ഇന്ത്യൻ റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് 360000 കോടി രൂപയിലധികം വരുന്ന ഒരു തുക കേന്ദ്ര ഗവർമെന്റിന് ദിവാളി കളിക്കാൻ വിട്ടു കൊടുക്കണമെന്ന്  ധനമന്ത്രാലയം RBI യോട് കൽപ്പിച്ചിരിക്കുന്നു. ആകെ ധന റിസർവിന്റെ 35 ശതമാനം വരും ഈ തുക. അതിസങ്കീർണമായ ഘടനയുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികളെ മറികടക്കാൻ RBI കരുതിവക്കുന്നതാണ് പത്തുലക്ഷം കോടിയോളം വരുന്ന കരുതൽ ധനം. ഈ പണം നാണ്യപ്പെരുപ്പ നിരക്ക് നിയന്ത്രണാതീതമാകുമ്പോഴും വിപണിയിലെ പണലഭ്യത കുറയുമ്പോഴും മറ്റും മറ്റും RBI ഉപയോഗപ്പെടുത്തിയതിനും വിപണിയെയും രൂപയേയും സമ്പദ് വ്യവസ്ഥയേയും നിയന്ത്രിച്ചു നിർത്തിയതിനും ചരിത്രത്തിൽ ഉദാഹരണങ്ങളുമുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ലോകത്തെ പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച ഏക സമ്പദ് വ്യവസ്ഥയും ഇന്ത്യയുടേതായിരുന്നു. RBI യുടെ കർശനമായ വിപണി ഇടപെടലുകളാണ് അന്നതിനു സഹായിച്ചത് എന്ന കാര്യവും എല്ലാവർക്കുമറിയാം. എന്നാൽ ഇപ്പോൾ കേന്ദ്ര ധനമന്ത്രാലയം പറയുന്നു, റിസർവ് ബാങ്കിന്റെ സാമ്പത്തിക മുൻകരുതൽ നയം തെറ്റാണെന്ന്. ഇത്രയും വലിയ കരുതൽ ധനത്തിന്റെ ആവശ്യമൊന്നും വരുന്നില്ല എന്ന്.

കേന്ദ്ര ഗവർമെന്റിന്റെ പ്രതിസന്ധി വളരെ വലുതാണ്. ജനുവരിയോടെയെങ്കിലും എണ്ണ വിലയിൽ ഇടപെടാൻ കഴിഞ്ഞില്ലെങ്കിൽ തെരഞ്ഞെടുപ്പ് അതിജീവിക്കുക എളുപ്പമാവില്ല. ഇന്ധന സബ്‌സിഡി പുന:സ്ഥാപിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ നയപരമായി സാധ്യവുമല്ല. ഈ സാഹചര്യത്തിൽ എണ്ണക്കമ്പനികളെ കൂടെ നിർത്താൻ അവർക്ക് വായ്‌പ നൽകണം.  അതിന് RBI അനുമതി കിട്ടുന്നില്ല എന്നത് വലിയ വെല്ലുവിളിയാണ്. സർക്കാരിന്റെ മുന്നിൽ പിന്നെയുള്ള വഴി വിപണിയിൽ പണം ധാരാളം ലഭ്യമാക്കുക എന്നതാണ്. തകർച്ചയുടെ വാതിൽക്കൽ എത്തി നിൽക്കുന്ന ഹൗസിങ് ഫൈനാൻസിങ്ങ് സ്ഥാപനങ്ങൾക്കും കിട്ടാക്കടം പെരുകി നട്ടം തിരിയുന്ന ബാങ്കുകൾക്കും പിടിച്ചു നിൽക്കണമെങ്കിൽ  കൂടുതൽ പണം കിട്ടിയേ തീരൂ. ബാങ്കുകളുടെ വായ്‌പാ വിതരണത്തിന് RBI ഏർപ്പെടുത്തിയ PCA (Prompt Corrective Action) ചട്ടങ്ങളിൽ ഇളവു വരുത്താനുള്ള സർക്കാർ നിർദ്ദേശവും നിരാകരിക്കപ്പെട്ടു. അടുത്ത ആറേഴു മാസങ്ങളിൽ വിപണിയിൽ നേരിട്ടേക്കാവുന്ന ഒരു സാമ്പത്തിക പ്രതിസന്ധിയും ഗവർമെൻറിനു സ്വീകാര്യമല്ല. കൂടുതൽ പണം കണ്ടെത്താനുള്ള ഒരു മാർഗവും രാജ്യത്ത് അവശേഷിക്കുന്നുമില്ല. GST അനന്തര കാലത്ത് നികുതി വരുമാനത്തിലുണ്ടായ ഗണ്യമായ കുറവ് പരിഹരിക്കാനാവാത്ത പ്രശ്‌നമായി നിലനിൽക്കുന്നു. വരുമാന നഷ്‌ടമുണ്ടായ സംസ്ഥാന ഗവർമെൻറുകൾക്ക് കൊടുക്കേണ്ട നഷ്‌ടപരിഹാരം ഉടൻ കിട്ടണമെന്ന് BJP ഇതര സംസ്ഥാനങ്ങൾ മാത്രമല്ല ആവശ്യപ്പെടാൻ പോകുന്നത് എന്നും ഗവർമെന്റിനറിയാം. ധന മാനേജ്‌മെന്റ് എന്നത് കേവലം വലിയ ശബ്‌ദത്തിൽ പ്രസംഗിക്കലല്ല എന്ന് പ്രധാനമന്ത്രിയും സംഘവും മനസിലാക്കിത്തുടങ്ങുകയാണ്.

