മഞ്ഞുമൂടുമ്പോള്‍ തന്‍റെ ജനാലക്കപ്പുറം സ്വര്‍ഗ്ഗം കഷണങ്ങളായി ചിതറുന്നുണ്ട് . ആളിക്കത്തുന്ന നാവുകളാണ്‌ എവിടെയും; അലറുകയും അമറുകയും ചെയ്യുന്ന നാവുകള്‍. കരുതിയിരിക്കാനാണ്‌, ചിറകുകള്‍ ദിശയറിയാതെ ഉഴറുമ്പോളും കവി ആവശ്യപ്പെടുന്നത്. അശാന്തമായൊരു സംഗീതം നിങ്ങളെ വഴിതെറ്റിച്ചേക്കും എന്നു മുന്നറിയിപ്പു തരുന്നുണ്ട് കവി. എന്താണ്‌ നടക്കാന്‍പ്പോവുന്നതെന്നറിയില്ല. ജയിലുകള്‍ തകര്‍ക്കപ്പെടുമോ? ആഹ്ലാദങ്ങളില്ലാത്ത ശബ്‌ദങ്ങൾ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു. എന്താണ് ആരും പാടാത്തതെന്ന്‌ കവി വ്യാകുലപ്പെടുന്നു.

വ്യതിരിക്തങ്ങളോ വിടവുകളോ വ്യത്യാസങ്ങളോ കൂടാതെ മാനുഷികതയെയും വിപ്ലവത്തേയും നോക്കി കാണുകയാണ് മയക്കോവ്‌സ്‌കി കവിതകളിലെ ‘ഞാന്‍’. തുടച്ചെടുക്കാനാവാത്ത വാക്കുകളായി അവ നിലനില്‍ക്കുന്നു. പ്രണയത്തില്‍പ്പോലും അഭയം കണ്ടു സ്ഥിതിപ്പെടാന്‍ ആഗ്രഹിക്കാത്തത്രക്ക് ഏകാന്തമാണ് ഈ കവിതകളിലെ ഞാന്‍. ഒറ്റയ്ക്കുനിന്ന്‌ പോരാടാനാഗ്രഹിക്കുന്ന മേഘങ്ങളെപ്പോലെയാണത്.

എല്ലാം പോയൊഴിഞ്ഞാലും
മരണമില്ലാത്ത തീനാളത്തിന്‍റെ
ഒട്ടും ആസ്വാദ്യകരമല്ലാത്ത പ്രണയത്തിന് വേണ്ടി
ഞാന്‍ ഒറ്റയ്ക്കു നിലനില്‍ക്കും

എന്നാണ് കവി പറയുന്നത്. യഥാര്‍ത്ഥ പ്രണയത്തിന് വൃത്തികെട്ട ഈ ലോകത്തില്‍ ഇടമില്ല എന്നാണ് കവി പറയുന്നത്. ‘ഉത്തരം’ എന്ന കവിതയില്‍ എന്തിനാണ് നാം പോരാടുന്നത് എന്നുറക്കെചോദിക്കുന്നുണ്ട് കവി. പരിവര്‍ത്തനങ്ങളുടെ ഒരു വലിയ ദശ നിരിക്ഷിക്കുന്നുണ്ട് കവി. മേഘങ്ങള്‍ സൂത്രങ്ങളായും മനുഷ്യര്‍ കുതിരകളായും ദിനചര്യകള്‍ കലയുടെ രീതിശാസ്‌ത്രമായും മാറുകയാണ് മയക്കോവ്‌സ്‌കി കവിതകളില്‍. പരിസ്ഥിതിയെ മറ്റൊരുലേകത്തെക്കാണ് മയക്കോവ്‌സ്‌കി കവിതളിലൂടെ മാറ്റിസ്ഥാപിച്ചത്.

ജീവിതം ഇതിലും നല്ലതായെങ്കിലും മാറിപ്പോയേക്കുമെന്ന ഒരു പ്രതീക്ഷ ആദ്യകാലകവിതകളില്‍ ഉടനീളമുണ്ടായിരുന്നു. ആത്യന്തിക ലക്ഷ്യ സൂചനകള്‍ ചെന്നെത്തുന്ന ഒരിടമുണ്ടാകുമെന്നും കവി ആശ്വസിക്കുന്നുണ്ട്.

ഞാന്‍ കാത്തിരിക്കുന്ന
സ്വതന്ത്ര മനുഷ്യന്‍
വന്നെത്തുകതന്നെ ചെയ്യും
അവന്‍ എത്തും
എന്നെ വിശ്വസിക്കുക
അവന്‍ വരും, തീര്‍ച്ച.

‘യുദ്ധവും ലോകവും’ എന്ന ദീര്‍ഘകവിതയിലെ വരികളാണിത്. ‘അധിക വരികളോ, ഭാവുകത്വങ്ങളോ ഇല്ലാതെ തന്നെ എന്നിക്ക് പറയാനാവും.’ ഒരു പ്രാപഞ്ചികമായ ഉത്തരം നല്‍കാനാവും എന്ന് ഉറപ്പുനല്‍കുന്നുണ്ട് കവി.

പ്രണയം – വിഷം പകരും കോപ്പകള്‍

ഞാന്‍ സ്‌നേഹിക്കുന്നുവെന്ന സമാഹരത്തിലും ‘ഞാന്‍ ‘ ആണ്‌ മുഖ്യ കേന്ദ്രം. ജനിച്ചു വീഴുന്നതേ പ്രണയിക്കാനാണ് എന്ന അ മ്പരിപ്പിക്കുന്ന മുഖവാചകം അക്ഷരാര്‍ത്ഥത്തില്‍ മയക്കോവ്‌സ്‌കി കവികള്‍ക്ക്‌ മുഖവുരയാണ്. സ്‌നേഹം കൊണ്ട് ഉഴുതുമറിച്ച മണ്ണിനാല്‍ പൊതിയപ്പെട്ട ഹൃദയം മനുഷ്യനെന്ന രീതിയില്‍ വളര്‍ച്ചയ്ക്കുള്ള വളമാണെന്ന്‌ കവി പറയുന്നു. വസ്‌ത്രം കൊണ്ട് നെഞ്ചറയില്‍ ഹൃദയം മൂടിവെക്കപ്പെട്ടിരിക്കുന്നുവെന്നു മാത്രം. ‘എനിക്ക് നദി കുന്നുകള്‍’ എന്ന്‌ പ്രണയത്തെ ഒരൊറ്റ വാചകത്തില്‍ വിവക്ഷിക്കാന്‍ കവിത തയ്യാറാവുന്നു.

As A Lad എന്ന കവിതയില്‍ ഒരു സൂചിമുന തുളയിലൂടെ പടരുന്ന സൂര്യവെളിച്ചത്തെ പ്രണയം പോലെ അനുഭവിച്ച തടവറക്കാലത്തെക്കുറിച്ച്‌ പറയാന്‍ വാക്കുകളില്ലാത്തവനാകുന്നു കവി. 1909 മുതല്‍ മോസ്ക്കോയിലെ ‘ബുടിര്‍സ്കയ’ ജയിലില്‍ കിടന്ന അനുഭവമാണീ കവിത. നരകംപോലെ, കടലിന്‍റെ ഓര്‍മ്മക്കാഴ്ച്ചകള്‍ പകര്‍ന്ന ഇരുട്ടു പകര്‍ന്ന 103ാം നമ്പര്‍ മുറിയാണ് ഈ കവിയെ ഉണര്‍ത്തുന്നത്. (തുടരും)

1 Comment
  1. well said

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account