ജനകീയവും വിപണി കേന്ദ്രിതവുമായ ജനപ്രിയസംസ്‌കാരത്തിന്റെ ആവിർഭാവവും വളർച്ചയും വ്യാപനശക്‌തിയും സംസ്‌കാര പഠനത്തിന്റെ എന്നത്തേയും ചർച്ചാ വിഷയങ്ങളിലൊന്നാണ്. സാമാന്യ ജനജീവിതത്തിന്റെ വൈവിദ്ധ്യാത്‌മകമായ, ബഹുതലസ്‌പർശിയായ നിരവധി ഘടനകളെക്കുറിച്ചുള്ള അപഗ്രഥനങ്ങൾക്ക് സഹായകരമാവുന്നുണ്ട് ജനപ്രിയതയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ. മലയാളത്തിൽ നവോത്ഥാനകാല മുന്നേറ്റങ്ങൾക്കു ശേഷമുള്ള കാലഘട്ടത്തിലാണ്  ജനപ്രിയ സാഹിത്യത്തിന്റെ വസന്തകാലമാരംഭിക്കുന്നത്. അതിൽത്തന്നെ കുറ്റാന്വേഷണ നോവലുകൾ മധ്യവർഗ്ഗഭൂരിപക്ഷത്തിന്റെ ഇഷ്‌ടവിഭവമായിത്തീർന്നത് 1960കളുടെ അവസാനത്തോടെയാണെന്ന് അക്കാലത്തുണ്ടായ കുറ്റാന്വേഷണ നോവലുകളുടെ എണ്ണപ്പെരുക്കം സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ വായനക്കാരുള്ള സാഹിത്യ വിഭാഗമായിരുന്നു ഏറെക്കാലം ഡിറ്റക്റ്റീവ് നോവലുകൾ. സാഹസികതയോടുള്ള മനുഷ്യസഹജമായ ആരാധന, ഉദ്വേഗജനകമായ ആഖ്യാനം, നിർവ്വഹണത്തിലെ വിസ്‌മയം തുടങ്ങിയവയാവണം അവയുടെ ജനപ്രിയതയ്ക്കു ഹേതു. മനുഷ്യർ സാധാരണജീവിതത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത നിഗൂഢമായ ഇരുട്ടുവഴികളും, രഹസ്യസ്വഭാവമുള്ള അധോലോകങ്ങളും വായനക്കാരെ അത്‌ഭുതത്തിന്റെ തുഞ്ചത്തെത്തിക്കുന്നു. കൊലപാതകം, കൊലയാളിയെത്തേടിയുള്ള അന്വേഷണം, ഇവ ഏറ്റവും ആകാംക്ഷാഭരിതമായി വർണിക്കാൻ കഴിയുന്നിടത്താണ് ഡിറ്റക്റ്റീവ് നോവൽ വിജയിക്കുക. സർവ്വജ്ഞനും കുശാഗ്രബുദ്ധിയുമായ അപസർപ്പകൻ ഇത്തരം നോവലുകളിൽ അനിവാര്യം.

എന്തുകൊണ്ട് (why) എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ജീവിതമെന്നു ലളിതമായി പറയാം. കൊലപാതകം, ( മിക്കവാറും സ്‌ത്രീ നിമിത്തം) കാരണമറിയാനുള്ള തൃഷ്‌ണ,  എന്തുകൊണ്ട്, ആര് എന്നീ ചോദ്യങ്ങൾ, അവയ്ക്ക് യുക്‌തിഭദ്രമായ ഉത്തരങ്ങൾ, ഇവയാണ് ജനപ്രിയ ഡിറ്റക്റ്റീവ് നോവലുകളുടെ നിത്യ ചേരുവകൾ. ഇന്നാവട്ടെ, അപസർപ്പക നോവലുകളുടെ സുവർണകാലമൊക്കെ അസ്‌തമിച്ചു. Why എന്ന ചോദ്യത്തിന് സമൂഹ ബോധത്തിൽ പ്രാധാന്യം കുറഞ്ഞത് അതിനൊരു കാരണമാവാം. ആർക്കും ഒന്നും അറിയാനാഗ്രഹമില്ല. ആകാംക്ഷകളൊക്കെ എപ്പഴേ ശമിച്ചു. കാരണമന്വേഷിച്ചിറങ്ങിയ അപസർപ്പകൻ കാരണം കണ്ടെത്തിയാലും അതാരോടു പറയണമെന്നറിയാതെ ഗതികിട്ടാത്തവനായി അലഞ്ഞു തിരിയേണ്ടി വരും.

