പതിവുപോലെയുള്ള ജേക്കബിന്റെ ഫോൺ, ‘നമുക്കൊരു ട്രിപ്പ് പോയാലോ? വഹീബാ സാൻഡ്‌സ്, അല്ലെങ്കിൽ  വാദി ബാനി. ഞാൻ  ഗ്രൂപ്പിലെല്ലാവരോടും ചോദിച്ചു. ഇനി ബിജുച്ചേട്ടന്റെ സമ്മതം വേണമത്രേ എല്ലാവർക്കും!’

‘ആരോക്കെയാ? ഞാൻ  അവളോടൊന്ന്  ചോദിക്കട്ടെ’

‘മോൾ..’

നീട്ടിയുള്ള ബിജുന്റെ വിളി കേട്ടപ്പോൾ കയ്യിലിരുന്ന തവി, പരിപ്പ് കറിയിൽ ഇട്ട് ഞാൻ ഓടിയെത്തി.

‘എന്താ? പേടിച്ചുപോയി’

‘എല്ലാരും കൂടെ ട്രിപ്പ് പോകുന്നു, നമ്മളുണ്ടോ എന്ന്?’

ചോദിക്കുന്നതു കേട്ടാൽ ഇങ്ങേര് എല്ലാം എന്റെ സമ്മതപത്രം കിട്ടിക്കഴിഞ്ഞ് ചെയ്യുന്നതുപോലെ. മനസ്സിൽ മാത്രം ചിന്തിച്ചെങ്കിലും  പറഞ്ഞില്ല. ‘പിന്നെന്താ, ഞാനും എവിടെയെങ്കിലും പോകാം  എന്ന് വിചാരിച്ചിരിക്കയായിരുന്നു’

‘അശ്വതിക്ക് നല്ല സുഖമില്ല. അതിനാൽ അശോക് മിക്കവാറും അടുത്താ‍ഴ്ച്ചത്തേക്ക്  confirm ചെയ്യാമെന്ന്  പറഞ്ഞിട്ടുണ്ട്. അനിത്തും, മനു മാത്യുവും, ജോബി പ്രിതിയും പിള്ളാരും കാണും.’ ജേക്കബ് പറഞ്ഞു നിർത്തി.

തിണ്ണയിൽ നിന്ന് അകത്തേക്ക് വന്ന ബിജു, തയ്യാറെടുപ്പുകൾ തുടങ്ങി. ‘എന്റെ ഐസ് ബാഗ് എടുത്ത്  വെച്ചെ’. ഏതു സാന്റാണെങ്കിലും  ഹൊ ഹോ ഹോ ഹോ  വേണമല്ലോ (കുടുംബത്ത് വെള്ളമടിയുടെ അപരനാമം ആണ് ‘ഹോ ഹോ ഹോ’ കോട് ഭാഷ. അല്ലെങ്കിൽ കൈ വിറക്കാതെ ഹെ, ഭായ്!  വെള്ളമടിയുടെ മറ്റൊരു  കോടുഭാഷ!)

അങ്ങനെ വെള്ളിയാഴ്ച്ച രാവിലെ അൽസാവാ ടവറിനു മുന്നിൽ നിന്ന് ഒരു സെൽഫിയോടെ ഞങ്ങളുടെ വണ്ടികൾ ഒരു കോൺവോയി ആയി  നീങ്ങിത്തുടങ്ങി! സൂർ വഴി ക്യാമറകളുടെ ക്ലിക്കുകളും, ഫോൺ സെൽഫികളും  മുറപോലെ നടന്നു.

