സമകാലജീവിതത്തിന്റെ  ഭാവങ്ങൾ, സ്വരങ്ങൾ, സംഘർഷങ്ങൾ. ഇരുതലമൂർച്ചയുള്ള രാഷ്‌ട്രീയം, സംവാദാത്മകത തുടങ്ങി  എന്തൊക്കെയാണ് കഥ ഏറ്റവും സ്വാഭാവികമായും സാധാരണമായും ഏറ്റെടുക്കുന്നതെന്നു വിസ്‌മയിപ്പിക്കുന്ന രീതിയിൽ  ബഹുസ്വരമാണ് പുതിയ കഥകളുടെ ആശയപരിസരം.

ദേവദാസ് വി.എം ന്റെ പന്തിരുകുലം (മാതൃഭൂമി) പറയിപെറ്റ പന്തിരുകുലമെന്ന ഐതിഹ്യപ്പഴമയിൽ നിന്നു മെനഞ്ഞെടുത്ത കഥയാണ്. കഥാപാത്രങ്ങളുടെ  പേരുകളിലെ സാമ്യം, അനുഭവങ്ങളിലെ സമാനത, ജീവിത സാഹചര്യങ്ങളിലെ സാദൃശ്യം ഇതൊന്നും ആകസ്‌മികതയല്ല. എത്രയോ അതിശയിപ്പിക്കുന്ന നൈരന്തര്യമാണ് ഐതിഹ്യകാലത്തും വർത്തമാനകാലത്തും പഞ്ചമിയുടെ/പഞ്ചമിമാരുടെ  ജീവിതത്തിനെന്ന സൂചനയിലാണ് കഥയുടെ സൂക്ഷമരാഷ്‌ട്രീയം. കഥയിലെ പുതിയ പഞ്ചമിക്ക് ഒരു വായില്ലാക്കുന്നിലമ്മ മാത്രമേ കുഞ്ഞായുള്ളു. ബാക്കി പതിനൊന്നു മക്കളും മനുഷ്യന്റെ അരയിൽ നിന്നൂറുന്ന കറയെ തടയാൻ മരംമുറിഞ്ഞു കിനിയുന്ന കറയെടുത്തുണ്ടാക്കിയ കിടു പിടിയാലാവണം  ജനിക്കും മുമ്പേ ഉപേക്ഷിക്കപ്പെടുന്നത്. മരണത്തിന്റെയും തിരസ്‌ക്കാരത്തിന്റെയും രോഗത്തിന്റെയുമൊക്കെ മുഷിഞ്ഞ നിറമുള്ള ലോകമാണ് ഈ പഞ്ചമിയുടേതും. അധ:കൃതയായി ജനനം, ചെറുപ്പത്തിലേ അനാഥയായവൾ, അമ്മവീട്ടിലെ ജീവിതം. ബുദ്ധിമതിയായതുകൊണ്ട് ഹൈദരാബാദിലെ ഗവേഷണപഠനം. അവിടെ വെച്ച് വരുണെന്ന ഉന്നതകുലജാതന്റെ സുഹൃത്തും കാമുകിയും ഭാര്യയുമാകുന്നവൾ. ജനിച്ചു പോയ കുഞ്ഞ് വായില്ലാത്തവളായത് മറ്റൊരു അത്‌ഭുതകരമായ സമാനത.

ഐതിഹ്യത്തെ സമകാലാവസ്ഥകളിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ കാട്ടിയ മിടുക്കാണ് ദേവദാസിന്റെ ഈ നീണ്ടകഥയുടെ ഏറ്റവും വലിയ ആകർഷണീയത .

