സിനിമയിലെ സ്ത്രീ സംഭാഷണങ്ങളിൽ ഹാസ്യരൂപേണ ഏറ്റവുമധികം അനുകരിക്കപ്പെട്ടിട്ടുള്ളവയാണ് “വിടമാട്ടേ..”, “ഇന്നേക്ക് ദുർഗാഷ്ടമി..”, ”ഉന്നെ കൊന്ന് ഉൻ രക്തത്തെ കുടിച്ച്….” തുടങ്ങിയവ. ജനപ്രിയ സംവിധായകനായ ഫാസിൽ സംവിധാനം ചെയ്ത സൈക്യാട്രിക് ത്രില്ലർ മണിച്ചിത്രത്താഴിൽ ശോഭന അവതരിപ്പിച്ച നാഗവല്ലി എന്ന കഥാപാത്രമാണ് ഈ തമിഴ് പേച്ചുകളുടെ ഉടമസ്ഥാവകാശി. 1993 ൽ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി. ഗംഗ, നാഗവല്ലി എന്നിങ്ങനെ വ്യത്യസ്തമായ രണ്ടു സ്ത്രീഭാവങ്ങളെ ആടിത്തിമിർത്ത ശോഭന ദേശീയതലത്തിൽ മികച്ച നടിയായി അംഗീകരിക്കപ്പെടുകയും ചെയ്തു.
ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് പുനർരചിക്കപ്പെട്ട ഈ ചിത്രത്തിന്റെ കന്നട പതിപ്പിൽ (ആപ്തമിത്ര) സൗന്ദര്യയും, തെലുങ്ക്, തമിഴ് പതിപ്പുകളിൽ (ചന്ദ്രമുഖി) ജ്യോതികയും, ഹിന്ദിയിൽ (ഭൂൽ ഭുലയ്യ ) വിദ്യാബാലനുമാണ് ശോഭനയ്ക്കു പകരം തിരശ്ശീലയിലെത്തിയത്.
ദ്വന്ദ്വവ്യക്തിത്വം അഥവാ അപരവ്യക്തിത്വം എന്നറിയപ്പെടുന്ന multiple personality disorder എന്ന മാനസികരോഗത്തിന് അടിമപ്പെടേണ്ടി വന്ന ഗംഗ എന്ന യുവതിയുടെ വ്യക്തിത്വത്തിൽ,അവൾ കേട്ടറിഞ്ഞ പഴങ്കഥകളിലെ നായിക നാഗവല്ലിയുടെ ധീരതയും പ്രതികാര വാഞ്ജയും സന്നിവേശിക്കുന്നതോടെ പ്രമേയത്തിന്റെ കരുത്തും വർദ്ധിക്കുന്നു. ഏകാന്തമായ ബാല്യകൗമാരങ്ങൾ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും അപകർഷതാബോധവുമാണ് ഒരു പ്രേതകഥയിലെ ,പ്രതികാരദാഹിയായ പരേതാത്മാവിനോട് തന്മയീഭാവം പ്രാപിക്കാൻ അവളെ പ്രേരിപ്പിക്കുന്നത് .
വിവാഹവസ്ത്രങ്ങളെടുക്കാൻ അല്ലിയോടൊപ്പം തനിക്ക് കൂടി പോകണമെന്നാവശ്യപ്പെടുന്ന ഗംഗയെ നകുലൻ വിലക്കുമ്പോഴാണ്, ഗംഗ നാഗവല്ലിയായി മാറുന്ന കാഴ്ച്ചയും “വിടമാട്ടേ” എന്ന ചോദ്യവും കാഴ്ച്ചക്കാരിലേക്കെത്തുന്നത്. വിവാഹശേഷം ആദ്യമായാണ് പ്രതിഷേധ ധ്വനിയിൽ ഗംഗ സംസാരിക്കുന്നതും നകുലന് കേൾക്കേണ്ടി വരുന്നതും. നാഗവല്ലി ശരീരത്തിൽ നിന്നൊഴിഞ്ഞുപോയ സെക്കൻറുകൾക്കുള്ളിൽ ഗംഗയെന്ന സൗമ്യയായ യുവതിയായി കഥാപാത്രം മാറുമ്പോൾ, സിനിമാ സാന്നിധ്യത്തിലെ പ്രതികരിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള അലിഖിതനിയമം ഒന്നു കൂടെ വ്യക്തമാകുന്നു. സാധാരണ മാനസികനിലവാരമോ, ബുദ്ധിയോ ഉള്ളവർ ഇത്തരത്തിൽ ഭർത്താവിനോട് പ്രതികരിക്കില്ല. മാനസികവിഭ്രാന്തിയുള്ള സ്ത്രീകളാണ് ശബ്ദമുയർത്തി സംസാരിക്കുന്നതും പ്രതികരിക്കുന്നതും എന്ന നിലപാട് തന്നെയാണവിടെ പ്രതിഫലിക്കുന്നത്.
