മാധവിക്കുട്ടിയെ വിഗ്രഹവൽക്കരിക്കുന്നത്, നാലപ്പാട്ട് തറവാട്ടിനെ ഒരു ലെജൻഡാക്കുന്നത്, നീർമാതളത്തിന്  മിത്തിക്കൽ പരിവേഷം പകരുന്നത്  ആദ്യമായിട്ടല്ല. സാഹിത്യ രചനകളിൽ, പ്രസംഗങ്ങളിൽ, സംഭാഷണങ്ങളിൽ എല്ലാം വ്യവസ്ഥാപിതത്വങ്ങളോട് ഒന്നൊഴിയാതെ നിഷേധാത്മക നിലപാടു സ്വീകരിച്ചതുകൊണ്ടുതന്നെയാവണം  മാധവിക്കുട്ടി കേരളീയ പൊതുബോധത്തിന് സ്വീകാര്യയായതെന്നത് വിചിത്രമായിത്തോന്നാം. ഭീഷണിപ്പെടുത്തി മെരുക്കാൻ പറ്റില്ലെന്ന തിരിച്ചറിവ് അവരെ ഓമനിച്ചും പുകഴ്ത്തിയും വരുതിയിലാക്കാനുള്ള മറ്റൊരു കൗശലത്തിലേക്കു വഴി തെളിച്ചു.  മാധവിക്കുട്ടിയെ മനസിലാക്കിയിട്ടോ, അവരുടെ വിമോചനാത്‌മകനിലപാടുകളെ അംഗീകരിച്ചിട്ടോ, അവരെടുത്ത കർത്തൃത്വപരമായ സ്വാതന്ത്ര്യങ്ങൾ ദഹിച്ചിട്ടോ ആയിരുന്നില്ല ഒരിക്കലുമത്. ഒരുതരം ലാളിച്ചു വഷളാക്കൽ. കുസൃതിയും നിഷ്‌കളങ്കതയും നിറഞ്ഞ കുട്ടിത്തുറന്നുപറച്ചിലുകളായി അവയുടെ വിപ്ലവ സ്വഭാവം പോലുമുള്ള ഉള്ളടക്കത്തെ നിർവീര്യമാക്കൽ. വസ്‌തുനിഷ്ഠവും യുക്‌തിഭദ്രവുമായിരുന്ന അവരുടെ എഴുത്തും പറച്ചിലും ഈ രീതിയിൽ നിസാരമാക്കി മാറ്റേണ്ടത് അനിവാര്യതയായിരുന്നു.

ആമി എന്ന സിനിമയുടെ പശ്‌ചാത്തലത്തിൽ,  സിനിമയെ വിജയമാക്കാൻ ആവശ്യമായ ചില്ലറ വിവാദങ്ങൾ സംവിധായകനിൽ നിന്നു തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിനിമയുടെ അനുപൂരകമെന്ന നിലയിൽ സുസ്‌മേഷ്  ചന്ത്രോത്തിന്റെ തേൾ എന്ന കഥ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വളരെ ഉപരിവിപ്‌ളവമായി മാധവിക്കുട്ടിയുടെ ജീവചരിത്രമാഖ്യാനം ചെയ്‌ത  സിനിമയെ സഹായിക്കാനാണോ അതിനെ കളിയാക്കാനാണോ കഥാകാരന്റെ രചനോദ്യമം എന്ന സംശയം കൊണ്ട് ഈ കഥ എങ്ങനെ വായിച്ചെടുക്കുമെന്ന പ്രതിസന്ധി വായനക്കാർക്കുണ്ടാവാം.

അതികാൽപ്പനികമായ ഫ്യൂഡൽ കാഴ്ച്ചകളുടേയും ചൊടിപ്പിക്കുന്ന വള്ളുവനാടൻ വരേണ്യ ഭാഷയുടെയും സങ്കലനമാണ് കഥയൊട്ടാകെ. സന്ധ്യാനായരെന്ന ലോകമാരാധിക്കുന്ന സംഗീതജ്ഞയും എഴുത്തുകാരിയുമായ സ്‌ത്രീ. ചുരുളൻ മുടിയും വലിയ കുങ്കുമപ്പൊട്ടും. വില കൂടിയ പട്ടുസാരികൾ, നിരവധി പ്രണയങ്ങൾ. അപ്പോഴും 11-ാം വയസിൽ തനിക്കൊപ്പം ആദ്യരാത്രി ആഘോഷിച്ച ശ്യാം എന്ന നിത്യകാമുകൻ കൂടെയുണ്ടുതാനും. ഒടുവിൽ ഒരു  മുസ്‌ലീംസംഗീതജ്ഞനെ പ്രണയിച്ച് അയാൾക്കു വേണ്ടി മതം മാറുന്നു, പർദ്ദയ്ക്കുള്ളിലേക്കു മറയുന്നു. ഈ മുസ്‌ലീം പുരുഷനു ഹിന്ദുച്ഛായയെന്ന് അയാളേയും കൃഷ്‌ണവൽക്കരിക്കുന്നു. അതൊരു സവിശേഷവും സമർത്ഥവുമായ  നിലപാടാണ്, എഴുത്തുകാരനു സ്വന്തം ഇടം സുരക്ഷിതമാക്കാനുള്ള തന്ത്രം.

