സമകാലിക മലയാളത്തിൽ (ലക്കം: 17 ) ഗ്രേസി എഴുതിയ ഒന്നു മുതൽ പതിമൂന്നു വരെ, മാധ്യമത്തിൽ അഷിതയുടെ തമോഗർത്തങ്ങൾ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഇന്ദുമേനോന്റെ മഞ്ഞമുഖി എന്നിങ്ങനെ 3 കഥകൾ എഴുത്തിന്റെയും, അനുഭവങ്ങളുടെയും പെൺവ്യാഖ്യാനങ്ങളെന്ന നിലയിൽ ശ്രദ്ധേയമാവുന്നു. മലയാളത്തിലെ കഥാകാരികളുടെ സജീവതയേയും അടയാളപ്പെടുത്തുന്നു ഈ കഥകൾ. സംവാദാത്‌മകമായൊരു ലാവണ്യ ശീലം സൃഷ്‌ടിച്ചെടുക്കാനും അത് വിനിമയം ചെയ്യാനും കഴിയുന്നുവെന്നതാണ് ഈ കഥകളുടെ പ്രസക്‌തി.

ഒന്നു മുതൽ പതിമൂന്നു വരെ എന്ന കഥാ ശീർഷകം ലൂക്കാസിന്റെ സുവിശേഷം നാലാമധ്യായത്തിലെ 1 മുതൽ 13 വരെ വാക്യങ്ങളെയാണു സൂചിപ്പിക്കുന്നത്. യേശുവിനെ മലമുകളിലേക്കു കൂട്ടിക്കൊണ്ടുപോയി പിശാച് നടത്തിയ പ്രലോഭനങ്ങളാണ് അതിലെ ഉള്ളടക്കം. ആണിനും പെണ്ണിനും സഹജമായ, സ്വാഭാവികമായ, ലൈംഗികതയെ നിർബന്ധപൂർവ്വം അടിച്ചമർത്തേണ്ടി വരുന്ന ചെറുപ്പക്കാരനായ – അയാൾ കവി കൂടിയാണ് – പുരോഹിതന്റെ ആത്‌മ പ്രതിരോധവും ഒട്ടും ധീരമല്ലാത്ത  രക്‌തസാക്ഷിത്വവുമാണ് ഗ്രേസി പ്രമേയമാക്കുന്നത്. അയാളുടെ ജീവിതത്തിൽ നാനാവിധമായ പ്രലോഭനങ്ങളുണ്ടാവുന്നു. എല്ലാം ശരീരനിഷ്ഠമായത്. എല്ലാം ലൈംഗികതയേയും പ്രണയത്തേയും അഭിമുഖീകരിക്കുന്നത്. പക്ഷേ ഭീരുവായ കൊച്ചച്ചന് അവയ്ക്കു നേരെ മുഖം തിരിച്ചു പോവുകയേ തരമുള്ളൂ. ലോകം, പിശാച്, ശരീരം എന്നു മാത്രം സദാ പിറുപിറുക്കുന്ന കിടപ്പിലായ വല്യച്ചൻ ശരീരത്തേയോ, കാമനകളെയോ അല്ല നിഷേധിക്കേണ്ടതെന്ന പ്രതിപാഠമാണ് പറഞ്ഞു കൊടുക്കാനുദ്യമിക്കുന്നതെന്നു പോലും അയാൾക്കു മനസിലാക്കാനാവുന്നില്ല. വല്യച്ചൻ ലാവണ്യവാദിയായിരുന്നുവെന്നും പിശാചിന്റെ പ്രലോഭനങ്ങൾ അദ്ദേഹത്തെ യഥാർത്ഥമായും പ്രലോഭിപ്പിച്ചിട്ടുണ്ടാവുമെന്നും കൊച്ചച്ചനറിയാം, എന്നിട്ടും മരണാസന്നനായ വല്യച്ചൻ ലോകം, ശരീരം, പിശാച് എന്ന മൂന്നു ശത്രുക്കളെ കരുതിയിരിക്കാനോർമ്മപ്പെടുത്തുകയായിരിക്കുമോ എന്നാണ് കൊച്ചച്ചന്റെ സന്ദേഹം. അത്രത്തോളം അയാൾ ആത്‌മ നിഷേധിയാവുന്നു. കുമ്പസാര രഹസ്യത്തിന്റെ മറപറ്റി രക്ഷിക്കാൻ ചെന്ന യുവതിക്ക് ആവശ്യം ശക്‌തമായൊരു താങ്ങാണെന്നറിയാതെയല്ല, അയാളവളെ മഠത്തിന്റെ വാതിൽക്കലുപേക്ഷിക്കുന്നത്. ഫ്ലാറ്റിലേക്കു ക്ഷണിക്കുന്ന കാന്താരിയായ കവിയുടെ മുന്നിൽ അയാൾ വിളറിയും പേടിച്ചും നിൽക്കുന്നു. അവിടെ നിന്ന് ഓടി രക്ഷപെടുന്നു. കുമ്പസാരിക്കാൻ വന്ന പെൺകുട്ടി കുമ്പസാരക്കൂടിന്റെ മറയില്ലാതെ അയാളോടു ചോദിക്കുന്ന ചോദ്യങ്ങൾ അച്ചനെ പിന്നേയും  നിസഹായനാക്കുന്നു. അവളുടെ ചുംബനം അയാളെ പൊള്ളിക്കുന്നു. ഒരു പള്ളീലച്ചന്റെ ശരീരനിഷേധപരീക്ഷണങ്ങൾ, അത്തരം പരീക്ഷണങ്ങളിലൂടെ അവർ നിരന്തരം കടന്നു പോവേണ്ടി വരുന്നത് സ്വാഭാവികം.