മറ്റൊരു പ്രധാനപ്പെട്ട ചോദ്യത്തിന് നമുക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ 4 വർഷം കൊണ്ട് എണ്ണ വിപണിയിൽ നിന്ന് അധികമായി പിരിച്ചെടുത്ത പത്തു ലക്ഷം കോടിയോളം രൂപ എവിടെപ്പോയി എന്ന ചോദ്യത്തിന് ഈ സാഹചര്യത്തിൽ ഉത്തരം  കിട്ടിയേ തീരൂ. റാഫേൽ ഉൾപ്പെടെയുള്ള അതാര്യമായ വാണിജ്യ ഇടപാടുകൾക്ക്  വേണ്ടിക്കൂടിയായിരുന്നു ഇന്ധനക്കൊള്ള എന്ന സംശയത്തിന് തീർച്ചയായും അടിസ്ഥാനമുണ്ട്. മോദി സർക്കാർ നൽകിയ തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളിൽ നടപ്പാക്കപ്പെട്ടത് പട്ടേൽ പ്രതിമ മാത്രമാണ്. ഗംഗാശുചീകരണവും സ്വഛ് ഭാരത് അഭിയാനും പാർപ്പിട വൈദ്യുതീകരണ പദ്ധതികളും സമ്പൂർണ സാനിറ്റേഷൻ പദ്ധതികളും ഉൾപ്പെടെ ഒന്നും ലക്ഷ്യത്തിന്റെ പകുതി പോലും പൂർത്തിയായിട്ടില്ല. പട്ടാളക്കാർക്ക് നൽകിയ പ്രധാന വാഗ്‌ദാനമായ വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയെക്കുറിച്ച് ഇന്നലെ ദീപാവലി ആഘോഷത്തിനിടക്കും പ്രധാനമന്ത്രി ഉറപ്പുകൾ നൽകിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും രാത്രി കാവലിനുള്ള ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കാൻ ഈ അഞ്ചു കൊല്ലവും ഗവർമെന്റിനു സാധിച്ചിട്ടില്ല. പിന്നെ ഈ പണമൊക്കെ എവിടെയാണ് മറഞ്ഞിരിക്കുന്നത്..? ഒരു സാധ്യത ഇങ്ങനെയാവാം. ആന മണ്ടത്തരം എന്ന് ലോകം മുഴുവൻ വിലയിരുത്തിയ നോട്ടു നിരോധനം സമ്പദ് വ്യവസ്ഥക്കുണ്ടാക്കിയ ആഘാതം ഇപ്പോൾ നമ്മൾ മനസിലാക്കിയതിനേക്കാളൊക്കെ ഭയാനകമാണ്. അതു വഴിയുണ്ടായ കനത്ത നഷ്‌ടം നികത്തുക ഏറെക്കുറെ അസാധ്യവുമാണ്. ശ്രദ്ധിച്ചു നോക്കിയാൽ കാണാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ആയുധ ശക്‌തി ഇനിയും കൂട്ടണമെന്ന് പ്രതിരോധ വകുപ്പ് ആവർത്തിക്കുമ്പോഴും, വെടിക്കോപ്പുകൾ പോലും തീർന്നു കൊണ്ടിരിക്കുകയാണ് എന്ന് പട്ടാള മേധാവികൾ തന്നെ പറയുമ്പോഴും ആയുധക്കരാറുകൾ പോലും പലതും പാതിവഴിയിലോ പെരുവഴിയിലോ ആണ്. അത്രയും ഗുരുതരമാണ് സാമ്പത്തിക സ്ഥിതി എന്ന പരമാർഥത്തെ തെരഞ്ഞെടുപ്പു വരെ മറച്ചു വക്കേണ്ടതുണ്ട്. അതിനാണ് യോഗി ആദിത്യ നാഥിനോട് അയോധ്യ എന്ന നഗരം സ്ഥാപിക്കാനും ദശരഥ മെഡിക്കൽ കോളേജും ശ്രീരാമ വിമാനത്താവളവും നിർമിക്കാനും നിർദ്ദേശിച്ചത്. പത്തു പൈസ ചെലവാക്കാതെ നടപ്പാക്കാൻ പറ്റുന്ന ഇലക്‌ഷൻ ഗിമ്മിക്കുകൾക്ക് നരേന്ദ്ര മോദിയെയും കൂട്ടരേയും കവച്ചു വക്കാൻ ഇന്നാട്ടിൽ വേറെയാരുണ്ട്!

അക്ഷരാർഥത്തിൽ വിത്തെടുത്തു കുത്താൻ പോവുകയാണ് സർക്കാർ. RBI വഴങ്ങാത്ത പക്ഷം ഊർജിത് പട്ടേൽ പുറത്താവുകയും മറ്റൊരു റബ്ബർ സ്റ്റാമ്പ് ഗവർണർ നിയമിക്കപ്പെടുകയും ചെയ്യും. അത്രേയുള്ളൂ. ഇപ്പോഴത്തെ ഭരണകൂടത്തിലെ തലവൻമാർ രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലുകൾ ഇപ്പോഴേ സ്വീകരിക്കുന്നതാവും നല്ലത്. ഒരു സുപ്രഭാതത്തിൽ നനഞ്ഞ പൂച്ചകളെപ്പോലെ ആരുമറിയാതെ ഇവരെല്ലാം മറ്റൊരു രാജ്യത്ത് അഭയം തേടില്ലെന്നാരുകണ്ടു? അപ്പോഴേക്കും ഇവിടുത്തെ അവസാന മൺ തരിയും അവർ ധൂർത്തടിച്ചിരിക്കും. നാം നിസ്സഹായരും തോൽപിക്കപ്പെട്ടവരുമായ ജനതയായിത്തീരും.

 

1 Comment
  1. Anil 2 years ago

    A big political business….

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account