ഉത്തരാധുനികതയുടെ സവിശേഷമായ രാഷ്‌ട്രീയാന്തരീക്ഷത്തിൽ അധിനിവേശത്തിന്റെ കുത്തൊഴുക്കുകളെ – അത് വ്യത്യസ്‌തങ്ങളായ സ്രോതസുകളിൽ നിന്നാണ് – പ്രതിരോധിക്കേണ്ടത് ക്ലേശകരമായ, നിതാന്തജാഗ്രത ആവശ്യമുള്ള പ്രക്രിയയായി മാറിക്കൊണ്ടിരിക്കുന്നു. എത്രത്തോളം തടയുന്നുവോ അത്രയ്ക്ക് തിടം വെച്ചു വളരുന്ന അധീശത്വത്തിന്റെ ഉറവിടങ്ങൾ എണ്ണമറ്റവയാണ്. ജ്ഞാനവും പ്രത്യയശാസ്‌ത്രങ്ങളും പലപ്പോഴും അധികാരവ്യവഹാരങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നുവെന്നത് വർത്തമാനകാലത്തിന്റെ  മറ്റൊരു വൈരുദ്ധ്യമാണ്.  മത തീവ്രത/മാതാത്‌മകത ഇവയ്ക്കാണ് പുതിയ സാമൂഹികപരിസരങ്ങളിൽ ഏറ്റവും ശക്‌തമായ അധീശരൂപങ്ങളാവാൻ കെൽപ്പുള്ളത്. ശാസ്‌ത്രത്തെ, യുക്‌തിയെ, പലപ്പോഴും സാമാന്യബോധത്തെത്തന്നെ പരിഹസിക്കുകയും മറികടക്കുകയും ചെയ്യുന്ന ഒന്നായി മതതീവ്രവാദം മാറുന്നതിലെ അശ്ലീലം ഭീതിജനകമാവുന്നു.

കഴിഞ്ഞാഴ്ച്ച സമകാലിക മലയാളത്തിലും ഭാഷാപോഷിണിയിലും വന്ന രണ്ടു കഥകൾ കൃത്യമായി, മാനവികത ചോർന്നു പോകുന്ന പുതിയ മതനവീകരണ പ്രക്രിയകളുടെ, വിമർശനങ്ങൾക്കതീതമെന്നു ഭാവിക്കുന്ന അതിന്റെ മനുഷ്യത്വരഹിതമായ മൂല്യബോധങ്ങളെ വിമർശിക്കുന്നവയാണ്.

ജോസ് പാഴൂക്കാരന്റെ ജനലഴിയിലെ പാമ്പ് സമകാലാന്തരീക്ഷത്തിൽ ഏറെ പ്രസക്‌തമായ, ചർച്ചയായ ഒരു യഥാർത്ഥസംഭവത്തിന്റെ പ്രച്ഛന്നമായ ആവിഷ്‌കരണമാണ്. കടൽത്തീരത്തെ മാളികയിൽ രണ്ടു കൊച്ചു കുഞ്ഞുങ്ങളോടൊപ്പം ഒറ്റപ്പെട്ടു പോകുന്ന ഷാഹിന അവളുടെ മുറിക്കു പുറത്ത് ജനലഴികളിൽ എന്നും ഭയപ്പെടുത്തുന്ന രാജവെമ്പാലയെ കാണുന്നു. അവൾ  അദൃശ്യമായ ഒരു തടവറയിലാണ്. ഭർത്താവ് നിഷാന്ത് ദിവസങ്ങളായി വീട്ടിൽ വരികയോ വിളിക്കുകയോ ചെയ്യുന്നില്ല. പർദ്ദയുടെ, മത നിയമങ്ങളുടെ, അനുഷ്ഠാനങ്ങളുടെ ചരടുകൾ അവളെ അവളല്ലാതാക്കിക്കഴിഞ്ഞു. മതരഹിതമായ ജീവിതവും അളവറ്റ പ്രണയവും കൊതിച്ച് നിഷാന്തിന്റെ ജീവിതത്തിലേക്കു വന്ന ഹിന്ദു പെൺകുട്ടിയായിരുന്നു ഷാഹിന. നിഷാന്തിനു വേണ്ടി എല്ലാം നഷ്‌ടപ്പെടുത്തിയവൾക്ക് പ്രണയവും കരുതലും പകരം കിട്ടുന്നില്ല. അവൾ പൂർണമായും ഒരു മതശരീരമായി മാറുന്നു. ശരീരത്തെ ഒളിപ്പിച്ചു വെച്ച്,  ജീവിതത്തെത്തന്നെ ഒളിപ്പിച്ചുവെച്ച് സ്വയം ഇല്ലായ്‌മയായി മാറുന്ന സ്‌ത്രീ, പലരേയും പോലെ.