സ്‌ത്രീ പുരുഷാകർഷണവും ലൈംഗിക ചോദനകളും മനുഷ്യരിൽ സാധാരണമായിരിക്കെ അതിനെ അമർത്തിയും അമർച്ച ചെയ്‌തും സ്വർഗം നേടാമെന്ന മതാധികാരത്തിന്റെ വ്യാജ നിർമ്മിതികളെയാണ് കഥ വിമർശിക്കുന്നത്. അതുകൊണ്ടു തന്നെ നിശിതമായൊരു മൂല്യവിചാരണയുടെ തലം കൂടി ഇതിനുണ്ട്. സൂക്ഷ്‌മമായ നർമ്മബോധത്തിന്റെ ഇളംതണുപ്പ് കഥയിലാകെ പടർന്നു കിടക്കുന്നതു കൊണ്ട് ആ വിചാരണ  അങ്ങേയറ്റം സൗമ്യമാണ്. പക്ഷേ ശക്‌തവും. മതത്തിന്റെയും സമൂഹത്തിന്റെയും യാന്ത്രിക നീതികളെ അതു ചോദ്യം ചെയ്യുന്നു. പെൺകുട്ടിയുടെ ചുംബനത്തിനു ശേഷം കൊച്ചച്ചൻ പതിവു വിട്ട് കർത്താവിനെയല്ല, സാത്താനെയാണ് വിളിച്ചു പോകുന്നത്.  ദുർബലനായ എന്നെയിങ്ങനെ പരീക്ഷിക്കുന്നതെന്തിന്? ബലവാനായ ഒരുവനോടല്ലേ നീ എതിരിടേണ്ടത്? എന്ന അയാളുടെ ചോദ്യത്തിന് പല വിധം പ്രതിധ്വനികളുണ്ട്. അതൊക്കെയും ശരീരകാമനകളേയും അതിന്റെ ആനന്ദങ്ങളേയും അമർത്തിവെക്കാൻ പ്രേരിപ്പിക്കുന്ന മതനിയമങ്ങളുടെ അർത്ഥരാഹിത്യത്തെ പരിഹസിക്കുകയും ചെയ്യുന്നു.

