സ്വാമി എന്ന വാക്കിന് നാം പറയുന്നതിനപ്പുറം ചിലതുണ്ട് എന്നത് ഇപ്പോൾ ഓർക്കാവുന്നതാണ്. നൂറ്റാണ്ടുകൾ മലയടിവാരങ്ങളിലും ഗുഹകളിലും തപസ്സുചെയ്തു നേടുന്ന മോക്ഷം മാത്രമല്ല സ്വാമി എന്നും, ഇവിടെ വിശക്കുന്ന മനുഷ്യരുണ്ടല്ലോ എന്ന് ഒരു സ്വാമിക്ക് ചോദിക്കാമെന്നും നാമറിയുന്നത് വിവേകാനന്ദനിലൂടെയാണ്.
ഭാവനകളിലൂടെ, സ്വപ്നങ്ങളിലൂടെ പരിണമിച്ച മനുഷ്യജീവിതത്തെപ്പറ്റി പറയുമ്പോഴും ഭാവന മാത്രമായിരുന്നെങ്കിൽ എന്നേ അസ്തമിച്ചു പോകുമായിരുന്ന മനുഷ്യകുലത്തെയും അത് ഓർമിപ്പിക്കുന്നു. കർമപഥങ്ങളിലേക്ക് കാൽവെക്കാൻ നിരന്തരം പ്രേരിപ്പിക്കുന്നു.
തൃശൂർ ആകാശവാണിയിൽ ‘ഇവിടെ നൂറുരൂപയ്ക്കു കാഞ്ചീപുരം പട്ടുസാരി’ എന്നൊരു പരസ്യം വരാറുണ്ട്. കാഞ്ചീപുരത്തെ തെരുവുകളിൽ നെയ്യുന്ന പട്ടുകൾ കാണുംവരെ നമുക്ക് ഈ പട്ടുസാരിയെ കൗതുകത്തോടെ നോക്കിയിരിക്കാം. അതുപോലെയാണ് സ്വാമി വിവേകാനന്ദൻറെ കാവി. ആ കാവിയിലേക്ക് എത്തുംവരെ നമുക്ക് നാമിവിടെ ഇന്ന് കാണുന്ന കാവിയിൽ അഭിരമിക്കാം.
വിവേകാനന്ദ സ്വാമി കേരളമണ്ണിൽ യാത്ര ചെയ്തിട്ട് ഒന്നേകാൽ നൂറ്റാണ്ടായി. നവംബർ 27 ആ സ്മരണ പുതുക്കി. സ്വാമി നട്ട അരയാൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കാറ്റുവീശുന്നു. ആകാശത്ത് പടരുന്ന ശിഖരങ്ങളേക്കാൾ മണ്ണിൽ പടരുന്ന വേരുകളെ അത് ഓർമിപ്പിക്കുന്നു. ഒരു കാറ്റിനും പ്രളയത്തിനും കടപുഴക്കാനാവാത്ത ഒരു ചിത്രം അരയാൽ ചേർത്തുവെക്കും. പ്രളയപയോധിയിൽ നിസ്സംഗം ആലിലയിൽ ഒഴുകുന്നൊരു ഉണ്ണിയേയും.
കൂർത്ത ഇലത്തുമ്പുകളുടെ ബോധോധയങ്ങളായി ആലിലകൾ കാറ്റുവീശട്ടെ, നമുക്ക് വിവേകാനന്ദന്റെ സ്വാമിയിലേക്ക്, യാത്രകളിലേക്ക്, ധ്യാനത്തിലേക്ക്, ദേശീയതയിലേക്ക്, കാവിയിലേക്ക് ഇനിയുമേറെ നടക്കാനുണ്ട്.
ചിക്കാഗോയിലെ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ മനുഷ്യരെ സ്വാമി വിവേകാനന്ദൻ അഭിസംബോധന ചെയ്തത് ‘സഹോദരീ സഹോദരന്മാരേ’ എന്നാണ്…
– രാജേഷ് മേനോൻ
ചിന്തകൾ നന്നാവട്ടെ…