“It’s my blood you shed
That pour upon the road
It’s my sour
In the shreds of a cloud
Just butchered”
-മയക്കോവ്സ്‌കി

എന്‍റെ പതിമൂന്നാമത്തെ വയസ്സില്‍ എനിക്ക് മൂന്നു പുസ്‌തകങ്ങൾ കിട്ടി. റഷ്യന്‍ ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്‌ത്‌ ഇംഗ്ലിഷില്‍ അച്ചടിച്ചിരിക്കുന്ന മൂന്നു പുസ്‌തകങ്ങള്‍. സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് യൂണിയന് വേണ്ടി പ്രിന്‍റ് ചെയ്‌ത ആ പുസ്‌തകം എന്നെ ഒട്ടും ആകര്‍ഷിച്ചില്ല. കട്ടിമഞ്ഞിന്‍റെ കാഴ്ച്ചയും തേയിലക്കാടുകളുടെ വിദൂരദൃശ്യങ്ങള്‍ പകരുന്ന സുഖകരമായ തണുപ്പും സ്വപ്‌നം കാണലിന്‍റെ അസുഖകരമായ സുരക്ഷിതത്വവും അനുഭവിച്ചു നടന്നിരുന്ന ആ കാലത്ത് കവിതയോടുള്ള എന്‍റെ ഉന്മാദം ഞാന്‍ അറിഞ്ഞിട്ടില്ല. അലസമായി ഞാന്‍ ആ പുസ്‌തകങ്ങള്‍ മറിച്ചുനോക്കി. നാല്‍പ്പത്തിയെട്ടാമത്തെ പേജിലെത്തിയപ്പോള്‍ എന്‍റെ ശ്വാസം നിലച്ചു. പതിമൂന്നുകാരിയുടെ പരിമിതമായ ഇംഗ്ലിഷ് പരിജ്ഞാനത്തില്‍ ഞാന്‍ വായിച്ച കവിത ഇതായിരുന്നു:

‘ഞാന്‍
എന്‍റെ ആത്മാവിന്‍റെ ദീര്‍ഘദൂരങ്ങളില്‍
എല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നു
ഉന്മാദികളുടെ കാലടികള്‍
ശക്തിയായി മിടിക്കുന്നു
അറിയാത്ത വരകള്‍ തീര്‍ക്കുന്നു
നഗരങ്ങള്‍ തൂക്കിക്കൊല്ലപ്പെട്ടയിടം
മേഘങ്ങള്‍ ചാരനിറത്തിലേക്ക്
ഉറഞ്ഞുകൂടിയിടം..
ഗോപുരങ്ങള്‍ ശിരസ്സുകുനിക്കുമിടം
ഞാന്‍ ഒറ്റയ്‌ക്കുപോകുമിടം
വിലാപങ്ങളിലേക്ക്‌
നിലവിളികളിലേക്ക്‌
നിയമപാലകര്‍
കുരിശുകളാല്‍
കുരിശേറ്റപ്പെടുമെന്ന ഉറപ്പോടെ…’

എന്ന് ഞാനാ കവിതയെ രൂപമാറ്റം ചെയ്‌തു. ശരിയായൊരു വിവര്‍ത്തനമായിരുന്നില്ല അതെങ്കിലും ഒരു കവിത ഏല്‍പ്പിക്കുന്ന ആഘാതത്തിന്‍റെ മരണതുല്യമായ ആനന്ദം അങ്ങനെയായിരുന്നു.

ആ കവിതയില്‍ നിന്ന് എന്നിലേക്ക്‌ ആഞ്ഞു വീശിയത് മരണത്തിന്‍റെ തണുപ്പായിരുന്നു. മയക്കോവ്സ്‌കി എന്ന കവി പിന്നെ എന്നെ വിട്ടുപോയിട്ടില്ല. ഒരു പക്ഷേ മയക്കോവ്സ്‌കിയുടെ ഏറ്റവും നല്ല കവിതയായിരിക്കില്ല ഇത്. പക്ഷേ, ഒരു കവി ഒരാളെ ആവേശിക്കുന്നത് നിശബ്ദമായ ചില സ്‌പര്‍ശങ്ങള്‍ കൊണ്ടാണല്ലോ!