ഉണ്ണി ആറിന്റെ അമ്മൂമ്മ ഡിറ്റക്റ്റീവ് (മാതൃഭൂമി) എന്ന കഥയുടെ പശ്ചാത്തലമായി അപസർപ്പക നോവലുകളെക്കുറിച്ച് ഇത്രയെങ്കിലും  സാമാന്യമായി ഓർമ്മിക്കുന്നതു നന്നാവും. മലയാളത്തിലെ ഡിറ്റക്റ്റീവ് നോവലുകൾ ഇംഗ്ലീഷ് മാതൃകയെ അനുകരിച്ചുണ്ടായവയാണ്. ചുരുട്ടു വലിക്കുന്ന, കോട്ടും സ്യൂട്ടും ധരിച്ച അപസർപ്പകർ അവയിൽ ഭൂരിപക്ഷത്തിലും നിറയാൻ കാരണവുമിതാവാം. ഉണ്ണി ആറിന്റെ കഥയിൽ പക്ഷേ  അമ്മൂമ്മയാണ് ഡിറ്റക്റ്റീവ്. തികച്ചും തദ്ദേശീയയും വനിതയും. ആൾ വായിക്കുന്നതു മുഴുവൻ ലോക്കൽ എഴുത്തുകാരുടെ ഡിറ്റക്റ്റീവ് നോവലുകൾ മാത്രം. അഗതാ ക്രിസ്റ്റിയോടൊന്നും താൽപ്പര്യമില്ലാത്ത ദേശീയവാദി. പക്ഷേ കുറ്റാന്വേഷണത്തിൽ അവരെ സഹായിക്കുന്നത് ഷെർലക് ഹോംസിന്റെ തന്ത്രങ്ങളാണെന്ന് കഥയിലെ പല സന്ദർഭങ്ങളും തെളിയിക്കുന്നു. ഹോംസ് ബാധയിൽ നിന്ന് ലോകത്ത് ഒരു അപസർപ്പകനും മുക്‌തനല്ലതാനും. അമ്മൂമ്മ സ്വയം കുറ്റാന്വേഷണം നടത്തുക മാത്രമല്ല, അത് രേഖപ്പെടുത്തി വെയ്ക്കുകയും ചെയ്യുന്നുണ്ട്. വായിക്കുന്ന നോവലുകളിലും അവർ എഴുത്തുകാരനെ മറികടന്ന് സ്വന്തമായ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു, എഴുത്തുകാരന്റെ വിധി തീർപ്പുകളെ നിരസിക്കുകയും കുറ്റവാളിയെ താൻ തന്നെ കണ്ടെത്തുകയും ചെയ്യുന്നു പലപ്പോഴും. അഗതാ ക്രിസ്റ്റിയും മിസ് മേർപിളും ഒരാളിൽത്തന്നെ സമായോജിച്ച അവസ്ഥ.

ഉണ്ണി ആറിന്റെ കഥ രണ്ടു രീതിയിൽ വായിക്കാമോ എന്ന് ശങ്ക തോന്നാവുന്നതാണ്. അപസർപ്പക നോവലുകളുടെ ഉപേക്ഷിക്കപ്പെട്ട വർത്തമാനകാലാവസ്ഥകളെക്കുറിച്ചു ഹാസ്യത്‌മകമായി പറയുകയാവണം ഒരു പക്ഷേ അദ്ദേഹത്തിന്റെ ലക്ഷ്യം. അന്തവും കുന്തവുമില്ലാത്ത, ഒരു ആകാംക്ഷയേയും ശമിപ്പിക്കാതെ തണുപ്പൻ മട്ടിലുള്ള പര്യവസാനം, ഒന്നിനോടും താൽപ്പര്യമില്ലാത്ത, എന്തുകൊണ്ട് എന്നൊരിക്കലുമാരായാത്ത സമൂഹത്തിന്റെ നിസംഗതയെ വിമർശിക്കാൻ മനപൂർവ്വം ഉപയോഗിച്ചതാവാം. അതല്ലെങ്കിൽ ഉണ്ണി ആർ യഥാർത്ഥമായും ഒരു ഡിറ്റക്റ്റീവ് കഥ എഴുതിയതാണെന്നു വിചാരിക്കേണ്ടി വരും. അദ്ദേഹത്തിന് രസകരമായി കഥ പറയാൻ പറ്റുന്നുണ്ട്, പക്ഷേ അവസാനിപ്പിക്കാൻ പറ്റുന്നില്ല. രണ്ടു ദിവസം കഴിഞ്ഞ് കൊലയാളിയെക്കുറിച്ചു പറയാമെന്ന അമ്മൂമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾത്തന്നെ ഊഹിക്കാനാവും അമ്മൂമ്മ അതിനു മുമ്പ് മരിക്കുമെന്ന്. നേരംകൊല്ലി പ്രസ്ഥാനമെന്ന് ആക്ഷേപിക്കപ്പെട്ട അപസർപ്പക സാഹിത്യ ശാഖയിലേക്ക് ഒന്നാന്തരമൊരു നേരം കൊല്ലി സംഭാവന അദ്ദേഹത്തിന്റേതായും കിട്ടി. അത്ര മാത്രം. സോമൻനായരുടെ കൊലയാളി ഇരുട്ടത്തുതന്നെ നിൽക്കുന്നു. വായനക്കാർക്ക് അയാളെ അന്വേഷിക്കേണ്ട പണി കൂടിയായി. എഴുത്തുകാരൻ തന്ത്രപൂർവ്വം രംഗത്തു നിന്ന് കടന്നു കളഞ്ഞിരിക്കുന്നു.

