സ്ഥാപിതവും പൊതുസമ്മതിയുള്ളതുമായ പെണ്ണവസ്ഥകളുടെ, വൈയക്തികമായ അനുഭവങ്ങളുടെ പരിമിതമായ ഇടങ്ങൾക്കുള്ളിലേക്കു ചുരുങ്ങിപ്പോവുകയെന്നത് സ്‌ത്രീയുടെ സ്വത്വ-ലൈംഗികതകളെ അഭിസംബോധന ചെയ്യുന്ന കഥകൾക്കു പൊതുവേ സംഭവിക്കാനിടയുള്ള ദുര്യോഗങ്ങളിലൊന്നാണ്. സ്‌ത്രീ എഴുതിയതു കൂടിയാവുമ്പോൾ അതങ്ങനെത്തന്നെയെന്ന് വളരെപ്പെട്ടന്ന് വിധിയെഴുതപ്പെടാനും സാധ്യത കൂടുതലാണ്. അത്തരം പൂർവ്വനിർണീതങ്ങളായ, മുൻകൂട്ടി പ്രവചിക്കാവുന്ന വൈകാരികതകളിൽ  കുരുങ്ങിയൊടുങ്ങാതെ ബഹുസ്വരമായൊരു സാമൂഹികസ്ഥലിയിലേക്കു വളർന്നു പടരുന്നുവെന്നതാണ് ഷാഹിന ഇ.കെ സമകാലിക മലയാളത്തിലെഴുതിയ ‘കാറ്റും വെയിലും ഇലയും പൂവും പോലെ’ എന്ന കഥയുടെ സവിശേഷത. കഥ സ്‌ത്രീശരീരത്തിന്റെ ആനന്ദദായകത്വത്തെക്കുറിച്ചോ വശീകരണസാധ്യതകളെക്കുറിച്ചോ അല്ല, ശരീരം ബാധ്യതയോ ഭാരമോ ആവുന്ന പെണ്ണുങ്ങളെക്കുറിച്ചാണ്. സ്‌ത്രീകൾ എഴുതുമ്പോൾ ഇതൊക്കെയല്ലാതെ എന്ത് എന്ന പരിഹാസദ്യോതകമായൊരു ചോദ്യം ഈ കഥ, ഇതു മാത്രമല്ല, സ്‌ത്രീകളുടെ മിക്കവാറും കഥകൾ  നേരിടാനിടയുണ്ട്. ശരീരവുമായി ജീവിക്കുന്ന അല്ലെങ്കിൽ ശരീരമായി ജീവിക്കുന്ന എല്ലാ സ്‌ത്രീകൾക്കും പക്ഷേ ഷാഹിനയുടെ കഥയിലെ അനുഭവങ്ങൾ വെറും കഥാസന്ദർഭങ്ങളായിരിക്കില്ല, ജീവിതത്തിലെ ഗുരുതരമായ പ്രതിസന്ധികൾ തന്നെയാവാനിടയുണ്ട്. ആഖ്യാനത്തിലെ ചില അയഞ്ഞു തൂങ്ങലുകളും യുക്‌തിഭംഗങ്ങളുമൊക്കെ – അവയൊക്കെ അവഗണിക്കാവുന്നത്ര നിസാരങ്ങളാണ് – നിലനിൽക്കുമ്പോൾത്തന്നെ ഈ കഥയുടെ രാഷ്‌ട്രീയം തീക്ഷ്‌ണ മായി ചില മുറിവുകൾ സൃഷ്‌ടിക്കുന്നത് കാണാതിരുന്നുകൂടാ. സ്‌ത്രീശരീരത്തെ തന്റെ ലൈംഗികവാഞ്ഛകളുടെ ഇരിപ്പിടമായി മാത്രം കാണുന്ന ആണഭിരുചികളെ ഷാഹിനയുടെ കഥ പരിഹസിക്കുന്നു, മുറിപ്പെടുത്തുന്നു.