അഷിതയുടെ തമോഗർത്തങ്ങൾ അച്ഛന്റെ ബലികർമ്മത്തിനു പുഴക്കരയിലെത്തുന്ന മകളുടെ വ്യഥകളാണ്. അച്ഛൻ ഒരിക്കലും അച്ഛനായിരുന്നില്ല. എല്ലായ്പ്പോഴും അവളെ ഭൽസിച്ചു. അവൾ തന്റെ മകളല്ല എന്ന സംശയമാണ് എല്ലാ പുരുഷന്മാരേയും പോലെ അയാളേയും പ്രകോപിതനാക്കിയത്. 13 വയസിൽ അവളുടെ കുരുന്നു ശരീരത്തേയും അയാൾ കീഴടക്കി. അയാളിൽ നിന്നു രക്ഷപ്പെടാനുള്ള നിർത്താത്ത ഓട്ടമായിത്തീർന്നു ജീവിതം. മരണശേഷം തന്റെ ബലി സ്വീകരിക്കില്ലെന്നുറപ്പുണ്ടായിട്ടും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അവൾക്ക് ബലിയിടേണ്ടി വരുന്നു. ബലിക്കു ശേഷം ഒഴുക്കിക്കളയാനുള്ളവയുമായി പുഴയിലിറങ്ങിയ അവൾക്കു മനസിലാവുന്നു, ഒഴുക്കിക്കളയേണ്ടത് തന്നെത്തന്നെയാണ്. എല്ലാറ്റിനേയും അകത്തേക്കെടുക്കുക മാത്രം ചെയ്‌ത്‌  ഒന്നും പുറത്തേക്കു വിടാത്ത തമോഗർത്തങ്ങൾ തേടി അവൾ സ്വയം പുഴയിലലിയുന്നു. അസുഖകരമായ വൈയക്‌തികാനുഭവങ്ങളുടെ ആഘാതത്തിൽ നിന്നു രക്ഷപെടാനാവാതെ തകർന്നു പോകുന്നവളാണ് കഥാനായിക. അഷിതയുടെ മിക്കവാറും കഥകളിലെന്ന പോലെ ഭാഷയിലോ പ്രമേയത്തിലോ ആഖ്യാനത്തിലോ മുൻ കഥകളിൽ നിന്നു കാര്യമായ വിച്ഛേദങ്ങളൊന്നുമില്ലാതെ ഇതൊരു പതിവ് അഷിതക്കഥ മാത്രമായി നിൽക്കുന്നുവെന്നു വായനക്കാർക്കു തോന്നാം. വാസ്‌തവത്തിൽ ആഖ്യാനശൈലിയിൽ ചില പുതുമകൾ വരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലവത്താവാതെ പോവുന്നു.

ഇന്ദുമേനോന്റെ മഞ്ഞമുഖി നീണ്ടകഥയെന്ന വിശേഷണത്തോടെയാണ് മാതൃഭൂമി പ്രസിദ്ധീകരിക്കുന്നത്. കാലങ്ങളായി നീണ്ടകഥകൾ മാത്രം പ്രസിദ്ധീകരിക്കുന്ന ആഴ്ച്ചപ്പതിപ്പ് ഇക്കഥയ്ക്കു മാത്രം ഇത്തരമൊരു മുന്നറിയിപ്പു നൽകിയതെന്തെന്ന് വേണമെങ്കിൽ അൽപ്പം  അത്‌ഭുതപ്പെടാവുന്നതാണ്.

മഞ്ഞമുഖി അടിമുടി പ്രണയകഥയാണ്. “നിസഹായമായ ഒരു പ്രേമമായിരുന്നു അത്. അത്യധികം നിസഹായമായത്. ഭാഷയോ സ്‌പർശങ്ങളോ നോക്കുകളോ ഇല്ലെങ്കിൽ പോലും കടൽ പോലെ പരക്കുന്നതും മരം പോലെ പടരുന്നതും ആയ ഒന്ന്. ഇരുവരും വാക്കുകൾ കൊണ്ട് ഇഷ്‌ടം പറഞ്ഞില്ല. പ്രേമമെന്ന വാക്ക് ഉച്ചരിച്ചിട്ടു പോലുമില്ല… എനിട്ടും ദീർഘനിശ്വാസങ്ങളിൽ പ്രേമം പൊടിഞ്ഞു, പൂത്തുലഞ്ഞു. കാട്ടുവള്ളികളെപ്പോലെ ആയിരം കൈകൾ നീട്ടി….”