മതത്തിന്റെ, അന്ധമായ മതബോധനത്തിന്റെ ഇരുട്ടു പടർന്നു മൂടുന്ന സമകാല സംസ്‌കാര പരിസരങ്ങളിൽ ജനലഴിയിലെ പാമ്പിനു പ്രസക്‌തി കൂടുതലാണ്. പക്ഷേ വാചാലതയും ഏറെക്കുറെ ഏകപക്ഷീയമായ നിലപാടും മറച്ചുവെച്ചിട്ടും വല്ലാതെ പ്രകടമാവുന്ന ഗുണപാഠസ്വഭാവവും കഥയുടെ സൗന്ദര്യതലത്തെ ഗണ്യമായിത്തന്നെ ബാധിക്കുന്നത് കാണാതിരിക്കാനാവില്ല. കഥയുടെ രാഷ്‌ട്രീയം ശക്‌തമാണെങ്കിലും കഥ ദുർബലമാവുന്നത് അതുകൊണ്ടു കൂടിയാണ്.

ഏറെയൊന്നും വിദൂരമല്ലാത്തൊരു രാഷ്‌ട്രീയഭൂതകാലത്തിന്റെ സുവർണമായ ആദർശ സംഹിതകളുടെ പശ്ചാത്തലത്തിൽ സമകാല സാമൂഹിക-രാഷ്‌ട്രീയാവസ്ഥകളെക്കുറിച്ചു സംസാരിക്കുന്ന കഥയാണ് ജോസ് പനച്ചിപ്പുറത്തിന്റെ മഹാത്‌മാ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ വെജിറ്റേറിയൻ ചരിത്രം എന്ന കഥ (ഭാഷാപോഷിണി-മാർച്ച് ലക്കം).  കാളവെട്ടി ഗ്രാമത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ ലൈബ്രറി. അതിന്റെ കനകജൂബിലി സ്‌മരണികയിൽ ആത്‌മസമർപ്പണത്തോടെ, ഗവേഷണബുദ്ധിയോടെ ഗ്രാമചരിത്രമെഴുതിയ പൂഞ്ഞാർ മുരാരി സാർ. പല തലമുറകളായി അദ്ദേഹത്തിന്റെ കുടുംബം മഹാത്‌മാ ലൈബ്രറിയിലെ ലൈബ്രേറിയന്മാരായിരുന്നു. വായനശാലകളും പ്രാദേശിക ചരിത്രങ്ങളും ജനാധിപത്യ മൂല്യങ്ങളും ബഹുസ്വരമാക്കിയിരുന്ന 60-70 കളിലെ കേരളീയഗ്രാമാന്തരീക്ഷമാണ് കഥയുടെ പശ്ചാത്തലം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചെന്നു കേട്ടപ്പോൾ വായനശാലയിൽ തൂക്കിയിരുന്ന ഇന്ദിരാഗാന്ധിയുടെ ഫോട്ടോ  രായ്ക്കുരാമാനം വലിച്ചെറിഞ്ഞയാളാണ് മുരാരി സാറിന്റെ അച്ഛൻ. മുത്തച്ഛൻ പൂഞ്ഞാർ ഗോഖലെയെന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനി. അധീശത്വത്തിനെതിരെയുള്ള കഠിനമായ ചെറുത്തുനിൽപ്പുകളായിരുന്നു അവരുടെയൊക്കെ ജീവിതം. പക്ഷേ പുതിയ കാലം മൗലികമായ ഒരു പ്രതിരോധത്തിന്നും അവസരം സൃഷ്‌ടിക്കുന്നില്ല, അനുമതി നൽകുന്നുമില്ല. വിപൽക്കരവും ജനാധിപത്യവിരുദ്ധവുമായ പ്രത്യയശാസ്‌ത്രങ്ങൾ പ്രാദേശികമായ മൂല്യങ്ങളെയും യുക്‌തികളേയും തുടച്ചു നീക്കുന്നു. അധികാരഘടനകളുടേത് അത്രയും സവിശേഷമായ ആശയ വിനിമയമാണ്. അത് പ്രതിരോധ സാധ്യതകളെ പരിമിതമാക്കുന്നു.