സന്ധ്യാനായരുടെ ജീവിതം, സൗന്ദര്യം, വലിയ തറവാട്,,പാരമ്പര്യം, ഐശ്വര്യം, സമ്പത്ത്… ഇങ്ങനെ വായനക്കാരെ മടുപ്പിക്കുന്ന  സവർണബിംബങ്ങളെല്ലാം നിരത്തി വെച്ചതിനു പുറമെ  കഥ ആഖ്യാനം ചെയ്യുന്ന അമ്മുവിന്റെ  വകയായും അതേ ബിംബസമൃദ്ധി ആവർത്തിക്കുന്നു. അക്കിത്തത്തിന്റെ ബന്ധു, കേളികേട്ട ഇല്ലം, എഴുത്തുകാരനായ  അമ്മാവന്റെ അതിവിശാലമായ  ലൈബ്രറി, എഴുത്തുകാരുടെ സന്ദർശനം, കുളം, അമ്പലം, വയൽ, സർപ്പക്കാവ് … പോരാത്തതിന് ഗൃഹാതുരതയുടെ, നഷ്‌ടബോധങ്ങളുടെ വിഷാദച്ഛായയും.

സർകാസമെന്നു ചിലപ്പോഴൊക്കെ തെറ്റിദ്ധരിച്ചു പോകാവുന്നിടത്തോളം പൈങ്കിളിയാണ് കഥയുടെ ഭാവതലവും ഭാഷയും. പക്ഷേ അങ്ങനെയാവാനിടയില്ല. ആമി എന്ന സിനിമയെ പിന്തുണയ്ക്കാൻ സിനിമാ പ്രവർത്തകൻ കൂടിയായ കഥാകൃത്തിന്റെ വിഫലശ്രമമെന്ന് പലതവണ ശങ്കിച്ചു പോവാനുമിടയുണ്ട്. എന്തായാലും മാധവിക്കുട്ടിയുടെ ഛായയിൽ ഒരു കഥാപാത്രത്തെ സൃഷ്‌ടിച്ച് അതിനെ ഉദാത്തവൽക്കരിക്കുക, അവരുടെ സ്വത്വത്തെ മഹത്വപ്പെടുത്തുകയെന്നതൊക്കെയാണദ്ദേഹത്തിന്റെ പ്രാഥമികലക്ഷ്യങ്ങൾ എന്നതിൽ സംശയിക്കാനില്ല. അതെന്തിനു വേണ്ടിയെന്നുള്ളത് അപ്പോഴും പക്ഷേ അവ്യക്‌തമായിരിക്കുന്നു. എന്തിനുവേണ്ടി എഴുതിയതായാലും കഥ എന്ന നിലയിൽ ഈ രചന പരിഹാസ്യമാം വിധം പരാജയപ്പെടുന്നു. കഥയുടെ തുടക്കത്തിലും ഒടുക്കത്തിലും ഒരു തേളിനെ കൊണ്ടുവന്നു ഘടിപ്പിച്ചിരിക്കുന്നതും വിചിത്രമാണ്, അതവിടെ ഉള്ളതുകൊണ്ട് കഥയ്ക്ക് തേൾ എന്നു പേരിടാൻ പറ്റിയെന്ന ഒരു പ്രയോജനമുണ്ടായെന്നു  മാത്രം പറയാം.