അടിച്ച് വിട്ട് വഴികാണിച്ച് കൊണ്ട് ജേക്കബിന്റെ വണ്ടി ഏതാണ്ട്  150 പവറിന്റെ  സ്‌പീഡിൽ മുന്നീൽ നീങ്ങി. പുറകെ ഞങ്ങളും. ഒമാനിന്റെ മലനിരകളും, ഫാമുകളും വഴി വഴിയായി മാറിക്കൊണ്ടിരുന്നു.  ഇതൊന്നും കാണാതെയും നോക്കാതെയും അച്ചുവും വിച്ചുവും നിക്കിയും ഗെയിമുകൾ ഫോണിൽ  തകർത്തു കളിച്ചു കൊണ്ടിരുന്നു. Why is he not smiling?Ask him to look for  water and  ask him  to move to sideways! ങേ… ഞാൻ വിചാരിച്ചതുപോലെയല്ലല്ലോ, പിള്ളാർ പ്രകൃതി സൌന്ദര്യം ആസ്വദിക്കുന്നല്ലോ എന്ന സന്തോഷത്തിൽ  തിരിഞ്ഞു നോക്കിയപ്പോൾ, ഗെയിമിന്റെ ഭാഗമായ നീക്കങ്ങൾ മാത്രമായിരുന്നു ഇതെല്ലാം. കളഞ്ഞു, ആ പ്രതീക്ഷയും പോയി. എന്നാലും ഇടക്കു കാണുന്ന ഒട്ടകത്തെയും ആടുകളെയും yooooo man, look  at the  camels  and sheeps എന്നൊക്കെ ഇടക്ക് കേട്ടപ്പോൾ സന്തോഷം തോന്നി. ഷീപ്പെങ്കിൽ  ഷീപ്പ് !

ഇടക്കിടക്ക്  പുറകിൽ ആരുടെയെങ്കിലും വണ്ടി ഒരുമിച്ചു കണ്ടില്ലെങ്കിൽ  ബിജു  ഇടക്ക് എല്ലാവരും വരുന്നുണ്ടോ എന്ന് നോക്കാൻ നോക്കുകുത്തിയായി എന്നെ ഏൽപ്പിച്ചിരുന്നു. അല്ലെങ്കിൽ അശോകിന്റെ  വിളി ഇടക്ക്  വന്നുകൊണ്ടിരുന്നു. ഇടക്കൊരു ചായ പോലും കുടിക്കാൻ തരാതെ ചവിട്ടിവിട്ട  ജേക്കബിന്റെ പിന്നാലെ എല്ലാരും വാദിബാനിയിൽ എത്തിച്ചേരാറായി എന്ന് പാറക്കൂട്ടങ്ങളും പൂക്കാൻ തുടങ്ങിയ മാവുകളും കണ്ടപ്പോൾ മനസ്സിലായി.

കേരളത്തിനെ ഓർമ്മപ്പെടുത്തുന്ന മലഞ്ചരിവുകളും മഴയും മാവും  നിറഞ്ഞ പ്രദേശങ്ങൾ ഒമാനിൽ  ധാരാളം ഉണ്ട്. ഒരു ടൂസിറ്റ് സ്‌പോട്ടായ അവിടെ, ഇച്ചിരി ഇച്ചിരി മാദാമ്മക്കാലുകളും, ജനിച്ചപ്പഴേ സിമ്മിംഗ് സൂട്ട് ഇട്ടോണ്ട് ഭുമിയിലേക്ക് ഇറങ്ങിവന്ന കുറെ ജപ്പാനികളും, സൈക്കൾ കണ്ടു പിടിച്ചത് ഞങ്ങളാണെന്ന്  തോന്നിപ്പിക്കുന്ന സായിപ്പന്മാരുടെ സൈക്കൾ റാലിയും, ലോറി റാലി പോലെ അവിടെ എത്തിയിട്ടുണ്ടായിരുന്നു.

കാലിൽ കുഞ്ഞു മീനുകളെ തട്ടി വെള്ളത്തിൽ കാലും നീട്ടിയീരുന്ന സായിപ്പിന്റെ അടുത്ത് അശ്വതിയെ പിടിച്ചു നിർത്തി, ഒരു കിടിലൻ  ഫോട്ടോയും എടുത്തു! ‘പോസ്’ ചെയ്യാൻ മടിയുള്ള എന്റെ കണവന്റെ ഫോട്ടോയും കൂടെ കിട്ടി…  ഭാഗ്യം!

‘ഒന്നു പോയിട്ട് എല്ലാവരും വണ്ടിയിൽ കയറിയേ, ഇവിടെ ഇത്രെയുള്ളു കാണാൻ’ എന്ന്  നീട്ടി വിളിച്ച്  ബിജു  മലയിറങ്ങിത്തുടങ്ങി.