ആണില്ലെങ്കിൽ വീട്ടിലെ തൂണിനെയെങ്കിലും ഭയപ്പെടണമെന്ന് പഴഞ്ചൊല്ലുകൾ കൊണ്ട് പെണ്ണിനെ പഠിപ്പിച്ചെടുക്കുന്ന നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ചും ചലച്ചിത്രങ്ങളിൽ, ഇത്തരം പ്രതികരണങ്ങൾ ദുർലഭമാണ്. മന: ശാസ്ത്രജ്ഞനായ ഡോ.സണ്ണി ജോസഫും മാന്ത്രികനായ ബ്രഹ്മദത്തൻ നമ്പൂതിരിയും ചേർന്ന് ശാസ്ത്രവും വിശ്വാസവും സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയൊരു ട്രീറ്റ്മെൻറിലൂടെ ഗംഗയെ അവളുടെ സ്വത്വത്തിലേക്ക് തിരികെക്കൊണ്ടുവരുന്നത് ദൃശ്യാവിഷ്ക്കാര സാധ്യതകളുടെ ഉദാത്ത മാതൃകയെന്നോണം ഇന്നും പ്രേക്ഷകർ ആസ്വദിക്കുന്നു.
കലാമൂല്യവും സാങ്കേതിക മികവും ധന്യമാക്കിയ ചിത്രവും കഥാപാത്രങ്ങളും സംഭാഷണങ്ങളുമെല്ലാം വർഷങ്ങൾക്കു ശേഷവും മലയാളിയുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്.
പ്രതിഷേധധ്വനിയുള്ള ചോദ്യമായതു കൊണ്ടും ഒരുപാട് പേർ ദൈനംദിന വ്യവഹാരങ്ങളിൽ അനുകരിക്കുന്നത് കൊണ്ടും മാത്രമല്ല, പെൺചൊല്ലിൽ ”വിടമാട്ടെ” ഉൾപ്പെടുത്തിയത്. ശോഭനയുടെ അഭിനയം ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടപ്പോൾ സിനിമാരംഗത്തുണ്ടായ പുതിയ ഒരു വിവാദത്തിലൂടെ പ്രതിഭാശാലികളായ ഡബ്ബിങ്ങ് ആർട്ടിസ്റ്റുകളെക്കുറിച്ചും അവരുടെ പ്രതിഭയെക്കുറിച്ചും സാധാരണക്കാർക്ക് അറിവ് ലഭിക്കുന്നു. സ്വദേശികളോ വിദേശികളോ ആയ അഭിനേത്രികളുടെ ഭാഷയെ വെല്ലുന്ന പ്രകടനങ്ങളുടെയൊപ്പം അവരുടെ ശബ്ദമായി മാറുന്ന ശബ്ദതാരങ്ങൾക്ക് അർഹിക്കുന്ന പുരസ്കാരങ്ങളോ മാധ്യമശ്രദ്ധയോ ലഭിക്കുന്നില്ല. മണിച്ചിത്രത്താഴിൽ നാഗവല്ലിയെ അനശ്വരമാക്കിയ ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തിലൂടെയാണ് നാം അവരെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നത്. 1991 മുതൽ സംസ്ഥാന തലത്തിൽ മികച്ച ശബ്ദതാരത്തിനും പുരസ്കാരം നൽകി വരുന്നുണ്ട്.
ആംഗികാഭിനയത്തോടൊപ്പം നിൽക്കുന്ന ഒന്നാണ് വാചികാഭിനയം. സ്വരവ്യതിയാനങ്ങൾ, ശ്രുതിഭേദങ്ങൾ,ഈണം, താളം, ഭാവപ്രകാശം തുടങ്ങി അനന്ത സാധ്യതകളുള്ള പ്രതിഭയോടൊപ്പം ക്ഷമയും കഠിനാധ്വാനവും ശബ്ദതാരങ്ങൾക്ക് അത്യാവശ്യമാണ്. താരങ്ങളുടെ അഭിനയത്തെ കൂടുതൽ ജ്വലിപ്പിച്ചു കൊണ്ട് ശബ്ദസാന്നിധ്യമായി തിരശ്ശീലക്കു പിന്നിൽ മറഞ്ഞിരിക്കുന്ന എല്ലാവരേയും നമുക്ക് മനസ്സിലോർക്കാം. ആനന്ദവല്ലി, T.R. ഓമന, കോട്ടയം ശാന്ത, ഭാഗ്യലക്ഷ്മി, പ്രവീണ, തങ്കമണി, വിമ്മിമറിയം ജോർജ്, മീരാകൃഷ്ണൻ, സൂര്യ എസ്.നായർ, ഹഫ്സത്, ജുവൽ എന്നിങ്ങനെ നീണ്ടു പോകുന്ന നിരവധി ശബ്ദകലാകാരികൾക്കു മുന്നിൽ ഈ കുറിപ്പ് സമർപ്പിക്കുന്നു
-സ്വപ്ന സി കോമ്പാത്ത്
നല്ല കുറിപ്പ്….അഭിനന്നനങ്ങള്…
നന്ദി
Well said
നന്ദി
good one..
നന്ദി