‘നിന്നെക്കുറിച്ചെന്ത് ‘ എന്ന കവിതയില്‍ മയക്കോവ്സ്‌കി വീണ്ടും പറഞ്ഞു:

‘ഞാന്‍
ഒരു പാത്രത്തില്‍ നിന്ന്‌
കുറച്ചു നിറങ്ങള്‍ ചിതറിക്കുന്നു
വികാരങ്ങള്‍ പുരട്ടിയ വാക്കുകളോടൊപ്പം
ഞാന്‍ ഒരു പാത്രം സ്‌ഫടികമത്സ്യം പാകംചെയ്യുന്നു.
തുടിക്കുന്ന കടലിന്‍റെ കവിളെല്ലുകൾ വേവിക്കുന്നു.
സാല്‍മണ്‍ മത്സ്യത്തിന്‍റെ പുറം തോലുകള്‍ വറുക്കുന്നു.
നിശബ്ദമായി നിന്‍റെ ചുണ്ടുകൾ മന്ത്രിക്കുന്ന
മന്ത്രങ്ങള്‍ എനിക്കു കേള്‍ക്കാം-

നീയോ…?
നിനക്ക് ഒരു പുല്ലാങ്കുഴലിന്‍റെ ദ്വാരത്തിലേക്ക്‌
ഒരു മഴത്തുള്ളിയേങ്കിലും
ഇറ്റിക്കാനാവുന്നുണ്ടോ?

ഞാനും നീയും തമ്മിലുള്ള അന്തരം, കടലിനെ കവിതയിലേക്കാവാഹിക്കുന്ന വൈഭവം.. ‘പകല്‍’ എന്ന കവിതയില്‍ കാണുന്ന ചിത്രം കുറച്ചുകൂടി വ്യത്യസ്‌തമാണ്‌.

‘വായുവിന്‍റെ കിരീടങ്ങള്‍
അജ്ഞാതമായ പ്രവാഹങ്ങളില്‍പ്പെട്ട്‌
മരണത്തോടടുക്കുന്നു
കണ്ണുകളെ കൂടുതല്‍
വേദനകളിലേക്ക്‌ നയിക്കുകയാണവര്‍
പേരുകളില്ലാതാവുന്ന യുദ്ധങ്ങള്‍ !
വിഷം പുരണ്ട നിരകള്‍
ഓരോ ഭീതിയ്ക്കും പിന്നില്‍
കണ്ണുകള്‍ പുനര്‍ജ്ജീവിക്കപ്പെടുകയാണ്.
ഒടുവില്‍
അടിമകളുടെ കുരിശുകള്‍
സ്വപ്‌നത്തിലേക്ക്‌…
നിര്‍വീര്യമാക്കപ്പെടുന്ന സാഹോദര്യത്തിന്‍റെ
ലഹരികള്‍…
ഉദയം
പടിഞ്ഞാറെന്ന്‌ വിളിച്ചുപറയുന്ന
ആ ശബ്‌ദമെവിടെ…? ‘

1921ലാണ് മയക്കോവ്സ്‌കി ഈ കവിതയെഴുതുന്നത്. 20ാം നൂറ്റാണ്ടുകണ്ട  ഏറ്റവും നിഗൂഡമായ കാവ്യഭാഷയെന്ന് മയക്കോവ്സ്‌കിയെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്‌ടം. നിയമങ്ങള്‍ക്കതീതനായി ആ കവി സ്വന്തം വാക്കുകളെ നിരത്തിവെച്ച് വാക്കുകളാല്‍ മാത്രം വിവരിക്കപ്പെടുന്ന കാവ്യഭാഷയെ ആക്രമിച്ചുകൊണ്ടാണ് മയക്കോവ്സ്‌കി എഴുതിയത്. വാക്കുകള്‍ നമുക്കുള്ളില്‍ നിന്ന്‌ കുതറിയിറങ്ങുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ‘കവിയെന്നത് അതിജീവനത്തിന്‍റെ അടയാളമാണ്… ഒരിക്കലും, ആരാലും നശിപ്പിക്കപ്പെടാനാവത്ത നിലനില്‍പ്പിന്‍റെ… ‘ എന്നാണ് അദ്ദേഹം മനസ്സിലാക്കിയത്‌.