കാളച്ചന്തകൾക്കും കാലിക്കച്ചവടത്തിനും വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവ് വന്നതോടെയാണ് ഗ്രാമത്തിന്റെ കാളവെട്ടി എന്ന പേര് ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. പേരു മാറ്റിയേ തീരൂ എന്നതൊരു അനിവാര്യതയുമാവുന്നു. യാതൊരുവിധ ചെറുത്തു നിൽപ്പുമില്ലാതെ പുതിയ കാലം ഫാസിസ്റ്റു മൂല്യങ്ങളെ അംഗീകരിക്കുകയാണ്. യുക്‌തിവിചാരങ്ങൾ അപ്രസക്‌തമാവുകയും അന്ധമായ അനുസരണ ജനതയുടെ മുഖമുദ്രയാവുകയും ചെയ്യുന്നു. ഭരണകൂടം നിർമ്മിച്ചെടുക്കുന്ന ആ ഏകപക്ഷീയമായ  പൊതുസമ്മതി ഒരു തരം ബലപ്രയോഗമാണ്. പേര്  മാറ്റുന്നതിനു വേണ്ടിയുള്ള ഭീമ ഹർജിയിൽ ഭൂരിപക്ഷം പേരും മൗനമായി ഒപ്പിട്ടു പോവുന്നു. നാടിന്റെ ചരിത്രകാരനായിരുന്ന മുരാരി സാറും വളരെ കുറച്ചു പേരും മാത്രമാണ് ഒപ്പിടാൻ തയ്യാറാവാതെ മാറി നിൽക്കുന്നത്. പക്ഷേ വൈകാതെ ഒരു രാത്രി വായനശാല കത്തിയമരുന്നു, മുരാരിസാറിന്റെ ദേശചരിത്രവും എണ്ണമറ്റ പുസ്‌തകങ്ങളും മുരാരി സാറടക്കം ദേശത്തിന്റെ സംസ്‌കാരവും ജ്ഞാനസഞ്ചയവുമെല്ലാം ഒറ്റയടിക്കു തുടച്ചു നീക്കപ്പെട്ടു. ഒരുതരം സാംസ്‌കാരികാക്രമണം. ഭരണകൂടം ഇങ്ങനെയുമാണ് എതിർനിലപാടുകളെ, എതിർശബ്‌ദങ്ങളെ നിശബ്‌ദമാക്കുക, സ്വന്തം പ്രത്യയശാസ്‌ത്രം സമർത്ഥമായി സ്ഥാപിച്ചെടുക്കുക.

പനച്ചിപ്പുറത്തിന്റെ കഥ ആശയങ്ങളുടെ, വസ്‌തുതകളുടെ സമാഹരണമാണ്. വളരെ പ്രസക്‌തമായവ, സമകാലഇന്ത്യയുടെ രാഷ്‌ട്രീയചിത്രത്തെ നിശിതമായി വിമർശിക്കാനും വിലയിരുത്താനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. മുരാരി സാർ പോലും കൃത്യമായ ഒരു പ്രതീകമാണ്. പക്ഷേ ഒരു ലേഖനം, അല്ലെങ്കിൽ ഇന്ത്യൻ രാഷ്‌ട്രീയത്തെ സംബന്ധിച്ച ഒരു എഡിറ്റോറിയൽ വായിക്കുമ്പോഴുള്ള അനുഭൂതിശൂന്യതയാണ് ഈ കഥയ്ക്കുമുള്ളതെന്നത് ഒറ്റപ്പെട്ട തോന്നലായിരിക്കില്ല. വിജ്ഞാനപ്രദമാണ്. പക്ഷേ വസ്‌തുതകളുടെ വിരസമായ ശേഖരവുമാണ്. അവയെ  കഥയായി മാറ്റേണ്ടിയിരുന്ന എന്തെല്ലാമോ രാസപരിണാമങ്ങൾ സംഭവിക്കാതെ പോയിരിക്കുന്നു. ടെസ്റ്റ് ട്യൂബിലെടുത്ത മിശ്രിതങ്ങൾ പുതിയതൊന്നായി മാറാതെ, പരാജയപ്പെട്ടൊരു ലാബ്  പരീക്ഷണമായി ഈ കഥ അനുഭവപ്പെടുന്നു.