പ്രവീൺ ചന്ദ്രൻ മാധ്യമത്തിലെഴുതിയ സ്റ്റീഫൻ ഹോക്കിങിന്റെ പന്തയം എന്ന കഥ ഹോക്കിങിന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ, തമോഗർത്തങ്ങളുടെ സംഭവ്യതസീമക്കുള്ളിൽ വിവരങ്ങൾ പുറത്തു വരുമെന്നും ഇല്ലെന്നും  അമേരിക്കൻ ശാസ്‌ത്രജ്ഞൻ ജോൺ പ്രിസ്‌കിലുമായി വച്ച പന്തയം എന്നിവയെക്കുറിച്ചുള്ള സൂചനകൾ, ഇവ കൊണ്ടാണ് കാലികമാവുന്നത്. യഥാർത്ഥത്തിൽ, ആത്‌മഹത്യ ചെയ്‌ത അമ്മയുടെ  മൃതശരീരം ഒറ്റയ്ക്ക് ആദ്യം കാണേണ്ടി വന്നതിന്റെ ആഘാതം നിശബ്‌ദയാക്കിക്കളഞ്ഞ സീമയുടേയും അവളുടെ മൗനം നിസഹായനാക്കുന്ന വേണുഗോപാലന്റേയും കഥയാണിത്. അവൾക്കും ഹോക്കിങിനെപ്പോലെ ഭൗതികശാസ്‌ത്രത്തിലാണു താൽപ്പര്യം.  ഇടയ്ക്കുവെച്ചു ഉപേക്ഷിക്കുന്നുവെങ്കിലും അവൾ ഫിസിക്‌സിൽ  ഗവേഷണം ചെയ്യുന്നുണ്ട്. തമോഗർത്തംപോലെ ഇരുളടഞ്ഞു പോയ മകളുടെ മനസ്, അവിടെ നിന്ന് ഒരു വിവരവും ഒരിക്കലും പുറത്തേക്കു വരുന്നില്ല. അച്ഛന്റെ കാത്തിരിപ്പ് വെറുതെയാണെന്നു പലതവണ കഥ തോന്നിപ്പിക്കുന്നുണ്ട്. പക്ഷേ വിവാഹബന്ധവും ഗവേഷണവും ഉപേക്ഷിച്ച് വീട്ടിൽ തിരിച്ചെത്തുന്ന അവളുടെ വാക്കുകളിൽ ആദ്യമായി ആ തമോഗർത്തത്തിൽ നിന്നു പുറത്തേക്കു വരുന്ന ചില വിവരങ്ങളുണ്ട്. അവൾ കാംക്ഷിക്കുന്ന വിമോചനവും തെരഞ്ഞെടുപ്പുമുണ്ട്. ഈ കഥ സീമയുടേയും വേണുഗോപാലന്റേയും മാത്രം കഥയായിരുന്നെങ്കിൽ എത്ര നന്നാവുമെന്നു തോന്നിപ്പോവുന്നു. സ്റ്റീഫൻ ഹോക്കിങ്ങിനെ കഥയിലേക്ക് കൃത്രിമമായി സന്നിവേശിപ്പിച്ചതുപോലെ. രണ്ടും രണ്ടായിത്തന്നെ അത്രയും ചേരാതെ, ഇഴുകാതെ കഥയിൽ വേറിട്ടു നിൽക്കുന്നു. സ്റ്റീഫൻ ഹോക്കിങ്ങിന്റെ മരണാനന്തരം കഥയിലേക്കദ്ദേഹത്തെ പെട്ടന്നു കൊണ്ടുവന്നു ഘടിപ്പിച്ചതാവാനും മതി. രണ്ടു തരം വിചാരലോകങ്ങളെ, ശാസ്‌ത്രവും  സാഹിത്യവും പോലുള്ള വ്യത്യസ്‌ത ജ്ഞാനമേഖലകളെ സമന്വയിപ്പിക്കുന്നതിലെ സൗന്ദര്യാത്‌മകമായൊരു കൈയടക്കം ഈ കഥയിൽ കുറവാണെന്നു  തോന്നിക്കൊണ്ടിരിക്കുന്നു.

ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ മഹേന്ദർ എഴുതിയ സച്ചരിതം മറ്റൊരു അമ്മൂമ്മക്കഥയാണ്. 17-ാം വയസ്സിൽ അവിഹിതഗർഭം ധരിച്ച് കുടുംബത്തിനു വെളിയിലായ മാതുവമ്മയെ ധീരനായികയായി ആരാധിച്ച ഇളം തലമുറക്കാരി. മാതുവമ്മയെക്കുറിച്ച് ഉറക്കെ പറയുന്നതുപോലും വിലക്കിയ രാധമുത്തശ്ശി മരിച്ചതിനു ശേഷം അവൾ മാതുവമ്മയെ തേടിയിറങ്ങുന്നു, കണ്ടെത്തുന്നു. അവിടെ മാതുവമ്മയുടെ പേരക്കുട്ടി  തന്റെ സമപ്രായക്കാരി ജയശ്രീയുടെ വാക്കുകളിലൂടെ അവൾ മറ്റൊരു ചരിത്രം കേൾക്കുന്നു. പതിതയായതും കുടുംബത്തിന് അപമാനമുണ്ടാക്കിയതും മാതുവമ്മയല്ല, രാധമുത്തശ്ശിയാണ്. ചരിത്രത്തിന്റെ ചലനാത്‌മകത, ഇടപെടുന്ന വ്യക്‌തികൾ അതിൽ സൃഷ്‌ടിക്കുന്ന വൈരുധ്യങ്ങൾ, തിരുത്തലുകൾ തുടങ്ങിയ ആശയങ്ങളുടെ മൗലികത്വവും പുതുമയും ഉണ്ടായിരിക്കുമ്പോഴും ഈ കഥയുടെ ഒതുക്കമില്ലായ്‌മയും വാചാലതയും ചിലേടത്തെങ്കിലും വിരസമാവുന്നു.

മലയാളത്തിൽ യു.എ. ഖാദർ എഴുതിയ പൂമണമുള്ള സ്റ്റെല്ലാമേരി എന്ന കഥ സമ്പന്നനായ കുഞ്ഞബ്‌ദുള്ള ഹാജിയുടെ ബിസിനസ് സാമ്രാജ്യം, അവിഹിതങ്ങൾ, ആനന്ദങ്ങൾ, തൃഷ്‌ണകൾ, ദാമ്പത്യം എന്നിവയെക്കുറിച്ചൊക്കെ വെറുതെ വർത്തമാനം പറയുന്നു. കഥ എഴുതുന്നയാളുടെ പ്രഭാവവും ഭൂതകാല പ്രൗഢിയും കഥയുടെ മൂല്യത്തെ നിർണയിക്കുന്നുവെന്ന ധാരണ നിലനിൽക്കുന്നതു കൊണ്ട് ഇത്തരം കഥകൾ  ധാരാളമായി, പ്രാധാന്യത്തോടെ  പ്രസിദ്ധീകരിക്കപ്പെടുമെന്നതിന് ഉദാഹരണങ്ങൾ സുലഭമാണ്.

– ജിസാ ജോസ്

5 Comments
 1. sivadas 3 years ago

  pleasure reading this note. thanks

 2. Husain 3 years ago

  മുൻ എഴുത്തുപരിചയങ്ങൾ കുറെക്കൂടി ഭാഷയുടെ തെളിച്ചവും ആഖ്യാനത്തിന്റെ സുഖവും സമ്മാനിച്ചു. ഏറെ താത്പര്യമുള്ള വിഷയമായതിനാൽ ഒറ്റയിരുപ്പിൽ വായിച്ചുതീർത്തു.ആ സന്തോഷവും നല്ലവാക്കുകളും ഇവിടെ പങ്ക് വെക്കുന്നു.

 3. Praveen Chandran 3 years ago

  തികച്ചും ആകസ്മികമായാണ് ഹോക്കിങ്ങിന്റെ മരണവും കഥയുടെ പ്രസിദ്ധീകരണവും ഒന്നിച്ചായത്. വാരിക മിക്കവാറും തയ്യാറാക്കിക്കഴിഞ്ഞാണ് ഹോക്കിങ്ങ് മരിക്കുന്നത്. കഥ ഡിസംബറിൽ 2017എഴുതിയതാണ്. മറ്റ് നിരീക്ഷണങ്ങളോട് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം കഥാകൃത്തിന് ഇല്ല എന്നു കരുതുന്നു. വിലയിരുത്തലിന് തെരെഞ്ഞടുത്തതിന് നന്ദി.

 4. Babu Raj 3 years ago

  Good analysis… deep to the bottom. And these days, publishers will publish anything that is written by a known (for his/her earlier works) writer, even if it is crap. No quality check. They know that it will sell…

 5. Sunil 3 years ago

  Good note… It is disheartening to see the so called known writers writing worthless articles and our popular publications publishing them without check. So sad…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account