പന്തിരുകുലം കഥ വാമൊഴിപാഠങ്ങളിലൂടെ പ്രചരിക്കുന്ന അനേകം ഐതിഹ്യങ്ങളിലൊന്നല്ല മലയാളികൾക്ക് . ദേശത്തിന്റെ സംസ്‌ക്കാരത്തെയും സാമൂഹ്യ വ്യവഹാരങ്ങളെയും നിർണയിക്കുന്ന ജൈവികമായ നിരവധി ഉള്ളടരുകൾ അതിനകത്തുണ്ട്. വർണാശ്രമകേന്ദ്രിതമായ സാമൂഹിക ഘടനയുടെ നിർമ്മിതിക്കായുള്ള ബോധപൂർവ്വമായ ശ്രമമാണ് വരരുചിയുടേത്. ഒഴിവാക്കാനിച്ഛിച്ചിട്ടും വന്നു പറ്റിയ ദുരന്തമായാണദ്ദേഹം പഞ്ചമിയെ കാണുന്നത്. അതിനവൾക്കു നൽകുന്ന ശിക്ഷയാണ് പതിനൊന്നു മക്കളെയും പെറ്റയുടൻ പരിത്യജിക്കാനുള്ള നിർദ്ദേശം. ഈ ഹൃദയശൂന്യതയോട്, അവൾ കാണിക്കുന്ന ശക്‌തമായ പ്രതിഷേധമാണ് വായില്ലാകുന്നിലപ്പൻ. അതു വായില്ലാത്തതായിപ്പോയതിനും പ്രതീകാത്മകമായ അർത്ഥ തലങ്ങളുണ്ട്. നിശബ്‌ദമായിപ്പോവുന്ന കീഴാള പ്രതിരോധത്തിന്റെ ചിഹ്നമാവണം വായില്ലാകുന്നിലപ്പൻ. വരേണ്യ സംസ്‌ക്രുതിയുടെ ജാതീയവും വംശീയവുമായ അസഹിഷ്‌ണുതകളെ പ്രതിരോധിക്കുന്ന ഈ നിഗൂഢതലമാണ് പറയിപെറ്റ പന്തിരുകുലം കഥയെ ഐതിഹ്യത്തിനപ്പുറം നിരവധി പാഠ സാധ്യതകളുള്ള ഒന്നാക്കി നിലനിർത്തുന്നത്. ഈ വ്യത്യസ്‌തമായ പാഠസാധ്യതകളെയാണ് ദേവദാസ് ഉപയോഗപ്പെടുത്തിയിരിക്കുന്നതും. ആധുനിക ജീവിത പരിസരങ്ങളിലേക്കു പടർന്നു കയറുന്ന അനേകം വായനകൾ ഈ ഐതിഹ്യകഥയ്ക്ക്  സാധ്യമാക്കിയിരിക്കുന്നു. ജാതീയമായ സംസ്ക്കാര ചിഹ്നങ്ങൾ.  ജീവിതവീക്ഷണങ്ങളിലേയും വ്യവഹാരങ്ങളിലേയും വൈരുദ്ധ്യങ്ങൾ, ആഭ്യന്തരവും ബാഹ്യവുമായ സംഘർഷങ്ങൾ തുടങ്ങി ഐതിഹ്യകഥയിൽ കൃത്യമായി വേർതിരിച്ചെടുക്കപ്പെടാത്ത ഘടകങ്ങളെല്ലാം ദേവദാസിന്റെ കഥയിൽ സങ്കീർണമായ മനുഷ്യാവസ്ഥകളുടെ മുദ്രകളായി പതിഞ്ഞു കിടക്കുന്നു.