ചന്ദ്രിക ആഴ്‌ച്ചപ്പതിപ്പിൽ പി.കെ. സുധി എഴുതിയ അഷ്‌ടമുടിയിലെ വായനക്കാർ എന്ന കഥ സരളമായി, സരസമായി വായനക്കാരിലേക്കൊഴുകുന്നു. പത്തു മുപ്പതു വർഷം മുമ്പ് നടന്ന പെരുമൺ ട്രെയിൻ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിലാണ് കഥ. റിയലിസ്റ്റിക് വിവരണങ്ങളുപയോഗിച്ച് കൊണ്ട് അതും സൂക്ഷമമായ യഥാതഥ വർണനകൾ കൊണ്ടുതന്നെ സ്വപ്‌നസമാനമായൊരു ഭ്രമാത്‌മകലോകം സുധി മെനഞ്ഞെടുത്തിരിക്കുന്നതെത്രയോ കൗതുകകരമായിരിക്കുന്നു. വായനയിൽ തൽപ്പരരായ, വായിക്കാൻ വേണ്ടി മാത്രം നിത്യവും ട്രെയിൻ യാത്ര നടത്തുന്ന പുരുഷനും സ്‌ത്രീയും. പരസ്‌പരം കൂട്ടിമുട്ടാതെ രണ്ടു ദിക്കിലേക്കുള്ള അനേകം യാത്രകൾക്കു ശേഷം ആകസ്‌മികമായി ഇരുവരും ഒന്നിച്ചൊരേ കമ്പാർട്ട്‌മെന്റിൽ അഭിമുഖമെത്തുന്നു. വായന അവരെ സുഹൃത്തുക്കളാക്കുന്നു. അതേ യാത്രയിൽ ടൊർണാഡോ അവരെ അഷ്‌ടമുടിക്കായലിന്റെ ആഴങ്ങളിലേക്കെറിയുന്നു. അവിടെയും അവർ വായന തുടരുന്നു. പുസ്‌തകങ്ങൾ കൈമാറി മുഴുവനും വായിച്ചു തീർന്ന നിമിഷം മറ്റൊരു ടൊർണാഡോ അവരുടെ കമ്പാർട്ട്‌മെന്റിനെ പൊക്കിയെടുത്ത് അപ്പോൾ പാലത്തിലൂടെ പോയ്ക്കൊണ്ടിരുന്ന ഐലണ്ട് എക്സ്പ്രസിന്റെ അവസാന ബോഗിയിൽ ഒട്ടിച്ചു ചേർക്കുന്നു. ‘പുതിയ പുസ്‌തകങ്ങൾ ഇറങ്ങിയോ, ആൾക്കാർ എന്തൊക്കെ വായിക്കുന്നു’ എന്നെല്ലാമറിയാൻ മറ്റു കമ്പാർട്ട്‌മെന്റുകളിലൂടെ നടന്ന അവർ കാണുന്നത് ‘വണ്ടിയിലെ ഒരാളും പുസ്‌തകം വായിക്കുന്നില്ല, എല്ലാപേരുടെ കൈയ്യിലും മൊബൈലും ടാബും ലാപ്പും മാത്രം’.

30 വർഷങ്ങൾ കൊണ്ട് ലോകം വല്ലാതെ മാറിയിരിക്കുന്നു. ഭ്രമാത്‌മകമായ ഭാവനയുടെ ഒരു അയാർത്ഥലോകത്ത് തങ്ങളുടെ നിരന്തരമായ വായനയെന്ന, സദാ വായിച്ചു കൊണ്ടേയിരിക്കുകയെന്ന ഇച്ഛയെ, സ്വപ്‌നത്തെ സഫലമാക്കുന്നവരാണ് കഥയിലെ നായികാനായകന്മാർ. വിഭ്രാത്‌മക മാണവരുടെ ജലജീവിതം. തിരിച്ചെത്തലിന്റെ നാടകീയത, വായനയും പുസ്‌തകങ്ങളും കാലഹരണപ്പെട്ടതിന്റെ സൂചന, ഇങ്ങനെ ഭൂതകാലത്തെയും വർത്തമാനത്തെയും പരിമിതമായ വാക്കുകൾ കൊണ്ട് വിളക്കിച്ചേർക്കുന്നതിലെ സൂക്ഷ്‌മമായ കൗശലം അത്‌ഭുതപ്പെടുത്തും.

മാധ്യമം ആഴ്‌ച്ചപ്പതിപ്പിലെ യു.എ.ഖാദറിന്റെ ചേമഞ്ചേരിയിൽ… എന്ന കഥ പുതുമകളൊന്നുമില്ലാതെ ഒരു ഭാഗവതരുടെ സാഹസികമായ ജീവിതവും പ്രണയധീരതയും ചിത്രീകരിച്ചിരിക്കുന്നു. കഥയിലെ പുതുതലമുറയോടും പുതു പ്രവണതകളോടും മൽസരിച്ചു കൊണ്ട് സദാ പുതിയതായിരിക്കുക എന്നത് മുതിർന്ന എഴുത്തുകാർക്ക് വലിയ വെല്ലുവിളി തന്നെയാണ്, മിക്കവാറും അസാധ്യവും.

സമകാലികമലയാളത്തിൽ ആർ. ജയകുമാർ എഴുതിയ പിതൃഭൂതൻ എന്ന കഥ അദ്ദേഹത്തിന്റെ അഭാവത്തിൽ വായിക്കുന്നത് വേദനാജനകമായ അനുഭവമായിത്തീരും.

-ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account