സ് നിറയുന്നു.
  യാത്രാ വിവരണം മനോഹരം!
  ഹൃദ്യം…… ഭാവുകങ്ങൾ…….

  • Author
   Fathima Mubeen 3 years ago

   വായനക്ക്, പ്രോത്സാഹനത്തിന് നന്ദി സുഗതന്‍..

 4. Anil 3 years ago

  Wonderful!

 5. Retnakaran 3 years ago

  Thank you… enjoyed and await for the next editions.

 6. Haridasan 3 years ago

  Thank you… nice

 7. Meera Achuthan 3 years ago

  മനോഹരമായ വർണ്ണന..

  • Author
   Fathima Mubeen 3 years ago

   വായിച്ചതില്‍ സന്തോഷം മീര 🙂

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account