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ… സെൽഫിയിൽ നിർത്താൻ  സമ്മതിക്കാതെ, സായിപ്പിനോട് ക്യാൻ യു ടേക്ക് ഒരു ഗ്രൂപ്പ് ഫോട്ടോ എന്ന ജേക്കബിന്റെ  ചോദ്യത്തിന് സായിപ്പെന്തോ യാ യാ യാ പറഞ്ഞു  ക്യാമറ തിരിച്ചും മറിച്ചു നോക്കി. വീണ്ടും നെടുനീളൻ  ജോബിയുടെ സെൽഫിയിൽ അവസാനത്തെ  ഫോട്ടൊയും എടുത്ത്  യാത്രപറഞ്ഞിറങ്ങി.

പിന്നീടങ്ങോട്ടുള്ള പ്രയാണം അതി ഭീകരമായിരിക്കും എന്ന് ദൈവം  പോലും വിചാരിച്ചു കാണില്ല. സഫാരി ടൂറുകാരുടെ ഓഫീസ്സിനടുത്തുള്ള കടയിൽ നിന്ന് ബിരിയാണിയും, സുലൈമാനിയും കഴിച്ചു. അതും മലയാളി ഇഞ്ചിനീരുകാരൻ  കാക്കയുടെ കടയിൽ നിന്നുള്ള ബിരിയാണി തിന്ന്, റ്റെന്റടിച്ച്  ക്യാംബിനു പോകാനെത്തിയ അനിതക്ക് ബൈ പറഞ്ഞിറങ്ങി.

ടയറിന്റെ കാറ്റും കുറച്ച്, ഇനിയുള്ള ദൂരം പതുക്കെ ഒരുമിച്ചു പോകണേ എന്ന് ജേക്കബിനോട് താണുവീണപേക്ഷിച്ചു. ഒകെ ഒകെ പറഞ്ഞു തീരുന്നതിനു മുൻപ് 150  കിലോമീറ്റർ സ്‌പീഡിൽ അവൻ പിന്നെയും  കത്തിച്ചു വിട്ടു. ഇടക്ക് നോ‍ക്കിയപ്പോ പുറകിൽ പരിചയം ഇല്ലാത്തൊരു മുഖം, സഫാരികാർ വഴി കാണിക്കാനയച്ച ബംഗാളി പയ്യൻ! കൂടെ വെയ്‌സും ഇട്ട്, വഴിയറിയാവുന്ന ബംഗാളിയെയും കൂട്ടി ജേക്കബ് വീണ്ടും പറന്നു! പുറകെ ചെന്നപ്പോൾ കുത്തനെ കയറിയ  മണൽ കൂമ്പാരം ദാ തിരിച്ചിറങ്ങുന്നു… ജേക്കബിന്റെ കൂടെ, വഴി തെറ്റിപ്പോയി എന്നുള്ള ചിന്തയിൽ, അതേ സ്‌പീഡിൽ എല്ലാവരും തിരിച്ചിറങ്ങി. ദാ, നോക്കിയപ്പോ ജോബിയുടെ ലാൻഡ് ക്ര്യൂസർ വണ്ടി മണലിൽ  പൊതിഞ്ഞു. അത്  തിരിച്ചെടുക്കൻ  ഇറങ്ങിയതാണു പോലും!

എന്റെ കർത്താവെ… എന്നാൽ അതൊന്ന് പറഞ്ഞിട്ടിറങ്ങരുതോ? ദാണ്ടെ കിടക്കുന്നു, പുറകെ വന്ന ഒമാനി വളച്ചു തിരിച്ച്  കാർ മണ്ണിൽ നിന്നിറക്കി തീരിച്ചു കയറ്റി! സമാധാനം വീണ്ടും യാത്ര തുടങ്ങി. മരുഭൂമിയുടെ ഭംഗിയേക്കാൾ വയറ്റിൽ ഒരു പന്തം കൊളുത്തിയ  പരവേശം ആയിരുന്നു. എങ്ങനയെങ്കിലും  ഒന്നെത്തിച്ചേർന്നാൽ മതിയെന്നായിരുന്നു.  അശോകിന്റെ കാർ സാവധാനം വരുന്നതെന്താ  എന്ന് വീണ്ടും വീണ്ടും  ചോദിച്ചോണ്ടിരുന്നപ്പോൾ  ജേക്കബിന്റെ   ഫോൺ… അശോക് സ്‌പീഡ് റാഡാർ വരാതിരിക്കാൻ സൂക്ഷിച്ച്, സ്‌പീഡ് കുറച്ചോടിക്കുകുയാണു പോലും!