മാധ്യമത്തിൽ എം.സുധാകരനെഴുതിയ വെയിൽ ഒരു പെയിന്റിങ് പോലെ വർണശബളമാണ്. വീടിനു പിന്നിലെ ഉപേക്ഷിക്കപ്പെട്ട കുളവും മരങ്ങളും ഇരിക്കാനുള്ള കരിങ്കൽപ്പാളികളുമെല്ലാം ചേർന്ന സ്വപ്‌നസന്നിഭമായൊരിടം. അവിടെ പ്രണയവും കൗമാരത്തിന്റെ ആനന്ദങ്ങളും നുണയുന്ന കഥാനായകൻ. ആ സ്ഥലത്തിന്റെ ഉടമസ്ഥയുടെ വീട്ടിൽ ,അവരുടെ കിടപ്പറയിൽ തുറന്നിട്ട കിളിവാതിൽ തന്റെ രഹസ്യാനന്ദങ്ങളുടെ, ഒളിവിടത്തിന്റെ നേർക്കാഴ്ച്ച  തരുന്നുവെന്നും താനാ സുന്ദരിയായ മധ്യവയസ്ക്കയാൽ നിരന്തരം നിരീക്ഷിക്കപ്പെടുകയുമായിരുന്നെന്നും ഞെട്ടലോടെ അവനറിയുന്നു. വെളിച്ചത്തിന്റെ, നിറങ്ങളുടെ, നിറക്കലർപ്പുകളുടെ സങ്കലനത്തിലൂടെ വരച്ചിട്ട ഭൂതകാലസ്‌മൃതികളും ഭാവനാത്‌മകമായ സ്ഥലചിത്രണവും വിശദാംശങ്ങളിലെ ശ്രദ്ധയുമെല്ലാം കഥയെ സവിശേഷമാക്കുന്നവ തന്നെയാണ്. പക്ഷേ അതിനപ്പുറം കഥയ്ക്ക് പ്രത്യേകിച്ചൊരു ആകർഷണീയതയുമില്ല, ഒന്നും വിനിമയം ചെയ്യുന്നുമില്ല എന്നു വായനക്കാർ സന്ദേഹിക്കാം.

അകം മാസികയിലെ ഷീബ ഇ.കെയുടെ ശാപത്തറ  കാമുകനും പിന്നീട് സുഹൃത്തുമായിരുന്ന ആളുടെ മരണശേഷം അയാളുടെ ഭാര്യ ആവശ്യപ്പെട്ടതനുസരിച്ച് അവളെ കാണാൻ ചെല്ലുന്ന ചാരുവിന്റെ കഥയാണ്. ദാമ്പത്യത്തിലെ പ്രതിസന്ധികൾ, ഒറ്റപ്പെടൽ ഭാര്യയുടെ നിഷ്ഠുരത, പഴയ കാമുകിയുടെ സ്‌നേഹം, അവളുടെ ഭർത്താവിന്റെ കരുതൽ തുടങ്ങി പഴക്കമുള്ള ചേരുവകൾ പഴയ മട്ടിൽ ചേർത്തുവെച്ചതുകൊണ്ടുതന്നെയാവണം ഈ കഥ വായനാക്ഷമമായൊരു സാധാരണ കഥ മാത്രമായിപ്പോയത്. സമാനമായ പ്രമേയങ്ങൾ ചന്ദ്രമതിയും മറ്റും തീക്ഷ്‌ണമായി അനുഭവിപ്പിച്ചതോർക്കാവുന്നതാണ്.  ഇതിനെക്കാൾ എത്രയോ മികച്ച  കഥകൾ എഴുതിയിട്ടുള്ള ഷീബ ഇ.കെയുടെ തിരിഞ്ഞു നടത്തം പോലെ തോന്നിപ്പിക്കുന്ന കഥയാണ് ശാപത്തറ.

എതിർദിശയിൽ കെ.എസ്. രതീഷ് എഴുതിയ ‘എഴുത്തച്ച’ൻ എന്ന കഥ ക്രാഫ്റ്റു കൊണ്ടോ ശിൽപ്പഭദ്രത കൊണ്ടോ അല്ല കൗതുകകരമായി തോന്നുന്നത്. എല്ലാ മനുഷ്യരിലുമുണ്ടാവാനിടയുള്ള  പെരുന്തച്ചൻ ഇഫക്ടിലാണ് കഥയുടെ ഊന്നൽ. എഴുത്തിന്റെ മേഖലയിലെ പ്രശ്‌നങ്ങൾ, എഴുത്തുകാർക്കിടയിലെ തരംതിരിവുകൾ, കുതികാൽ വെട്ടുകൾ, പ്രസാധകരുടെ കൗശലം, പുതുതലമുറയുടെ എഴുത്തുരീതികളോടും സങ്കേതങ്ങളോടും പൊരുത്തപ്പെടാനാവായ്‍ക, പരാജയപ്പെട്ട എഴുത്തുകാരൻ നേരിടുന്ന പലതരം അവഗണനകൾ, അവമതികൾ, താൻ വളർത്തിക്കൊണ്ടുവന്നവൻ തന്നെക്കാൾ വളരുന്നതിലെ അസൂയയും പകയും ഇതെല്ലാം കഥയിലേക്കു കൊണ്ടുവരാൻ രതീഷിനു കഴിയുന്നുണ്ട്. കഥ എന്ന നിലയിൽ പൂർണതയൊന്നും അവകാശപ്പെടാനില്ലെങ്കിലും പ്രമേയത്തിലെ പുതുമ രസകരമാവുന്നു.

-ജിസാ ജോസ് 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account