‘ഞാന്‍’ എന്ന ബിംബം മയക്കോവ്സ്‌കി കവിതകളില്‍ പലരൂപത്തില്‍ പലഭാവത്തില്‍ കടന്നുവരുന്നുണ്ട്  . ഇരുട്ട്‌കീറിയെത്തുന്ന അപരസൗന്ദര്യങ്ങളില്‍, കാറ്റു തുളച്ചെത്തുന്ന നരകയാതനകളില്‍ ഞാന്‍ എന്നെ തന്നെ കണ്ടുഞെട്ടിയ കവിതയുടെ വിശ്വരൂപം മയക്കോവ്സ്‌കിയുടേതായിരുന്നു. അല്ലെങ്കില്‍ കൗമാരം കണ്ടു ഭ്രമിച്ച ഇല്ലാക്കാഴ്ച്ചകളില്‍ നിന്ന്‌ തെളിഞ്ഞു വന്നത് കവിതയുടെ ഈ ഉന്മാദാകാശങ്ങളായിരുന്നു.

കവിതയിലെ ആഴങ്ങളോട് മയക്കോവ്സ്‌കി പ്രകടിപ്പിക്കുന്ന സൂഷ്‌മതയാണ് എന്‍റെ വായനയിലും ജീവിതത്തിലും ആ കവിതകളെ പിടിച്ചു നിര്‍ത്തിയത്. സ്വന്തം കാലത്തിന്‍റെ പ്രധാന പ്രശ്‌നങ്ങളെയും ഭീതികളെയും ആവലാതികളെയും കവിതയുടെ സൂഷ്‌മദര്‍ശിനിയിലൂടെ നോക്കിക്കണ്ടു  എന്നതും, വിപ്ലവകരമായ ഒരു പൊള്ളലിലൂടെ മാറ്റത്തിന്‍റെ സാധ്യത കവിതയിലേക്ക്‌ ഓടിച്ചുകൊണ്ടുവന്നു എന്നതും മയക്കോവ്സ്‌കിയുടെ മുദ്രകള്‍ എന്നിരിക്കിലും മരണത്തോളം പ്രിയപ്പെട്ട ഒന്ന് ആ കവിതളില്‍ നിന്നെന്നെ മാടിവിളിച്ചു.

‘എന്‍റെ കാലം… എന്‍റെയും’ എന്ന് അദ്ദേഹം പറയാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെയുള്ളിലെ ഞാന്‍ എന്ന അടയാളത്തെ വ്യക്തമാക്കുകയായിരുന്നു കവി. യുദ്ധങ്ങളെയും കലാപങ്ങളെയും യാത്രകളെയും അഭിസംബോധന ചെയ്‌ത കവിതകള്‍, കവിയുടെ ഉള്ളില്‍ നിന്നിറങ്ങി പ്രാപഞ്ചികമായ ഒരു ഘടനയെ പുല്‍കുന്ന കവിതകള്‍ ആയിരുന്നു. ആന്തരികലോകങ്ങളെ ഈ പ്രാപഞ്ചിക ഘടനയുമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു കവി. അവിടെ മരണമുണ്ടായിരുന്നു. പ്രണയമുണ്ടായിരുന്നു. ആകാശവും കടലുമുണ്ടായിരുന്നു. യുദ്ധവും മുറിവും കൊലയും ഹിംസയും പൂക്കളും പുഞ്ചിരിയുമുണ്ടായിരുന്നു.ഓരോ ശ്വാസത്തിലും പ്രകൃതിയെയും മരണത്തെയും അറിയുന്ന ജൈവികതയുണ്ടായിരുന്നു. ജീവിതവും തെരുവും അവിടെ യാഥാര്‍ത്ഥ്യങ്ങളായി മുഖാമുഖം നിന്നു. (തുടരും)

4 Comments
  1. നന്നായിരിക്കുന്നു

  2. Priya 4 years ago

    മനോഹരം, ഈ അവതരണവും വിവരണവും. അറിവുപകർന്നതിനു നന്ദി

  3. Sunil 4 years ago

    This is great reading! thanks..

  4. Anil 4 years ago

    Great!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account