കർത്താവെ രക്ഷിക്കണെ.. എത്രയും പെട്ടെന്ന് ഈ ദൂരം അവസാനിക്കണേ! എന്ന് ഞാൻ  മനസ്സിൽ  പ്രാർഥിച്ചു. പണ്ടൊരു മരുഭൂമി ട്രിപ്പ് പോയതിന്റെയും സാൻഡ്യൂൺ യാത്രയുടെയും ഞെട്ടൽ ഇതുവരെ പോയിട്ടില്ല.

മൂന്നാലു കയറ്റം ഇറക്കങ്ങൾ പുട്ടുപോലെ 5 വണ്ടിയും കയറിപ്പോയി. എതാണ്ട് സൂര്യാസ്‌തമയത്തിനു മുൻപ് എത്താനുള്ള ധൃതിയിൽ ആണ്  ജേക്കബിന്റെ സ്‌പീഡെന്ന് പിന്നീടാണ് മനസ്സിലായത്. രണ്ടു നാലു മണിക്കൂറു കൊണ്ടൊരു ‘gang’നെ  മരുഭൂമിയിലാക്കുന്നതും ഭവാൻ!

പുതിയ ഒരു ക്യാമ്പിൽ ചെന്ന സന്തോഷത്തിൽ ഒരോ കോട്ടേജിലേക്ക്  എല്ലാവരും പെട്ടിയും മറ്റും ഇറക്കി വെച്ചു. കൂടെ ആവേശത്തോടെ എല്ലാ കോട്ടേജിൽ നിന്നും അലമുറ കേട്ടു, ഇവിടെ മറച്ചുകെട്ടാൻ  മറന്നുപോയേ! ആകാശത്തേക്ക് നോ‍ക്കിയിരിക്കാവുന്ന കുളിമുറി!  മതിൽ വഴി ആരും എത്തി നോക്കാരുതെ… ബ്ലീ‍സ്സ്സ്സ് സ്സ്സ്സ് .

ആദ്യത്തെ ആവേശത്തൊടെ ബാഗും മറ്റും മുറിയിൽ  വെച്ച്  എല്ലാവരും മണൽക്കുന്നുകളിലേക്ക് നോക്കി. ജേക്കബ് മുന്നിൽ നടന്ന് എല്ലാവരും പുറകെ. ‘ഒന്ന് ചുറ്റിയിട്ട് വരാം’ കൂടെ ജോബിയും അനിത്തും. അയ്യോ ജേക്കബിൻ, മണലിൽ ഓടിക്കാനറിയാമോ?  ആ… അവൻ പോയിട്ട് വരെട്ടെ. അശോകും മനുവും ബിജുവിനൊപ്പം നടയിൽ ഇരുപ്പുറപ്പിച്ചു. ‘ഒ പിന്നെ, സാൻഡ്യൂണിംഗ് എല്ലാവരും ചെയ്യുന്നതല്ലെ, ആ.. പോകാം’ എന്ന് പറഞ്ഞ് ബിജുവും മനുവും ഒരു ബിയറും നുണഞ്ഞിരുന്നു!

ദൂരെ  ജോബിയുടെയും  ജേക്കബിന്റെയും കാറുകൾ  മണ്ണുമലകൾ കയറിത്തുടങ്ങി. കൂടെ കുട്ടികളുടെയും ഷീതയുടെയും കൂവലും അലപ്പും കേട്ടു തുടങ്ങി. കുട്ടികളുടെ ശബ്‌ദം കേട്ടിട്ട്, വണ്ടി  വീണ്ടും  മണ്ണിൽ  താഴ്‌ന്നോ എന്നൊരു സംശയം തീർക്കാൻ  മനു  അവരുടെ അടുത്തേക്ക്  നടന്നു നീങ്ങി. പുറകെ അശോകും നടന്നു.

കുറെ വർഷങ്ങൾക്ക് മുന്നെ ഉള്ള  അനുഭവത്തിന്റെ  വെളിച്ചത്തിൽ ‘ഇനി ഒരു സാൻഡ്യൂണിംഗ് വേണ്ട’ എന്ന് ഞാൻ തീർത്തും തിരുമാനിച്ചുറപ്പിച്ചിരുന്നു. എന്നാൽ ആദ്യം വരുന്ന ആർക്കും ആവേശം തോന്നും ഈ  മണൽക്കൂമ്പാരങ്ങളിൽ കയറി ഇറങ്ങാൻ. അത്രമാത്രം ഭംഗിയും ചാരുതയും നിറഞ്ഞതാണിവ.

