“എല്ലാവര്‍ക്കും എല്ലാറ്റിനും വേണ്ടി” എന്ന കവിതയിലെത്തുമ്പോള്‍ കവിയിങ്ങനെപറയുന്നു –

‘എല്ലാ മൂലധനങ്ങളുടെയും ഉന്മാദത്തില്‍ നിന്നും
ഞാനെന്‍റെ മുഖം തിരിക്കുന്നു.
എന്‍റെ ഹൃദയം വന്നടിയുന്ന
മരണക്കിടക്കപോലുള്ള നിന്‍റെ ശരീരത്തിലേക്ക്
പുരാതന ബിംബങ്ങളെപ്പോലെ
ഞാന്‍ നിശ്ചലനായി സഹതപിക്കുന്നു.’

ഈ കവിതയിലും ആഖ്യാതാവ് ഞാന്‍ ആണ്. ആളിക്കത്തുന്ന തലച്ചോറില്‍ ഇനി സ്‌നേഹം മാത്രമേ നിലനില്‍ക്കുകയുള്ളുവെന്ന് കവി തിരിച്ചറിയുന്നു. ഒരു കണ്ണ് വെറുമൊരു കണ്ണിനുവേണ്ടി മാത്രമാവുമ്പോള്‍ എന്നെ കൊന്നുകളയു. എന്നെ അടക്കം ചെയ്യുക, ഞാന്‍ എന്‍റെ ശവക്കുഴി സ്വയം കുഴിച്ചുകൊള്ളാമെന്ന് കവി പറയുന്നു. മനുഷ്യന് ഒരിക്കലും രക്ഷപ്പെടാനാവില്ല എന്ന മുന്നറിയിപ്പ് ഈ കവിത തരുന്നുണ്ട്.

‘ഭാവിയുടെ മനുഷ്യരേ
നിങ്ങളാരാണ്
എനിക്കതറിയണം.
ദയവായി എനിക്കതു പറഞ്ഞു തരൂ.
എല്ലാ കനല്‍ കഷണങ്ങളും ചാരങ്ങളും
വേദനാജനകമാണ്.
മഹത്തായ എന്‍റെ ആത്‌മാവേ, ഞാന്‍ എന്‍റെ
കായ്‌കനിത്തോട്ടങ്ങള്‍
ഒസ്യത്തായി നല്‍കുന്നു.’

കവിയെന്നരീതിയില്‍ തന്നെ ബാധിച്ച സാമൂഹ്യ പ്രശ്‌നങ്ങള്‍ മയക്കോവ്‌സ്‌കി കവിതയില്‍ പകര്‍ത്തി. ‘ നല്ലത്‌ ‘ എന്ന കവിതയില്‍ അദ്ദേഹം സംസാരിക്കുന്നത് ദേശവും വിപ്ലവവുമായി ബന്ധപ്പെട്ട് താന്‍ സൂക്ഷിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചാണ്.

‘സ്വനഗ്രാഹിയുടെ വൈദ്യുതനൂലുപോല്‍
മൂളിക്കൊണ്ടിരിക്കുന്ന സമയമാണിത്.
എന്‍റെ ഹൃദയം മുഴുവനായി തന്നെ
സത്യത്തോടൊപ്പം നിലനില്‍ക്കുന്നു.’

കവിയുെ രാഷ്‌ട്രവും യുദ്ധവും വിമോചനവും വിപ്ലവവും ഇവിടെ ഒരേ രേഖയില്‍ പ്രത്യക്ഷപ്പെടുന്നു. പരമ്പരാഗത സൗന്ദര്യ ധാരകളെ തകര്‍ക്കുന്നുണ്ട്  ഈ കവിത. ദേശത്തെയും രാഷ്‌ട്രത്തേയും ഏറെ പുണരുമ്പോള്‍ തന്നെ ‘ ഇത്രമാത്രം’ എന്ന കവിതയില്‍ കവി ഇങ്ങനെയെഴുതുന്നു.