പ്രണയത്തിന് വാക്കുകൾ വേണ്ടാത്തതുപോലെ പ്രണയകഥയ്ക്കും വാക്കുകൾ പരിമിതമാക്കാം. പ്രണയത്തിൽ ഒരു വാക്കും അധികമാവാത്തതുപോലെ പ്രണയകഥയ്ക്കും വാക്കുകളുടെ ആർഭാടമാവാം. (രണ്ടിലേതെന്നത് എഴുതുന്നയാളുടെ മാത്രം തെരഞ്ഞെടുപ്പ്.) ഇന്ദുമേനോന്റെ ദീർഘമായ കഥ അതുകൊണ്ടു തന്നെയാണ് വിരസമാവാത്തത്. പൂത്തുലർന്നു നിൽക്കുന്ന പ്രണയവൃക്ഷങ്ങളുടെ ഇതളുകൾ അലസമായെങ്ങും പൊഴിഞ്ഞുകിടക്കുന്ന ഒരു കാട്ടിലൂടെയുള്ള സഞ്ചാരമെന്നു പലപ്പോഴും ഭ്രമിപ്പിക്കുന്നു ഈ കഥ. കോഴിക്കോട് ബംഗ്ലാദേശ് കോളനി പരിസരത്തെ നിഗൂഢമായ രഹസ്യങ്ങളൊളിപ്പിച്ച ചെന്താരപ്പറമ്പിലെ പഴയ വീട്, അവിടെ ജനാലക്കൽ കണ്ട മഞ്ഞ മുഖിയായ മതിവദനി. രാഘവന്റെ കുട്ടിക്കാലത്തെ ആ കൗതുകം അവന്റെ ജീവിതത്തെ ഒരു തീക്കുണ്ഡത്തിലെന്നോണം പൊള്ളിക്കുന്നു. എന്നിട്ടും തീരാത്ത ഇഷ്‌ടം, കൗതുകം. ഒടുവിൽ അവൻ അവൾക്കു വേണ്ടി കൊലപാതകിയാവുന്നു. വയനാട്ടിലെ ഒളിച്ചു താമസം, ഡോക്റ്ററായി പ്രാക്റ്റീസ് ചെയ്യുന്നിടത്ത് അയാളെ കാണാനെത്തുന്ന ഇപ്പോൾ കന്യാസ്‌ത്രീയായ പഴയ മഞ്ഞമുഖി, പിന്നെയും തളിർക്കുന്ന പ്രണയം, അയാൾ പഴയ കൊലപാതകത്തിന്റെ പേരിൽ ഇപ്പോഴും അന്നത്തെ പ്രതിയോഗികളിൽ വേട്ടയാടപ്പെടുന്നുവെന്ന തിരിച്ചറിവിൽ അവൾ തന്നെ അയാളെ ഇല്ലാതാക്കുന്നു. പ്രണയത്തിന്റെയും ആനന്ദത്തിന്റെയും നിത്യതയിലേക്കുള്ള വിമോചനം. ബാല്യകുതൂഹലങ്ങൾ, ട്രാൻസ് ജന്ററുകളുടെ സ്വത്വ പ്രതിസന്ധി, സ്വവർഗ്ഗ സ്‌നേഹം, അധോലോകം, പ്രതികാരം, നക്‌സൽ ബാരി, ഇരുണ്ടതെരുവുകൾ, ജോനകുറുമരുടെ ഭാഷ, ജീവിതരീതി, ആചാരങ്ങൾ, വയനാടിന്റെ ഭൂപ്രകൃതി… തുടങ്ങി ഇതിലില്ലാത്തതൊന്നും മറ്റെവിടെയുമുണ്ടാവില്ല എന്നുവരെയൊക്കെ വായനക്കാരെ വിഭ്രമിപ്പിക്കുന്ന സന്ദർഭങ്ങളുമുണ്ട് കഥാവായനയ്ക്കിടയിൽ. എങ്കിലും പ്രണയത്തിന്റെ മാസ്‌മരികഭാവങ്ങൾക്കുവേണ്ടി തിരയാനും കഥ അവസാനം വരെ വായിച്ചെത്തിക്കാനും അത്ര എളുപ്പത്തിലല്ലെങ്കിൽക്കൂടി കഴിയാതിരിക്കില്ല. മനോഹരമായ ഇമേജുകൾ ചേർന്നുമെനയുന്ന ദൃശ്യപരത എടുത്തു പറയേണ്ടതുമാണ്.

– ജിസാ ജോസ്

8 Comments
 1. John Mathew 6 months ago

  What a review… All three stories summarized in such way that getting the feel of reading the books itself…

  • Jisa Jose 6 months ago

   വളരെ നന്ദി

 2. Babu Raj 6 months ago

  മനോഹരം.. വായനാസുഖം …

 3. Jayaraj 6 months ago

  Wonderful review… as usual..

  • Jisa Jose 6 months ago

   tku very much

 4. Binoy 6 months ago

  Good review

 5. Ashok Kumar 6 months ago

  Good review. The way review is written is really interesting to read.

 6. അബ്ബാസ് 6 months ago

  കാതലറിഞ്ഞ അവലോകനം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account