എന്നാൽ 2 മണിക്കൂറിൽ ഇരുട്ടുവീണു തുടങ്ങിയിട്ടും  ആരെയും കാണാതായപ്പോ ഇത്തിരി പേടിയും ഇല്ലാതില്ല. വിചാരിച്ചതുപോലെ  നീണ്ടമണിക്കൂറുകൾക്ക് ശേഷം  മണ്ണിൽ പുതഞ്ഞു പോയ  ജേക്കബിനെയും ജോബിയുടെയും കാർ അതേ ഒമാനി തന്നെ വീ‍ണ്ടും മണ്ണിൽ നീന്നും പുറത്തെടുത്ത കഥയും പറഞ്ഞ് അവരും തിരിച്ചെത്തി.

സോളാർ പാനലിന്റെ ശക്‌തിയിൽ മിന്നി മിന്നീ മാത്രം കത്തുന്ന വിളക്കുകൾ രാത്രിയുടെ സൗന്ദര്യത്തെ വീണ്ടും വീണ്ടും സുന്ദരമാക്കി! എന്നാൽ  ഇരുട്ട് സേഫ് അല്ല, വെട്ടം ഇല്ലാതെ നടക്കാനേ പാടില്ല എന്ന് തീരുമാനിച്ചുറച്ച ഒരു സേഫ്റ്റി ഓഫിസർ ആയ ബിജുന് ഇതൊന്നും അത്ര ‘മൊറാന്റിക്കയി’ തോന്നിയില്ല! കൂടെ വാട്‍സ് ആപ്പ് പോയിട്ട് നെറ്റ് വർക്ക് പോലും ഇല്ലാത്ത ഒരു സ്ഥലം, അത്യന്തം അപകടം പതിയിരിക്കുന്നിടമായി മാത്രം  മാറി. കൂടെ കുറ്റാകൂരിരിട്ടും. 4 കോട്ടേജ് ഒരുമിച്ചും, ഒന്ന് ദൂരെ ഒരു ചെറുകുന്നിനു മുകളിലും ആയിരുന്നു. എന്നാൽ എല്ലാവരും ഒരുമിച്ച്  3 മുറിയുള്ള ആ കോട്ടേജിലേക്ക്  എത്തിച്ചേരാനുള്ള  നിർദ്ദേശവുമായി ജേക്കബ്  വന്നു. ഹീറ്റർ പോയിട്ട് ചൂട് വെള്ളം പോലുമില്ലാത്ത  ഇവിടെ എല്ലാവരും  ഐസ് വെള്ളത്തിൽ  കുളിച്ചെന്നു വരുത്തി ഉടുപ്പ് മാറി എത്തി. കോട്ടേജിലേക്ക് പോകുന്ന വഴി ആകാശത്തേക്ക്  നോക്കിയ  അശ്വതിയും ഷീതയും ആകാശത്തെ നക്ഷത്രങ്ങളുടെ തിരമാലകൾ കണ്ട് വീണ്ടും ആർത്ത് വിളിച്ചു.

തന്തൂരി ചിക്കൻ ഡിന്നർ കഴിച്ചു വന്ന എല്ലാവരും മൂന്നു മുറിയുള്ള റ്റെന്റിലേക്കെത്തി. കൂടെ തങ്ങൾക്കുള്ള ഡിന്നർ പാർസൽ ആക്കി മുറിയിലെത്തിക്കാൻ  ബംഗാളിയെ ചട്ടംകെട്ടി. 10 റിയാലിന്റെ  സന്തോഷത്തിൽ  അവനും സന്തോഷത്തിൽ  ആറാടി!

ദേ നോക്കിയെ, ഇത്രേം നക്ഷത്രങ്ങളുണ്ടോ? അശ്വതിയുടെ പതിവു രീതി.