‘വീട്ടിലിരിക്കാന്‍ പറ്റുന്നില്ല
സിനിമാശാലകളിലേക്കും, നൃത്തശാലകളിലേക്കും
ചിതറിപ്പോവുകയാണ്‌ ഞാന്‍’

ഒരിക്കലും കാണാനോ കേള്‍ക്കാനോ സാധിക്കാത്ത ശരികളിലേക്ക്‌ ഉണര്‍ത്തപ്പെടണേയെന്ന്‌ കണ്ണുകളാല്‍ പ്രാര്‍ത്ഥിക്കുകയാണ് കവി. വീട്ടില്‍ നിന്ന് പടിയിറങ്ങിയ വെറുമൊരു ചുമര്‍ച്ചിത്രമായി താന്‍ മാറുമെന്ന്‌ കവിതയിലെ ഞാന്‍ തിരിച്ചറിയുന്നുണ്ട്. ചരിത്രത്തോട് കവിക്ക്‌ മാറ്റിവെക്കാനുള്ളത്

‘സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും
പാകപ്പെടുത്തിയെടുക്കുന്ന
ശരീരങ്ങളാണ് നാമോരോരുത്തരും.’ എന്ന മുന്നറിയിപ്പാണ്.

സ്വത്വത്തെ ഇത്രമേല്‍ കാവ്യവല്‍ക്കരിച്ചവര്‍ ചുരുക്കമാണ്. ശിഥിലതയെയും സമ്പൂര്‍ണതയെയും ഒരേ അളവില്‍ മയക്കോവ്‌സ്‌കി അറിഞ്ഞിരുന്നു. ‘സ്വന്തം പ്രണയിനിക്ക്‌ സമര്‍പ്പിച്ചിരിക്കുന്ന വരികള്‍’ എന്ന കവിതയില്‍ ‘ഞാന്‍’ എന്ന ബിംബത്തിന് രൂപപകര്‍ച്ചകള്‍ ഏറെയാണ്. സമുദ്രങ്ങളുടെ സമുദ്രമായും ദശലക്ഷക്കണക്കിന് ദരിദ്രരില്‍ ഒരാളായും, ബന്ധിപ്പിക്കപ്പെട്ടവനായും, ഇടിമുഴക്കംപോലെ ശാന്തമായും സൂര്യനെപ്പോലെ മങ്ങിയും കവി മാറിമറയുന്നു. ആര്‍ക്കും ആവശ്യമില്ലാത്ത ഒരു അപാരതയായി ഒടുവില്‍ മാറുകയും ചെയ്യുന്നു.

‘ഞാന്‍ കടന്നുപോവുക തന്നെ ചെയ്യും
പക്ഷേ അപ്പോഴും എന്‍റെ
സ്‌നേഹത്തിന്‍റെ തീവ്രത
എനിക്കുപിന്നില്‍ നിലനില്‍ക്കും ‘

ഇത് മനുഷ്യരാശിയോടു മുഴുവന്‍ ഉള്ള സ്‌നേഹമാണ്. ഓരോ മനുഷ്യനും കടന്നുപോവുന്ന ചരിത്രത്തിന്‍റെ വക്കിലാണ് കവി തന്‍റെ സ്വത്വത്തെ പ്രതിഷ്ഠിക്കുന്നത്. 1917ല്‍ എഴുതപ്പെട്ട ‘വിപ്ലവം’ എന്ന കവിതയില്‍ വിശാലമായ അര്‍ത്ഥത്തില്‍ തന്നെ മാനുഷികതയും പ്രതിരോധവും ചര്‍ച്ചചെയ്യപ്പെടുന്നു. ഒരു തോക്കിന്‍കുഴല്‍ കൊണ്ട് സ്വന്തം ഹൃദയത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ് കവി.  (തുടരും)

-റോഷ്‌നിസ്വപ്‌ന 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account