തെരുവുകള്‍-
പകലിന്‍റെ മുഖങ്ങള്‍
ഉദാത്തമായ നൃത്തം
സങ്കീര്‍ണതയിലേക്ക്‌ വളരുന്നു.
ഓടിപ്പാഞ്ഞുപോകുന്ന വീടുകളുടെ
ജനാലകളില്‍ നിന്ന്
ത്രികോണങ്ങളെപ്പോലെ നമ്മെ,
ഓരോ മുക്കിലും തടയിടുന്ന തടയണകള്‍…
അരയന്നത്തിന്‍റേതുപോലുള്ള ഞൊറിച്ചിറകുകള്‍
നിന്‍റെ ജ്ഞാനശൃംഖലകളെ ബന്ധിച്ചിരിക്കുന്നു
ഗോപുരമുകളിലെ ഘടികാരത്തിനു പിന്നില്‍
വാഗ്‌ദത്തഭൂമിയിലേക്കു വീഴാതെ
സൂര്യന്‍…
നാം എന്തു ചെയ്യും?
ലിഫ്റ്റുകള്‍… ജലധാരകള്‍…
ഒരു പക്ഷേ ‘വേണ്‍, വേണ്‍ ‘ എന്ന്‌
നി ഉറക്കെ ശബ്‌ദിച്ചാല്‍ക്കൂടി
കഠിനസഹനങ്ങളുടെ ക്ഷണം
നിരസിക്കാന്‍ നിനക്കാവില്ല.
അസ്വസ്ഥമാക്കുന്ന ഒരു ചൂടന്‍ കാറ്റ്
ചിമിനികളെ ഭേദിച്ച്‌
കണ്ണിരിനൊപ്പം പുകഞ്ഞ്,
ചാരനിറം പൂണ്ട് വിശുന്നു
തെരുവിന്‍റെ ഇരുണ്ട സൂക്ഷിപ്പുകളെ മുഴുവന്‍
കടപുഴക്കുന്നു.

പെട്ടെന്നൊരു ദിവസം ഗാനകാവ്യപാരമ്പര്യത്തെ മറികടക്കാന്‍ തീരുമാനിച്ചതല്ല മയക്കോവ്‌സ്‌കി. ആദ്യകാല കവിതകളില്‍, പാരമ്പര്യധാരകള്‍, ജീവിതത്തെക്കുറിക്കുന്ന തത്വചിന്താദര്‍ശനങ്ങള്‍, 20ാം നൂറ്റാണ്ടിലെ വ്യക്‌തിപ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളായിരുന്നു മയക്കോവ്‌സ്‌കിയുടെ കവിത ചെന്നു തൊട്ടയിടങ്ങള്‍. പിന്നീട് ഈ കാവ്യ സംസ്‌ക്കാരത്തെ തകര്‍ക്കുകയായിരുന്നു മയക്കോവ്‌സ്‌കി. ഗാനകാവ്യങ്ങളുടെ അതിരുകളെ ഭേദിക്കാനാണ്‌ മയക്കോവ്‌സ്‌കി ശ്രമിച്ചത്. സ്വന്തം കാലഘട്ടം ആവശ്യപ്പെടുന്ന വസ്‌തുതകളെ കവിതയിലേക്ക്‌ കൊണ്ട് വരികയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാലത്ത്‌ ചരിത്രം കാര്യമായ ഇടപെടല്‍ നടത്തിയ 21ാം നൂറ്റാണ്ടില്‍ വ്യക്തിഗതങ്ങളായ വസ്‌തുതകളുടെ വര്‍ദ്ധനവ് ഏറെയുണ്ടായി. പൊതുയിടങ്ങളില്‍ വ്യക്‌തിസത്തകള്‍ നിലയുറപ്പിച്ചുതുടങ്ങി. മയക്കോവ്‌സ്‌കി കവിതകളിലെ ഞാന്‍ ഇത്തരത്തിലുരുത്തിരിഞ്ഞു വന്നതാവണം.

‘എന്നെക്കുറിച്ച്‌ കുറച്ചുവാക്കുകള്‍’ എന്ന കവിതയില്‍ ഇങ്ങനെ പറയുന്നു:

‘കൊച്ചുകുട്ടികള്‍ മരിക്കുന്നതെങ്ങനെയെന്നു കാണാന്‍
എനിക്കിഷ്ടമാണ്.
മ്ളാനതയുടെ ട്രങ്കിനുപിന്നില്‍ ചിരിയുടെ-
മഞ്ഞുമൂടിയ തിരകള്‍, കെട്ടുകള്‍
കാണാന്‍ നിനക്കു കഴിയുന്നുവോ?
തെരുവിലെ വായനാമുറിയില്‍
അര്‍ധരാത്രി
മഴമൂടിയ വിരലുകള്‍ എന്നെ അറിയുന്നു.
അടിയേറ്റചീളുകള്‍
മഴ നനയുംവരെ…
മഴത്തുള്ളികള്‍ ഉറയും വരെ…
ഉന്മാദമായ ആരാധനാലയങ്ങള്‍ നൃത്തത്തിലാണോ?
നാം ചാര്‍ത്തിക്കൊടുത്ത അടയാളങ്ങള്‍ ഭേദിച്ച്
ക്രിസ്‌തു ഓടിപ്പൊകുന്നത്
ഞാന്‍ കാണുന്നു.
കാറ്റിന്‍റെ ഉടയാടകള്‍
ആടിയുലയുന്നുണ്ട്.
അധരപുടങ്ങള്‍ വിതുമ്പിക്കൊണ്ട്
ഉമ്മവെക്കുന്നുണ്ട്.
മണ്‍ക്കട്ടകള്‍ക്കിടയില്‍ ഞാന്‍
അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.
ദുര്‍ബ്ബലമായ എന്‍റെ വാക്കുകള്‍
നിരാശയുടെ ഓരത്തിരുന്ന്
സ്വര്‍ഗ്ഗത്തിന്‍റെ മൃദുലതകളെ
പ്രതിക്ഷയോടെ കേള്‍ക്കാന്‍ ശ്രമിക്കുന്നു.
സൂര്യതേജസ്സേ… പിതാവേ
ഇനിയെങ്കിലും ഈ പിഢനം അവസാനിപ്പിക്കൂ.
തെരുവുകളില്‍ തളംക്കെട്ടിനില്‍ക്കുന്നത്
എന്‍റെ രക്‌തമാണ്.
മേഘങ്ങളെന്നപോലെ
ആകാശത്ത് വെട്ടി നുറുക്കി തൂക്കിയിട്ടിരിക്കുന്നത്
എന്‍റെ ആത്മാവാണ്
സമയം?
ഉത്തരങ്ങളില്ലാത്ത ചിത്രകാരാ
എന്‍റെ മുഖം മിനുക്കൂ
എന്നെ
വഴിതെറ്റിയ ഈ നൂറ്റാണ്ടിന്റെ
നോക്കുകുത്തിയാക്കൂ
അന്ധതയിലേക്കു കൂപ്പുകുത്തുന്ന
ഒരുവന്‍റെ മുഖത്ത് അവശേഷിച്ച
ഒരൊറ്റ കണ്ണുപോലെ
ഏകാന്തതയാണ് ഞാന്‍…’

ഈ ‘ഞാന്‍’ ആണ് മയക്കോവ്‌സ്‌കിക്കവിതകളില്‍ നിന്നെന്നെ ഉറ്റുനോക്കുന്നത്. അതുവരെ കാണാത്ത രാഷ്‌ട്രീയ  സാമൂഹ്യ യാഥാര്‍ത്ഥ്യ ചിത്രീകരണമാണ് ഇന്നെനിക്ക് ആ കവിതകളില്‍ കാണാന്‍ കഴിയുന്നത്. കാവ്യാത്മകമായ ധ്യാനപരതയായിരുന്നു ആ കവിതകള്‍. വാക്കുകളുടെ പുതിയ ഭാവങ്ങളും പ്രഖ്യാപനങ്ങളുമായിരുന്നു ആ കവിതകള്‍. പുതിയ ലോകം പുതിയ കവിതയില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകടമായിരുന്നു.

”എന്‍റെ ഹൃദയം സത്യത്തോടൊപ്പം ഒറ്റക്കിരുന്നു.
രാജ്യത്തിലെ എല്ലാപടയാളികളോടുമൊപ്പം
എന്‍റെ ആത്മാവിന്‍റെ ആഴങ്ങളില്‍…”

കവിയും ഞാനും എന്ന ഒരു ഏകകം രൂപപ്പെടുത്തുകയായിരുന്നു മയക്കോവ്‌സ്‌കി. ചരിത്രത്തെയും ഐതിഹാസികതയെയും കവിയിലേക്ക് ചേര്‍ത്തുകെട്ടുന്നതോടൊപ്പം തന്നില്‍ നിന്ന് കുതറിയിറങ്ങി ഒരു പ്രപഞ്ചത്തിലേക്ക് കുടിയേറുന്ന സമൂഹത്തെയും അദ്ദേഹം വരച്ചുചേര്‍ത്തു. പ്രഖ്യാപിക്കപ്പെട്ട യുദ്ധങ്ങളുടെ ഒടുവില്‍ താന്‍ ഒരു പട്ടിക്കുഞ്ഞായി മാറുന്ന ചിത്രം അദ്ദേഹം കവിതയില്‍ വരച്ചു. കടലില്‍ നിന്ന് ഉദിച്ചു പൊന്തുന്ന സൂര്യനെക്കണ്ട്  ഒരല്‍പ്പം വികാരഭരിതനാകുന്ന വയലിനും ശൂന്യതയില്‍ നിന്ന് പുറപ്പാടിന്‍റെ പാട്ടുപാടുന്ന രക്ഷകനും വിപ്‌ളമാത്മക ബിംബങ്ങളായി ആ കവിതകളില്‍ പ്രത്യക്ഷപ്പെട്ടു. (തുടരും)

1 Comment
  1. Ramesh 4 years ago

    മനോഹരമായ വിവർത്തനവും വിവരണവും…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account