അയ്യോ ശരിയാ.. നോക്കിക്കേ, ഷീതയും കൂടെച്ചേർന്നു. അക്കൂട്ടത്തിൽ  ആകാശത്തെ നക്ഷത്രങ്ങളെ  നോക്കി ഇരിക്കാറുള്ള എന്നെ ‘stupid’ എന്ന പതിവ് വാഴ്ത്തലിന്റെ സ്‌തുതിവാക്കുകൾക്കൊപ്പം അൽപ്പം  അഭിമാനപൂരിതമായ എന്റെ ഭർത്താവ് ശബ്‌ദിച്ചു.. ദേ അവളോട് ചോദിച്ചാൽ ഒരോ നക്ഷത്രത്തിന്റെ പേരും പറഞ്ഞുതരും. ആ വാക്കുകേട്ട് ഞെട്ടിത്തരിച്ചു നിന്ന എന്നോട് ഷീത ചേദിച്ചു, ചേച്ചി പറഞ്ഞേ കേൾക്കട്ടെ. ഓറിയോണിന്റെ തലയും, വാളും, കാലും ഒക്കെ  വരച്ചു കാണിക്കുന്നതിനിടയിൽ എന്റെ  പുറകിൽ നിന്ന് എല്ലാരും അപ്രത്യക്ഷരായി. അവിടെ ഞാനും നക്ഷത്രങ്ങളും ബാക്കിയായി.

ഷീതയുടെ  ശബ്‌ദത്തിന്റെ ശീൽക്കാരം ഒരു അപകടത്തെയോ സന്തോഷത്തെയോ  വിളിച്ചറിയിക്കുന്ന സിഗ്നൽ ആയിരുന്നു എല്ലാവർക്കും. ബാ ബാ എല്ലാരും വാ, നമുക്ക് ഈ തണുപ്പത്തുനിന്ന് മാറിയിരിക്കാം.  മുറിയിലെ കമ്പിളിക്കുള്ളിൽ കാലുനീട്ടി എല്ലാവരും  നിരന്നിരിന്നു. അടുത്ത മുറിയിലേക്ക് ഫോണുകളും  ഐപാഡുകളുമായി  ചേക്കേറിയ കുട്ടികളെ തിരിച്ചുവിളിച്ച് ഒരു തുടക്കം പ്രാർത്ഥനാ ഗാനത്തിനായി നിരത്തി നിർത്തി. There shall be showers of blessing ൽ തുടങ്ങിയ കുട്ടികൾക്കൊപ്പം  ആഷിഷമാരിയുണ്ടാകും ആനന്ദവാഗ്‌ദത്തമേ എന്ന് ഞങ്ങളെല്ലാവരും ഏറ്റുപാടി. സംഗീതവും പ്രാർത്ഥനയും തീർന്നപ്പോൾ കൂട്ടികൾ  വീണ്ടും തങ്ങളുടെ കളികളുമായി തങ്ങളുടെ ഐ പാഡിലേക്ക് തിരിഞ്ഞു.

ഇനി എല്ലാവർക്കുമായി ഒരു വാർത്ത എന്ന ജേക്കബിന്റെ അനൌൺസ്‌മെന്റ്. ഞാനും റേച്ചലും കുട്ടികളും ഒരു ട്രാൻസ്‌ഫറിന്റെ ഭാഗമായി കുവൈറ്റിലേക്ക്  മാറും, ഏതാണ്ട്  2 മാസത്തിനകം. ഒട്ടുമിക്കവരും ചോദ്യങ്ങളിൽ തങ്ങളുടെ ആകാംഷകൾ നിരത്തി. ഒകെ ആ സന്തോഷത്തിൽ സ്വപ്‌നചേച്ചിയുടെ പാട്ട് ആകട്ടെ അടുത്തത്…

കർത്താവെ ഇവനെന്നെയും കൊണ്ടേ പോകൂ…. നമുക്കെല്ലാം പാടാം. എന്നോട് പാട്ടുപാടാൻ  ആരെങ്കിലും പറഞ്ഞാൽ  കുപ്പിക്ക്  കോർക്കടപ്പ് തിരുകുന്നപോലെ, സഭാസങ്കോചം കാരണം എന്റെ തൊണ്ടയടഞ്ഞു പോകും എന്ന്  ജേക്കബിനറിയില്ലല്ലോ! കൂടെ ഇരിക്കുന്നവർക്ക് തോന്നും, ഓ പിന്നെ..  അവളുടെ ജാട കണ്ടാൽ എസ്  ജാ‍നകി ആണെന്നാ വിചാരം.