മംഗള ലൈനിലെ പല വീടുകളിലായി നടക്കുന്ന ചില സംഭവങ്ങളും ചിന്തകളുമാണ് കഥയുടെ ആദ്യഭാഗം. കൊച്ചുപെൺകുട്ടിയുടെ മൂക്കാത്ത ഞാവൽപ്പഴം പോലുള്ള മാറിടം കശക്കുന്ന ജോസഫ്, ഗൾഫിൽ നിന്ന് ലീവിനെത്തുന്ന ഭർത്താവ് മകൾ റൂബയെ ഓമനിക്കുന്നത് ഉപ്പയെപ്പോലല്ല എന്നു മനസിലാക്കുന്ന വഹീദ, ഉപ്പ വരുമെന്നറിയുമ്പോഴേക്കും പനിക്കാൻ തുടങ്ങുന്ന റൂബ, റേപ് മർഡറിന്റെ ഇരയായ ആറു വയസുകാരിയിൽ ഫോറൻസിക് മെഡിസിന്റെ പാഠങ്ങൾ പഠിക്കേണ്ടി വരുന്ന ഗോപിക, സ്വന്തം മകൻ തന്റെ കുളിമുറിച്ചിത്രങ്ങൾ പകർത്തുന്നതറിയുന്ന അജിത ടീച്ചർ… ഇങ്ങനെ ഒരുപിടി വ്യക്‌തികൾ, അവരുടെ ഭയപ്പെടുത്തുന്ന, പക്ഷേ പുതിയ കാലത്ത് അത്രയൊന്നും അപൂർവ്വമല്ലാത്ത അനുഭവങ്ങൾ. സ്‌ത്രീ ഏതു പ്രായത്തിലായാലും ശരീരം മാത്രമാവുന്നു. ‘പത്തു പതിന്നാലു വയസുള്ള ഒരു കൊച്ചിനെ… പത്രത്തിൽ നേർത്തൊരു ചിരിയോടെ പോലീസുകാരനൊപ്പം ഇറങ്ങി വരുന്ന പള്ളീലച്ചന്റെ ചിത്രം. അത് മുൻ പേജാണ്. കുറച്ചു പറഞ്ഞ് പതം വന്നു കഴിയുമ്പോൾ ഉള്ളിലോട്ടാകുന്ന വാർത്തകൾ. രസം കെട്ടുപോയ വാർത്തകൾ. ശരീരം… ശരീരം കൊണ്ട് മാത്രമുണ്ടാവുന്ന വാർത്തകൾ… സ്വാമിയാരായാലും അച്ചനായാലും മൊയ്‌ലാരായാലും മാഷായാലും അമ്മാവനായാലും ഏതു പുണ്യാളനായാലും കൊറെയെണ്ണത്തിന്റെ മനസില് എന്നേരവും പെണ്ണിന്റെ തുണില്യാത്ത ശരീരാ’ എന്നു തങ്കമ്മ പറയുന്നതും അതുതന്നെ.

കഥയുടെ രണ്ടാം ഭാഗം മംഗള ലൈനിലെ പെൺകൂട്ടത്തിന്റെ സവിശേഷമായൊരു പ്രതിരോധ ശ്രമമാണ്. പൂർണനഗ്‌നരായി ഒരു പ്രതിഷേധമാർച്ച്. തങ്ങളെ ശരീരം മാത്രമായി കാണുന്നവർക്കിടയിലൂടെ തുറന്നു വെച്ച ശരീരമായി, അങ്ങനെ ആൺകണ്ണുകളിലെ അശ്ലീലത്തെ, അവന്റെ ചെയ്‌തികളിലെ അതിക്രമത്തെ, അവന്റെ ആക്രമണോത്സുകമായി ഉദ്ധരിച്ച ലിംഗത്തെ ക്രൂരമായി നിഷേധിച്ച് അവർ നടന്നു കയറുന്നത് അവരുടേതു കൂടിയായ, പക്ഷേ ഇതുവരെ വിലക്കപ്പെട്ടിരുന്ന  ഭൂമിയിലേക്കാണ്. അതും പൂ പോലെ, വെയിൽ പോലെ, കാറ്റു പോലെ അത്രയും സൗമ്യമായി, ശാന്തമായി.