ഐതിഹ്യത്തിൽ നിന്നദ്ദേഹം അനായാസമായി സൃഷ്‌ടിച്ചെടുക്കുന്ന വ്യത്യസ്‌തമായൊരു ലാവണ്യതലമുണ്ട്. കേവലമൊരു പുനർവായനയോ വ്യാഖ്യാനമോ അല്ലാതെ തീർത്തും മൗലികമായ വേറൊന്നായിരുന്നുകൊണ്ടുതന്നെ ഐതിഹ്യത്തിന്റെ വിസ്‌മയിപ്പിക്കുന്ന ഒരു തുടർച്ചയുമാവുന്നതാണ് കൗതുകകരം. വരരുചിയെപ്പോലെ വരുണും ഭദ്രമായ, ആരോഗ്യകരമായ മാനസികഘടനയില്ലാത്തവനാണ്. ഒ സി ഡി യും വിഷാദരോഗവും അവന്റെ ജീവിതത്തെ പലപ്പോഴും അനിയന്ത്രിതമാക്കുന്നു. അവൻ/അവർ സൃഷ്‌ടിക്കുന്ന ദുരന്തങ്ങളും അപമാനങ്ങളും ഉപേക്ഷകളും ഇരുട്ടു വീഴ്ത്തുന്നത് പഞ്ചമിമാരുടെ ജീവിതത്തിലാണ്. പന്ത്രണ്ടാമത്തെ കുഞ്ഞിന് വായില്ലെന്നു നുണ പറഞ്ഞ് അതിനെ മാറോടടുക്കിയ പഞ്ചമിയുടേത് പ്രകടമായ പ്രതിഷേധമായിരുന്നു. പുതിയ പഞ്ചമിയുടേതും. അതിജീവനത്തിന്റെ, പ്രതിരോധത്തിന്റെ തീക്ഷ്‌ണതയാണ് അവളുടെ ഉച്ചിയിലെരിയുന്ന മറ്റാർക്കും കാണാനാവാത്ത ആ പന്തം. വരുണിന്റെ ഇല്ലായ്‌മക്കു ശേഷവും അവൾക്ക് ജീവിക്കേണ്ടിയിരിക്കുന്നു.  തന്റെ വായില്ലാക്കുന്നിലമ്മയെ പോറ്റി വളർത്തേണ്ടത് അവളുടെ നിയോഗമാണ്. തന്നെ വേർതിരിച്ചു നിർത്തുന്ന എല്ലാറ്റിൽ നിന്നും വിമുക്‌തയായി അവളും കുഞ്ഞും സ്വന്തം വഴി കണ്ടെത്തുന്നു. വെട്ടമില്ലാത്ത പൊന്ത മൂടിയ ആ പാത ആത്‌മശക്‌തി കൊണ്ട് അവൾ നിശ്ചയമായും താണ്ടും.

മാധ്യമം ആഴ്ച്ചപ്പതിപ്പിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും (ചന്ദ്രമതി) എന്ന കഥ ജീവിതത്തെക്കുറിച്ചുള്ള സൂക്ഷ്‌മ നിരീക്ഷണങ്ങൾ കൊണ്ടാണ് ശ്രദ്ധേയമാവുന്നത്. ഉപരിവർഗ്ഗകുടുംബത്തിനുള്ളിൽ രണ്ടു സ്‌ത്രീകളനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങളും അവരുടെ അൽപ്പമൊന്നു ഭ്രമാത്മകത കലർന്ന ജീവിത നിരീക്ഷണങ്ങളുമാണ് കഥയുടെ പ്രമേയം. കഥയിലെ അമ്മയും മകളും, അവർ കാണുന്ന മറ്റു സ്‌ത്രീകളും, അവരിൽ രണ്ടു പേർ മരിച്ചവരുമാണ്, കഥയെ മുന്നോട്ടു കൊണ്ടു പോവുന്നതും നിയന്ത്രിക്കുന്നതും പ്രധാനമായും ആ മരിച്ച സ്‌ത്രീകളാണു താനും. പക്ഷേ ഇതൊരു പ്രേതകഥയോ ഫാന്റസിയോ അല്ല. അതിസാധാരണമായ ചില കുടുംബചിത്രങ്ങൾ വരച്ചിട്ട് അതിലൂടെ അസാധാരണമായ അനുഭവങ്ങളിലേക്കും ചിന്തകളിലേക്കും കഥ പടരുന്നു. മരിച്ചവരുടെ ഗന്ധം തിരിച്ചറിയാൻ പറ്റുന്ന അമ്മയ്ക്ക് മകളുടെ ഭാവി വരന്റെ ഫ്ലാറ്റിലെത്തുമ്പോൾ ചില്ലുകൂടിനുള്ളിലെ അവന്റെ അമ്മയുടെ ചിത്രവും കർപ്പൂര ഗന്ധവും അവരുടെ സാന്നിധ്യം അവിടെത്തന്നെയുണ്ട് എന്ന് തിരിച്ചറിയാൻ സഹായകരമാവുന്നു. പക്ഷേ മരിച്ചവരെയല്ല, ജീവിച്ചിരിക്കുന്നവരെയാണ് ഭയപ്പെടേണ്ടത് എന്ന് എത്രയോ അനുഭവങ്ങളിലൂടെ അവർക്കറിയാം. അയൽഫ്ലാറ്റിലെ മിഷയ്ക്ക് അരവിന്ദനോടുള്ള അടുപ്പമാണവരെ കൂടുതൽ അസ്വസ്ഥയാക്കുന്നത്. വിവാഹ ശേഷം മകൾ ഭയപ്പെടുന്നതാവട്ടെ, അരവിന്ദന്റെ ചെറുപ്പത്തിൽ മരിച്ചു പോയ ബാല്യകാല സഖിയെ. മരിച്ചവരോട് മൽസരിക്കാനാവില്ലെന്നും മരിച്ചു പോയവരാണ് അപകടകാരികളെന്നും അവരെ ഒന്നും ചെയ്യാനാവില്ലെന്നും അവൾ നിസഹായയാവുന്നു. സുതാര്യമായ ആഖ്യാനശൈലിയിൽ തെളിവും മിഴിവും തികഞ്ഞ ഈ കഥ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെക്കുറിച്ച്, സന്ദേഹങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