എങ്കിലും എന്റെ സ്വന്തം രക്ഷപ്പെടലിന്റെ ഭാഗമായി കണ്ണടച്ച് കീറി പൊളിച്ചു.

നീല ജലാശയത്തിൽ  ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ

നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു….

കണ്ണു തുറന്നപ്പോൾ  എല്ലാവരു ജീവനോടെയുണ്ട് , ഭാഗ്യം!

അങ്ങനെ അനിത്തും മനുവും കൂടെക്കൂടി, കൂടെ എല്ലാവരും അറ്റവും മുറിയുമായി പാടിത്തുടങ്ങി. എന്നാൽ പതിവു പംക്‌തിയായ ഇഞ്ചിനീരുകളുടെ signature style  ‘കോളേജ് തെറിപ്പാട്ടിൽ‘ ചെന്നവസാനിക്കുകയും ചെയ്‌തു.

ഇതിനോ ആദമെ നിന്നെ ഞാൻ  തോട്ടത്തിലാക്കി %^%&$#%@#$@^%&……………………

എന്തായാലും 28 കളിലേക്കെത്തിച്ചേരാനായി തുടങ്ങിയ പ്രാർത്ഥനാ ഗീതത്തോടെയുള്ള ‘entertainment’ അതിന്റെ  യഥാർത്ഥപര്യവസാനത്തിലെത്തിയതോടെ പിള്ളാരും, സഹധർമ്മിണികളും ഉറക്കത്തിലേക്ക് ഊളിയിട്ടിറങ്ങി.

രാവിലെ സൂരോദ്യയം കാണാനായി പരപരാവെളിച്ചത്തിൽ മൂടൽമഞ്ഞിന്റെ പുതപ്പുമായി വഹീബാ മണൽക്കാടുകളും ഞങ്ങളും ഉണർന്നു.  7 മണി മുതൽ  ബ്രേക് ഫാസ്റ്റ് ഉണ്ടാകുമെങ്കിലും  ഒരു കട്ടനിൽ ഒതുക്കി പലരും. രാവിലെ  ഒമാനിയുടെ സാൻഡ്യൂണിങ്ങിനായി തക്രിതിയിൽ കഴിച്ചെന്നു വരുത്തി  എല്ലാവരും തയ്യാറായി. ആദ്യം പോയവരിൽ അശോകും കുട്ടികളും  ആവേശത്തോടെ തിരിച്ചെത്തിയതോടെ എല്ലാ പെൺകിളികളും  ഒത്ത് രണ്ടാമത്തെ ട്രിപ്പിന് ഒരു ഇളിച്ച ചിരിയോടെ 5 ചർക്കുകളെയും ആയി ഒമാനി നടന്നകന്നു. പതിവുപോലെ അത്യാവേശത്തോടെ തിരിച്ചെത്തിയ ഷീതക്ക്  വാക്കുകൾ പോരാതെയായതുപോലെ, വിവരിക്കാൻ… wonderful, amazing … എന്നാൽ  ഒന്നൂടെ ബ്രേക്‌ഫാസ്റ് അടിച്ചിട്ടു  വരാം എന്നും കൂടിയപ്പോൾ അവൾ ശരിക്കും enjoooooooy ചെയ്‌തു എന്ന് ഞങ്ങക്കും മനസ്സിലായി.

ബ്രേക്‌ഫാസ്റ് കഴിഞ്ഞപ്പോൾ ഒട്ടകങ്ങൾ സായിപ്പന്മാരെക്കൊണ്ട്  ഒരു ട്രിപ്പ് തിരിച്ചെത്തി. അയ്യോ നമ്മൾ ഒട്ടകത്തിന്റെ പുറത്ത് കയറിയില്ലാ…  സിനി എല്ലാവരെയും കൂട്ടി റിസോർട്ടിന്റെ ഗേയിറ്റിലെത്തി. ഒരോരുത്തരായി വരിവരിയായി ഒട്ടകത്തിന്റെ പുറത്ത് കയറി 2 ചുറ്റ് നടത്തം കുട്ടികളുമായി എല്ലാവരും പോയി.