ഈ കഥയിലെ പ്രമേയം പഴകിയതെന്നാരോപിക്കാം. പക്ഷേ കഥയുടെ പ്രതിരോധരാഷ്‌ട്രീയം പുതിയതാണ്. ആൺ-പെൺ ബന്ധങ്ങളിലെ അധികാരത്തിനപ്പുറം ആണത്ത-പെണ്ണത്ത നിർമ്മിതിയുടെ അധികാരത്തെയാണ് കഥ അന്വേഷിക്കുന്നതും നിരസിക്കുന്നതും. വർഗ്ഗ-ജാതി-വർണ വ്യത്യാസങ്ങളുള്ള വ്യത്യസ്‌ത ജീവിതനിലവാരങ്ങളിൽ നിന്നുള്ള സ്‌ത്രീകൾ, അവർക്കിടയിലെ അസമങ്ങളെ സമീകരിക്കുന്നത് അവരിലെ ലൈംഗികതയാണ്, അതും ആൺനോട്ടങ്ങൾ നിർണയിക്കുന്ന ശരീരമാത്രകേന്ദ്രിതമായ ലൈംഗികത. അങ്ങനെ ഏകീഭവിക്കപ്പെട്ട പെൺകൂട്ടം സ്വന്തം ശരീരം തന്നെ ആയുധമാക്കി പുരുഷാധികാരത്തെ ചോദ്യം ചെയ്‌ത്‌ ആത്‌മപ്രതിരോധത്തിലുടെ വ്യത്യസ്‌തമായ ലൈംഗിക കർത്തൃത്വം സൃഷ്‌ടിച്ചിരിക്കുന്നു. ഫെമിനിസ്റ്റ് രാഷ്‌ട്രീയ ചിന്തകളിലെ സജീവ ആശയമായ പ്രതിരോധിക്കുന്നവരുടെ (Society of Defenders) സമൂഹത്തെയാണ് ഷാഹിനയുടെ കഥ മൂർത്തമായി വരച്ചെടുക്കുന്നത്.

മാധ്യമം ആഴ്‌ച്ചപ്പതിപ്പിൽ എം. കമറുദ്ദീൻ എഴുതിയ ‘അയാൾ ഒരു ചമയ കലാകാരൻ ‘ എന്ന കഥ അതിലെ പൊള്ളിക്കുന്ന  ജീവിതനിരീക്ഷണങ്ങൾ കൊണ്ടാണ് ആകർഷകമാവുന്നത്. കഥയുടെ ആഖ്യാനവും ശൈലിയും അടുത്തയിടെ വായിച്ച കമറുദ്ദീൻ കഥകളുടേതു തന്നെയാണ്. മടുപ്പുളവാക്കാനിടയുള്ള ഈ ഏകതാനതയെ ചിന്തകളുടെ തീക്ഷ്‌ണതകൊണ്ടു മറികടക്കാൻ ഈ കഥയിൽ കമറുദ്ദീന് അനായാസം കഴിയുന്നുണ്ട്. ചമയ കലാകാരൻ ആളുകളുടെ മുഖത്ത് രൂപമാറ്റം വരുത്താനുള്ള സിദ്ധി കൈവശമുള്ളവനാണ്. കഥയിലെ കാലഹരണപ്പെട്ട കലാകാരനാവട്ടെ, പുതിയ ചമയവിദ്യകൾ പഠിച്ചെടുത്തില്ല. തന്റെ പരിമിതമായ സാമഗ്രികൾ കൊണ്ട് അയാൾ മുഖങ്ങളിൽ അത്‌ഭുതകരമായ മാറ്റങ്ങൾ സൃഷ്‌ടിച്ചു. താൻ സൃഷ്‌ടിച്ച ഭാവഭേദങ്ങൾ, രൂപമാറ്റങ്ങൾ അയാളെത്തന്നെ കൗതുകപ്പെടുത്തി. നടിയുടേയോ നടന്റേയോ മുഖത്ത് തുറിച്ചു നോക്കുന്നുവെന്നതിന്റെ പേരിൽ അയാൾ പലപ്പോഴും അവഹേളിക്കപ്പെടുന്നു. അയാൾ നോക്കിയത് പക്ഷേ അവരെയായിരുന്നില്ല, താൻ ആ മുഖത്ത് സൃഷ്‌ടിച്ച കാലഭേദങ്ങളെയായിരുന്നു.