സമകാലിക മലയാളത്തിൽ ഉണ്ണി ആർ എഴുതിയ വാങ്ക് എന്ന കഥ ബാങ്ക് വിളിക്കാനാഗ്രഹിക്കുന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണ്. കോഴ്‌സ്  തീരുന്നതിന് മുൻപ് നാലു പെൺകുട്ടികൾക്കും അവരുടെ ആഗ്രഹങ്ങൾ സാധിക്കണം. ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നീടൊരിക്കലും പൂർത്തീകരിക്കാനിടയില്ലാത്ത മോഹങ്ങൾ. പ്രണയവുമായി ബന്ധപ്പെട്ട സർവ്വസാധാരണമായ ആഗ്രഹങ്ങളായിരുന്നു മറ്റു മൂന്നു പേർക്കുമെങ്കിൽ റസിയയുടേത് ബാങ്കുവിളിക്കാനുള്ള മോഹമായിരുന്നു. നടക്കാനിടയില്ലാത്തത്. കുട്ടിക്കാലത്ത് കേട്ട വാങ്കുവിളിയുടെ മധുരം. ഉച്ചവെയിലിനേക്കാൾ ഉയരത്തിൽ വിടർന്ന ഒച്ചയുടെ സംഗീതം അവളെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ഒടുവിൽ കാടിന്റെ ഏകാന്തതയിൽ തന്റെ കൂട്ടുകാരനോടൊപ്പം അവൾ വാങ്കു വിളിക്കുന്നു. ആകാശത്തേക്കും വേരുകളിലേക്കും പടർന്നു തൊട്ട പെണ്ണൊച്ച. അതു കേട്ട് തരിച്ചുനിന്നു പോവുന്നു അവളെ കീഴടക്കാൻ വന്ന മദ്യപസംഘം. മതാധികാരത്തിന്റെ സ്‌ത്രീ വിരുദ്ധതയെ ചോദ്യം ചെയ്‌ത്‌ സ്വന്തം ഒച്ച വേറിട്ടു കേൾപ്പിക്കുന്ന പെൺപ്രതിരോധത്തിന്റെ കഥയെന്നൊക്കെ ഒറ്റ വായനയിൽ തെറ്റിദ്ധരിപ്പിക്കുമെന്നൊരു കുഴപ്പമൊഴിവാക്കിയാൽ രസകരമായി വായിച്ചവസാനിപ്പിക്കാവുന്ന സാധാരണകഥയാണ് വാങ്ക്‌. വളരെ ഉപരിപ്ലവമായി മാത്രം പെണ്ണിന്റെ ലോകത്തിലേക്ക്, അവളുടെ മനസിലേക്ക്‌ എത്തി നോക്കി തിരിച്ചു വരുന്നു കഥാകാരൻ. പെണ്ണിനെക്കൊണ്ട്,  പള്ളിയിലല്ല, കാടിന്റെ വിജനതയിലെങ്കിലും വാങ്കുവിളിപ്പിക്കുന്നുണ്ടെങ്കിലും പെണ്ണുങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ചൊക്കെ എത്ര മുൻവിധി നിറഞ്ഞ സ്‌ത്രീ വിരുദ്ധ നിലപാടാണദ്ദേഹത്തിന്റേതെന്നു വെളിപ്പെടുത്തുന്നുണ്ട് കഥ.