അപ്പോ ദാ വരുന്നു 3 ചക്രങ്ങളുള്ള സാൻഡ് ബൈക്കുകൾ.  അതും  ആദ്യം കയറിയത്, പൊടി ഡപ്പി പോലെയുള്ള  മനുഷീതയുടെ മോൻ  ആഷി. നല്ല സുന്ദരമായി, ചുള്ളൻ  ഓടീരു കണ്ട് എല്ലാവരും ഞെട്ടി. ആ ബൈക്കിന്റെ ചക്രത്തിന്റെ പോലും വലിപ്പമില്ലാത്ത അവൻ, നല്ല കോൺട്രോളോടുകൂടി ബൈക്ക്  ഓടിച്ചു. കൂടെ മറ്റു കുട്ടികളും, നിക്കി സാബിയെ പുറകിൽ കയറ്റി  ഓടിച്ചു. അശോകിന്റെ പിള്ളാരും, അതിന്റെ കൂടെ ആഷിയും അവന്റെ പെങ്ങളെ പുറകിൽ കയറ്റി ഓടിച്ചു.

അങ്ങനെ ആഷിയുടെ ബൈക്കിനു പുറകിൽ ഷീതയും കയറി. 2 വട്ടം കറങ്ങിയപ്പോൾ എന്റെ നല്ല ജീവിൻ എടുത്തു. കൂടെ പുറകെ എത്തിയ എല്ലാവരും നോക്കി നിൽക്കെ ദാ ആഷി അമ്മയെയും കൊണ്ട് പറന്നു, ബൈക്കിൽ! കൂടെ ആഷിയുടെ ബൈക്ക് കഥകൾ പുറത്തായി..

തിരികെപ്പോകാനുള്ള  തയ്യാറെടുപ്പുകൾക്കായി അവരവരുടെ മുറികളിലേക്ക് എല്ലാവരും തിരിഞ്ഞു നടന്നെങ്കിലും ഈ രണ്ടു ദിവസം  തീർന്നല്ലോ ഇത്രപെട്ടെന്ന് എന്നും,  ഇനിയും നമുക്ക് ഇതുപോലെ,  ബിജുച്ചേട്ടാ നമുക്കെല്ലാവർക്കും ഇതുപോലെ ഇടക്കിടക്ക്, പോണം, അല്ലേ ജീവിതം വടി പിടിയ്ക്കും എന്ന അശ്വതിയുടെ ആവേശത്തോടെയുള്ള സംസാരം മനസ്സിൽ ഉന്മേഷം നിറച്ചു. പ്രിയപ്പെട്ട കൂട്ടുകാരേ, നിങ്ങൾ എന്റെ ഹൃദയം നിറയ്ക്കുന്നു.. കണ്ണുകളും. എല്ലാവർക്കും നന്ദി, ഈ രണ്ടു ദിവസങ്ങൾക്കായി!

നീ ആലോചിച്ചു പറ, നമുക്കു പോകാം.. ബിജുവും  മറുപടി  പറഞ്ഞു.

അവസാനത്തെ സെൽഫിയും, പിന്നെ സാൻഡ്യൂണിംഗ്  ഡ്രൈവർ ഒമാനിയുടെ കൂടെയുള്ള  ഫോട്ടം കൂടി പിടിച്ചപ്പോൾ ഏതാണ്ട് ട്രിപ്പ് തീർന്നമട്ടായി. അവസാനവാക്കായി ഒരു ഹെന്ന വരപ്പും കൂടിയായപ്പോൾ വാദിബാനി മണൽക്കാടുകളോട്  വിടപറഞ്ഞ്  ഞങ്ങളും പട്ടണത്തിലേക്ക് വണ്ടി തിരിച്ചു.

ജേക്കബ്ബേ, തിരിച്ചു പോകുമ്പോഴെങ്കിലും പതുക്കെ, എല്ലാവരുടെയും കൂടെ  പോകണെ എന്ന് വീണ്ടും ഓർമ്മിപ്പിച്ചു. ഏവിടെ.. പതിവ് പോലെ എല്ലാവരെയും സ്‌നേഹിച്ചു കൊല്ലാനുള്ള വിടൽ തന്നെ അവൻ  തുടർന്നു, 150 കിലോ സ്‌പീഡിൽ, കൂടെ പുറകെ റഡാർ നോക്കി നോക്കി പതുക്കെ അശോകും!

സപ്‌ന അനു ബി ജോർജ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account