‘ആളുകൾ ഒട്ടും ശ്രദ്ധിക്കില്ലെന്ന് ഉറപ്പുള്ളതുകൂടി ചെയ്‌തു വെയ്ക്കണമെന്നാണ് ഞാൻ കരുതുന്നത്’ എന്നയാൾ തന്റെ കലാവസ്‌തുവായ മുഖത്ത് കാലം വരുത്തുന്ന  ഓരോ സൂക്ഷ്‌മഭേദങ്ങൾ കൂടി ശ്രദ്ധയോടെ പൂർത്തിയാക്കുകയും അത് നോക്കി സ്വയം തൃപ്‌തിയടയുകയും ചെയ്‌തു. നാടകസമിതിയിൽ ചെറുപ്പക്കാരനായ, മേക്കപ്പ് വൈദഗ്ദ്ധ്യവും സാങ്കേതികമികവുമുള്ള കലാകാരൻ വന്നതോടെ ദാനിയേലിന്റെ ജോലി കുറയുകയും അയാൾ പുറത്താവുകയും ചെയ്യുന്നു. ചമയകല ഒരു തൊഴിൽ മാത്രമായി കാണാൻ കഴിയാത്ത, കാലം ഓരോ മനുഷ്യനിലും വരുത്തുന്ന മാറ്റങ്ങൾ കാത്തിരിക്കാതെ അപ്പപ്പോൾ കാണണമെന്നിച്ഛിച്ച, തന്റെ കൈയ്യിൽ  കാലം ഒതുങ്ങി നിൽക്കണമെന്ന് വാശി പിടിച്ച ദാനിയേലിന്റേത് സവിശേഷമായൊരു നീതിബോധമാണ്. നാഗരിക പരിഷ്‌കൃതിയും  വിപണി കേന്ദ്രിത യൂസ് ആന്റ് ത്രോ ഉപഭോഗ സംസ്‌കൃതിയും പഴയകാലത്തെ, അതിന്റെ വേഗതക്കുറവിനെ, മികവില്ലായ്‌മകളെ ചേർത്തുകൂട്ടി അരികിലേക്കൊതുക്കുന്നത് കഥയിൽ കാണാം. ജീവിതം നേരിടേണ്ടിവരുന്ന, ജീവിതംകൊണ്ടു പൂർത്തീകരിക്കേണ്ടിവരുന്ന  പലതരം സമസ്യകളെ പ്രതിനിധീകരിക്കുന്ന വിചിത്രസ്വഭാവിയായ, ഏകാകിയായ, ഒരാൾക്കു തന്നോടു തന്നെ പറയാനുള്ള വാക്കുകൾ എത്ര കുറവാണെന്നു തിരിച്ചറിയുന്ന ദാനിയേൽ. കാലത്തിന്റെ അപ്രതിരോധ്യത, അതിനെ നിയന്ത്രിക്കാനും സ്വേച്ഛ പോലെ വഴിതിരിച്ചുവിടാനുമുള്ള മനുഷ്യന്റെ വ്യഗ്രത, ഇതാണ് കഥയുടെ കാതൽ. കാലം മനുഷ്യന്റ വിരലുകൾക്കുള്ളിലൊതുങ്ങുന്നതല്ല എന്നു ദാനിയേലിന്റെ പരാജയപ്പെട്ട ജീവിതം തന്നെ തെളിവും നൽകുന്നു.