“നിനക്ക് പ്രിൻസിപ്പാളിനെ കെട്ടിപ്പിടിക്കണോ? അതോ രണ്ടെണ്ണം അടിക്കണോ? അതുമല്ല ഇനിയിപ്പം ആരുടെങ്കിലും കൂടെ കിടക്കണോ? നീ എന്നാ വേണന്ന് പറ”

ഷമീനയുടെ ഈ ചോദ്യം പല ഉദാഹരണങ്ങളിലൊന്നു മാത്രം. ഒന്നുകിൽ വാങ്കുവിളി, അല്ലെങ്കിൽ ഇതൊക്കെ –  പെണ്ണുങ്ങൾക്ക്  വേറെന്ത് സ്വപ്‌നങ്ങൾ. സ്‌ത്രൈണസ്വത്വത്തിലേക്കുള്ള ഇത്തരം നോട്ടങ്ങൾ (gazes) ലളിതമോ നിഷ്‌കളങ്കമോ അല്ല. കൃത്യമായ ആണധികാര പ്രത്യയശാസ്‌ത്രമാണവയെ നിർമ്മിക്കുന്നത്. വാങ്കുവിളിയുടെ വിപ്ലവകരമായ പുറംചട്ടയ്ക്കുള്ളിൽ അതു മറച്ചു വെച്ചിരിക്കുന്നുവെന്നു മാത്രം.

– ജിസാ ജോസ്

 

8 Comments
 1. Priya 2 years ago

  Very good analysis, as usual

  • Author
   Jisa Jose 2 years ago

   tku very much

 2. Xavier Joseph. 2 years ago

  കഥകള്‍ വായിക്കാനാകുന്നില്ലെങ്കിലും പുതിയ കഥാഘടനകള്‍ അറിയാനാകുന്നതില്‍ ഒത്തിരി നന്ദി….

  • Author
   Jisa Jose 2 years ago

   tku very much

 3. sivadas 2 years ago

  great to read articles like this which clearly details the story and its roots and branches… continue the good work…

  • Author
   Jisa Jose 2 years ago

   tku very much

 4. Prasad 2 years ago

  Very good review. Appreciate it!!

 5. vasu ak 2 years ago

  ചന്ദ്രമതിയുടെ ഒരു കഥയില്ലായ്മ്മയാണ് മരിച്ചവരും ജീവിച്ചിരിക്കുന്നവരും എന്ന് കഥയെന്നു പേരിട്ടു മാധ്യമംപ്രസിദ്ധീകരിച്ചത് ഈ കഥ മനോരമ ആഴ്ചപ്പതിപ്പ് വായനക്കാർക്കു ഇഷ്ട്ടപ്പെടാൻ സാധ്യതയുണ്ട് അതിൽ സമൂഹം ഒരുതരത്തിലും പ്രത്യക്ഷമാകുന്നില്ല;; ദേവ ദാസിന്റെ പന്തിരുകുലം എന്ന നല്ല കഥയെ അതിനൊപ്പം കൂട്ടി എന്നതും ശരിയായില്ല

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account