ഭാഷാപോഷിണിയിൽ ജി.ആർ ഇന്ദുഗോപൻ എഴുതിയ ചെങ്ങന്നൂർ ഗൂഢസംഘം ഒരു കഥയുടെ ഒതുക്കമോ ഓമനത്തമോ കൊണ്ടല്ല വായനക്കാർക്കു പ്രിയമാവുക. ചിതറിക്കിടക്കുന്ന അയഞ്ഞ രൂപഘടന, ധാരാളം കഥാപാത്രങ്ങൾ, അവർ പറയുന്ന ഉപകഥകൾ, അവിചാരിതമായ ട്വിസ്റ്റുകൾ, അലസമായ, മുറുക്കമേതുമില്ലാത്ത പരിണാമം, കടലിലും കരയിൽ പലേടത്തുമായി പരന്നു കിടക്കുന്ന സ്ഥല രാശി… ഇതെല്ലാം കൊണ്ടായിരിക്കാം ഈ കഥ ആകർഷകമാവുക. കഥ നീണ്ടതാണ്, സംഭവബഹുലമാണ്. ഒരു സിനിമയുടെ ചലനാത്‌മകതയും ദൃശ്യപരതയുമുണ്ട്. വെള്ളത്തിൽ ജാൻസണെന്നും കരയിൽ മൈതീനെന്നും അറിയപ്പെടുന്ന അമാനുഷനായ ആ സ്രാവുപിടുത്തക്കാരൻ ഒരിക്കലും തോൽക്കാത്തവനാണ്. വീഴ്‌ച്ചകളിൽ നിന്നയാൾ  വർദ്ധിത വീര്യത്തോടെ ഉയിർത്തെഴുന്നേൽക്കും. അവനെ വീഴ്ത്താനാണ് അവന്റെ ശത്രുക്കൾ ചെങ്ങന്നൂർ ഗൂഡസംഘം രൂപീകരിക്കുന്നത്. എന്നും പരാജയപ്പെടുന്ന ദുർബ്ബലരുടെ ഒരു നിര. സ്വയം അതു തിരിച്ചറിയുന്നെങ്കിലും എന്നും അവനെതിരെ പൊരുതിക്കൊണ്ടിരിക്കും എന്ന നിഷ്‌ക്രിയവും ദയനീയവുമായ വീമ്പു പറച്ചിലാണ് കഥ അവസാനിക്കുന്നത്. യഥാർത്ഥ ജീവിതത്തിലില്ലാത്ത സാഹസികത, ആദർശാത്മകത, പ്രതിസന്ധികൾക്ക് അതീവലളിതമായ പരിഹാരങ്ങൾ, അതിനാടകീയത, പ്രാദേശിക സംസ്‌കാരവും ഭാഷയും തുടങ്ങിയ  ചേരുവകളെല്ലാം  ചേർത്തുവെച്ചു പാകം ചെയ്‌ത ജനപ്രിയ വിഭവമാണ് ഈ കഥ. അതു സൃഷ്‌ടിച്ചു പ്രതിഷ്ഠിക്കുന്നത് അമാനുഷികനായ, അധികാരിയായ പുരുഷബിംബത്തെയാണ്. അതിനെ വെറുതെയെങ്കിലും ആരും കേൾക്കാതെയെങ്കിലും ചോദ്യം ചെയ്യുന്നു ചെങ്ങന്നൂർ ഗൂഢസംഘമെന്നത് ചിരിയല്ല, ആശ്വാസമാണുണ്ടാക്കുന്നത്.

മാതൃഭൂമിയിലെ പാന ആന്റോ സെബിൻ ജോസഫിന്റെ അവാർഡു കഥയാണ്. രസകരമായി കഥ പറഞ്ഞു പോവാനുള്ള കഴിവുണ്ട് ആന്റോ സെബിന്. മറ്റേമ്മയുമായുള്ള ആത്‌മ ബന്ധം, മറ്റേമ്മയെ കാണാതാവൽ, കുട്ടിയുടെ അനാഥത്വം, സുതാര്യമായ ഗ്രാമീണ ദൃശ്യങ്ങൾ ഇതെല്ലാം തീവ്രമായി ആവിഷ്‌കരിക്കുന്നു. ദു:ഖവെള്ളിടേയും പീഡാനുഭവത്തിന്റെയും മുള്ളുകളുള്ള ശതാവരിമുടിയുടേടെയും പുത്തൻ പാനയിലെ വിലാപ പർവ്വത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ, അനാഥയാവുന്ന പെൺകുട്ടിയുടെ ദൈന്യത കഥ നന്നായി പകർത്തിയിട്ടുമുണ്ട്. വായനക്കാരെയാവട്ടെ ബിംബങ്ങളുടെ തെരഞ്ഞെടുപ്പിലും ഉപയോഗത്തിലും ഇത്രയധികം ശ്രദ്ധ ചെലുത്തുന്നത് സന്തോഷിപ്പിക്കുകയും അതേ സമയം അത്രയ്ക്കനായാസമായി, സ്വാഭാവികമായി അവ കഥയോടു ചേരുന്നില്ലല്ലോ എന്നു മടുപ്പിക്കുകയും ചെയ്യാനിടയുണ്ട്.

-ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account